നിലവാരം 'പിടിച്ചുകെട്ടേണ്ടിവരുമ്പോള്‍'
ഇ. അഹമ്മദ് പണ്ടേ ഇങ്ങനെയാണ്. അത്യാവശ്യത്തിനു മാത്രമേ വാ തുറക്കൂ. വാ തുറന്നാല്‍ കാര്യമായെന്തെങ്കിലും പറയാന്‍ കാണും. ഒരു കാര്യവുമില്ലാതെ വാ തുറക്കുന്ന നേതാക്കള്‍ പണ്ടേ ലീഗിലില്ല. 'അപവാദ'മായുള്ള ഒരേഒരാള്‍ കുഞ്ഞാലി സാഹിബാണ്.
വേണ്ടാത്ത കാര്യത്തിന് വാ തുറക്കുന്ന കാര്യത്തിലും വേണ്ടാത്ത നേരത്ത് 'കതക്' തുറക്കുന്ന കാര്യത്തിലും കുഞ്ഞാലി മിടുക്കനാണെന്ന് റജീനയ്ക്കുപോലും അറിയാം. അതുപോട്ടെ. ഇന്നലെ തിരുവന്ത്വോരത്ത്, 'നിയമസഭയുടെ പ്രവര്‍ത്തനം എങ്ങനെ മെച്ചപ്പെടുത്താം' എന്ന അതിഗുരുതര വിഷയത്തില്‍ നടത്തിയ സെമിനാറില്‍ സാക്ഷാല്‍ ഇ. അഹമ്മദ് വാ തുറന്നപ്പോള്‍ പുറത്തുവന്ന സംഗതിയാണിവിടെ ചര്‍ച്ചാ വിഷയം! മുന്‍കാലങ്ങളെ അപേക്ഷിച്ച് പാര്‍ലമെന്റിന്റെയും നിയമസഭയുടെയും നിലവാരം കുറഞ്ഞുപോയെന്ന് അദ്ദേഹം ആ സെമിനാറില്‍ വച്ചാണ് കണ്ടുപിടിച്ചത്.
പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനൊപ്പം നിലവാരം 'പിടിച്ചുനിര്‍ത്തണം' എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയമസഭ സമ്മേളിക്കുന്ന ദിവസങ്ങള്‍ കൂട്ടണം എന്നാണ് ഇതിനു പരിഹാരമായി പലരും വഴികണ്ടുപിടിച്ചത്. നിയമങ്ങള്‍ നിര്‍മിക്കാന്‍ വേണ്ടത്ര നേരം കിട്ടുന്നില്ലെന്നതാണ് സെമിനാറിലെത്തിയ സാറന്മാര്‍ കണ്ടുപിടിച്ച പ്രധാന സംഗതി!
നിയമസഭയുടെ നിലവാരം 'പിടിച്ചുനിര്‍ത്താന്‍' നിലവാരമുള്ളവരെ നിയമസഭയിലേക്ക് തെരഞ്ഞെടുത്തയക്കുക എന്നൊരു പോംവഴി മാത്രമേ ഉള്ളൂവെന്ന കാര്യം മാത്രം സാറന്മാരാരും പറഞ്ഞില്ല!
ഹൈക്കമാന്റിലും നേതാക്കന്മാരുടെ അടുക്കളയിലും വരെ പിടിപാടുള്ള മരമണ്ടന്മാരെയും തരികിടകളെയും സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ് നിയമസഭയുടെ നിലവാരം തകര്‍ക്കുന്നതെന്നും ഒരു സാറന്മാരും പറഞ്ഞില്ല!
യഥാര്‍ത്ഥത്തില്‍ ഇന്നാട്ടിലെ ചരിത്രം, സാമൂഹ്യ സാഹചര്യം, സാമ്പത്തികരംഗം തുടങ്ങി കലയിലും സാഹിത്യത്തിലും വരെ അത്യാവശ്യ വിവരമുള്ളവരെ കണ്ടെത്തി തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ രാഷ്ട്രീയക്കാര്‍ തയ്യാറാവുമോ? എന്നതാണ് നമ്മുടെ ചോദ്യം! ഇന്നാട്ടില്‍ ഇത്തരത്തില്‍ പൊതുവായ വിഷയങ്ങളില്‍ ധാരണയും കാഴ്ചപ്പാടും ഉള്ള മനുഷ്യര്‍ ഇല്ലാതായി പോയിട്ടുണ്ടോ? ഇല്ലെന്നാണ് ഉത്തരം.
എന്നിട്ടെന്തേ കഴിവുള്ളവര്‍ നിയമസഭകളില്‍ എത്തുന്നില്ല എന്ന ചോദ്യത്തിനാണ് അഹമ്മദ് സാഹിബേ താങ്കളുള്‍പ്പെടെയുള്ള മഹാന്മാര്‍ ഉത്തരം കണ്ടെത്തേണ്ടത്. ഇന്നലെ, ഒറ്റയടിക്ക് പത്ത് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്‌ആര്‍ഒയിലെ മിടുക്കന്മാരായ ശാസ്ത്രജ്ഞരും സാങ്കേതിക പ്രവര്‍ത്തകരും ഇന്ത്യക്ക് ചരിത്രനേട്ടം കുറിച്ച ദിവസമായിരുന്നു.പാര്‍ലമെന്റില്‍ ടി.ആര്‍. ബാലു എന്ന മന്ത്രിസത്തമനെ മന്‍മോഹന്‍സിംഗ് എന്ന പ്രധാനമന്ത്രിസത്തമന്‍ സംരക്ഷിക്കുന്നുവെന്നും അഴിമതിക്കാരനായ ബാലുവിനെ പുറത്താക്കണമെന്നും പാര്‍ലമെന്റിനകത്ത് ചവിട്ടുനാടകം നടത്തിയതും ഇന്നലെത്തന്നെ! തത്സമയ സംപ്രേക്ഷണം കണ്ട് ആവേശം കേറി നാട്ടുകാര്‍ തമ്മില്‍ അടിവീഴേണ്ടല്ലോയെന്നു കരുതി സ്പീക്കര്‍ അന്നേരം, ഹാളിലെ ലൈറ്റും മൈക്കും ഓഫാക്കിവച്ചു!
പാര്‍ലമെന്റിന്റെ നിലവാരം ഉയര്‍ത്താന്‍, ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞന്മാരെക്കൊണ്ട് വലിയൊരു റോക്കറ്റുണ്ടാക്കി ഇവന്മാരെ ബഹിരാകാശത്തേക്കെങ്ങാന്‍ കയറ്റിവിടാന്‍ പറ്റുമോയെന്ന് പൗരന്മാര്‍ ആലോചിച്ചുപോയാല്‍ തെറ്റുണ്ടോ? തിരുവന്ത്വോരം നിയമസഭാ സെമിനാറില്‍ നൂറ്റിനാല്‍പ്പതില്‍ പതിനഞ്ച് എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുത്തത്! പങ്കെടുത്തവരെ സ്തുതിക്കുക!
0 comments :
Post a Comment