Thursday, April 10, 2008

മുല്ലക്കര ഇങ്ങനെയായാല്‍ പച്ചക്കറി പിന്നെങ്ങനെ കിട്ടും

മുല്ലക്കര രത്നാകരന്‍ സൗമ്യനും മാന്യനുമായ മന്ത്രിയാണ്‌. സസ്യങ്ങളെപോലെ പാവം. അത്ര പെട്ടെന്നൊന്നും ക്ഷുഭിതനാകാത്ത, എപ്പോഴും പുഞ്ചിരിക്കുന്ന സുമുഖന്‍. കാര്‍ഷിക കടാശ്വാസകമ്മീഷനുമായി മാത്രമാണ്‌ മുല്ലക്കര പരസ്യമായി ഇടഞ്ഞത്‌. കര്‍ഷകരോട്‌ അദ്ദേഹത്തിനുള്ള പ്രതിബദ്ധത ഏറെ വ്യക്തമായത്‌ മീനമഴയില്‍ കുട്ടനാട്ടിലെ കര്‍ഷകര്‍ ദുരിതത്തിലായപ്പോഴാണ്‌. അന്ന്‌ ഹൈദരാബാദില്‍ സിപിഐയുടെ 19-ാ‍ം കോണ്‍ഗ്രസ്‌ നടക്കുകയായിരുന്നു. അതില്‍ പങ്കെടുക്കാതെ കുട്ടനാട്ടിലെ നെല്‍ക്കര്‍ഷകരുടെ ആധിയും ആശങ്കയുമകറ്റാന്‍ ആത്മാര്‍ത്ഥമായി, മഴ നനഞ്ഞ്‌ ശ്രമിക്കുകയായിരുന്നു.

ഈ ആത്മാര്‍ത്ഥത കേരളീയരോട്‌ മുഴുവനുമുണ്ടെന്നതിന്റെ തെളിവാണ്‌, വിഷുക്കാലത്ത്‌ പച്ചക്കറിയുടെ വില പിടിച്ചുകെട്ടാന്‍ സംസ്ഥാനത്തൊട്ടാകെ 200 'ലാഭ പച്ചക്കറി വിതരണ കേന്ദ്രങ്ങള്‍' തുടങ്ങാനുള്ള തീരുമാനം. ഇടനാട്ടിലും തീരപ്രദേശത്തും ഇങ്ങനെ കര്‍ഷകബന്ധുവായി അറിയപ്പെടുന്ന മുല്ലക്കര മലനാട്ടിലെത്തുമ്പോള്‍ കര്‍ഷക ശത്രുവായി പരിണമിക്കുന്നു. അതുകൊണ്ട്‌ ഈ വിഷുവിന്‌ കേരളീയര്‍ കഴിക്കേണ്ടിയിരുന്ന നല്ല പച്ചക്കറിവര്‍ഗമെല്ലാം തമിഴ്‌നാട്ടിലേക്ക്‌ പൊയ്ക്കൊണ്ടിരിക്കുകയാണ്‌.

ഇടുക്കി ജില്ലയിലെ വട്ടവട, കാന്തല്ലൂര്‍ പഞ്ചായത്തുകളിലാണ്‌ കേരളത്തില്‍ കാബേജ്‌, കാരറ്റ്‌, വെളുത്തുള്ളി, ബീന്‍സ്‌, ഉരുളക്കിഴങ്ങ്‌, ആപ്പിള്‍ തുടങ്ങിയവ ഏറ്റവുമധികം ഉല്‍പ്പാദിപ്പിക്കുന്നത്‌. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന പച്ചക്കറി വിഭവങ്ങളേക്കാള്‍ രുചികരവും പോഷകസമ്പന്നവുമാണ്‌ വട്ടവടയിലേയും കാന്തല്ലൂരിലേയും പച്ചക്കറി വിഭവങ്ങള്‍.

