വിലക്കയറ്റത്തിന്റെ മുറിവില്‍ മായംചേര്‍ക്കലിന്റെ ഉപ്പുനീരിറ്റിക്കുമ്പോള്‍...
ഇടിവെട്ടിയവനെ പാമ്പുകടിച്ചു എന്ന് പറയുംപോലെയുള്ള ദുരിതത്തിരിച്ചടികളുടെ ദുഷ്ടകാലത്തിലൂടെ കടന്നുപോവുകയാണ് കേരളീയര്‍. അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനയില്‍ പോക്കറ്റ് കാലിയായി നിസഹായനായി നില്‍ക്കുന്ന കേരളീയന്റെ ആരോഗ്യത്തെ കാര്‍ന്നുതിന്ന് അവനെ നിത്യരോഗിയാക്കാനാണ് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന 'മാഫിയകള്‍' ശ്രമിക്കുന്നത്. മായം ചേര്‍ക്കലിലൂടെ ഈ അധോലോക ലോബി ലക്ഷങ്ങള്‍ ലാഭമുണ്ടാക്കുമ്പോള്‍ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുകയാണ് കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരും ഇനി ജനിക്കാന്‍ പോകുന്നവരും.
ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള നിത്യോപയോഗ സാധനങ്ങള്‍ രാസവസ്തുക്കളാല്‍ മലിനീകൃതമാണ്. കാന്‍സര്‍, വൃക്കരോഗങ്ങള്‍, അലര്‍ജി തുടങ്ങിയ ഘോരരോഗങ്ങളുടെ പിടിയിലാണിപ്പോള്‍ മലയാളികള്‍. മാറിവന്ന ജീവിത സാഹചര്യങ്ങളും ഭക്ഷണക്രമങ്ങളുമാണ് ഇതിന് കാരണമെന്ന് ആരോഗ്യവിദഗ്ദരും ഭക്ഷണവിദഗ്ദരും പറയുമ്പോള്‍, ഭക്ഷണസാധനങ്ങളില്‍ വ്യാപകമായി ചേര്‍ക്കുന്ന കൃത്രിമനിറങ്ങളും രുചിഘടകങ്ങളും ഭക്ഷ്യവസ്തുക്കള്‍ കേടാകാതെ ദീര്‍ഘകാലമിരിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളുമാണ് യഥാര്‍ത്ഥ വില്ലന്മാര്‍.
മനുഷ്യന്റെ വളര്‍ച്ചക്കും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും അനിവാര്യമായ ഭക്ഷണം തന്നെ ആരോഗ്യത്തിന് ഹാനികരമാകുന്ന വിഷവസ്തുക്കളായി പരിണമിച്ചിരിക്കുന്ന, മോചനമില്ലാത്ത പീഡനകാലത്തിലാണ് കേരളത്തിലെ ജനങ്ങള്‍.
അരി, ചെറുപയര്‍, പരിപ്പ്, ഉപ്പേരികള്‍, ഉപ്പ്, വെളിച്ചെണ്ണ, പാല്‍, മുളകുപൊടി, മഞ്ഞള്‍പ്പൊടി , മല്ലിപ്പൊടി തുടങ്ങിയുള്ള നിത്യോപയോഗ വസ്തുക്കളെല്ലാം മായം ചേര്‍ക്കല്‍ മൂലം വിഷലിപ്തങ്ങളാണ്. കീടങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്ന വീര്യം കൂടിയ രാസവസ്തുക്കള്‍ അടങ്ങാത്ത പച്ചക്കറികള്‍ ലഭിക്കാനില്ല. നിറവും രൂപവും ആകര്‍ഷകമാക്കാന്‍ പുരട്ടുന്ന രാസമാലിന്യം കലരാത്ത ഫലങ്ങള്‍ നാട്ടിലെങ്ങുമില്ല. വായുവിലും വെള്ളത്തിലും, വികസനക്കൊതിയന്മാര്‍ കലര്‍ത്തിയ മാലിന്യങ്ങള്‍ക്ക് പുറമെയാണ് ഭക്ഷ്യവസ്തുക്കളിലെ ഈ മായം ചേര്‍ക്കലുകള്‍ കേരളീയരെ ദിനംപ്രതി മരണത്തിലേക്ക് ആനയിച്ചുകൊണ്ടിരിക്കുന്നത്.
ചെറുപയര്‍പരിപ്പിലും ഉപ്പിലും വെളിച്ചെണ്ണയിലും പാലിലും മായം ചേര്‍ത്തതിന്റെ പേരില്‍ നൂറുകണക്കിന് കേസുകളാണ് ഓരോ ജില്ലയിലും റെജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഈ ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ത്തിട്ടുള്ള രാസപദാര്‍ത്ഥങ്ങള്‍ എന്തൊക്കെയാണെന്നും അവ എത്രയളവില്‍ ചേര്‍ത്തിട്ടുണ്ടെന്നും കണ്ടെത്താനുള്ള ലബോറട്ടറി സംവിധാനത്തിന്റെ അഭാവംമൂലം കേസുകള്‍ തീര്‍പ്പാക്കുന്നത് നീണ്ടുപോകാനും അതിലൂടെ കുറ്റവാളികള്‍ രക്ഷപെടാനുമുള്ള സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. തന്മൂലം മായം ചേര്‍ക്കല്‍ വിദഗ്ദന്മാര്‍ക്ക് നിയമത്തെയും ജനങ്ങളെയും വെല്ലുവിളിച്ചും വഞ്ചിച്ചും ലക്ഷങ്ങള്‍ പോക്കറ്റിലാക്കാന്‍ കഴിയുന്നു.
