Thursday, May 22, 2008

AK (ആളെ കൊല്ലി) ബാലന്റെ ലീലാവിലാസങ്ങൾ

വി.എസ്‌. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ, ഭരണത്തിന്റെ മൂന്നാം വർഷത്തിലേയ്ക്ക്‌ കടക്കുമ്പോൾ, കെടുകാര്യസ്ഥതയും വിടുവായിത്തവും കൊണ്ട്‌ കേരളീയരെ പൊറുതിമുട്ടിച്ച മന്ത്രിമാരായ പി.കെ. ശ്രീമതി, എം.എ. ബേബി, ജി. സുധാകരൻ എന്നിവർക്കൊപ്പം അഭിമാനപൂർവം പൃഷ്ടം ഉറപ്പിച്ചിരിക്കുകയാണ്‌ വൈദ്യുതി മന്ത്രി എ.കെ. ബാലൻ.

"മൂത്രം ഒഴിച്ചാൽ വൈദ്യുതി ഉണ്ടാകില്ല" എന്ന കണ്ടുപിടുത്തം നടത്തി അതിന്റെ പേറ്റന്റ്‌ വാങ്ങി പോക്കറ്റിലിട്ടുകൊണ്ട്‌ പ്രസന്നമായ മുഖഭാവത്തോടെ വകുപ്പുഭരണം വഴിയാധാരമാക്കുകയും കേരളീയരെ അപ്രഖ്യാപിത പവർക്കട്ടിലൂടെ ഇരുട്ടിലിരുത്തുകയും ചെയ്യുന്നതിൽ എ.കെ. ബാലനുള്ള പ്രമാണിത്തം അംഗീകരിച്ചു കൊടുത്തേതീരൂ.

കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിലും പ്രാധാന്യം എസ്‌എൻസി ലാവ്ലിൻ കേസിൽ ഉൾപ്പെട്ട പാർട്ടി സെക്രട്ടറിയും മുൻ മന്ത്രിയുമായ സഖാവിനെ രക്ഷിക്കുന്നതിനാണ്‌ ബാലൻ നൽകിയിട്ടുള്ളത്‌. കുറ്റം പറയരുതല്ലോ. വാരിക്കോരി നൽകുന്നവരോടും അർഹതയില്ലാത്ത സ്ഥാനങ്ങളിൽ കയറ്റിയിരുത്തുന്നവരോടും കൂറ്‌ കാണിക്കുന്നത്‌ ഇക്കാലത്ത്‌ സാമാന്യമായി കാണാൻ കഴിയാത്ത സ്വഭാവ വിശേഷമാണ്‌. ആ അർത്ഥത്തിൽ ബാലൻ എല്ലാവർക്കും മാതൃകയായിട്ടുണ്ട്‌, രണ്ടു വർഷത്തെ ഭരണം കൊണ്ട്‌.

അതേസമയം ഈ കാലം കൊണ്ട്‌ വൈദ്യുതിവകുപ്പിനെ ഉപഭോക്തൃ സൗഹൃദ സേവനമേഖലയാക്കുന്നതിനുപകരം പീഡനത്തിന്റെ ഇരുട്ടടികേന്ദ്രമാക്കി മാറ്റിയെടുക്കാനും ബാലന്‌ കഴിഞ്ഞിട്ടുണ്ട്‌.

അതിലുംവലിയ നേട്ടമാണ്‌ ഈ ഭരണകാലത്ത്‌ ഡ്യൂട്ടിക്കിടയിൽ വൈദ്യുതാഘാതമേറ്റും പെൻസ്റ്റോക്ക്‌ പൈപ്പുകൾ പൊട്ടിയും പിടഞ്ഞുമരിക്കാൻ വിധിക്കപ്പെട്ട ജീവനക്കാരുടെ എണ്ണം 'വർധിപ്പിക്കുന്നതിൽ' കൈവരിച്ചത്‌. ജോലിക്കിടയിൽ ജീവനക്കാർക്കുണ്ടാകുന്ന അത്യാഹിതങ്ങളുടെ കാര്യത്തിൽ 25 ശതമാനത്തിന്റെ 'വർധന'യാണ്‌ ബാലന്റെ ഭരണകാലത്ത്‌ ഉണ്ടായിട്ടുള്ളത്‌. അപകട ശരാശരി രണ്ടുവർഷം മുൻപ്‌ 115-ൽ താഴെയായിരുന്നെങ്കിൽ ഇപ്പോൾ അത്‌ 208 ആയി 'ഉയർന്നിട്ടുണ്ട്‌'. 2008 ആരംഭിച്ച്‌ നാലുമാസം പൂർത്തിയായപ്പോഴേക്കും 38 വൈദ്യുതിബോർഡ്‌ ജീവനക്കാരാണ്‌ ജോലിക്കിടയിൽ അപകടം പിണഞ്ഞ്‌ കാലപുരി പൂകിയത്‌. മാത്രമല്ല, വൈദ്യുതി ഉൽപ്പാദന കേന്ദ്രങ്ങളായ പവർഹൗസുകളിൽ അപകടത്തിൽപെട്ട്‌ 11 പേരാണ്‌ കൊല്ലപ്പെട്ടത്‌. അഞ്ചുവർഷം യുഡിഎഫ്‌ ഭരിച്ചിട്ടും ഒരാൾക്കുപോലും അപകടം ഉണ്ടാകാതിരുന്ന മേഖലകളിലാണ്‌, ബാലൻ ഭരണം ഏറ്റശേഷം കാലന്റെ വിളയാട്ടം ഇങ്ങനെ തുടരുന്നത്‌.

