Monday, April 21, 2008

എഎസ്‌ഐ ഏലിയാസ്‌ വധവും കാസര്‍കോടും കണ്ണൂരും പിന്നെ കോടിയേരിയും

ജനാധിപത്യ ഭരണക്രമത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്‌ സമ്മതിദായകര്‍ ഭരണക്കസേരയില്‍ ഇരിക്കേണ്ടവരെയും പ്രതിപക്ഷത്തിരിക്കേണ്ടവരെയും നിര്‍ണ്ണയിക്കുന്നത്‌. അങ്ങനെ ഭരണത്തിലേറുന്ന കക്ഷികള്‍ക്ക്‌ അവരുടേതായ പ്രത്യയശാസ്ത്ര നിലപാടുകളും സമീപനങ്ങളും അവയുടെ അടിസ്ഥാനത്തിലുള്ള നയങ്ങളും നടപടികളും ഉണ്ടാകുന്നത്‌ തീര്‍ത്തും സ്വാഭാവികം. അപ്പോള്‍പോലും ജനകീയപ്രശ്നങ്ങളോടുള്ള പാരസ്പര്യത്തില്‍ മന്ത്രിമാരുടെ വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകള്‍ക്കല്ല മറിച്ച്‌ ജനപക്ഷ നിലപാടുകള്‍ക്കുവേണം പ്രാധാന്യം ലഭിക്കേണ്ടത്‌. ഈ പൊതു തത്വം മിക്കപ്പോഴും ഭരണക്കാര്‍ ലംഘിക്കുകയാണ്‌ പതിവ്‌. അതുകൊണ്ട്‌ പ്രശ്നങ്ങള്‍ ലഘൂകരിക്കപ്പെടുകയല്ല മറിച്ച്‌ അവയുടെ സങ്കീര്‍ണ്ണത അപരിഹാര്യമായി വര്‍ദ്ധിക്കുകയാണ്‌ ഫലം. ഇത്‌ പ്രശ്നം കൈകാര്യം ചെയ്യുന്ന മന്ത്രിയെയും വകുപ്പിനെയും വിവാദകേന്ദ്രമാക്കി മാറ്റുകയും ചെയ്യും.

ഇന്ന്‌ അങ്ങനെ വിവാദപുരുഷനായി 'വിലസുകയാണ്‌' ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂരിന്റെ പ്രത്യേക രാഷ്ട്രീയ വൈകാരികത എന്നും കോടിയേരി തന്റെ നിലപാടുകളില്‍ പുലര്‍ത്തിയിരുന്നു. അത്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കും അണികള്‍ക്കും അഭിമാനം പ്രദാനം ചെയ്തിട്ടുണ്ടെങ്കിലും പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം അവ ഏറ്റുമുട്ടലിന്റെ പ്രത്യയശാസ്ത്രമായിട്ടാണ്‌ പരിണമിച്ചിട്ടുള്ളത്‌.

ആഭ്യന്തരമന്ത്രിയായി കോടിയേരി ചാര്‍ജെടുത്ത നിമിഷം മുതല്‍, ഒരിക്കലും കോടിയേരിയെപ്പോലെയുള്ള ഒരു ബഹുജന നേതാവിന്‌ ആശാസ്യമല്ലാത്ത നിരവധി വിവാദങ്ങള്‍ അദ്ദേഹത്തെ ചുറ്റിപ്പറ്റി ഉയര്‍ന്നുവന്നിട്ടുണ്ട്‌. ഔദ്യോഗിക വസതി മോടിപിടിപ്പിക്കല്‍, കാടാമ്പുഴ ക്ഷേത്രത്തിലെ പൂമൂടല്‍ എന്നിവയില്‍ തുടങ്ങി മൂത്തപുത്രന്‍ ബിനോയ്‌ കോടിയേരിയുടെ വിവാഹസല്‍ക്കാരത്തില്‍ എത്തിനില്‍ക്കുന്നു അത്തരം വിവാദങ്ങള്‍. എന്നാല്‍ അതിലും ഗൗരവമുള്ള വിവാദമാണ്‌ എഎസ്‌ഐ ഏലിയാസിന്റെ മരണവുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്‌.

ചങ്ങനാശേരിയില്‍ വിദ്യാര്‍ത്ഥിസംഘട്ടനത്തിനിടയ്ക്കാണ്‌ എഎസ്‌ഐ ഏലിയാസിന്റെ ദുരൂഹ മരണം സംഭവിച്ചത്‌. എസ്‌എഫ്‌ഐ-എബിവിപി വിദ്യാര്‍ത്ഥികളുടെ സംഘട്ടനം നിയന്ത്രിക്കാനെത്തിയ പോലീസ്‌ സംഘത്തെ നയിച്ചത്‌ സംഭവദിവസം എഎസ്‌ഐ ഏലിയാസായിരുന്നു. കോളേജിലേക്ക്‌ ആയുധങ്ങളുമായി പാഞ്ഞടുത്ത എബിവിപി വിദ്യാര്‍ത്ഥികളെ തടയുന്നതിനിടയിലുണ്ടായ സംഘര്‍ഷത്തിനിടയിലായിരുന്നു ഏലിയാസിന്റെ മരണം.

