Wednesday, April 2, 2008

വായിക്കാത്ത പിള്ളേര്‍ വളരില്ല; വളയും!

ഇന്നത്തെ ദിവസം ലോകത്തെ കുട്ടികള്‍ക്കായുള്ള പുസ്തകങ്ങള്‍ക്ക്‌ ഡെഡിക്കേറ്റ്‌ ചെയ്തിരിക്കുന്നു - ലോക ബാലപുസ്തക ദിനം.

നമ്മുടെ ബാലന്മാരും ബാലികകളും പുസ്തകം വായിക്കുന്നുണ്ടെന്നത്‌ തീര്‍ച്ചയാണ്‌; പക്ഷെ അതൊക്കെയും പഠിച്ചാലും പഠിച്ചാലും തീരാത്ത അവരുടെ പാഠപുസ്തകങ്ങളത്രെ!

പോയ തലമുറ നമുക്ക്‌ കൈമാറിയ ഒരു ശീലമായിരുന്നു പുസ്തക വായന. ഇപ്പോള്‍ പഞ്ചതന്ത്ര കഥകളും ആയിരത്തൊന്നു രാവുകളുമൊക്കെ സീരിയലായും അല്ലാതെയും ചിത്രീകരിക്കപ്പെട്ടു മാത്രം കാണുവാനേ കൊച്ചു പിള്ളേര്‍ക്ക്‌ അവസരം കിട്ടാറുള്ളൂ.

കണ്ണില്‍കണ്ട പുസ്തകമൊക്കെ വായിച്ചു നടന്നാല്‍ പരീക്ഷയില്‍ തോറ്റുപോകുമെന്ന്‌ പുസ്തക പ്രേമികളായ കൊച്ചു പിള്ളേരെ ഭീഷണിപ്പെടുത്തുന്ന തന്തതള്ളമാരും കുറവല്ല. ജീവിത പരീക്ഷയില്‍ തങ്ങളുടെ മക്കള്‍ പാസ്മാര്‍ക്ക്‌ വാങ്ങണമെങ്കില്‍ അത്യാവശ്യം പുസ്തകങ്ങളൊക്കെ വായിച്ചിരിക്കണമെന്ന്‌ ഈ കാരണവന്മാരെ ആരു പറഞ്ഞു പഠിപ്പിക്കും!

പണ്ടൊക്കെ, പുസ്തകം വായിക്കാന്‍ പിള്ളേരെ പ്രേരിപ്പിച്ചിരുന്നത്‌ മാഷന്മാരായിരുന്നു. കാരണം മാഷന്മാര്‍ പുസ്തകം വായിച്ചിരുന്നു.

അക്കാലത്ത്‌ കഞ്ഞിവയ്പ്പും പറമ്പിലെ പണിയും തുണിയലക്കും കഴിഞ്ഞ്‌ പഠിപ്പിക്കാന്‍ എത്തിയിരുന്ന ടീച്ചര്‍മാര്‍ക്ക്‌ പുസ്തകം വായന കമ്മിയായിരുന്നുവെന്നു സ്കൂളില്‍ പോയവര്‍ക്കൊക്കെ അറിയാം. പ്രഷര്‍കുക്കറും അലക്കുമെഷീനും മറ്റൊരുപാട്‌ സംവിധാനങ്ങളും വന്ന ഇക്കാലത്തും ടീച്ചറമ്മമാര്‍ക്ക്‌ വായന കമ്മി!

വേറൊരു പ്രശ്നമുള്ളത്‌ നമ്മുടെ സര്‍ക്കാര്‍ സ്കൂളിലും അല്ലാത്ത സ്കൂളിലും മാഷന്മാരുടെ എണ്ണം കമ്മിയായെന്നുള്ളതാണ്‌. ഫലത്തില്‍ വന്ന ചതി എന്താണെന്നുവച്ചാല്‍ പുസ്തക വായന ശീലമില്ലാത്ത ടീച്ചറമ്മമാരും പെറ്റമ്മമാരും പുസ്തകം വായിക്കാത്ത മണ്ണുണ്ണികളാക്കി കൊച്ചു മക്കളെ 'ബുദ്ധിജീവികളാക്കി'ക്കൊണ്ടിരിക്കുന്നു എന്നതാണ്‌.

കല്യാണം കഴിക്കാനും മക്കളെ ഉത്പാദിപ്പിക്കാനും ടീച്ചറായി ജോലി കിട്ടാനും ഒക്കെയുള്ള അടിസ്ഥാന യോഗ്യതയില്‍ പുസ്തക വായന കൂടി ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പിള്ളേരുടെ ഭാവി ഭൂതം കൊണ്ടുപോകും.

ടിവി സീരിയലിലെപ്പോലെ കെട്ടിത്തൂങ്ങി മരണം അഭിനയിച്ച പത്തുവയസുകാരി ഇന്നലെ പത്തനംതിട്ടയില്‍ ജീവന്‍ വെടിഞ്ഞ വാര്‍ത്ത വായിച്ചില്ലേ?

കുട്ടികള്‍ക്ക്‌ ഭാവന ചെയ്യാന്‍ ഒന്നുമില്ലാതാവുന്നതിന്റെ കുഴപ്പമാണിത്‌. ഭാവനയുള്ള പിള്ളേര്‍ക്ക്‌ ഈ ദിനത്തില്‍ മാത്രമല്ല; മാസത്തിലൊരു പുസ്തകമെങ്കിലും വാങ്ങിക്കൊടുക്കുമോ കാരണവന്മാരേ?

0 comments :