Thursday, April 3, 2008

വീണ്ടും കണ്ണൂര്‍, പോലീസ്‌, സര്‍ക്കാര്‍, കോടതി....

"തലശേരിയിലെ ഭ്രാന്തും കാടത്തവും അവസാനിച്ച്‌ നന്മ പുലരണമെന്നതാണ്‌ സാമാന്യ ജനത്തിന്റെ ആഗ്രഹവും ആവശ്യവും. ചരിത്രത്തിലും ജീവിതത്തിലും ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ മൗനം പാലിക്കുന്നത്‌ ഗുരുതരമായ പാപവും കുറ്റവും കൃത്യനിര്‍വ്വഹണത്തിലെ വീഴ്ചയുമാണ്‌. പ്രവര്‍ത്തന നിരതമായിരിക്കുക എന്നത്‌ ജീവന്റെ അടയാളമാണ്‌. നിസംഗതയോടെയും സമചിത്തതയോടെയും എന്നതുപോലെ നിശ്ചയദാര്‍ഢ്യത്തോടെയും ലക്ഷ്യ ബോധത്തോടെയും പ്രവൃത്തിക്കാന്‍ നീതി നിര്‍വ്വഹണ സംവിധാനത്തിന്‌ ബാധ്യതയുണ്ട്‌."

"ക്രിമിനല്‍ നീതിനിര്‍വ്വഹണ സംവിധാനത്തില്‍ ഓരോ വ്യക്തിയും ആഗ്രഹിക്കുന്നത്‌ കുറ്റക്കാര്‍ക്ക്‌ ശിക്ഷയും കുറ്റകൃത്യങ്ങള്‍ക്ക്‌ ഇരയാകുന്നവര്‍ക്ക്‌ സംരക്ഷണവും സൗഹൃദാന്തരീക്ഷവുമാണ്‌. ഇതിന്‌ സഹായകമാവും വിധം സര്‍ക്കാര്‍ പ്രവര്‍ത്തനസജ്ജമാകണം. സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണവും വേഗത്തിലുള്ള വിചാരണയും നടക്കുന്നുവെന്ന വിശ്വാസമാര്‍ജിക്കാന്‍ കഴിയണം. രാഷ്ട്രീയ കേസുകളെക്കുറിച്ച്‌ സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അന്വേഷണ ഏജന്‍സിയെ മാറ്റുന്നതും പ്രത്യേക വിചാരണ കോടതി രൂപീകരിക്കുന്നതും കോടതി പരിഗണിക്കും. സംഘര്‍ഷ മേഖലയില്‍ അക്രമം തടയാന്‍ നിഷ്പക്ഷ പോലീസിനെ പട്രോളിംഗിന്‌ നിയോഗിക്കുന്ന കാര്യവും കോടതി പരിഗണിക്കും."

2007 നവംബര്‍ 5 ന്‌ തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനായ സുധീര്‍കുമാര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ബിജെപി പ്രവര്‍ത്തകര്‍ നിതിന്‍മോഹനും സാജുവും വിനീഷും നല്‍കിയ ഹര്‍ജിയുടെ വിധിയില്‍ ഇന്നലെ ഹൈക്കോടതിയിലെ ജസ്റ്റിസ്‌ ആര്‍ ബസന്ത്‌ പ്രകടിപ്പിച്ച ഗൗരവമേറിയ നിരീക്ഷണങ്ങളാണ്‌ മുകളില്‍ ഉദ്ധരിച്ചത്‌.

കണ്ണൂരിലെ രാഷ്ട്രീയ കൊലക്കേസുകളുടെ അന്വേഷണം തൃപ്തികരമല്ലെന്നും ഈ രീതി തുടര്‍ന്നാല്‍ കേസ്‌ സിബിഐയ്ക്ക്‌ കൈമാറുമെന്നും ഹൈക്കോടതിക്ക്‌ മുന്നറിയിപ്പ്‌ നല്‍കേണ്ടി വന്നു. ജില്ലയില്‍ സിപിഎം, ബിജെപി, ആര്‍എസ്‌എസ്‌ സംഘടനകളും യുവജന വിദ്യാര്‍ത്ഥി പോഷക വിഭാഗങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന വടിവാള്‍ രാഷ്ട്രീയത്തില്‍ മനംനൊന്താണ്‌ കോടതി ഇങ്ങനെ പ്രതികരിച്ചത്‌.

