കോടിയേരിയുടെ മക്കളും സംശയത്തിന് അതീതരായിരിക്കണം
എന്നെല്ലാം യുഡിഎഫ് അധികാരത്തില്‍ വന്നിട്ടുണ്ടോ അന്നെല്ലാം മന്ത്രിപുത്രന്മാരുടെയും പുത്രിമാരുടെയും താന്തോന്നിത്തം സഹിക്കാനാവാതെ കേരളീയര്‍ വലഞ്ഞിട്ടുണ്ട്. അധികാര ലബ്ധിക്ക് വേണ്ടിയുള്ള നാണംകെട്ട കളികള്‍ മുതല്‍ അച്ഛനും അമ്മയ്ക്കുമൊപ്പം യാത്രചെയ്ത കൗമാരക്കാരികളെ നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതുവരെയുള്ള നാറുന്ന കഥകള്‍ മന്ത്രിപുത്രന്മാരുടെ പേരില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അഴിമതിയില്‍ ഇവര്‍ ആമഗ്നരായതിന്റെ കഥകള്‍ പറഞ്ഞാലും തീരില്ല. ഇക്കാര്യത്തില്‍ താരതമ്യേന ഇടതുപക്ഷ മന്ത്രിപുത്രന്മാരും പുത്രിമാരും അപവാദത്തിന് അധികമൊന്നും ഇരയായിട്ടില്ല.
എന്നാല്‍ സംശുദ്ധവും സുതാര്യവുമായ ഭരണം വാഗ്ദാനം ചെയ്ത് ഇത്തവണ അധികാരത്തിലേറിയ ഇടതുപക്ഷ മന്ത്രിമാരില്‍ ചിലരുടെയെങ്കിലും സന്താനങ്ങള്‍ യുഡിഎഫ് മന്ത്രിസന്താനങ്ങളുടെ പരമ്പരയില്‍ പെട്ടവരാണെന്ന് പറയാതെ തരമില്ല. ഇക്കാര്യത്തില്‍ മാര്‍ക്സിസ്റ്റ് മന്ത്രിമാരില്‍ ചിലരുടെ മക്കളും ഭാര്യയും ഏറെ വാര്‍ത്താപ്രാധാന്യം നേടുകയും ചെയ്തിട്ടുണ്ട്.
മന്ത്രിമന്ദിരം മോടിപിടിപ്പിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ചതിന്റെ പേരില്‍ ആരോപണ വിധേയരായവരാണ് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും സിവില്‍ സപ്ലൈസ് മന്ത്രി സി ദിവാകരനും. ഇരുവരുടെയും മക്കളും ഭാര്യയുമൊക്കെയാണ് ആഢംഭരത്തിനുവേണ്ടി വാശിപിടിച്ചതും വാസ്തുശാസ്ത്രപ്രകാരം മന്ത്രിമന്ദിരങ്ങളില്‍ അഴിച്ചുപണികള്‍ നടത്തിയതെന്നും അങ്ങാടിപ്പാട്ടായതാണ്. മന്ത്രിസഭയിലും ഇടതുപക്ഷ മുന്നണിയിലും ഈ പ്രശ്നം ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ മോടിപിടിപ്പിച്ച മന്ത്രിമന്ദിരങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മുഖം രക്ഷിച്ചവരാണ് കോടിയേരിയും ദിവാകരനും. സുഖലോലുപതയ്ക്കുവേണ്ടി ഈ കമ്യൂണിസ്റ്റ് മന്ത്രിമാര്‍ പൊതുഖജനാവ് ധൂര്‍ത്തടിച്ചത് ഇന്നും അവരുടെ മേല്‍ കരിനിഴല്‍ വീഴ്ത്തി നില്‍ക്കുന്നുണ്ട്.
