Thursday, April 17, 2008

കള്ളന്മാരുടെയൊരു കാലം!

കായംകുളം കൊച്ചുണ്ണിയും മീശമാധവനും ഉള്‍പ്പടെ വല്യസ്നേഹത്തോടെ മനസില്‍ കൊണ്ടുനടക്കുന്ന 'കള്ളന്മാര്‍' ഒരുപാടുണ്ട്‌ കൊച്ചുകേരളത്തില്‍.

കള്ളന്മാരോടുള്ള ഒരിഷ്ടം അങ്ങനെ വളര്‍ന്നുവളര്‍ന്നാണ്‌ പെരുങ്കള്ളന്മാരെ വരെ മന്ത്രിയും തന്ത്രിയുമൊക്കെയായി ചുമന്നുനടക്കാനുള്ള മാനസികാവസ്ഥയിലേക്ക്‌ മലയാളി ചെന്നെത്തിയത്‌!

'സ്റ്റോക്‍ഹോം സിന്‍ഡ്രോം' എന്നു പേരുള്ള ഒരു രോഗത്തെപ്പറ്റി കേട്ടിട്ടുണ്ടോ? സ്വീഡന്റെ തലസ്ഥാനമാണ്‌ സ്റ്റോക്‍ഹോം. അവിടെയൊരു പ്രമാണിയെ കുറെ കള്ളന്മാര്‍ ചേര്‍ന്ന്‌ തട്ടിക്കൊണ്ടുപോയി. അധികാരികളോട്‌ 'മോചനദ്രവ്യം' ആവശ്യപ്പെട്ടു. കുറച്ചുനാള്‍ പ്രമാണി കള്ളന്മാര്‍ക്കൊപ്പം കഞ്ഞിവച്ചു കുടിച്ചു താമസിച്ചശേഷമാണ്‌ അധികൃതര്‍ക്ക്‌ അങ്ങോരെ രക്ഷപ്പെടുത്താന്‍ പറ്റിയത്‌.

അന്നേരമാണ്‌ ആധുനിക മനഃശാസ്ത്രം പ്രമാണിക്ക്‌ ഒരു പുതിയ രോഗം പിടിപെട്ടതായി കണ്ടുപിടിച്ചത്‌. രോഗം വളരെ സിംപിളാണ്‌. പ്രമാണിക്ക്‌ തന്നെ രക്ഷപ്പെടുത്താന്‍ കഷ്ടപ്പെട്ട അധികൃതരേക്കാള്‍ സ്നേഹം തന്നെ തട്ടിക്കൊണ്ടുപോയ കള്ളന്മാരോടായിരുന്നു എന്നതായിരുന്നു ആ രോഗം!

മലയാളി ഇപ്പോള്‍ സ്റ്റോക്‍ഹോം സിന്‍ഡ്രോം പിടിപെട്ട പ്രമാണിയെപ്പോലെയാണ്‌. കൊച്ചുപിച്ചാത്തിയും കളിത്തോക്കുമായി വീടുകൊള്ളയടിക്കാന്‍ വരുന്ന കള്ളന്മാരുടെ പക്ഷത്താണ്‌. വീടിനകത്തൊരു കള്ളന്‍ കടന്നുവരുമ്പോള്‍ അടുക്കളയിലെ വാക്കത്തിയോ, അടുത്തു കിടക്കുന്ന കസേരയോ അയാള്‍ക്കുനേരെ ഉയര്‍ത്താന്‍പോലും മനസനുവദിക്കില്ല മലയാളിക്കിപ്പോള്‍!

കള്ളന്‍ ചോദിക്കുന്നതൊക്കെ ഊരിക്കൊടുത്ത്‌ പറ്റിയാല്‍ ചായയും തിളപ്പിച്ചുകൊടുത്താണ്‌ വീട്ടമ്മമാര്‍ കള്ളന്മാരെ പറഞ്ഞയക്കുന്നത്‌.

ഒരു പവന്‍ സ്വര്‍ണം മോഷ്ടിച്ചാല്‍ രൂപ പതിനായിരമാണ്‌ കയ്യില്‍ വരുന്നത്‌. തൊഴിലില്ലായ്മയും വിലക്കയറ്റവും നേരിടാന്‍ ഇതിലുമെളുപ്പം എന്തുണ്ടുവഴിയെന്നു തോന്നിപ്പോകുന്ന തരികിടാവസ്ഥയിലാണ്‌ ചെറുപ്പക്കാര്‍.

പോരാത്തതിന്‌ മലയാളികളിങ്ങനെ കൂട്ടത്തോടെ 'സഹകരണ' സ്വഭാവികളായി മാറുകയും ചെയ്തതോടെ കള്ളന്മാര്‍ക്കിപ്പോള്‍ നല്ല കാലമാണ്‌!

കള്ളനെ പിടിക്കാനാണ്‌ പോലീസ്‌ എന്നായിരുന്നു പണ്ടുകാലം മുതലേ നമ്മുടെയൊക്കെ വിചാരം. ഇപ്പോള്‍ കള്ളന്മാര്‍ക്ക്‌ ചൂട്ടുപിടിക്കലാണ്‌ പോലീസുകാരുടെ പണിയെന്നായിരിക്കുന്നു. മന്ത്രിമാര്‍ക്കും ബാക്കി ചില പ്രമാണിമാര്‍ക്കും അകമ്പടി പോകാനും ഉത്സവപറമ്പില്‍ ഗാനമേളക്കിടെ റിയാലിറ്റി ഷോ നടത്തുന്ന ചുള്ളന്മാരെ പൊക്കാനും, റോഡുവക്കില്‍ കാത്തുനിന്ന്‌ ഹെല്‍മെറ്റില്ലാ തലയന്മാരില്‍നിന്നും നൂറുരൂപ പിടുങ്ങാനും തുടങ്ങി കള്ളനെ പിടുത്തമൊഴിച്ചുള്ള പണികള്‍ക്കുപോലും കേരളത്തില്‍ ആവശ്യത്തിനു പോലീസില്ല.

കള്ളന്മാരുടെയൊരു കാലം!

0 comments :