തിരി കെടും നേരം തിരിഞ്ഞു നോക്കുമോ?
കാണാന്‍ പാടില്ലാത്ത കാഴ്ചകളും കണ്ടാലറക്കുന്ന കാഴ്ചകളും കൊണ്ട് ഭൂമി നിറയുന്നതു കണ്ടാണ് വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം... എന്നു കവി പാടിയത്. അല്ലാതെ കരണ്ടുബില്‍ കണ്ട് വിരണ്ടുപോയിട്ടല്ല!
ചരിത്രത്തിലെ കറുത്ത പാടായി ടിബറ്റന്‍ ജനതയുടെ സങ്കടങ്ങള്‍ പടരുമ്പോള്‍ ആഘോഷങ്ങളുടെ ആഘോഷമായ ഒളിമ്പിക്സിന്റെ ശോഭ ഇക്കുറി വല്ലാതെ മങ്ങിപ്പോവുകയാണ്. ഒളിമ്പിക് ദീപം പ്രസരിപ്പിക്കുന്ന വെളിച്ചം ദുഃഖമാകുന്നതും ആ ദീപം കരിന്തിരി കത്തുന്നതും ചൈന എന്ന മഹാരാജ്യം ഒരു ജനതയോടു ചെയ്യുന്ന കൊലച്ചതികളാണ്.
ചരിത്രത്തിലെ ഏറ്റവും വലിയ ദീപശിഖാ പ്രയാണത്തിന് പദ്ധതി തയ്യാറാക്കിയ ചൈനയുടെ അഹങ്കാര ഗോപുരം പഴയ നിയമത്തിലെ ബാബേല്‍ ഗോപുരം പോലെ നിലംപൊത്തുമെന്നുതന്നെയാണ് കരുതപ്പെടുന്നത്.
ഏതന്‍സില്‍ തിരി തെളിഞ്ഞപ്പോള്‍ തുടങ്ങിയ കല്ലുകടികള്‍ പാരീസില്‍ രണ്ടുവട്ടം തിരി കെടുംവരെയും ഇപ്പോള്‍ പ്രയാണം നിര്‍ത്തിവയ്ക്കുന്നിടത്തോളവും വളര്‍ന്നുവരികയാണ്.
കൊടുത്താല്‍ കൊല്ലത്തും പാരീസിലും കിട്ടുമെന്ന് ചൈനയും പഠിക്കണം. 'അടയാളങ്ങള്‍' മലയാളത്തിലെ ഒരവാര്‍ഡു പടത്തിന്റെ പേരുമാത്രമല്ല. അടയാളങ്ങള്‍ എക്കാലത്തും ചരിത്രത്തിന്റെ ചുവരുകളില്‍ രേഖപ്പെടുത്തപ്പെടാറുണ്ട്. അടയാളങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാണ് വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും ഇഷ്ടം.
അടയാളങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും 'പണികിട്ടും' എന്നതാണ് ചരിത്രം നല്‍കുന്ന ഗുണപാഠം.
ചൈന ടിബറ്റിനോടു ചെയ്യുന്നത് അമേരിക്ക ഒരുപാടു രാജ്യങ്ങളോടു ചെയ്യുന്ന ചതി തന്നെയാണ്.
ലോകത്തെ വേരുപറിച്ചെറിയപ്പെടുന്ന മനുഷ്യരുടെ സങ്കടക്കടലുകള്‍ വെളിച്ചത്തിന്റെ എല്ലാ തുരുത്തുകളിലേക്കും ഇരച്ചു കയറുമെന്നും, ആ മഹാ അന്ധകാരത്തില്‍ ജിയാംഗിനും കൂട്ടര്‍ക്കും, ജോര്‍ജ് ബുഷിനും കൂട്ടര്‍ക്കും ഒന്നും ചെയ്യാനുണ്ടാവില്ലെന്നുമാണ് ഒളിമ്പിക് ദീപശിഖാ പ്രയാണത്തിന്റെ വഴിതെറ്റലുകള്‍ രേഖപ്പെടുത്തുന്ന 'അടയാളങ്ങള്‍'.
ഹിലാരി ബുഷിനോടുപദേശിച്ചതാണ് വിചിത്രം. ഒളിമ്പിക് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനാണ് ആ മഹതിയുടെ ഉപദേശം!
അവനവന്റെ കണ്ണിലെ തടിയെടുത്തു കളയാന്‍ തയ്യാറാവാത്തവര്‍ ആരാന്റെ കണ്ണിലെ കരടുനീക്കാന്‍ നടക്കുന്നതിലെ തമാശ!
ലോകം ഒരു ഗ്രാമമായി തീരുമ്പോള്‍ സകല ധിക്കാരികള്‍ക്കും ഇങ്ങനെ ചില പാരകള്‍ കിട്ടും!
0 comments :
Post a Comment