ഒരു മന്ത്രിപുത്രന്‍ കോളിളക്കം സൃഷ്ടിച്ച കിളിരൂര്‍-കവിയൂര്‍ പെണ്‍വാണിഭകേസിലെ പ്രതിയാണ്. നിരവധി തെളിവുകള്‍ ഈ യുവാവിനെതിരെ ലഭിച്ചിട്ടും നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകാത്തത് പിതാവായ മന്ത്രിയുടെ അധികാര ശക്തികൊണ്ടാണ്. ഈ പുത്രന്‍ കേരളത്തിലെ ഭൂമിമാഫിയയുടെ അടുത്ത ബന്ധുവും അനധികൃത ഭൂമി സമ്പാദനത്തില്‍ മുമ്പനുമാണ്. ഭൂമി ഇടപാടിന്റെ പേരില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകേണ്ടിവന്ന കേരളകോണ്‍ഗ്രസ് ജെയിലെ ടിയു കുരുവിളയുടെ പുത്രനും പുത്രിയും ഇത്തരം ഭൂമി ഇടപാടില്‍ സജീവ സാന്നിധ്യമാണെന്ന് കുരുവിളതന്നെ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നിന്ന് വായിച്ചെടുക്കാവുന്നതാണ്.
ഈ അവിഹിത ഇടപാടിന്റെ ഒടുവിലത്തെ നായകനായി ഇപ്പോള്‍ ആരോപിക്കപ്പെടുന്നത് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മൂത്തപുത്രന്‍ ബിനോയ് കോടിയേരിയാണ്. ബിനോയിയുടെ വിവാഹത്തലേന്ന് തിരുവനന്തപുരത്ത് നടന്ന പഞ്ചനക്ഷത്ര സല്‍ക്കാരമാണ് ഇപ്പോള്‍ വിവാദമായിട്ടുള്ളത്. ഇതേക്കുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തേക്കൊണ്ട് അന്വേഷണം നടത്തണമെന്ന് യൂത്ത്കോണ്‍ഗ്രസും ഇക്കാര്യത്തില്‍ പൊതുവായ വിശദീകരണം നല്‍കാന്‍ ആഭ്യന്തരമന്ത്രി തയ്യാറാകണമെന്ന് യുവമോര്‍ച്ചയും ആവശ്യപ്പെട്ടിട്ടുണ്ട്.
മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് ഇടപാടിലെ വിവാദനായകന്‍ സേവി മനോ മാത്യു ആയിരുന്നു ബിനോയ് കോടിയേരിയുടെ വിവാഹസല്‍ക്കാരത്തിന്റെ സ്പോണ്‍സര്‍ എന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. സല്‍ക്കാരത്തിനുവേണ്ടി ഹോട്ടല്‍ ബുക്കുചെയ്തതും അതിഥികളെ സ്വീകരിച്ചതും സേവി മനോ മാത്യു ആയിരുന്നുവെന്ന് തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുവമോര്‍ച്ച ആരോപണം ഉന്നയിച്ചിട്ടുള്ളത്. കേരളത്തിലെ മിക്ക മാഫിയ സംഘങ്ങളില്‍പെട്ട പ്രമുഖരും ഈ സല്‍ക്കാരത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും പുറത്തുവന്നിട്ടുള്ള തെളിവുകള്‍ വ്യക്തമാക്കുന്നു. ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള ഭൂമി ഇടപാടുകാരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നത്രേ.
വീട് മോടി പിടിപ്പിച്ചത് വിവാദമായപ്പോള്‍ മന്ത്രിമന്ദിരം ഉപേക്ഷിച്ച കോടിയേരി ബാലകൃഷ്ണന്‍ താമസത്തിന് തെരഞ്ഞെടുത്തത് സേവി മനോ മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ഒരു വീടായിരുന്നു. അന്നേ ഈ വിഷയം വിവാദമായതാണ്. എന്നാല്‍ കോടിയേരിയുടെ പുത്രന്റെ സുഹൃത്തായതുകൊണ്ടും പെട്ടെന്ന് വീട് മാറേണ്ട സാഹചര്യം വന്നതുകൊണ്ടുമാണ് സേവി മനോ മാത്യുവിന്റെ വീട് താമസത്തിന് തെരഞ്ഞെടുത്തതെന്നായിരുന്നു കോടിയേരിയില്‍ നിന്നുണ്ടായ വിശദീകരണം.
