ചൊറിയുമ്പോള്‍ അറിയും!
കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ റേഷന്‍ വിഹിതം വെട്ടിക്കുറച്ചതിന് പറഞ്ഞൊരു ഞായമുണ്ട്. പോയ മൂന്നു വര്‍ഷങ്ങളില്‍ കേന്ദ്രം അനുവദിച്ച അരി മുഴുവന്‍ കേരളം വാങ്ങിയില്ലായെന്നതാണ് ആ കാര്യം.
കുറെക്കാലമായി റേഷന്‍കട എന്ന സംവിധാനത്തെ മലയാളികള്‍ കൈവിട്ടുകളഞ്ഞതിന്റെ പരിണതഫലം. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും. പൊതുവിപണിയില്‍ അരിവില പിടിച്ചാല്‍ കിട്ടാതെ ഉയര്‍ന്നുയര്‍ന്നു പോയപ്പോഴാണ് മലയാളിക്ക് ചൊറിഞ്ഞത്. നേരെ ഓടി റേഷന്‍ കടയിലേക്ക്. അവിടെ അരിയുമില്ല, പൊരിയുമില്ല!
പത്തുപതിനഞ്ചു വര്‍ഷം കൊണ്ട് മലയാളി നേടിയ പൊങ്ങച്ച പുരോഗതിയാണ് റേഷന്‍ കടകളെ നാമമാത്രമായ സംവിധാനമാക്കി തകര്‍ത്തത്. ആദ്യകാലത്ത് ന്യായവില ഷാപ്പ് എന്നായിരുന്നു റേഷന്‍കടകളുടെ പേര്. കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ മാത്രമല്ല; സന്മനസുള്ള സകല മനുഷ്യരും സഖാവ് എന്നുമാത്രം ആദരവോടെ സംബോധന ചെയ്യുന്ന സഖാവ് പി. കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ നടന്ന പോരാട്ടത്തിലൂടെ നേടിയ സ്റ്റാറ്റ്യൂട്ടറി റേഷനിംഗ് എന്ന അവകാശമാണ് ന്യായവില ഷാപ്പുകളിലൂടെ നടപ്പിലായിരുന്നത്. അക്കാലത്ത് റേഷനരിക്കും പഞ്ചസാരക്കും മണ്ണെണ്ണയ്ക്കും പത്തോപതിനഞ്ചോ പൈസ കിലോയ്ക്ക് വര്‍ധിപ്പിച്ചാല്‍ പോലും കേരളത്തില്‍ ശക്തമായ സമരങ്ങള്‍ നടന്നിരുന്നു. അഞ്ചുപൈസയെങ്കിലും കുറപ്പിച്ചിട്ടേ ആ സമരങ്ങള്‍ അവസാനിച്ചിരുന്നുള്ളൂ!
പുരോഗതിയിങ്ങു മലവെള്ളപ്പാച്ചില്‍ പോലെ വന്നപ്പോള്‍ ന്യായവില ഷാപ്പിന്റെ പേരുപോലും മാറ്റി നമ്മുടെ ജനായത്ത ഭരണക്കാര്‍! ഇപ്പോഴത്തെ പേര് പൊതുവിതരണ കേന്ദ്രമെന്നത്രെ! പൊതുവിതരണ കേന്ദ്രത്തില്‍ നീതിയും ന്യായവുമൊന്നും വേണമെന്നു നിര്‍ബന്ധമില്ലല്ലോ!
റേഷന്‍ കാര്‍ഡുടമകളെ രണ്ടാക്കി വിഭജിച്ചു കൊണ്ടായിരുന്നു അടുത്ത തിരിച്ചടി. പിന്നെ വില കൂടുമ്പോള്‍ സമരം ചെയ്യാന്‍ ബിപിഎല്ലുകാരുമാത്രമായി. പതിയെ പതിയെ റേഷന്‍ വില വര്‍ധിപ്പിച്ചാലെന്ത്, ഇല്ലെങ്കിലെന്ത് മലയാളികള്‍ ഒന്നാകെ കമ്പ്യൂട്ടറൈസ്ഡ് സോര്‍ട്ടക്സ് റൈസ് തുടങ്ങിയ പേരുകളില്‍ നയനമനോഹര ബ്രാന്റുകളില്‍ റെഡ് ഓക്സയിഡ് ചേര്‍ത്ത് നിറം മാറ്റിക്കിട്ടുന്ന റേഷനരി തന്നെ കൂടിയ വിലകൊടുത്തു വാങ്ങി തിന്നു വയറുകേടാക്കാന്‍ തുടങ്ങി!
