Friday, April 4, 2008

എച്ച്പിസിയുടെ തീവെട്ടിക്കൊള്ളയും ചെറുകിട പത്രങ്ങളുടെ നാവടക്കിക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢോദ്ദേശ്യവും

മാധ്യമങ്ങള്‍ക്ക്‌ നിര്‍ഭയമായും ക്രിയാത്മകമായും പ്രവൃത്തിക്കാന്‍ കഴിയുന്ന ഒരു സമൂഹത്തില്‍ മാത്രമെ ആശാസ്യവും ആരോഗ്യകരവുമായ രീതിയില്‍ ജനാധിപത്യം പരിപോഷിപ്പിക്കപ്പെടുകയുള്ളൂ. ജനാധിപത്യത്തിന്റെ മറ്റ്‌ മൂന്ന്‌ ഘടകങ്ങളും എപ്പോള്‍ വേണമെങ്കിലും ഒന്നിച്ച്‌ അമിതാധികാരത്തിന്റെ വക്താക്കളായി ഏകാധിപത്യം അടിച്ചേല്‍പ്പിക്കാതിരിക്കണമെങ്കില്‍ സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമ പ്രവര്‍ത്തനം അനിവാര്യമാണ്‌. അതുകൊണ്ടാണ്‌ മുമ്പേപോയ വിവേകശാലികള്‍ സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തന സംവിധാനങ്ങള്‍ക്കുവേണ്ടി വാദിച്ചിരുന്നത്‌. നെപ്പോളിയനെപ്പോലെയുള്ള ഏകാധിപതികള്‍ പോലും മാധ്യമങ്ങളുടെ കരുത്തിനെയും സമൂഹത്തില്‍ അവ നിര്‍വ്വഹിക്കുന്ന ശുദ്ധീകരണ ശ്രമങ്ങളെയും ഭയത്തോടെ ആണെങ്കിലും അംഗീകരിച്ചിട്ടുണ്ട്‌.

എന്നാല്‍ ആഗോളീകരണകാലത്തെ ജനാധിപത്യ ഭരണകൂടങ്ങളാകട്ടെ മാധ്യമങ്ങളെ ചൊല്‍പ്പടിക്ക്‌ നിര്‍ത്തി തങ്ങളുടെ നികൃഷ്ടമായ ഇംഗിതങ്ങള്‍ പൊതുജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അതീവ കണിശതയാര്‍ന്ന കൗശലങ്ങളാണ്‌ പ്രയോഗിക്കുന്നത്‌. ന്യൂസ്പ്രിന്റ്‌ മുതല്‍ പരസ്യം വരെയുള്ള ഘടകങ്ങളെ കരുവാക്കിയാണ്‌ നിയന്ത്രണത്തിന്റെ കാണാച്ചരടുകള്‍ പലപ്പോഴും ഈ ഭരണകൂടങ്ങള്‍ മുറുക്കുന്നത്‌.

അത്തരം ഒരു കുടില തന്ത്രമാണ്‌ ഇപ്പോള്‍ ചെറുകിട പത്രങ്ങളുടെമേല്‍ സര്‍ക്കാരും തല്‍പ്പര കക്ഷികളും അടിച്ചേല്‍പ്പിച്ചിരിക്കുന്നത്‌. ന്യൂസ്‌ പ്രിന്റിന്റെ വില ടണ്ണിന്‌ 10,000 രൂപയോളം വര്‍ദ്ധിപ്പിച്ച്‌ ചെറുകിട മാധ്യമങ്ങളെ ശ്വാസംമുട്ടിച്ച്‌ കൊല്ലാനാണ്‌ ശ്രമം. അമേരിക്കന്‍ ഡോളറിനുണ്ടായ മൂല്യതകര്‍ച്ചയെ നേരിടാന്‍ അവിടത്തെ ഭരണകൂടങ്ങള്‍ നടപ്പിലാക്കിയ കറക്ടീവ്‌ മെഷേഴ്സിന്റെ മറവിലാണ്‌ ഇന്ത്യയിലെ ജനാധിപത്യ ഭരണകൂടം, മന്മോഹന്‍സിംഗും സോണിയയും നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാരും അവരെ പിന്തുണയ്ക്കുന്ന ചില കുത്തക മാധ്യമ സംഘങ്ങളും ചേര്‍ന്ന്‌ ചെറുകിട പത്രങ്ങളുടെ വായടപ്പിക്കാന്‍ ശ്രമിക്കുന്നത്‌.

