വാനില കര്‍ഷകരുടെ തിരിച്ചടിയില്‍ നിന്ന് കേരളം പഠിക്കേണ്ടത്
ചവുട്ടിനില്‍ക്കുന്ന മണ്ണും പഠിച്ച കൃഷിരീതികളും തള്ളിക്കളഞ്ഞ് ഓരോ കാലങ്ങളില്‍ തല്‍പ്പരകക്ഷികള്‍ നടത്തിയ പ്രചാരണ പ്രലോഭനങ്ങളില്‍ കുടുങ്ങി കാര്‍ഷിക രീതിയില്‍ മാറ്റം വരുത്തിയതാണ് ഇന്ന് കേരളത്തിലെ കര്‍ഷകരും കേരളവും അഭിമുഖീകരിക്കുന്ന ഏറ്റവും തീവ്രമായ പ്രശ്നങ്ങളിലൊന്ന്.
ഭക്ഷ്യവിളകളെ ഉപേക്ഷിച്ച് അമിതലാഭത്തിനുവേണ്ടി നാണ്യവിളകളെ ആശ്രയിക്കാന്‍ പോയതാണ് കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിച്ചതും കര്‍ഷകരെ കടക്കെണിയില്‍ കുടുക്കിയതും അവരെ കൂട്ടത്തോടെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതും.
നെല്ലും കപ്പയും കാച്ചിലും ചേമ്പും ചേനയും അടക്കമുള്ള ഭക്ഷ്യവിളകളും പച്ചക്കറികളും മാങ്ങ, ചക്ക തുടങ്ങിയ ഫലവൃക്ഷങ്ങളും കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, കശുവണ്ടി, തേയില, കാപ്പി, ഏലം തുടങ്ങിയ പരമ്പരാഗത നാണ്യവിളകളും കൃഷിചെയ്ത് കേരളം ഒരുകാലത്ത് ഭാരതത്തിനാകെ മാതൃകയായി ലോകത്തിനു നെറുകയിലെത്തിയ അവസ്ഥയില്‍ നിന്നാണ് ഇന്ന് അരിക്ക് വേണ്ടി പോലും അന്യസംസ്ഥാനക്കാരന്റെ മുന്നില്‍ കൈനീട്ടി നില്‍ക്കേണ്ട ഗതികെട്ട അവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
ഇത് കാലക്കേടുകൊണ്ടുണ്ടായ കൃഷിപ്പിഴമൂലം സംഭവിച്ച ദുരിതമല്ല മറിച്ച് കേരളത്തിന്റെ തനത് ഭക്ഷ്യ വിളകളും നാണ്യ വിളകളും തകര്‍ത്ത് കേരളത്തിന്റെ സാമ്പത്തിക സ്വയംപര്യാപ്തതയുടെ വാരിയെല്ലുകളും നട്ടെല്ലും തകര്‍ത്ത് സംസ്ഥാനത്തെയും അതിലെ ജനങ്ങളെയും എന്നേക്കും ആശ്രിത വര്‍ഗ്ഗമാക്കി മാറ്റാന്‍ പാശ്ചാത്യ അധിനിവേശ ശക്തികള്‍ ബോധപൂര്‍വ്വം രൂപം കൊടുത്ത, അതീവ കൗശലം നിറഞ്ഞ കര്‍ഷകവഞ്ചനയുടെ ബാക്കിപത്രമാണിത്. ആ പട്ടികയില്‍ ഒടുവില്‍ നിന്ന് നരകിക്കുകയാണ് വാനില കര്‍ഷകര്‍.
കേരളത്തിന്റെ കാര്‍ഷിക സമ്പന്നതയെ തകര്‍ക്കാന്‍ ആദ്യം ഇവിടെ പരിചയപ്പെടുത്തിയത് റബറിനെയായിരുന്നു. റബര്‍ നല്‍കുന്ന അധികലാഭത്തില്‍ കണ്ണുവെച്ച് ഭക്ഷ്യവിളകള്‍ വെട്ടിനശിപ്പിച്ച് മലനാട്ടിലെയും ഇടനാട്ടിലെയും കര്‍ഷകര്‍ റബര്‍ വച്ചുപിടിപ്പിച്ചു. തുടക്കം മോശമായില്ല. എല്ലാവര്‍ക്കും നല്ല ലാഭം ലഭിച്ചു. റബര്‍ കൃഷി വ്യാപകമായതോടെ കാര്‍ഷിക ആവാസവ്യവസ്ഥ ഉല്ലംഘിക്കപ്പെടുകയും റബറിന്റെ ഉല്‍പാദനം കുറയുകയും റബര്‍വില പൊതുമാര്‍ക്കറ്റില്‍ നിയന്ത്രിച്ചിരുന്ന ശക്തികള്‍ വിലകുറയ്ക്കുകയും ചെയ്ത് റബര്‍ കര്‍ഷകരെ വഞ്ചിച്ചു.
