Thursday, April 17, 2008

രണ്ട്‌ എംഎസ്മാരും ഇന്ത്യന്‍ യുവത്വത്തെ ഷണ്ഡീകരിക്കുന്ന ഭരണതന്ത്രങ്ങളും

യുവത്വം എന്നാല്‍ കര്‍മ്മോന്മുഖതയും വെല്ലുവിളികളെ നേരിടാനുള്ള തന്റേടവുമാണ്‌. വാര്‍ദ്ധക്യം ഇതിന്റെ നേര്‍ വിപരീതമാണ്‌.

'അഗ്നിച്ചിറകേറി' ഈ നൂറ്റാണ്ടിന്റെ മാത്രമല്ല, അടുത്ത നൂറ്റാണ്ടിന്റെയും വെല്ലുവിളികളെ വിജയകരമായി നേരിടേണ്ട ഇന്ത്യന്‍ യുവത്വം, കൂട്ടുകുടുംബ വ്യവസ്ഥയുടെ, പിന്നാക്കം വലിക്കുന്ന, കാണാചരടുകളില്‍നിന്ന്‌ ഇന്ന്‌ മുക്തമാണ്‌. ജീവിതത്തിന്റെ നിര്‍ണായക തീരുമാനങ്ങളില്‍ (വിവാഹം, ദാമ്പത്യം) മുത്തച്ഛന്മാരുടെയും മുത്തശ്ശിമാരുടെയും അമ്മാവന്മാരുടെയും അമ്മായിമാരുടെയും നിര്‍ബന്ധങ്ങള്‍ക്ക്‌ കീഴടങ്ങി വഴങ്ങലിന്റെ നട്ടെല്ല്‌ പ്രദര്‍ശിപ്പിക്കുന്നവരാണ്‌ ഭൂരിപക്ഷം ഇന്ത്യക്കാരും. ധാര്‍മികതയുടെയും മൂല്യബോധത്തിന്റെയും മേലാട ചാര്‍ത്തി ഈ കീഴടങ്ങലിന്‌, കീഴ്‌വഴക്കത്തിന്റെ അപായകരമായ തുടര്‍ച്ച അംഗീകരിച്ച്‌ നല്‍കാനാണ്‌ സാക്ഷരരായ യുവാക്കള്‍ക്കുപോലും താല്‍പ്പര്യം.

മുന്‍പിന്‍ നോക്കാതെ വാര്‍ദ്ധക്യത്തെ തള്ളിപ്പറയുകയല്ല മറിച്ച്‌ വെള്ളെഴുത്ത്‌ ബാധിച്ച വൃദ്ധ കാഴ്ചപ്പാടുകളുടെ ശാഠ്യങ്ങള്‍ക്ക്‌ വഴങ്ങുന്നതിലെ അപായം, അപാകം, അപചയം ചൂണ്ടികാണിച്ചെന്നേയുള്ളൂ.

ഭൂരിപക്ഷം ഇന്ത്യന്‍ കുടുംബങ്ങളുടെ ഈ ദയനീയത തന്നെയാണ്‌ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ശാപം. ഇന്ദ്രിയ നിഗ്രഹണം സാധിക്കാതെ വന്നപ്പോള്‍ നിരാഹാരവും മൗനവ്രതവുമെടുത്ത രാഷ്ട്രപിതാവ്‌ മഹാത്മാഗാന്ധിതന്നെയായിരുന്നു ജാലിയന്‍വാലാബാഗിലെ കൂട്ടക്കൊലക്കെതിരെ പ്രതികരിച്ച ഇന്ത്യന്‍ യുവത്വത്തിന്റെ പോരാട്ടവീര്യത്തെ നിരാഹാരത്തിലൂടെയും മൗനവ്രതത്തിലൂടെയും അടിമത്വത്തിന്റെ അഴുക്കുചാലിലേക്ക്‌ വലിച്ചിട്ടത്‌. ഭഗത്സിംഗിന്റെയും രാജഗുരുവിന്റെയും സുഭാഷ്‌ ചന്ദ്രബോസിന്റെയും ഉല്‍പതിഷ്ണുത്വത്തെ അടക്കി ഇന്ത്യന്‍ യുവതയെ വെടക്കാക്കിയതും ഗാന്ധിജി തന്നെ.

