Saturday, April 26, 2008

കിളിരൂര്‍ പീഡനം: മന്ത്രിപുത്രന്മാരെ രക്ഷിക്കാന്‍ അച്യുതാനന്ദന്റെ അടിവലി

കേരളത്തെ ഞെട്ടിച്ച പെണ്‍വാണിഭ കേസുകളില്‍ ഏറ്റവും ക്രൂരമായിരുന്നു കിളിരൂര്‍-കവിയൂര്‍ സംഭവങ്ങള്‍. രണ്ടു മന്ത്രിപുത്രന്മാരടക്കമുള്ള ഉന്നതന്മാരായ കാമപിശാചുക്കള്‍ വലിച്ചുകീറിയ കൗമാരക്കാരികളായ ശാരിയേയും അനഘയേയും അനഘയുടെ കുടുംബാംഗങ്ങളേയും കൊന്നൊടുക്കി തെളിവു നശിപ്പിച്ച്‌ ആ മൃഗങ്ങള്‍ സമൂഹത്തില്‍ ഇന്ന്‌ നെഞ്ചുവിരിച്ചു നടക്കുമ്പോള്‍ അവരെ സംരക്ഷിക്കാന്‍ അച്യുതാനന്ദനെ പോലെയുള്ള സമര്‍പ്പിത മനുഷ്യാവകാശ, സ്ത്രീപക്ഷ വാദി അടിവലി നടത്തുന്നത്‌ ഏറ്റവും മിതമായ ഭാഷയില്‍ പറഞ്ഞാല്‍ പിതൃരാഹിത്യമാണ്‌.

പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ എവിടെയെല്ലാം സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ അവിടെയെല്ലാം പ്രായത്തിന്റെ ക്ഷീണം വകവയ്ക്കാതെ ഓടിയെത്തുകയും ഇരകള്‍ക്കു വേണ്ടി വാദിക്കുകയും പീഡകര്‍ക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുകയും ചെയ്ത മാതൃകാ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു അച്യുതാനന്ദന്‍. അതുകൊണ്ടാണ്‌ ഇപ്പോള്‍ കിളിരൂര്‍ പീഡനക്കേസില്‍ അച്യുതാനന്ദന്റെ ഓഫീസില്‍നിന്നും നടത്തിയ അട്ടിമറിയില്‍ മനസുവല്ലാതെ രോഷം കൊള്ളുന്നത്‌.

ഇടതുപക്ഷം അധികാരത്തിലെത്തിയാല്‍ സ്ത്രീപീഡകരെ കയ്യാമം വച്ച്‌ തെരുവിലൂടെ നടത്തിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പിനുമുന്‍പ്‌ കേരളീയര്‍ക്ക്‌ അച്യുതാനന്ദന്‍ നല്‍കിയ വാഗ്ദാനം. ഈ വാഗ്ദാനത്തില്‍ കേരളത്തിലെ സ്ത്രീസമൂഹം, പീഡിപ്പിക്കപ്പെടുകയും പ്രാന്തവത്കരിക്കപ്പെടുകയും ചെയ്ത ദുര്‍ബല വിഭാഗം പൂര്‍ണമായി വിശ്വസിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അച്യുതാനന്ദന്‍ പ്രതിനിധാനം ചെയ്യുന്ന ഇടതുപക്ഷത്തിന്‌ വോട്ടുചെയ്യുകയുമുണ്ടായി. അച്യുതാനന്ദന്‌ സീറ്റ്‌ നിഷേധിച്ചപ്പോള്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കു പിന്നില്‍ ഈ വികാരത്തിന്റെ ശക്തമായ തള്ളിച്ചയുണ്ടായിരുന്നു. അത്‌ തിരിച്ചറിഞ്ഞാണ്‌ പോളിറ്റ്‌ ബ്യൂറോ അച്യുതാനന്ദന്‌ മത്സരിക്കാന്‍ അനുവാദം നല്‍കിയതും അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കിയതും.

പതിവുകള്‍ തെറ്റിച്ച്‌ പൊതുവേദിയില്‍ സത്യപ്രതിജ്ഞ ചെയ്ത്‌ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍ ഈ പ്രതീക്ഷകള്‍ കൂടുതല്‍ ജാജ്വല്യമായി. ഒപ്പം അഴിമതിക്കെതിരായി പുതിയൊരു പോരാട്ടമുഖം ഭരണരംഗത്ത്‌ തുറക്കപ്പെടുമെന്ന വിശ്വാസവും കേരളീയരില്‍ രൂഢമൂലമായി.