ഈ സമയത്താണ് ഹ്രസ്വകാലംകൊണ്ട് കൂടുതല്‍ ലാഭം കൊയ്യാമെന്ന പ്രചാരണവുമായി കൊക്കൊ ഇവിടെ ഇറക്കുമതി ചെയ്തത്. റബര്‍തോട്ടം അടക്കമുള്ള കൃഷികള്‍ വെട്ടിക്കളഞ്ഞ് കര്‍ഷകര്‍ പിന്നെ കൊക്കൊയുടെ പുറകേ പോയി. കാഡ്ബറീസ് കമ്പനി കൃഷിയിടങ്ങളിലെത്തി കൊക്കൊ ബീന്‍സ് ശേഖരിച്ച് നല്ല വില നല്‍കിയപ്പോള്‍ കേരളത്തിലെ കൊക്കൊ കര്‍ഷകര്‍ അഹങ്കരിക്കുകയും കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കുകയും ചെയ്തു. അങ്ങനെ കൊക്കൊ കേരളത്തിലാകെ തളിര്‍ത്തു തുടങ്ങിയപ്പോള്‍ ബീന്‍സ് ശേഖരണത്തില്‍നിന്ന് കാഡ്ബറീസ് പിന്‍വാങ്ങുകയും കൊക്കൊ കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുകയും ചെയ്തു.
ഇതിനുപിന്നാലെ കൂടുതല്‍ ലാഭം പ്രചരിപ്പിച്ച് എണ്ണപ്പനകൃഷിയുമായി തല്‍പ്പര കക്ഷികള്‍ രംഗത്തെത്തിയെങ്കിലും ആ പ്രചാരണവലയില്‍ കുടുങ്ങാന്‍ കേരളത്തിലെ കര്‍ഷകര്‍ കൂട്ടാക്കാതെ പോയപ്പോള്‍ എണ്ണപ്പന കൃഷിക്ക് വേണ്ടത്ര സ്വീകാര്യത ലഭിക്കാതെപോയി.
ഈ സമയത്താണ് വന്‍ലാഭം വാഗ്ദാനം ചെയ്ത് വാനില കൃഷി കേരളത്തില്‍ എത്തിയത്. വാഗ്ദാനങ്ങളില്‍ മതിമറന്ന് കര്‍ഷകര്‍ മറ്റുവിളകളെല്ലാം വെട്ടിനശിപ്പിച്ച് കൃഷിയിടങ്ങളിലെല്ലാം വാനില നട്ടുപിടിപ്പിച്ചു. 2000 വരെ ഈ കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റില്ല. അന്ന് കിലോയ്ക്ക് 2500 രൂപവരെ ലഭിച്ചപ്പോള്‍ 100 രൂപ കൊടുത്ത് നടീല്‍വസ്തുക്കള്‍ വാങ്ങാന്‍ വന്‍തിരക്കുതന്നെ ഉണ്ടായി.
ആ കര്‍ഷകരാണ് ഇപ്പോള്‍ അതിദാരുണമായി വഞ്ചിക്കപ്പെട്ടിരിക്കുന്നത്. കിലോയ്ക്ക് 100 രൂപപോലും ഇന്ന് വാനിലബീന്‍സിന് വിലയില്ല. ലക്ഷങ്ങള്‍ മുടക്കി വാനിലകൃഷിയില്‍ ഏര്‍പ്പെട്ടവര്‍ ആത്മഹത്യയുടെ മുനമ്പിലാണിന്ന്.
ഇതേ അവസ്ഥയാണ് കേരളത്തിലെ കോഴിവളര്‍ത്തലിനും പശുവളര്‍ത്തലിനും സംഭവിച്ചത്. മുമ്പ് ഓരോ വീട്ടിലും കോഴിയും പശുവും ആടും ഉണ്ടായിരുന്നു. വീട്ടാവശ്യത്തിനുള്ള മുട്ടയും പാലും മാത്രമല്ല വില്‍ക്കാനും ഈ ഉല്‍പ്പന്നങ്ങള്‍ ലഭിച്ചിരുന്നു. മായം ചേര്‍ക്കാത്ത വിഭവങ്ങള്‍ നാട്ടുകാര്‍ക്ക് കുറഞ്ഞവിലയ്ക്ക് കിട്ടുകയും ചെയ്തിരുന്നു.
ഈ സ്വയംപര്യാപ്തത തകര്‍ക്കാനായിരുന്നു പുതിയ കൃഷിരീതികളുമായി ചൂഷകരെത്തിയത്. ഇവരുടെ ഉദ്യേശ്യം തിരിച്ചറിയാന്‍ കര്‍ഷകരോ കാലാകാലങ്ങളില്‍ കേരളം ഭരിച്ച സര്‍ക്കാരുകളോ തയ്യാറായില്ല. അതിന്റെ തിരിച്ചടിയാണ് ഇപ്പോള്‍ കേരളം അനുഭവിക്കുന്നത്.
ഭക്ഷ്യവിളകള്‍ വെട്ടിനശിപ്പിച്ച് നാണ്യവിളകള്‍ക്ക് പിറകെ പോകാതിരുന്ന തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും കര്‍ഷകര്‍ ഇന്ന് ലാഭം കൊയ്യുമ്പോള്‍ കേരളത്തിലെ കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടുന്ന ദുരിതക്കാഴ്ചയാണ് ചുറ്റിലും. ദീര്‍ഘവീക്ഷണമില്ലായ്മയുടെ തിരിച്ചടി. ഇനിയെങ്കിലും കേരളത്തിലെ കര്‍ഷകരും കൃഷിവകുപ്പും കണ്ണുതുറന്ന് യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കിയിരുന്നെങ്കില്‍!
0 comments :
Post a Comment