ഭക്ഷ്യവസ്തുക്കളിലെ മായംചേര്‍ക്കല്‍ യഥാസമയം കണ്ടെത്തി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും കുറ്റവാളികളെ കൈയോടെ പിടികൂടി മാതൃകാപരവും കഠിനവുമായ ശിക്ഷ നല്‍കാനും ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ എന്ന നോക്കുകുത്തികളെ ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി നല്‍കി സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ സേവനം ലഭിക്കുന്നത് സാധാരണ ജനങ്ങള്‍ക്കല്ല മറിച്ച് അവരുടെ ആരോഗ്യം അപകടത്തിലാക്കി ലാഭം കൊയ്യുന്ന മായംചേര്‍ക്കല്‍ ലോബിക്കാണ്. ഇവരില്‍നിന്ന് ലഭിക്കുന്ന കിമ്പളത്തിന്റെ ബലത്തില്‍ ഈ ഉദ്യോഗസ്ഥന്മാര്‍ സുഖിച്ച് വാഴുമ്പോള്‍ ഒരു ദൂഷിതവൃത്തം പൂര്‍ത്തിയാകുകയാണ്.
ആരോഗ്യമുള്ള ജനതയാണ് ആരോഗ്യമുള്ള ഒരു രാഷ്ട്രത്തിന്റെ ഈടുവയ്പ്പെന്ന് പ്രസംഗിക്കാനും എഴുതിപ്പിടിപ്പിക്കാനും ഇവിടെ ഭരണക്കാരും പ്രതിപക്ഷക്കാരുമടക്കമുള്ള രാഷ്ട്രീയ സംവിധാനവും സാംസ്കാരിക പ്രവര്‍ത്തനവും സന്നദ്ധ സംഘടനകളുമുണ്ട്. എന്നാല്‍ ഒരിക്കല്‍പോലും മായംചേര്‍ക്കല്‍ ദുഷ്ടന്മാര്‍ നിയമത്തിന്റെ മുന്നില്‍ എത്തുകയോ, നിലവിലിരിക്കുന്ന നിയമങ്ങള്‍ അനുശാസിക്കുന്ന ശിക്ഷയ്ക്ക് വിധേയരാകുന്നതോ ഇല്ല. അപ്പോള്‍ മായംചേര്‍ക്കലിനെതിരെ കൊട്ടിഘോഷിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊന്നുംതന്നെ ആത്മാര്‍ത്ഥതയില്ല എന്നാണ് നാം മനസിലാക്കുന്നത്. വസ്തുതകള്‍ തിരിച്ചറിയുമ്പോള്‍ പൗരന്മാര്‍ പ്രബുദ്ധരാകുമെന്നും ആ പ്രബുദ്ധതയില്‍നിന്ന് മുതലെടുപ്പിന്റെ ശക്തികളെ ഉന്മൂലനം ചെയ്യുന്ന പോരാട്ടവീര്യം ഉയരുമെന്നുമൊക്കെയുള്ള പ്രതീക്ഷകള്‍ പോലും മായംചേര്‍ക്കലിന് വിധേയമാക്കപ്പെട്ട ഒരുനാടാണ് ഇന്ന് കേരളം.
തനത് കൃഷിരീതികളും ഭക്ഷണസംസ്കാരവും ഉപേക്ഷിച്ച് കൂടുതല്‍ വിളവിനും ലാഭത്തിനും രുചിക്കും അധ്വാനക്കുറവിനും വേണ്ടി മലയാളി കൊതിക്കുമ്പോള്‍ അവന്‍ അകപ്പെടുന്നത് മായംചേര്‍ക്കലിന്റെ തമോഗര്‍ത്തത്തിലാണ്. ഈ വസ്തുത ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങള്‍ക്കെല്ലാം അറിയാം എന്നതാണ് ഖേദകരമായ വസ്തുത. എന്നിട്ടും അവര്‍ പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ചെറുവിരല്‍പോലും അനക്കുന്നില്ല എന്നതാണ് പ്രതിഷേധാര്‍ഹമായ വാസ്തവം.
ഈ സത്യം തിരിച്ചറിഞ്ഞ് നിഷേധത്തിന്റെയും നിരാസത്തിന്റെയും പ്രതിഷേധത്തിന്റെയും മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് മായംചേര്‍ക്കല്‍ ലോബിക്കെതിരെ ശാസ്ത്രീയവും സംഘടിതവുമായ ചെറുത്തുനില്‍പ്പും എതിരിടപെടലുകളുമാണ് കാലം ആവശ്യപ്പെടുന്നത്. അതിന് നമ്മളില്‍ എത്ര പേര്‍ തയ്യാറാകും എന്നതാണ് ഉന്നയിക്കപ്പെടുന്ന ചോദ്യം. ഉത്തരം അവനവന്‍തന്നെ കണ്ടെത്തുക; നടപ്പിലാക്കുക; സംഘംചേരുക.
0 comments :
Post a Comment