ആ ദുരന്ത പാരമ്പര്യം ഇന്നും പേറുകയാണ്‌ ഇന്ത്യ, പ്രത്യേകിച്ച്‌ ഭരണരംഗത്ത്‌. ഇന്ത്യയിലെ ജനസംഖ്യയില്‍ പാതിയിലേറെയും 24.8 വയസില്‍ താഴെയുള്ളവരാണ്‌. 31.8 ശതമാനം 15 വയസില്‍ കുറവുള്ളവരും. എന്നിട്ടും യൗവനതീക്ഷ്ണമായ ഇന്ത്യന്‍ പൗരസമൂഹത്തെ നയിക്കുന്നത്‌ മന്‍മോഹനും സോണിയയും ബര്‍ദനും ജ്യോതിബസുവും വാജ്പേയും അദ്വാനിയും കെ കരുണാകരനും ഒക്കെ അടങ്ങുന്ന കടല്‍ക്കിഴവ വര്‍ഗ്ഗങ്ങള്‍.

ആ രാഷ്ട്രീയ അനാശാസ്യത്തിന്റെ തുടര്‍ച്ചയായിട്ടാണ്‌ രണ്ടുമാസത്തിനുള്ളില്‍ 72 വയസ്‌ പൂര്‍ത്തിയാകുന്ന എംഎസ്‌ ഗില്ലിനെ യുവജന സ്പോര്‍ട്ട്സ്‌ മന്ത്രിയായി കേന്ദ്ര മന്ത്രിസഭയില്‍ മന്‍മോഹന്‍ നിയമിച്ചത്‌.

1996-2001 വരെ ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണറായി അധികാരത്തിന്റെ മറുപുറത്തുള്ള സുഖസൗകര്യങ്ങളെല്ലാം രുചിച്ച്‌ നിഷ്പക്ഷനെന്ന്‌ നടിച്ച വ്യക്തിയാണ്‌ എംഎസ്‌ ഗില്‍. അന്ന്‌ അദ്ദേഹം അനുഭവിച്ച ഭരണപരവും ഔദ്യോഗികവുമായ സുഖശീതോഷ്ണതയുടെ തുടര്‍ച്ചയാണ്‌ ഈ കിളവനെ സംബന്ധിച്ചിടത്തോളം പുതിയ അധികാര ലബ്ധി.

ഇവിടെയാണ്‌ മന്‍മോഹന്‍ എന്ന കള്ളനാണയത്തെ നാം തിരിച്ചറിയുന്നത്‌. പ്രായപൂര്‍ത്തി വോട്ടവകാശം വിനിയോഗിക്കുന്ന തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ്‌ നേതാവോ പ്രധാനമന്ത്രിയോ ആയ വ്യക്തിയല്ല മന്‍മോഹന്‍. ഒരിക്കല്‍, 1999 ല്‍ വോട്ടുതേടി ജനങ്ങളെ സമീപിച്ചപ്പോള്‍ സമ്മതിദായകര്‍ പുറംകാലുകൊണ്ട്‌ ചവിട്ടി തെറിപ്പിച്ച ലോകബാങ്ക്‌ ഉദ്യോഗസ്ഥന്‍ മാത്രമാണ്‌ മന്‍മോഹന്‍.