ഇതു തിരിച്ചറിഞ്ഞിട്ടാവണം ഒരു വര്‍ഷം മുന്‍പ്‌ മന്ത്രി നേരിട്ട്‌ ഈ പ്രദേശങ്ങളിലെത്തി "ഹരിതശ്രീ" എന്ന പദ്ധതി ഉദ്ഘാടനം ചെയ്തത്‌. പച്ചക്കറികളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുക എന്നതായിരുന്നു മുല്ലക്കരയുടെ "രാസവളം ചേര്‍ക്കാത്ത" ലക്ഷ്യം. ഇതിനായി ഒരു ഹെക്ടറില്‍ കുറയാതെ കൃഷിസ്ഥലമുള്ള 20 കര്‍ഷകരെ ഉള്‍പ്പെടുത്തി സംഘങ്ങള്‍ രൂപീകരിക്കുകയും ചെയ്തു. വിത്തും വളവും കൂടാതെ ഹെക്ടര്‍ ഒന്നിന്‌ 7500 രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചിരുന്നു. കൂടാതെ ശേഷിക്കുന്ന കൂലിച്ചെലവും മറ്റും പണമായി കൃഷിക്കാര്‍ക്ക്‌ നല്‍കുമെന്ന്‌ വാഗ്ദാനവും ചെയ്തു.

ഇതനുസരിച്ച്‌ 65 ഓളം സംഘങ്ങള്‍ വട്ടവടയില്‍ രൂപീകൃതമാകുകയും അവര്‍ സജീവമായി പച്ചക്കറി കൃഷിചെയ്ത്‌ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും ചെയ്തു.

ഇത്രയും ആയപ്പോഴാണ്‌ മുല്ലക്കര രത്നാകരന്‍ എന്ന കൃഷിമന്ത്രിയുടെയും അദ്ദേഹം നയിക്കുന്ന വകുപ്പിന്റെയും അദ്ദേഹം അംഗമായിട്ടുള്ള മന്ത്രിസഭയുടെയും തനിനിറം വട്ടവടയിലെ സാധു കര്‍ഷകര്‍ മനസിലാക്കിയത്‌. വാഗ്ദാനം ചെയ്ത ഒറ്റപൈസയോ ഒരുതരി വിത്തോ ഒരുപിടി വളമോ അവര്‍ക്ക്‌ നല്‍കിയില്ല.

എന്നിട്ടും കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറികള്‍ കേരളത്തില്‍ വിറ്റഴിക്കണമെന്നാണ്‌ മന്ത്രിയുള്‍പ്പെടെയുള്ള വിദഗ്ധരുടെയും നമ്മള്‍ എല്ലാം അടങ്ങുന്ന പച്ചക്കറിത്തീറ്റക്കാരുടെയും ആവശ്യം. അതിന്‌ മനസില്ല എന്നാണ്‌ വട്ടവടയിലെ കര്‍ഷകര്‍ ഒരേ സ്വരത്തില്‍ ഇപ്പോള്‍ പറയുന്നത്‌.

ഇവരുടെ ഈ പ്രതിഷേധ സ്വരത്തിന്‌ കരുത്തേകുന്നത്‌ തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറി ഏജന്റുമാരാണ്‌. കര്‍ഷകരുടെ സാമ്പത്തിക ബുദ്ധിമുട്ട്‌ മനസിലാക്കി വിളവെടുപ്പിനു മുന്‍പുതന്നെ പണം വാരിക്കോരി ചെലവാക്കി അവരുടെ അധ്വാനം മുഴുവന്‍ ഏജന്റുമാര്‍ തമിഴ്‌നാട്ടിലേക്ക്‌ കടത്തിക്കൊണ്ടിരിക്കുകയാണ്‌.

അന്ന്‌ കര്‍ഷകശ്രീ പദ്ധതി ഉദ്ഘാടനം ചെയ്തപ്പോള്‍ മുല്ലക്കര മറ്റൊരു സുന്ദരവാഗ്ദാനവും വട്ടവടയിലെ കര്‍ഷകര്‍ക്ക്‌ നല്‍കിയിരുന്നു. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളും സംഭരിക്കാന്‍ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ കോള്‍ഡ്‌ സ്റ്റോറേജ്‌ സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്നായിരുന്നു അത്‌. ഈ വാഗ്ദാനവും ഏട്ടിലെ പശുവായി വട്ടവടയിലെ കര്‍ഷകരെ നോക്കി പല്ലിളിക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ മധുര, മേട്ടുപ്പാളയം, ഊട്ടി തുടങ്ങിയ സ്ഥലങ്ങളില്‍ ടണ്‍ കണക്കിന്‌ പച്ചക്കറിയും പഴവര്‍ഗങ്ങളും സംഭരിക്കാന്‍ കഴിയുന്ന വന്‍കിട കോള്‍ഡ്സ്റ്റോറേജുകള്‍ കര്‍ഷകരെ മാടിവിളിക്കുകയാണ്‌.

