Monday, May 19, 2008

പാളയത്തിൽ പട: മൂന്നാം വർഷം

വിഎസ്‌ അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌ മന്ത്രിസഭ മൂന്നാം വർഷത്തിലേക്ക്‌ കടക്കുമ്പോൾ കഴിഞ്ഞുപോയത്‌ വാഗ്ദാന ലംഘനത്തിന്റെയും പാളയത്തിൽ പടയുടെയും രണ്ട്‌ വർഷങ്ങളായിരുന്നു.

അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തിവാണ യുഡിഎഫ്‌ ഭരണത്തിന്‌ കേരളത്തിലെ പ്രബുദ്ധരായ സമ്മതിദായകർ അറുതിവരുത്തിയത്‌, സുതാര്യവും അഴിമതിരഹിതവുമായ, വികസനത്തിന്റെ പുതിയൊരു ഭരണശൈലി കാഴ്ചവയ്ക്കുമെന്ന എൽഡിഎഫിന്റെ പ്രചരണ വാഗ്ദാനങ്ങളിൽ വിശ്വസിച്ചിട്ടായിരുന്നു. ഈ വിശ്വാസത്തെ പുഷ്കലമാക്കുന്നതിൽ അന്ന്‌ പ്രതിപക്ഷനേതാവായിരുന്ന വിഎസ്‌ അച്യുതാനന്ദൻ വഹിച്ച പങ്ക്‌ അദ്വതീയമായിരുന്നു. പൊതുസമൂഹത്തെ ബാധിച്ച എല്ലാ പ്രശ്നങ്ങളിലും, പാർട്ടിയുടെ വിലക്കുണ്ടായിരുന്ന വിഷയങ്ങളിൽ പോലും, ഇടപെട്ട്‌ ജനപക്ഷ രാഷ്ട്രീയത്തിന്‌ പുതിയൊരു മുഖം നൽകുകയായിരുന്നു അദ്ദേഹം. പ്രത്യേകിച്ച്‌ സ്ത്രീപീഡന കേസുകളിൽ മുഖം നോക്കാതെ നടപടി എടുക്കുമെന്ന അച്യുതാനന്ദന്റെ വാഗ്ദാനം കേരളത്തിലെ സ്ത്രീസമൂഹം രാഷ്ട്രീയത്തിനധീതമായി സ്വീകരിക്കുകയും അതനുസരിച്ച്‌ വോട്ടുചെയ്യുകയുമുണ്ടായി.

എന്നാൽ അധികാരത്തിൽ കയറിയതോടെ വാഗ്ദാനങ്ങളെല്ലാം വിസ്മരിച്ച്‌ മൂപ്പിളപ്പ്‌ തർക്കത്തിൽ അഭിരമിച്ചും വാഗ്ദാനലംഘനങ്ങളിൽ ആറാടിയും ഭരിക്കാനായിരുന്നു ഇടതുപക്ഷ മന്ത്രിമാർക്കെല്ലാം ത്വര. പലപ്പോഴും കേവലം ഒരു കാഴ്ചക്കാരനായി നോക്കിനിൽക്കാൻ മാത്രമാണ്‌ മുഖ്യമന്ത്രിയായ അച്യുതാനന്ദന്‌ കഴിഞ്ഞിരുന്നത്‌. ഈ നില അസഹ്യമായപ്പോഴാണ്‌ തന്റെ മന്ത്രിമാരെ പരസ്യമായി കുറ്റപ്പെടുത്തുന്നതും തള്ളിപ്പറയുന്നതുമായ നിലപാടെടുക്കാൻ അദ്ദേഹം നിർബന്ധിതനായത്‌. അങ്ങനെ പരസ്പര പഴിചാരലിൽ നിർജീവമായ ആദ്യവർഷ ഭരണത്തെ സജീവമാക്കിയതായിരുന്നു മൂന്നാർഒഴിപ്പിക്കൽ നടപടി. എന്നാൽ മാർക്ക്സിസ്റ്റ്‌ പാർട്ടിയിലെ ഒരു വിഭാഗവും സിപിഐയും ചേർന്ന്‌, കേരളം ഒറ്റക്കെട്ടായി, രാഷ്ട്രീയ ഭേദമില്ലാതെ പിന്തുണച്ച ആ നല്ല നടപടിക്ക്‌ പാരവച്ചു. തുടർന്ന്‌ പാരവയ്പ്പിന്റെയും കുറ്റപ്പെടുത്തലിന്റെയും പരമ്പരതന്നെ അരങ്ങേറി. മുഖ്യമന്ത്രിയുടെ നടപടിയെ നിയമസഭയിൽപോലും ഇകഴ്ത്തിക്കാണിക്കുന്ന രീതിയിൽ സിപിഐ മന്ത്രിമാർ പെരുമാറുകവരെ ഉണ്ടായി.

