Thursday, April 10, 2008

വനിതാരത്നങ്ങളുടെ കൊച്ചീ മഹാരാജ്യം!

ആണ്‍പിറന്നോരെ വെല്ലുന്ന പെണ്‍പിറന്നോരുടെ വീരചരിതങ്ങളാല്‍ സമൃദ്ധമാണ്‌ മലയാളപ്പെരുമ. അറബിക്കടലിന്റെ റാണിയെന്നു പുകള്‍പെറ്റ സ്മാര്‍ട്ട്‌ കൊച്ചിയുടെ ഭരണ സാരഥ്യം അപ്പാടെ പെണ്‍പിറന്നോര്‍ കയ്യടക്കിയതോടെ കൊച്ചിയിലെ ആണ്‍പിറന്നോരുടെ സ്ഥിതി വല്ലാണ്ടു പരിതാപകരമാകുമോ?

വനിതാസാരഥികള്‍ വന്നപ്പോള്‍ വേറൊരു അല്‍ഭുതവും നടന്നില്ലെന്നാലും നഗരം വൃത്തിയായെങ്കിലും കിടക്കുമെന്ന സ്വപ്നത്തെ തകര്‍ത്തു തരിപ്പണമാക്കിയാണ്‌ മേയര്‍ മേഴ്സി വില്യംസും കോര്‍പ്പറേഷന്‍ സെക്രട്ടറി മിനി ആന്റണിയും നഗരം ഭരിച്ചുകൊണ്ടിരിക്കുന്നതെന്ന്‌ ആരോപിക്കുന്നത്‌ ആണുങ്ങള്‍ മാത്രമല്ല, നഗരവാസികളായ പെണ്ണുങ്ങള്‍ കൂടിയാണ്‌. മൂന്നു പെണ്ണുങ്ങള്‍ ഉള്ള വീട്ടില്‍ മുറ്റമടിക്കില്ലയെന്ന ചൊല്ല്‌ രണ്ടു പെണ്ണുങ്ങള്‍ ചേര്‍ന്നാലും 'അടി നടക്കില്ല' എന്നു തിരുത്തിക്കുറിച്ചിരിക്കുന്നു ഈ സാരഥികള്‍!

ജില്ലാ പഞ്ചായത്തിന്റെ തലപ്പത്തിരിക്കുന്നു പി.എസ്‌. ഷൈല എന്ന വനിതാരത്നം. ജില്ലാ പഞ്ചായത്ത്‌ എന്നൊരു സംഗതി ഇപ്പോഴും നിലവിലുണ്ടെന്ന്‌ നാട്ടുകാരോര്‍ക്കുന്നത്‌ പ്രസിഡന്റിന്റെ പടം പത്രത്തില്‍ കാണുമ്പോള്‍ മാത്രം!

വിശാലകൊച്ചി വികസന അതോറിറ്റിയെന്ന മഹാസംഭവത്തിന്റെ തലപ്പത്ത്‌ ഇരുന്നരുളുന്നത്‌ എം.സി. ജോസഫൈന്‍ എന്ന പോരാളിയത്രെ! ജനാധിപത്യ മഹിളകള്‍ വനിതാമോചനത്തിനായി നടത്തിയ ലഹളകളുടെ യാതൊരാവേശവും ജിസിഡിഎ ഭരണത്തില്‍ ദോഷൈകദൃക്കുകള്‍ക്കുപോലും കണ്ടുപിടിക്കാനാവില്ല!

വ്യവസായ നഗരമായ ആലുവയില്‍ സ്മിതാഗോപി, ക്ഷേത്രനഗരിയായ തൃപ്പൂണിത്തുറയില്‍ രഞ്ജിനി സുരേഷ്‌, കളമശേരിയില്‍ വി.എം. ആരിഫ, അങ്കമാലിയില്‍ ലില്ലി രാജു, പെരുമ്പാവൂരില്‍ ഐഷാബീവി, മൂവാറ്റുപുഴയില്‍ മേരിജോര്‍ജ്‌ തോട്ടം, കോതമംഗലത്ത്‌ നിമ്മി നാസര്‍ എന്നിങ്ങനെ കൊച്ചിയുടെ അയല്‍നഗരങ്ങള്‍ അടക്കിവാഴുന്നതും പെണ്‍പിറന്നോര്‍!

കസേര ഉറപ്പിക്കുന്നതില്‍ ആണ്‍പിറന്നോരെ വെല്ലുന്ന സകല തരികിടകളും പയറ്റിയ രത്നങ്ങള്‍ കൂടിയുണ്ട്‌ ഇക്കൂട്ടത്തില്‍. ഇത്രയേറെ പെണ്‍പിറന്നോര്‍ ഭരിച്ചു തുടങ്ങിയിട്ടു കൊച്ചിയുടെ ക്ലച്ചുപിടിക്കുന്നില്ലെന്ന്‌ തോന്നിയതിനാലാവണം മെട്രോ റെയിലിന്റെ പേരില്‍ കാണാന്‍ ഭംഗിയുള്ളവരും സ്വാധീനമുള്ളവരുമായ ബീനാകണ്ണനും കൂട്ടരുമുയര്‍ത്തിയ അടിപൊളി റിയാലിറ്റി ഷോയുടെയും മൂലമ്പിള്ളിയില്‍ കാണാന്‍ ഭംഗിയില്ലാത്തവരും സ്വാധീനമില്ലാത്തവരുമായ ചില ചേട്ടത്തിമാര്‍ നടത്തിയ തെരുവുനാടകത്തിന്റെയും ഫലമായി മുഹമ്മദ്‌ ഹനീഷെന്ന പുരുഷകേസരിയെ തെറിപ്പിച്ച്‌ ഡോ. എം. ബീനയെന്ന വനിതാ കളക്ടറെ നമുക്ക്‌ നല്‍കാന്‍ സര്‍ക്കാര്‍ തിരുവുള്ളമായത്‌!

ഇക്കാലമത്രയും പുരുഷകേസരികള്‍ ഭരിച്ചു എറണാ'കുള'മാക്കിയ കൊച്ചി മഹാരാജ്യം അങ്ങനെ വനിതാരത്നങ്ങള്‍ ഒത്തുപിടിച്ചു സ്വര്‍ഗമാക്കാന്‍ പോകുമ്പോള്‍ ആശങ്കവേണ്ട, കാത്തിരുന്നു കാണുക!

ആഭ്യന്തരന്‍, സാക്ഷാല്‍ പി.ബി. കോടിയേരിയോടൊരു റിക്വസ്റ്റുണ്ട്‌. ഒരു വനിതാ പോലീസ്‌ കമ്മീഷണറെ കൂടി കൊച്ചിക്കുതന്നുകൂടെ, കുറെ കേസരിമാരെ ശരിപ്പെടുത്താനുണ്ട്‌!

0 comments :