2007 ഡിസംബറിൽ പന്നിയാർ പവർഹൗസിൽ പെൻസ്റ്റോക്ക്‌ പൈപ്പ്‌ പൊട്ടി 11 ജീവനക്കാർ അതിദാരുണമായി മരിച്ചതിനെതുടർന്ന്‌ ഇത്തരം കേന്ദ്രങ്ങളിൽ അനുവർത്തിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ച്‌ വൈദ്യുതി ബോർഡ്‌, ഈ രംഗത്തെ വിദഗ്ധരുമായി ആലോചിച്ച്‌, 28-12-2007ൽ ഒരു ഗവൺമെന്റ്‌ ഓർഡർ പുറപ്പെടുവിച്ചിരുന്നു. പവർഹൗസുകളിലും പെൻസ്റ്റോക്കുകളിലും അടിന്തരമായും അനിവാര്യമായും സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളായിരുന്നു ഈ ഓർഡറിൽ ഉണ്ടായിരുന്നത്‌. എന്നാൽ ഇത്‌ കേരളത്തിലെ പവർഹൗസുകളിലേക്ക്‌ എത്തിക്കാൻ ഒന്നര വർഷത്തിലധികം സമയം ബാലനുവേണ്ടിവന്നു. മൂഴിയാറിൽ കഴിഞ്ഞയാഴ്ചയുണ്ടായ ദുരന്തമാണ്‌ ബാലന്റെ കണ്ണുതുറപ്പിച്ചതും ഈ ഓർഡർ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ എത്തിക്കാൻ നിർബന്ധിച്ചതും.

അപകടങ്ങൾ ഉണ്ടാകുന്ന പവർഹൗസുകളിലും മറ്റും ഓടിയെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നതിൽ പക്ഷേ ബാലൻ മറ്റാരും കാണിച്ചിട്ടില്ലാത്ത ഔത്സുക്യം പ്രദർശിപ്പിച്ചിട്ടുണ്ട്‌. അപകടങ്ങളിൽ ദാരുണമായി കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക്‌ നഷ്ടപരിഹാരത്തുക നൽകുന്നതിനും അവർക്ക്‌ വൈദ്യുതിബോർഡിൽ ജോലി നൽകുന്നതിലും ബാലൻ പ്രത്യേകം ശ്രദ്ധയും നിഷ്കർഷയും പുലർത്തിയിട്ടുണ്ട്‌. അതുകൊണ്ട്‌ ജോലിയിലിരിക്കെ മരിച്ചവരുടെ വിധവകൾ ഏറ്റവും കൂടുതൽ ജോലിചെയ്യുന്ന രാജ്യത്തെ 'ഒന്നാമത്തെ സ്ഥാപനമാക്കി' കേരളാ സ്റ്റേറ്റ്‌ ഇലക്ട്രിസിറ്റി ബോർഡിനെ 'മാറ്റിയെടുക്കാനും' രണ്ടുവർഷത്തിനുള്ളിൽ ബാലനു കഴിഞ്ഞു. മാത്രമല്ല അപകടത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാര തുക 25 ശതമാനം കണ്ട്‌ വർധിപ്പിക്കാനും ബാലനു കഴിഞ്ഞിട്ടുണ്ട്‌.

ഈ 'നേട്ടങ്ങ'ളിങ്ങനെ ബാലന്റെ ഭരണത്തൊപ്പിയിൽ പുതിയ പുതിയ തൂവലുകൾ തിരുകുമ്പോൾ കൂടുതൽ വിനയാന്വിതനും പ്രസന്നവദനനുമായി ബാലൻ നാടുചുറ്റുകയാണ്‌. ഇതിനിടയിൽ വൈദ്യുതിബോർഡിൽ ഏർപ്പെടുത്തേണ്ട സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച്‌ നടക്കുന്ന നിർണായക യോഗങ്ങളിൽ എങ്ങനെ അദ്ദേഹത്തിന്‌ സംബന്ധിക്കാൻ കഴിയും!