താന്തോന്നിത്തത്തിന്റെ ഭരണം ഇങ്ങനെ നീളുമ്പോളായിരുന്നു അശനിപാതം പോലെ കാലം തെറ്റിയെത്തിയ മീനമഴ കുട്ടനാട്‌ അടക്കമുള്ള കേരളത്തിലെ നെൽകർഷകരുടെ അദ്ധ്വാനത്തിനുമേൽ പെയ്തിറങ്ങിയത്‌. പ്രകൃതിക്ഷോഭം തടയാൻ ഒരു മന്ത്രിസഭയ്ക്കും ഭരണകൂടത്തിനും കഴിയുകയില്ല. എന്നാൽ ഇത്തരം ദുരന്തങ്ങൾക്ക്‌ ഇരയാകുന്നവർക്ക്‌ തക്കസമയത്ത്‌ ആശ്വാസമെത്തിക്കാൻ അതാത്‌ കാലത്തെ ഭരണകൂടം ബാധ്യസ്ഥമാണ്‌. ഇക്കാര്യത്തിൽ സമാനതകളില്ലാത്ത പരാജയമാണ്‌ അച്യുതാനന്ദൻ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്‌. കൃത്യസമയത്ത്‌ കേരളത്തിന്റെ നഷ്ടം കേന്ദ്രത്തെ ബോധിപ്പിച്ച്‌ ദുരിതത്തിലായ കർഷകർക്ക്‌ നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത്തരം സന്ദർഭങ്ങളിൽ രാഷ്ട്രീയത്തിനതീതമായി ഉയർന്ന ജനവികാരങ്ങളോട്‌ ഐക്യദാർഡ്യം പ്രഖ്യാപിച്ച്‌ പ്രതിപക്ഷത്തെയും ഒപ്പം കൂട്ടി പരിഹാര നടപടികൾ കണ്ടെത്തുമ്പോഴാണ്‌ ഒരു സർക്കാർ തങ്ങളെ തെരഞ്ഞെടുത്തവരോടുള്ള പ്രതിബദ്ധത പ്രകടമാക്കുന്നത്‌. ഇക്കാര്യത്തിൽ നൂറുശതമാനവും അച്യുതാനന്ദൻ സർക്കാർ പരാജയപ്പെട്ടുഎന്നത്‌ പതുക്കെപ്പറയേണ്ട സംഗതിയല്ല.

ഈ ദുരന്തത്തിന്റെ പ്രഹരം വർദ്ധിപ്പിക്കുന്നതായിരുന്നു അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്കുണ്ടായ അമിതമായ വിലവർദ്ധന. ഈ പ്രശ്നത്തിലും ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരാൻ ഇടതുപക്ഷ സർക്കാരിന്‌ കഴിഞ്ഞില്ല.

കൃഷിഭൂമി കർഷകനുള്ളതാണെന്നും ആദിവാസികളടക്കമുള്ള ദുർബല വിഭാഗങ്ങൾക്ക്‌ കൃഷിചെയ്ത്‌ ജീവിക്കാനുള്ള പരിസരമൊരുക്കുമെന്നും പലവട്ടം പ്രഖ്യാപിച്ചിട്ടുള്ള ഒരു പാർട്ടിയുടെ സഖാക്കളാണ്‌ സർക്കാരിന്‌ നേതൃത്വം നൽകുന്നത്‌. എന്നാൽ വികസനത്തിന്റെ പേരിൽ നിസ്വരും നിസഹായരുമായ ജനങ്ങളെ കണ്ണിൽ ചോരയില്ലാതെ കുടിയിറക്കുന്നതിലായിരുന്നു അച്യുതാനന്ദൻ സർക്കാരിന്റെ മുൻഗണന. മൂലമ്പിള്ളിയും ചെങ്ങറയുമെല്ലാം ഈ ജനവിരുദ്ധ നിലപാടിന്റെ പൊള്ളുന്ന ദൃശ്യങ്ങളായി ഇന്നും അവശേഷിക്കുന്നു.