യഥാര്‍ത്ഥത്തില്‍ ഡോളറിനുണ്ടായ മൂല്യത്തകര്‍ച്ച കാനഡയില്‍ നിന്നും മറ്റും പേപ്പര്‍ പള്‍പ്പ്‌ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിലെ എച്ച്പിസി പോലുള്ള പൊതുമേഖലാ സംരംഭങ്ങള്‍ക്ക്‌ ഏറെ അനുഗ്രഹമായിട്ടുകൂടി തീവെട്ടിക്കൊള്ള നടത്തി ലാഭം കോടികളാക്കാനും ഒപ്പം സ്വതന്ത്രവും നിഷ്പക്ഷവും നിര്‍ഭയവും വിമര്‍ശനാത്മകവുമായ നിലപാടെടുക്കുന്ന ചെറുകിട മാധ്യമങ്ങളെ നശിപ്പിക്കാനും ശ്രമിക്കുന്നത്‌. ഇന്ത്യയിലെ വര്‍ത്തമാനകാല സാഹചര്യത്തില്‍ ന്യൂസ്‌ പ്രിന്റിന്റെ വില വര്‍ദ്ധിപ്പിക്കേണ്ട സമ്മര്‍ദ്ദങ്ങളൊന്നുംതന്നെയില്ല. എന്നിട്ടും എച്ച്പിസി അതിന്‌ മുതിര്‍ന്നിട്ടുണ്ടെങ്കില്‍ അതിനു പിന്നിലെ ഗൂഢ ലക്ഷ്യം നിര്‍ഭയവും സ്വതന്ത്രവുമായ മാധ്യമപ്രവര്‍ത്തനം ഇവിടെ അനുവദിക്കുകയില്ല എന്ന നീച രാഷ്ട്രീയ ലക്ഷ്യം അടിച്ചേല്‍പ്പിക്കാന്‍ വേണ്ടി മാത്രമാണെന്ന കാര്യത്തില്‍ സംശയമില്ല.

സര്‍ക്കാരില്‍ നിന്ന്‌ സബ്സിഡി സ്വീകരിച്ച്‌ പേപ്പര്‍ പള്‍പ്പ്‌ ഇറക്കുമതി ചെയ്ത്‌ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്‌ ന്യൂസ്പ്രിന്റാക്കി നല്‍കുന്ന എച്ച്പിസി ഇപ്പോള്‍ എടുത്തിട്ടുള്ള തീരുമാനം യഥാര്‍ത്ഥത്തില്‍ ചെറുകിട മാധ്യമങ്ങളെ നിഹനിക്കുന്നതിലുപരി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന, ആ മൂല്യങ്ങള്‍ പുഷ്കലമാകണമെന്ന്‌ ആഗ്രഹിക്കുന്ന വായനക്കാരുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമായിട്ടുവേണം വിലയിരുത്തേണ്ടത്‌. വന്‍കിട കുത്തക മാധ്യമങ്ങള്‍ക്ക്‌ ഈ വിലവര്‍ദ്ധന ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കുകയില്ല. എന്നുമാത്രമല്ല, അവര്‍ക്ക്‌ പേപ്പര്‍ പള്‍പ്പ്‌ ഇറക്കുമതി ചെയ്ത്‌ സ്വന്തമായി ന്യൂസ്പ്രിന്റുണ്ടാക്കാനും എച്ച്പിസി നിര്‍മിക്കുന്ന ന്യൂസ്പ്രിന്റ്‌ വാങ്ങിക്കൂട്ടാനുള്ള സാമ്പത്തിക ശക്തിയും സ്വാതന്ത്ര്യവും സ്രോതസുകളുമുണ്ട്‌. അപ്പോള്‍ ഈ കുത്തകകളുമായി ചേര്‍ന്ന്‌ ചെറുകിട പത്രങ്ങളുടെ നാവറുക്കാനുള്ള ഗൂഡരാഷ്ട്രീയ അജണ്ടയായിട്ടു വേണം വിലവര്‍ദ്ധനയെ കാണേണ്ടത്‌.