ഏലിയാസ്‌ എബിവിപി പ്രവര്‍ത്തകരുടെ അടിയേറ്റാണ്‌ കൊല്ലപ്പെട്ടതെന്ന്‌, മണിക്കൂറുകള്‍ക്കുള്ളില്‍ ചങ്ങനാശേരിയില്‍ പാഞ്ഞെത്തിയ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചു. ഇതേ പല്ലവി തിരുവനന്തപുരത്ത്‌ ഡിജിപിയും ആവര്‍ത്തിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ എബിവിപി- ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരെ പ്രതികളാക്കി കേസ്‌ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൃദയാഘാതം മൂലമാണ്‌ എഎസ്‌ഐ ഏലിയാസ്‌ കൊല്ലപ്പെട്ടതെന്നായിരുന്നു രേഖപ്പെടുത്തിയത്‌. ഇത്‌ ആഭ്യന്തരമന്ത്രിയുടെയും ഡിജിപിയുടെയും കോട്ടയം എംഎല്‍എ വിഎം വാസവന്റെയും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെയും അവകാശവാദങ്ങള്‍ക്കേറ്റ പ്രഹരമായിരുന്നു. എന്നിട്ടും വ്യാഖ്യാനങ്ങള്‍ കൊണ്ട്‌ പിടിച്ചുനില്‍ക്കുകയായിരുന്നു ഇവരെല്ലാം.

എന്നാല്‍ സംഭവത്തെക്കുറിച്ച്‌ അന്വേഷണകമ്മീഷന്റെ മുമ്പാകെ മൊഴിനല്‍കിയ അന്നത്തെ എസ്പി പിബി വിജയനും സംഭവസമയത്ത്‌ ഏലിയാസിനൊപ്പമുണ്ടായിരുന്ന പോലീസുകാരും എബിവിപി പ്രവര്‍ത്തകരുടെ അടിയേറ്റല്ല ഏലിയാസ്‌ മരിച്ചതെന്ന മൊഴിനല്‍കിയതോടെ ഊരാക്കുടുക്കിലായിരിക്കുകയാണ്‌ ആഭ്യന്തര മന്ത്രി കോടിയേരി. ലളിതമായ വിഷയങ്ങളെ അതിവൈകാരിക രാഷ്ട്രീയബുദ്ധിയോടെ സമീപിക്കുമ്പോള്‍ സംഭവിക്കുന്ന പാളിച്ചയാണിത്‌.

ഇതേ വൈകാരിക പ്രകടനമാണ്‌ കണ്ണൂരിലെയും കാസര്‍കോട്ടെയും തുടര്‍സംഘട്ടനങ്ങളോട്‌ ആഭ്യന്തരമന്ത്രി പുലര്‍ത്തുന്നത്‌. കാസര്‍കോട്ട്‌ ക്രമസമാധാന പാലനത്തിന്‌ വേണ്ടിവന്നാല്‍ പട്ടാളത്തെ വിളിക്കുമെന്നാണ്‌ ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം. തീര്‍ച്ചയായും അത്തരം ഒരാവശ്യം വന്നാല്‍ അങ്ങനെതന്നെ ചെയ്യണം. ജനങ്ങളുടെ സ്വത്തിനും ജീവനും മാന്യതയ്ക്കും വിലയേറെയാണ്‌. അത്‌ സംരക്ഷിക്കുകയെന്നതാണ്‌ ആഭ്യന്തരമന്ത്രിയുടെ ചുമതല.

ഇവിടെ മറ്റൊരുകാര്യമാണ്‌ ചൂണ്ടികാണിക്കാന്‍ ഉദ്ദേശിക്കുന്നത്‌. ഒന്ന്‌, കാസര്‍കോട്ടെ പ്രശ്നം പരിഹരിക്കുന്നതില്‍ കേരളപോലീസിനും ആഭ്യന്തരമന്ത്രിക്കും സംഭവിച്ച വീഴ്ച. രണ്ട്‌, കണ്ണൂരില്‍ ക്രമസമാധാനം പാലിക്കാന്‍ പട്ടാളത്തെ ഇറക്കണമെന്ന്‌ ഹൈക്കോടതി ഒരു ഉത്തരവില്‍ നിര്‍ദ്ദേശിച്ചതിനെതിരെ കോടിയേരി അടക്കമുള്ളവര്‍ നടത്തിയ എതിര്‍പ്പുകള്‍. കണ്ണൂരില്‍ സംഘട്ടനത്തിന്റെ ഒരു ഭാഗത്ത്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കാര്‍ നിലകൊള്ളുന്നതുകൊണ്ട്‌ അവിടെ പട്ടാളം വേണ്ട കാസര്‍കോട്‌ പട്ടാളമാകാം എന്ന നിലപാട്‌ ആഭ്യന്തരമന്ത്രിയെന്ന നിലയ്ക്ക്‌ കോടിയേരിക്ക്‌ ഒരിക്കലും ഭൂഷണമല്ല. വികാരവിക്ഷോഭമല്ല വിവേകമായിരിക്കണം ഒരു മന്ത്രിയുടെ മുഖമുദ്ര.

0 comments :