ഇത്‌ ആദ്യമല്ല ഇത്തരത്തിലുള്ള നിരീക്ഷണവും മുന്നറിയിപ്പും ഹൈക്കോടതിയില്‍ നിന്നുണ്ടാകുന്നത്‌. കണ്ണൂരിലെ കലാപ രാഷ്ട്രീയം നിയന്ത്രിക്കുന്നതിലും നിഹനിക്കുന്നതിലും കേരള പോലീസ്‌ അമ്പേ പരാജയപ്പെട്ടു എന്നും അവര്‍ ഭരണകക്ഷിയുടെ ദാസന്മാരായി അധപതിച്ചു എന്നും മുമ്പ്‌ കോടതി നിരീക്ഷിച്ചിരുന്നു. ഈ നിരീക്ഷണം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദനും അടക്കമുള്ള സമുന്നതരായ മാര്‍ക്സിസ്റ്റ്‌ നേതാക്കളെ വല്ലാതെ വെറളി പിടിപ്പിച്ചിരുന്നു. സര്‍ക്കാരിന്റെ അധികാരത്തിനുമേല്‍ കോടതി കുതിര കയറുകയാണെന്ന്‌ ആരോപിച്ച്‌ അവര്‍ നിരന്തരം നിയമസഭയ്ക്ക്‌ അകത്തും പുറത്തും പ്രസ്താവനകളും പ്രഖ്യാപനങ്ങളും നടത്തി, വേണ്ടിവന്നാല്‍ കോടതിയുമായി ഒരു ഏറ്റുമുട്ടലിന്‌ തയ്യാറാണെന്ന്‌ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ കലഹ രീതി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ അടിസ്ഥാന സ്വാഭവങ്ങളിലൊന്നാണ്‌. അനുകൂലമല്ലാത്തതും അസ്വീകാര്യങ്ങളുമായ കോടതിവിധികള്‍ വരുമ്പോള്‍ കുരച്ചു പ്രതിക്ഷേധിച്ച്‌, പരാമര്‍ശ സംഭവത്തില്‍ തങ്ങള്‍ക്കുള്ള പങ്കും ഉത്തരവാദിത്തവും കൗശലപൂര്‍വ്വം ഒളിച്ചുവച്ച്‌ നീതിവിരുദ്ധ രീതി തുടരാനുള്ള തീരുമാനം അണികളിലേക്കും, ക്രമസമാധാന പാലനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരിലേക്കും ഇന്‍ജക്ട്‌ ചെയ്യുന്ന കപട രാഷ്ട്രീയ ക്ഷോഭമാണത്‌.

ആ പ്രാകൃത രീതിശാസ്ത്രത്തില്‍ നിന്ന്‌ പാര്‍ട്ടിക്ക്‌ മാറാന്‍ കഴിയാത്തതാണ്‌ കണ്ണൂരിനെ കേരളീയരുടെ പേടിസ്വപ്നമാക്കി മാറ്റിയത്‌. ഇക്കാര്യത്തില്‍ ബിജെപിക്കുള്ള പങ്കും ഇതുപോലെതന്നെ വികൃതവും ഹിംസാത്മകവുമാണ്‌.

എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇച്ഛകള്‍ക്ക്‌ ഇണങ്ങിപ്പോകുകയല്ല മറിച്ച്‌ പൊതുജനങ്ങളുടെ അഭിലാഷങ്ങള്‍ക്കൊപ്പം നീങ്ങുകയാണ്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടത്‌. കണ്ണൂരിലെ രാഷ്ട്രീയ ഏറ്റുമുട്ടലുകളുടെ ഭൂമികയില്‍ പോലീസിന്റെ നിലപാട്‌ എല്ലായ്പോഴും പക്ഷപാതിത്വം നിറഞ്ഞതാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പ്രത്യേകിച്ച്‌ ഭരിക്കുന്നത്‌ സിപിഎം ആണെങ്കില്‍.

തികച്ചും ആശങ്കാജനകവും സങ്കീര്‍ണ്ണവുമാണ്‌ ക്രമസമാധാനപാലനത്തിന്‌ നിയോഗിക്കപ്പെട്ട വിഭാഗത്തിന്റെ ഇത്തരത്തിലുള്ള 'ഇടതുപക്ഷ വ്യതിയാനം'. ഇക്കാര്യം കേരളം ഒരേമനസോടെ സമ്മതിക്കുന്നതും അപലപിക്കുന്നതുമായ വസ്തുതയാണ്‌. എന്നിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ ശരിയായ പാതയിലേക്ക്‌ വരാന്‍ തയ്യാറാകുന്നില്ല എന്നതാണ്‌ പൊതുജനങ്ങളെപ്പോലെ ന്യായാസനങ്ങളെയും ആശങ്കാകുലരാക്കുന്നത്‌. ആ ആശങ്കകള്‍ വിധിരൂപത്തിലും നിരീക്ഷണ രീതിയിലും പുറത്തുവരുമ്പോള്‍ അവയിലെ വികാരമുള്‍ക്കൊണ്ട്‌ വിവേകപൂര്‍വ്വം പെരുമാറുകയാണ്‌ ബന്ധപ്പെട്ടവര്‍ ചെയ്യേണ്ടത്‌. പക്ഷെ അതുണ്ടാകുന്നില്ല. ഇന്നലെ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ഇനി എന്തെല്ലാം കോപ്രായങ്ങള്‍ ഉണ്ടാകുമെന്ന്‌ ഊഹിക്കാന്‍ പോലും കഴിയുകയില്ല. പക്ഷെ ഏറ്റമുട്ടലല്ല സമവായത്തിന്റെയും സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും അന്തരീക്ഷമാണ്‌ പൊതുജന പ്രതീക്ഷ. അതുള്‍ക്കൊള്ളാന്‍ ഇത്തവണയെങ്കിലും പോലീസും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും തയ്യാറാകുമെന്നാണ്‌ ഞങ്ങളുടെ വിശ്വാസം.

0 comments :