ഇവിടെയാണ്‌ വലിയൊരു വഞ്ചനയുടെ വേരോട്ടം നാം കാണേണ്ടത്‌. ഈ വേരോട്ടത്തിന്‌ വിളഭൂമിയൊരുക്കിയത്‌ മുല്ലക്കര രത്നാകരനും അദ്ദേഹം ഉള്‍പ്പെടുന്ന ഇടതുപക്ഷ സര്‍ക്കാരും.

കേരളത്തിലെ പഴം, പച്ചക്കറി, പലവ്യഞ്ജന വിപണിയിലേക്ക്‌ കുത്തകകള്‍ കടന്നുവരുന്നതിനെ പിടഞ്ഞെതിര്‍ക്കുന്നവരാണ്‌ ഇടതുമുന്നണിയിലെ കക്ഷികള്‍. ഇക്കാര്യത്തില്‍ മുല്ലക്കരയുടെ സിപിഐക്കും അവരുടെ യുവജന സംഘടനകള്‍ക്കുമാണ്‌ അല്‍പം കൂടുതല്‍ ആവേശം. ഇടനാട്ടിലും തീരപ്രദേശത്തും ഈ വിപ്ലവ വായാടികള്‍ റിലയന്‍സിന്റെയും ഫാബ്മാളിന്റെയും വിപണനകേന്ദ്രങ്ങള്‍ അടിച്ചു തകര്‍ക്കുമ്പോള്‍ മലനാട്ടില്‍, ബിനാമികളുടെ പിന്‍ബലത്തില്‍ കര്‍ഷകരുടെ അധ്വാനം മുഴുവന്‍ ചൂഷണം ചെയ്തെടുക്കുകയാണ്‌ ഈ കുത്തകകള്‍.

ഇത്തവണ കേരളീയര്‍, വിഷുവിന്‌ കഴിക്കേണ്ട പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം അങ്ങനെ മൊത്തമായി തമിഴ്‌നാട്ടിലെ സംഭരണശാലകളിലേക്ക്‌ എത്തിക്കൊണ്ടിരിക്കുകയാണ്‌. ഈ പച്ചക്കറി പിന്നീട്‌ റിലയന്‍സ്‌ അടക്കമുള്ളവര്‍ മലയാളികള്‍ക്ക്‌ മറിച്ചുവില്‍ക്കുകയും ചെയ്യും.

സര്‍ക്കാര്‍ തന്നെ ഇടനിലക്കാര്‍ക്കും കുത്തകകള്‍ക്കും മലനാട്ടിലെ അധ്വാനിക്കുന്ന കര്‍ഷകരെ ചൂഷണം ചെയ്യാന്‍ എങ്ങനെയെല്ലാമാണ്‌ സാഹചര്യങ്ങള്‍ ഒരുക്കുന്നതെന്നും എന്തെല്ലാം പദ്ധതികളാണ്‌ ആവിഷ്ക്കരിക്കുന്നതെന്നും ഇപ്പോള്‍ വട്ടവടയിലും കാന്തല്ലൂരിലും ചെന്നാല്‍, ഏതു പൊട്ടക്കണ്ണനും, വിശദീകരണം കൂടാതെ മനസിലാക്കാന്‍ കഴിയും.

മുല്ലക്കര രത്നാകരനും കൂട്ടരും ഇങ്ങനെയായാല്‍ പിന്നെങ്ങനെ മലയാളിക്ക്‌ പച്ചക്കറികളും പഴവര്‍ഗങ്ങളും, അത്യാവശ്യസമയത്ത്‌, അധികവില നല്‍കാതെ ലഭിക്കും?

ചിരിച്ചതുകൊണ്ടുമാത്രം പച്ചക്കറി വിളയുകയില്ലായെന്ന്‌ മുല്ലക്കര ഓര്‍ത്തിരുന്നാല്‍...

0 comments :