തിരക്കുമൂലം ഇത്തരത്തിൽ അദ്ദേഹം ഒഴിഞ്ഞുനിന്ന ഒരു യോഗം കഴിഞ്ഞ ദിവസം കൂടുകയുണ്ടായി. മൂഴിയാർ പവർഹൗസ്‌ ദുരന്തമായിരുന്നു ഇങ്ങനെയൊരു ചർച്ചായോഗം വിളിച്ചുകൂട്ടാൻ ബോർഡ്‌ അധികൃതരേയും യൂണിയൻ പ്രതിനിധികളേയും നിർബന്ധിച്ചത്‌. 28-12-2007ൽ ഇറക്കിയ ഓർഡറിലെ നിർദേശങ്ങൾ നടപ്പിലാക്കുന്ന കാര്യത്തെക്കുറിച്ച്‌ 'ചിന്തിക്കാനായിരുന്നു' ഈ യോഗം.

അതിൽ പങ്കെടുക്കാതെ മാറിനിന്നുകൊണ്ട്‌ ബാലൻ തന്റെ പ്രതിബദ്ധത ഒരിക്കൽകൂടി തെളിയിച്ചു. ഈ നിലപാടിൽ ഇടതുപക്ഷ യൂണിയൻ നേതാക്കൾക്കുമാത്രമല്ല, അംഗങ്ങൾക്കും കടുത്ത അമർഷവും പ്രതിഷേധവുമാണുള്ളത്‌. ബാലന്റെ അഭാവത്തിൽ ബോർഡ്‌ ചെയർമാൻ എത്തി യോഗത്തിൽ പങ്കെടുത്തവരെ അഭിസംബോധനചെയ്ത്‌, ഗംഭീരമായി പ്രസംഗിച്ച്‌ അടുത്ത നിമിഷം സ്ഥലം കാലിയാക്കുകയും ചെയ്തു. ജനറേഷൻ വിഭാഗം മെമ്പറും ധനകാര്യ വിഭാഗം മെമ്പറും ബാലന്റെ അതേ പാത പിന്തുടർന്ന്‌ യോഗത്തിൽ പങ്കെടുക്കാതെ മാറിനിന്നു.

ബാലൻ ഭരണമേറ്റതോടെ വൈദ്യുതിബോർഡിലെ ജീവനക്കാരും ഓഫീസർമാരും തമ്മിലുണ്ടായിരുന്ന ബന്ധം കൂടുതൽ വഷളാകുകയാണുണ്ടായത്‌. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പോലും കൂട്ടായചർച്ചയ്ക്ക്‌ ഇവർ തയ്യാറാകുന്നില്ല. ആരോഗ്യമേഖലയിൽ പേരിനെങ്കിലും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോഴും മൺസൂൺകാലത്തിനുമുൻപ്‌ വൈദ്യുതിബോർഡ്‌ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ച്‌ ഇതുവരെ ഉദ്യോഗസ്ഥതലത്തിൽപോലും ചർച്ച ചെയ്തിട്ടില്ല. ബോർഡിന്റെ സുഗമമായ പ്രവർത്തനത്തിന്‌ ആവശ്യമായ ധനം അനുവദിപ്പിക്കുന്നതിലും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും അപകട സാധ്യതയുണ്ടാകുമ്പോൾ മുന്നറിയിപ്പ്‌ നൽകുന്ന സംവിധാനം കാലോചിതമാക്കുന്നതിലും ഒക്കെ ഇത്തരത്തിലുള്ള അക്ഷന്തവ്യമായ വീഴ്ചകളാണ്‌ രണ്ടുവർഷത്തെ ഭരണം കൊണ്ട്‌ ബാലൻ സൃഷ്ടിച്ചെടുത്തിട്ടുള്ളത്‌. അതുകൊണ്ടുതന്നെ അടുത്ത മഴക്കാലത്ത്‌ വൈദ്യുതിബോർഡ്‌ ജീവനക്കാർ മാത്രമായിരിക്കില്ല സാധാരണക്കാരും പൊട്ടിവീഴുന്ന വൈദ്യുതി ലൈനിൽനിന്നും ഷോക്കേറ്റ്‌ മരിക്കുമെന്ന കാര്യം പാഴൂർപടിയിൽ പോകാതെയും പരപ്പനങ്ങാടി ഉണ്ണികൃഷ്ണപണിക്കരെ കൊണ്ട്‌ പ്രശ്നംവെപ്പിക്കാതെയും പ്രവചിക്കാൻ കേരളീയർക്ക്‌ എല്ലാവർക്കും കഴിയുമെന്നതാണ്‌ ബാലന്റെ മറ്റൊരു ഭരണനേട്ടം.

0 comments :