എന്നാല്‍ അധികാരത്തിലേറി ദിവസങ്ങള്‍ കഴിയും മുന്‍പുതന്നെ, പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ താന്‍ ഏതെല്ലാം തിന്മകള്‍ക്കെതിരെ പോരാടിയോ ആ ശക്തികള്‍ക്ക്‌ നാണം കെട്ട്‌ കീഴടങ്ങുന്ന ഒരു മുഖ്യമന്ത്രിയെയാണ്‌ ഖേദപൂര്‍വം കേരളം കണ്ടത്‌. ആ ദുരന്തക്കാഴ്ചയുടെ തുടര്‍ച്ചയാണ്‌ കിളിരൂര്‍ പീഡനക്കേസില്‍ ഇപ്പോള്‍ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും സ്വീകരിച്ചിട്ടുള്ള വഞ്ചന നിറഞ്ഞ നിലപാട്‌.

കിളിരൂര്‍ പീഡനം സംബന്ധിച്ച നിവേദനങ്ങളൊന്നും മുഖ്യമന്ത്രിക്ക്‌ ലഭിച്ചിട്ടില്ലായെന്നാണ്‌ ഇപ്പോള്‍ ഔദ്യോഗികഭാഷ്യം. അതേസമയം ശാരിയുടെ മാതാപിതാക്കളായ സുരേന്ദ്രനും ശ്രീദേവിയും മകള്‍ സ്നേഹയും ഒന്നല്ല മൂന്നുതവണ ഇതുസംബന്ധിച്ച്‌ അച്യുതാനന്ദന്‌ നിവേദനം നല്‍കിയിട്ടുള്ളതാണ്‌. ഇതില്‍ ഒരെണ്ണം കേന്ദ്ര ആഭ്യന്തരമന്ത്രിക്ക്‌ താന്‍ നേരിട്ടയയ്ക്കുമെന്ന്‌ അച്യുതാനന്ദന്‍ സുരേന്ദ്രനും കുടുംബത്തിനും ഉറപ്പു നല്‍കിയതുമാണ്‌. എന്നിട്ടാണിപ്പോള്‍ പറയുന്നത്‌ കിളിരൂര്‍-കവിയൂര്‍ കേസുകള്‍ സംബന്ധിച്ച്‌ നിവേദനങ്ങളോ പരാതികളോ ലഭിച്ചിട്ടില്ലെന്ന്‌. ഓര്‍ക്കണം, ഈ പീഡനങ്ങളുടെ ജീവിക്കുന്ന ഇരകളായ സ്നേഹയ്ക്കും നാരായണന്‍ നമ്പൂതിരിയുടെ മാതാവിനും നഷ്ടപരിഹാരത്തുക നേരിട്ട്‌ നല്‍കിയത്‌ മുഖ്യമന്ത്രി അച്യുതാനന്ദനായിരുന്നു. മന്ത്രിസഭ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ സാമ്പത്തിക സഹായം. ഇതെല്ലാം ഔദ്യോഗികരേഖകളായിരിക്കെയാണ്‌ പച്ചക്കള്ളം മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന്‌ ഇപ്പോള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്‌.

ഇന്ന്‌ ഇടതുപക്ഷ മന്ത്രിസഭയിലെ പ്രമുഖരായ രണ്ടുപേരുടെ തലതെറിച്ച പുത്രന്മാര്‍ക്ക്‌ കിളിരൂര്‍-കവിയൂര്‍ പീഡനക്കേസില്‍ നിഷേധിക്കാനാവാത്ത പങ്കുണ്ടെന്ന്‌ കേരള ഹൈക്കോടതിക്കുവരെ ബോധ്യപ്പെട്ടതാണ്‌. കൊല്ലപ്പെട്ട അനഘയുടെ സഹപാഠി ശ്രീകുമാരി അന്ന്‌ ഈ കേസുകളില്‍ വാദം കേട്ട ജസ്റ്റിസ്‌ ആര്‍. ബസന്തിനയച്ച ഒരു സ്വകാര്യകത്തില്‍ അനഘയെ പീഡിപ്പിച്ച ഈ മന്ത്രിപുത്രന്മാരുടെ പേര്‌ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കത്ത്‌ ജസ്റ്റിസ്‌ ബസന്ത്‌ അന്വേഷണസംഘത്തിന്‌ കൈമാറിയതുമാണ്‌. പക്ഷേ വിപ്ലവനേതാക്കന്മാരുടെ വിടന്മാരായ പുത്രന്മാരെ രക്ഷിക്കാന്‍ ആ വിവരങ്ങളെല്ലാം പരവതാനിക്ക്‌ അടിയിലേക്ക്‌ തള്ളുകയായിരുന്നു.