ഇപ്പോഴത്തെ നിരക്കില്‍ ന്യൂസ്‌ പ്രിന്റ്‌ വാങ്ങി പത്രങ്ങള്‍ അച്ചടിക്കണമെങ്കില്‍ പരസ്യ നിരക്ക്‌ കൂട്ടാതെയും പ്രസിദ്ധീകരണങ്ങളുടെ വില വര്‍ദ്ധിപ്പിക്കാതെയും സര്‍ക്കുലേഷന്‍ കൂട്ടാതെയും കഴിയുകയില്ല. ഈ ശ്രമങ്ങളാകട്ടെ ആത്യന്തികതയില്‍ തിരിച്ചടിയാകുകയും ചെയ്യും. ഇലക്ട്രോണിക്‌ മാധ്യമങ്ങളുടെ പെരുവെള്ളപ്പാച്ചിലില്‍ പിടിച്ചു നില്‍ക്കാന്‍ ഇപ്പോള്‍തന്നെ ബുദ്ധിമുട്ടുകയാണ്‌ ചെറുകിട മാധ്യമങ്ങള്‍. പരസ്യരംഗം ഇലക്ട്രാണിക്‌ മീഡിയ കീഴടക്കിക്കഴിഞ്ഞു. അപ്പോള്‍ പരസ്യനിരക്ക്‌ വര്‍ദ്ധിപ്പിക്കുക ചെറുകിട മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കും. സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കുക എന്നാല്‍ ചെലവുകൂടുക എന്നാണര്‍ത്ഥം. വില വര്‍ദ്ധിപ്പിച്ചാല്‍ വായനക്കാരും കുറയും. ഇത്തരത്തില്‍ ശ്വാസം വിടാന്‍പോലും ആകാത്ത സാഹചര്യം സൃഷ്ടിച്ച്‌ ചെറുകിട മാധ്യമങ്ങളെ കൊന്നൊടുക്കാനുള്ള സര്‍ക്കാരിന്റെ ഈ നീക്കത്തെ രാഷ്ട്രീയ പാര്‍ട്ടികളും ജനാധിപത്യ ബോധമുള്ള പൊതുജനങ്ങളും ഒന്നിച്ചെതിര്‍ത്ത്‌ തോല്‍പ്പിച്ചേ മതിയാകൂ. സ്വതന്ത്രമായ മാധ്യമങ്ങള്‍ഉണ്ടെങ്കില്‍ മാത്രമേ അഴിമതി രഹിതവും അധികാര ഗര്‍വുമില്ലാത്ത ഭരണകൂടങ്ങള്‍ ഉണ്ടാവുകയുള്ളൂ; സാധാരണക്കാര്‍ക്ക്‌ അവരുടെ അവകാശങ്ങള്‍ നേടിയെടുത്ത്‌ മാന്യമായി, മനുഷ്യരായി ജീവിക്കാന്‍ കഴിയുകയുള്ളൂ. ശ്രദ്ധിക്കുക ന്യൂസ്‌ പ്രിന്റിന്റെ വില മാത്രമേ വര്‍ദ്ധിപ്പിച്ചിട്ടുള്ളൂ. പുസ്തകള്‍ അച്ചടിക്കുന്ന വൈറ്റ്‌ പ്രിന്റിന്റേയോ കലണ്ടറുകള്‍ നിര്‍മിക്കുന്ന മാപ്പ്ലിത്തോ പേപ്പറിന്റെയോ വില വര്‍ദ്ധിപ്പിച്ചിട്ടില്ല. അപ്പോള്‍ ഊഹിക്കുക, എന്താണ്‌ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന്‌!

0 comments :