ഇരുട്ടെങ്ങാന്‍ വെളുത്തുപോയാല്‍!!
നിയമവിധേയമല്ലാത്ത 'കടത്തു'കളെയാണ് 'കള്ളക്കടത്ത്' എന്നുപറയുന്നത്. നിയമവിധേയമായി ഭാര്യയും മക്കളും ഉണ്ടായിരിക്കെ റജീനയെന്ന പാവം വിവരദോഷിയെത്തേടിപ്പോയ മഹാനുഭാവന്‍ ചെയ്തതും മേല്‍പ്പറഞ്ഞതുതന്നെയായിരുന്നു.
'പകല്‍വെളിച്ചത്തില്‍ സാത്വിക വേഷംകെട്ടി നടക്കുന്നവര്‍ രാത്രിയില്‍ സ്പിരിറ്റ് കള്ളക്കടത്ത് നടത്തുകയാണെന്നു തെളിഞ്ഞുകൊണ്ടിരിക്കുന്ന കാലമാണിത്' എന്നൊരു മഹദ്‌വചനം കഴിഞ്ഞ ദിവസം മഹാനായ കുഞ്ഞാലിക്കുട്ടി പുറത്തുവിട്ടപ്പോഴാണ് കടത്തും, കള്ളക്കടത്തും തമ്മിലുള്ള വ്യത്യാസമെന്ത് എന്ന ആശയക്കുഴപ്പം ഉയര്‍ന്നുവന്നത്!
പകല്‍വെളിച്ചത്തില്‍ ചെയ്യാന്‍ പറ്റാത്ത പല കടത്തുകളും രാത്രിയുടെ ഇരുളില്‍ ചെയ്യാനാവും എന്നതിനാലാണ് കവികള്‍, കലാകാരന്മാര്‍ തുടങ്ങി മോഷ്ടാക്കള്‍, തട്ടുകടക്കാര്‍വരെ രാത്രിയെ ഇഷ്ടപ്പെട്ടുപോകാന്‍ കാരണം. ധീരസമര പോരാളികള്‍ക്ക് ഇപ്പോള്‍ രാത്രിയാണിഷ്ടം.
കേരളത്തിനുപുറത്ത് മഹാനഗരങ്ങളിലും പുറത്തും നടക്കുന്ന സമരങ്ങളില്‍ ആട്ടവും പാട്ടും ആലിംഗനവും അസാധാരണമല്ല. ചെങ്ങറ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് തിരുവനന്തപുരത്ത് നടത്തിയ രാത്രിസമരത്തില്‍ 'കലാപരിപാടികള്‍' മാധ്യമങ്ങള്‍ 'ഒളിഞ്ഞുനോക്കിയ'താണു കുഴപ്പമായത് - ഒരു കള്ളക്കടത്തു വിശദീകരണം ഇങ്ങനെ പോകുന്നു.
നട്ടപ്പാതിരാക്കു സൂര്യനുദിച്ചാല്‍ കാണാം പകല്‍ സാത്വികന്മാരുടെ തനിനിറം എന്ന പണ്ടേയുള്ള പ്രയോഗത്തെ സാധൂകരിക്കുകയും ന്യായീകരിക്കുകയുമാണ് മേല്‍പ്പറഞ്ഞ മഹദ്‌വചനങ്ങള്‍!
മാന്യന്‍ എന്നു പറഞ്ഞാല്‍ അന്തസ്സുള്ളവന്‍ എന്നായിരുന്നു പച്ച മലയാളത്തില്‍ അര്‍ത്ഥം. കുഞ്ഞാലിമാരുടെ കാലം തെളിഞ്ഞതോടെ മാന്യന്‍ എന്നുവച്ചാല്‍ 'കള്ളക്കടത്തു'കാരന്‍ എന്നുകൂടി അര്‍ത്ഥവ്യാപ്തി വന്നുചേര്‍ന്നിരിക്കുന്നു.
ചന്ദ്രനില്‍ ഒരു പ്രത്യേക ആംഗിളില്‍ വലിയൊരു കണ്ണാടി സ്ഥാപിച്ചാല്‍ സൂര്യപ്രകാരം ഭൂമിയിലേക്ക് പ്രതിഫലിപ്പിച്ച് രാത്രിയും പകലാക്കാം എന്നൊരു കണ്ടുപിടുത്തം ആരോ കണ്ടുപിടിച്ചുവച്ചിട്ടുണ്ട്.
ലോകം ഭരിക്കുന്ന മാന്യന്മാര്‍ക്ക് രാത്രി നടത്തേണ്ട കള്ളക്കടത്തുകള്‍ക്കത് തടസ്സമാകുമല്ലോയെന്ന കാരണം കൊണ്ടാണത്രെ, അതിത്രനാളായിട്ടും നടപ്പാക്കാത്തത്!
രാത്രിയില്ലാതായിപ്പോയാലത്തെ കാര്യമൊന്നോര്‍ത്തു നോക്കിക്കേ - ചിരിച്ചു ചിരിച്ചു മരിക്കും!
0 comments :
Post a Comment