കോടിയേരിയുടെ വീട്ടുടമ എന്ന നിലയ്ക്ക് സേവി മനോ മാത്യുവിന് ബിനോയിയുടെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കുന്നതും ഒരുവേള അതിന് നേതൃത്വം നല്‍കുന്നതും ന്യായീകരിക്കാവുന്നതേയുള്ളൂ. എന്നാല്‍ സംസ്ഥാനസര്‍ക്കാരുമായുള്ള സങ്കീര്‍ണ്ണമായ ഒരു കേസിലെ പ്രതിയെന്ന് സര്‍ക്കാര്‍തന്നെ പറയുന്ന സേവി മനോ മാത്യു ഇത്തരത്തില്‍ രഹസ്യമായി, പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമായി വിവാഹസല്‍ക്കാരം ഒരുക്കിയത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല. ഇക്കാര്യത്തില്‍ യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും ആവശ്യപ്പെടുന്നതുപോലെ വിശദീകരണം നല്‍കാന്‍ ആഭ്യന്തരമന്ത്രി കൂടിയായ കോടിയേരി ബാലകൃഷ്ണന് ധാര്‍മ്മികമായ ഉത്തരവാദിത്തമുണ്ട്.
ധൂര്‍ത്തും ആഢംഭരവും ഒരുവിധത്തിലും പാര്‍ട്ടിയില്‍ അംഗീകരിക്കുകയില്ല എന്നാണ് കോയമ്പത്തൂരില്‍ സമാപിച്ച 19-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട് അര്‍ത്ഥശങ്കക്കിടയില്ലാതെ പ്രഖ്യാപിച്ചത്. ആ ലൈനില്‍തന്നെയായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനവും. ആഢംഭരവും ധൂര്‍ത്തും അനുവദിക്കുന്ന പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി അച്യുതാനന്ദനും വ്യക്തമാക്കിയിട്ടുണ്ട്. ആ പശ്ചാത്തലത്തില്‍ ബിനോയ് കോടിയേരിയുടെ വിവാഹസല്‍ക്കാരം വിശദീകരണം അര്‍ഹിക്കുന്നത് തന്നെയാണ്. പ്രത്യേകിച്ച്, സേവി മേനാ മാത്യു എന്ന വിവാദ യുവാവ് വിവാഹ സല്‍ക്കാരത്തിന് നേതൃത്വം നല്‍കിയെന്നും ക്രിമിനലുകളെന്ന് വിശേഷിപ്പിക്കപ്പെടേണ്ട പല വിവിഐപികളും ഈ പഞ്ചനക്ഷത്ര ചടങ്ങില്‍ പങ്കെടുത്തു എന്നുമുള്ള ആരോപണങ്ങള്‍ ശക്തമായ സ്ഥിതിയ്ക്ക്.
സീസര്‍ മാത്രമല്ല സീസറിന്റെ ഭാര്യയും സംശയത്തിന് അതീതരായിരിക്കണമെന്നതായിരുന്നു ഇതുവരെയുണ്ടായിരുന്ന ധാര്‍മിക നിഷ്ഠ. അക്കൂട്ടത്തില്‍ സീസറിന്റെ സന്താനങ്ങളും സംശയത്തിനും വിവാദങ്ങള്‍ക്കും അതീതരായിരിക്കണമെന്ന പുതിയ നിഷ്ഠ എഴുതിച്ചേര്‍ക്കപ്പെടുകയാണ് ബിനോയ് കോടിയേരിയുടെ വിവാഹസല്‍ക്കാരം.
0 comments :
Post a Comment