കർഷകക്കടം എഴുതിത്തള്ളാനെടുത്ത തീരുമാനവും ഐടി മേഖലയിൽ സൃഷ്ടിക്കാനായ പുരോഗതിയും മുസ്ലീങ്ങളടക്കമുള്ള പിന്നാക്കവിഭാഗങ്ങളുടെ പ്രശ്നങ്ങൾ അനുഭാവപൂർവ്വം പരിഹരിക്കാൻ മനസുകാട്ടിയതും ഈ കോട്ടങ്ങൾക്കിടയിലെ രജതശോഭയാർന്ന നേട്ടങ്ങൾ തന്നെയാണ്‌. എന്നാൽ കാർഷിക കടാശ്വാസ കമ്മീഷന്റെ പ്രവർത്തനം, ഭക്ഷ്യസുരക്ഷാ പദ്ധതി തുടങ്ങി കർഷകർക്കും മറ്റ്‌ ദുർബല വിഭാഗങ്ങൾക്കും ഏറെ ഗുണകരമാകാവുന്ന പരിപാടികൾ സിപിഎം-സിപിഐ പോരിന്റെ പേരിൽ അവതാളത്തിലാക്കിയതിന്റെ നാണക്കേടും കണ്ടില്ലെന്ന്‌ നടിക്കാൻ കഴിയില്ല. ഒന്നാം വർഷത്തിലെന്നപോലെ രണ്ടാം വർഷത്തിലും പികെ ശ്രീമതി നേതൃത്വം നൽകുന്ന ആരോഗ്യവകുപ്പും എംഎ ബേബി ഭരിക്കുന്ന വിദ്യഭ്യാസവകുപ്പും ജി സുധാകരൻ മേലാളായിരിക്കുന്ന ദേവസ്വം വകുപ്പും കെടുകാര്യസ്ഥതയുടെയും കഴിവില്ലായ്മയുടെയും നാണംകെട്ട പ്രതീകങ്ങളായി അവശേഷിക്കുന്നു. ഈ കോട്ടങ്ങൾക്കെല്ലാം കിരീടം ചാർത്തുന്നതായിപ്പോയി കള്ളസ്വാമിമാരുമായി കേരളത്തിലെ ഉന്നതപോലീസ്‌ ഉദ്യോഗസ്ഥർ അടക്കമുള്ളവർ പുലർത്തിയിരുന്ന അധോലോക ബന്ധങ്ങൾ. ആഭ്യന്തര മന്ത്രിയെ ഏട്ടനെന്ന്‌ വിശേഷിപ്പിക്കുന്നതും അനധികൃതമായി സമ്പാദിച്ച തോക്കുമായി രണ്ടുമണിക്കൂറോളം പോലീസിനെ മുൾമുനയിൽ നിർത്തുന്നതുമായ സ്വാമിമാരുടെ പ്രകടനങ്ങളാണ്‌ ഈ മന്ത്രിസഭയുടെ രണ്ടാം വർഷാന്ത്യത്തിലെ 'നേട്ടങ്ങൾ'.

കോട്ടിട്ടയാളുടെ മുകളിലുള്ള ആളിനെ വിമർശിച്ച സിപിഐ നേതാവിനെ പിറകിൽ താടിയുള്ളവനെന്ന്‌ തിരിച്ചടിച്ച്‌ അച്യുതാനന്ദൻ കൈയടി നേടുന്നുണ്ടെങ്കിലും മൂന്നാം വർഷത്തിലേക്ക്‌ കടക്കുന്ന ഈ മന്ത്രിസഭയിലെ ഓരോ അംഗത്തിന്റെയും പിന്നിൽ തഴച്ചുവളരുന്ന ആലാണ്‌ ജനങ്ങൾ കാണുന്നത്‌. അതുനശിപ്പിച്ച്‌ ജനപക്ഷ നിലപാടിന്റെ യഥാർത്ഥ തണലിലേക്ക്‌ അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ വന്നെത്തുമെന്ന്‌ ആശക്ക്‌ വിരുദ്ധമായി ആശിക്കുന്ന ആയിരക്കണക്കിന്‌ മലയാളികൾ ഇന്നുമുണ്ട്‌. ആ പ്രതീക്ഷയെങ്കിലും തല്ലിക്കെടുത്താതിരുന്നെങ്കിൽ...

0 comments :