നാട്ടുകാരിങ്ങനെ ഉടക്കി നിന്നാലെന്തു ചെയ്യും!
സംഖ്യാശാസ്ത്രമനുസരിച്ച് പേരുകള്‍ ശരിപ്പെടുത്തുന്ന കാലമാണിത്.
ഒരക്ഷരം കൂട്ടിയും രണ്ടക്ഷരം കുറച്ചും പേരിനൊപ്പം ചേര്‍ത്ത തന്തയുടെ പേരിന്റെ വാല്‍ മുറിച്ചും എങ്ങനെയെങ്കിലും 'രക്ഷ'പ്പെടാന്‍ വേണ്ടിയുള്ള ഇത്തരം പങ്കപ്പാടുകള്‍ നമ്മുടെ കൊച്ചുകേരളത്തില്‍ കൂടിക്കൂടി വരികയാണ്.
ജനകീയാസൂത്രണ പ്രസ്ഥാനം എന്ന ഇഎംഎസിന്റെ സ്വപ്നത്തെ ശാസ്ത്രസാഹിത്യ പരിഷത്തുകാരും തോമസ് ഐസക്കും പിള്ളേരും ചേര്‍ന്ന് നടപ്പിലാക്കിയത് നായനാര്‍ ഭരണകാലത്തായിരുന്നു.
ഗുണവും ദോഷവും ഉള്ളതെങ്കിലും നവീനമായ ഒരു വികസന കാഴ്ചപ്പാടിന്റെ പരീക്ഷണകാലമായിരുന്നു അത്.
സൂത്രക്കാര്‍ ചിലര്‍ ആ പ്രസ്ഥാനത്തെയും സൂത്രത്തില്‍ അവരവരുടെ കാര്യം കാണാനുള്ള വഴിയാക്കി. കുറേയേറെ കാശ് കട്ടു. എന്നാലും ആര്‍ക്കും നൂറുശതമാനം തള്ളിക്കളയാനാവില്ലായിരുന്നു ആ പ്രസ്ഥാനത്തെ.
അങ്ങനെ യുഡിഎഫ് ഭരണകാലം വന്നു. ഇഎംഎസിട്ട പേര് തങ്ങള്‍ ചുമക്കുന്നതെന്തിന് എന്ന ക്ഷുദ്ര വികാരത്താലാണോ, സംഖ്യാശാസ്ത്രം കുഴപ്പമുണ്ടാക്കിയതാണോ ആവോ യുഡിഎഫ് പേരങ്ങ് മാറ്റി. കേരള വികസന പദ്ധതിയെന്നായി പേര്. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ കിട്ടുമെന്ന് നാട്ടുകാര്‍ കരുതി.
യുഡിഎഫ് നടത്തി വന്നപോള്‍ കുപ്പിയുമില്ല, വീഞ്ഞുമില്ല എന്നതായിരുന്നു സ്ഥിതി! വീണ്ടുമങ്ങനെ അഞ്ചുകൊല്ലം കഴിഞ്ഞു. എല്‍ഡിഎഫ് ഭരണം വന്നു. കേരള വികസന പദ്ധതിയുടെ പേര് വീണ്ടും മാറ്റി. ജനകീയാസൂത്രണം എന്നായി മാറി.
മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീയായി എന്ന് നാട്ടുകാര്‍ കരുതി.
എവിടെ? യാതൊരു നടപടിയുമില്ലാതെ ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും എന്ന തട്ടിലാണിപ്പോള്‍ ഈ പരിപാടി. ജനകീയ പങ്കാളിത്തമില്ലാതായി എന്നതാണ് ഇപ്പോഴത്തെ പ്രശ്നം.
പദ്ധതി രൂപീകരിക്കാന്‍ ചേരുന്ന ഗ്രാമസഭകളില്‍ ആളെത്തുന്നില്ല. ആസൂത്രണം ചെയ്തതൊന്നും നേരാംവഴി നടക്കുന്നില്ല.
ശങ്കരന്‍ ബാക് എഗെയ്ന്‍ ഓണ്‍ ദി കോക്കനട്ട് ട്രീ എന്നുപറഞ്ഞപോലെ.
ആസൂത്രണമെല്ലാം ഇപ്പോഴും ഉദ്യോഗസ്ഥര്‍ തന്നെ. നടത്തിപ്പ് ഇപ്പോഴും കരാറുകാര്‍ തന്നെ!
പരിഷത്തുകാര്‍ തന്നെയാണിനി ശരണം. പഠിക്കൂ നമ്മുടെ നാട്ടുകാര്‍ക്കെന്തുപറ്റി? എന്തുകൊണ്ടാണിവര്‍ പുറംതിരിഞ്ഞുനില്‍ക്കുന്നത്? അതല്ലെങ്കില്‍ ഇനിയുമൊരു പേരുമാറ്റത്തിന്റെ സാധ്യതയെങ്കിലും ഉടനടി ആരായേണ്ടതുണ്ട്!
0 comments :
Post a Comment