എന്നാല്‍ കോണ്‍ഗ്രസുമായി അധികാര ചങ്ങാത്തം സ്ഥാപിച്ച്‌ അസമില്‍നിന്ന്‌ രാജ്യസഭാമെമ്പറായിട്ടാണ്‌ മന്‍മോഹന്‍ പാര്‍ലമെന്റിലെത്തുന്നത്‌. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സ്വയംശീര്‍ഷത കാക്കാനും നിസ്വാര്‍ത്ഥരായി രക്തസാക്ഷിത്വം വഹിച്ച പഞ്ചാബിന്റെ യുവത്വ-പൗരുഷ വീര്യങ്ങളെ ലജ്ജിപ്പിച്ചാണ്‌, അസമിലെ സ്ഥിരതാമസക്കാരനെന്ന വിലാസം നല്‍കി (വീട്ടുനമ്പര്‍ 3989, നന്ദന്‍ നഗര്‍, വാര്‍ഡ്‌ നമ്പര്‍ 51, സരുമതാരിയ, ദീസ്പൂര്‍, ഗുവാഹട്ടി) മന്‍മോഹന്‍ പാര്‍ലമെന്റിലെത്തിയത്‌.

ധനമന്ത്രിയെന്ന നിലക്ക്‌ തുടങ്ങിവച്ച സാമ്പത്തിക ഉദാരീകരണത്തിന്റെയും പ്രാധാനമന്ത്രി പദവിയിലിരുന്നുകൊണ്ട്‌ ആണവകാരാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിന്റെയും മറ്റൊരു വഞ്ചനാത്മകമായ മുഖമാണ്‌ പഞ്ചാബുകാരനായ എംഎസ്‌ ഗില്ലിനെ സ്പോര്‍ട്ട്സ്‌ യുവജന മന്ത്രിയാക്കിയതില്‍ തെളിഞ്ഞത്‌.

ഇന്ത്യന്‍ യുവത്വത്തെ കുട്ടിച്ചോറാക്കാനുള്ള ഹിഡന്‍ അജണ്ടകളാണ്‌ മന്‍മോഹന്‍ നടപ്പിലാക്കുന്നത്‌. വെള്ളെഴുത്ത്‌ ബാധിച്ച വാര്‍ദ്ധക്യശാഠ്യങ്ങള്‍ക്കും അധിനിവേശത്വര ചുരമാന്തുന്ന യാങ്കി താല്‍പ്പര്യങ്ങള്‍ക്കും എതിരെ സമരസജ്ജമാകേണ്ട ഇന്ത്യന്‍ യുവത്വത്തെ കൂട്ടിക്കൊടുക്കുന്ന നടപടിയാണ്‌ മന്‍മോഹന്റേത്‌. ഈ കടല്‍ക്കിളവനെതിരെയും ഇന്ത്യയെ ഗ്രസിച്ചിട്ടുള്ള രാഷ്ട്രീയ ശാപങ്ങള്‍ക്കെതിരെയും ചെറുത്തു നിന്നേ തീരൂ.

അതിനുള്ള നട്ടെല്ലുറപ്പ്‌, ബൗദ്ധിക ആര്‍ജ്ജവം, സാമൂഹിക പ്രതിബദ്ധത, രാഷ്ട്രീയ പ്രബുദ്ധത, രാജനൈതിക സത്യസന്ധത, കീഴടക്കലിനെതിരായ പോരാട്ടവീര്യം എന്നിവ എന്തുകൊണ്ടാണ്‌ നമുക്ക്‌ പുറത്തെടുക്കാന്‍ കഴിയാതെ പോകുന്നത്‌. ഇന്ത്യന്‍ യുവത്വം അതിന്റെ സമരസന്നിഭമായ കരുത്ത്‌ തിരിച്ചുപിടിച്ചേ തീരൂ. മന്‍മോഹനെപ്പോലെയുള്ള പ്രതിലോമ താല്‍പ്പര്യങ്ങളെ തകര്‍ത്തേ തീരൂ.

അറിയുക, ഷണ്ഡത്വം യുവത്വലക്ഷണമല്ലല്ലോ!

0 comments :