തെള്ളകം മാതാ ആശുപത്രിയില്‍ ശാരി ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരുന്നപ്പോള്‍ അവിടെ എത്തിയ ഒരു വിഐപിയാണ്‌ ശാരിയുടെ നില വഷളാക്കിയതെന്ന അച്യുതാനന്ദന്റെ പ്രസ്താവന സൃഷ്ടിച്ച വിവാദത്തിന്റെ അലകള്‍ ഇന്നും മന്ത്രിസഭയിലെ ഒരു വനിതാ അംഗത്തിന്റെ ചുറ്റും സജീവമാണ്‌. അന്ന്‌ അനഘയുടെ ഘാതകരെ അറസ്റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ സഖാക്കള്‍ കോട്ടയം കലക്ടറേറ്റ്‌ ഉപരോധിച്ചപ്പോള്‍ ഈ വനിതാ സഖാവ്‌ അനഘ പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്ന്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കി കേസ്‌ അട്ടിമറിക്കാന്‍ ശ്രമിച്ചതാണ്‌. ആ അട്ടിമറിയാണ്‌ ഇന്ന്‌ അച്യുതാനന്ദനിലും എത്തിനില്‍ക്കുന്നത്‌.

ഒരു വിപ്ലവകാരിയെ, ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനെ, ഒരു പരിസ്ഥിതി പ്രവര്‍ത്തകനെ അധികാരം എങ്ങനെ ഷണ്ഡനാക്കി മാറ്റുമെന്നതിന്റെ തെളിവായി സഖാവ്‌ കേരളീയരുടെ മുന്നില്‍ ലജ്ജിതനായി നില്‍ക്കുമ്പോള്‍ നാരായണന്‍ നമ്പൂതിരിയുടെ വൃദ്ധമാതാവിന്റെയും ശാരിയുടെ മകള്‍ സ്നേഹയുടെയും ശാപം എങ്ങനെ അദ്ദേഹത്തെ ഒഴിഞ്ഞുപോകും.

4 comments :

  1. Unknown said...

    abhyoohaadhishtitha pathrapravarthanam...

  2. ramachandran said...

    മന്ത്രിമാര്‍ ആരു? മന്ത്രിപുത്രന്മാര്‍ ആരു? വനിതാ മന്ത്രിയുടെ പേരെന്ത്? പരാതി കിട്ടിയില്ല എന്നു പറഞ്ഞ ഡാഷ് മോന്റെ പേരെന്ത്? ഇതൊക്കെക്കൂടി വിളിച്ചു പറയൂ വാസ്തവമേ..എന്തിനാ ഇങ്ങനെ പൊതിഞ്ഞു പറയുന്നേ? അവന്മാരെ മുക്കാലിയില്‍ കെട്ടി അടിക്കണം.തുറന്നു പറയൂ..

    പറയാന്‍ ആയില്ലെങ്കില്‍ അതിനെ
    ഏറ്റവും മിതമായ ഭാഷയില്‍ പറഞ്ഞാല്‍ പിതൃശൂന്യമായ പത്രപ്രവര്‍ത്തനം ( കടപ്പാട് സ്വരാജ്) എന്നു വിളിക്കില്ലേ പൊതു ജനം? അതോ അവരും ഷണ്ഡന്മാരാണോ?

  3. Unknown said...

    കിളിരൂരിലെ കുടുംബത്തിന്‌ നീതി കിട്ടുമോ? ഏതായാലും കിളിരൂരിലെ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ കൊലയ്‌ക്ക്‌ കൊടുക്കരുത്‌.

    http://munnooran.blogspot.com/2008/04/blog-post_26.html

  4. പാമരന്‍ said...

    രാമചന്ദ്രന്‍ മാഷ്‌ പറഞ്ഞതിനോടു യോജിക്കുന്നു. തുറന്നു പറയാനുള്ള ആര്‍ജ്ജവം വാസ്തവമെങ്കിലും കാണിക്കേണ്ടതായിരുന്നു,