Tuesday, April 1, 2008

ചാക്കാല ചൊല്ലിയ നായകര്‍ക്ക്‌ കാപ്പിയും കാശും കൊടുത്തോടീ?

'ചാക്കാല ചൊല്ലുവാന്‍ വന്നവന്‌
കാപ്പിയും കാശും കൊടുത്തോടീ....'യെന്ന്‌ നമ്മുടെ പ്രിയകവി കടമ്മനിട്ട പാടിയിട്ടുണ്ട്‌.

കടമ്മനിട്ടയുടെ വേര്‍പാടിനെ തുടര്‍ന്ന്‌ ഇന്നലെ രാവിലെ മുതല്‍ പത്ര-ടെലിവിഷന്‍ ചാനലുകള്‍ക്കുമുന്നില്‍ കള്ളക്കണ്ണീരൊഴുക്കിയ അനുശോചന നായകരുടെ തത്രപ്പാടുകള്‍ കണ്ടപ്പോള്‍ പ്രസിദ്ധമായ 'ചാക്കാല'യിലെ ഈ വരി ഓര്‍ത്തുപോയി.

ജീവിച്ചിരിക്കുന്ന കാലത്ത്‌ ഒരു മനുഷ്യനെകുറിച്ചുപോലും നല്ലവാക്ക്‌ പറയാതിരിക്കാന്‍ അതീവ ശ്രദ്ധാലുക്കളാണ്‌ ഈ അനുശോചന നായകര്‍. ചത്തുപോയത്‌ ആനയാണെന്നറിയാതെ 'പരേതനും' തന്റെ ഭാര്യയുമായുള്ള ബാല്യകാല സാഹോദര്യത്തെക്കുറിച്ചു അനുശോചന പ്രസംഗം നടത്തുന്ന പഞ്ചായത്ത്‌ പ്രസിഡന്റിനെ പണ്ട്‌ ബോബനും മോളിയിലും ടോംസ്‌ പരിഹസിച്ചതോര്‍ക്കുക!

പണ്ടെങ്ങോ കവിതയെഴുത്തും കഥയെഴുത്തും നടത്തിയവര്‍, സീരിയല്‍ നടന്മാര്‍ മുതല്‍ നാട്ടുകാരുടെ കഷ്ടകാലത്തിന്‌ തെരഞ്ഞെടുപ്പു ജയിച്ച്‌ മന്ത്രിയായ വിദ്വാന്മാര്‍ വരെ കടമ്മനിട്ടക്കവിതയിലെ കിരാത താളത്തെക്കുറിച്ചും വിപ്ലവാവേശത്തെക്കുറിച്ചും വെച്ചടിക്കുന്നതു കാണുമ്പോള്‍ 'നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്‌' എന്ന കടമ്മനിട്ടയുടെ ചോദ്യം തന്നെയാണ്‌ തിരികെ ഉയരുന്നത്‌.

വസന്തത്തിന്റെ ഇടിമുഴക്കമെന്ന്‌ ചരിത്രം പേര്‍ചൊല്ലിവിളിച്ച ഒരു കാലത്തില്‍നിന്ന്‌ ഊര്‍ജ്ജമുള്‍ക്കൊണ്ട്‌, അടിയന്തരാവസ്ഥയുടെ കിരാത നാളുകള്‍ക്കെതിരെ ജീവന്‍വച്ചു കവിതചൊല്ലിയ ഒരു മനുഷ്യനെക്കുറിച്ച്‌ എയര്‍ കണ്ടീഷന്‍ഡ്‌ ന്യൂസ്‌ റൂമിലിരുന്ന്‌ സ്വസ്ഥമാനസന്മാര്‍ കലപില കൂടുന്നതു കാണാന്‍ നല്ല രസം.

കവിതയുണ്ടാക്കുന്ന കലാപത്തെക്കുറിച്ച്‌ പറയാന്‍വേണ്ട നട്ടെല്ലുള്ള എത്ര കവികളിനി ബാക്കിയുണ്ടിവിടെ? അത്തരം ജാനസില്‍പെട്ട ആരുടെയെങ്കിലും പ്രതികരണം ഒരു വാര്‍ത്തയിലും നമ്മള്‍ കണ്ടില്ല!

നിസ്വരായ മനുഷ്യര്‍ക്കു മുന്നില്‍ ഭാവി കരുവാളിച്ചു കിടക്കുന്ന വാര്‍ത്തമാനകാലത്ത്‌ വാചകമേളക്കാരായ ഇത്തരം സെലിബ്രിറ്റികളെ ഒഴിവാക്കി, കടമ്മനിട്ടയെ കുറിച്ചു ജീവനുള്ള രണ്ടു വാക്കുപറയാന്‍ പറ്റിയ മലയാളി ആസ്വാദകരെ കണ്ടുകിട്ടില്ലെന്നുണ്ടോ മാധ്യമ പ്രവര്‍ത്തകരേ?

0 comments :