വീണ്ടും മലയാളികള്‍ റേഷന്‍കടകള്‍ അന്വേഷിച്ചുപോകുന്നു. പഴയതിലേക്ക് തിരിച്ചുപോവുക അത്ര എളുപ്പമല്ലയെന്ന് വൈകിയാണെല്ലാവരും പഠിക്കുന്നത്.
കാട്ടില്‍ കായ്കനികള്‍ തിന്നും കാട്ടരുവികളില്‍ നിന്നും കുടിച്ചും പുലര്‍ന്ന പഴയൊരു കാലം മനുഷ്യനുണ്ട്. ഇനി ആ സുവര്‍ണകാലത്തിലേക്ക് തിരിച്ചുപോകാനൊക്കില്ല. ഇനി നമുക്ക് പാര്‍ക്കാന്‍ കോണ്‍ക്രീറ്റ് കാടുകള്‍ മാത്രമേയുള്ളൂ.
നോക്കൂ, കാക്കകള്‍ ഇപ്പോള്‍ കൂടുകൂട്ടുന്നത് വൈന്റിംഗ് വയറുകള്‍ കൊണ്ടാണ്. ചകിരിയും മുള്ളും കിട്ടാത്ത ലോകത്ത് കിട്ടാവുന്ന സാമഗ്രികള്‍കൊണ്ട് കാക്കകള്‍ അത്യാധുനികമായ കൂടുകളുണ്ടാക്കുന്നു. റേഷനരിയും അല്ലാത്ത അരിയും കിട്ടാത്ത കാലത്ത് വേറെന്തങ്കിലുമൊക്കെ തിന്നു ശീലിക്കുക മാത്രമാണ് ബുദ്ധി!
2 comments :
ന്യായവിലഷോപ്പിലേയും മറ്റുകടകളിലെയും അരികളുടെ വിലകള് തമ്മില് വലിയ വ്യത്യാസം ഇല്ലാതാവുകയും ഗുണത്തില് ഒത്തിരി വ്യത്യാസം ഉണ്ടാകുകയും ചെയ്തപ്പോഴാണ് ന്യായവിലഷോപ്പിനെ ജനം മറന്നു തുടങ്ങിയത് എന്ന് തോന്നുന്നു.
പ്രിയ , അതു ശരിയല്ല. ഈ കഴിഞ്ഞ ദിവസം എന്റെ വീട്ടില്‍ റേഷനരി കിലോയ്ക്ക് 9 രൂപയ്ക്ക വാങ്ങി അതേ സമയം സുലേഖ പോലുള്ള അരിയ്ക്ക് 24 രൂപയോളം വില മാര്‍ക്കറ്റിലുണ്ട്. 9 രൂപയുടെ റേഷനരി കഴിച്ചിട്ടും കുഴപ്പമൊന്നും സംഭവിച്ചില്ലാന്ന് ശ്രീമതി ഇന്നലെ ഫോണ്‍ ചെയ്തപ്പോള്‍ പറഞ്ഞു!!.
സോര്‍ട്ടക്സ് റൈസ് മാത്രമേ കഴിക്കൂ എന്ന ചിന്ത നമ്മള്‍ ഒഴിവാക്കണം. റേഷനരിയുടെ രുചിയും കുട്ടികളെ പഠിപ്പിക്കണം!!..
വസ്തവം ടീം :) അതിനല്ലേ ബഹു മന്ത്രി പറഞ്ഞത് ഈ അരിയും ചോറുമൊക്കെ നിര്‍ത്തി കോഴിയും, മുട്ടയും പാലും ശീലമാക്കാന്‍? എന്തു ദീര്‍ഘദൃഷ്ടിയോടെയാ അദ്ദേഹം അതു പറഞ്ഞത്!!!
Post a Comment