Tuesday, April 8, 2008

സുമിയെ കൊന്ന പാതിരിമാര്‍ വീട്ടുകാരെ വീണ്ടും കൊല്ലുന്നു

കോളേജ്‌ ഹോസ്റ്റലില്‍വച്ച്‌ ലാപ്ടോപ്‌ നഷ്ടപ്പെട്ടതിനുപിന്നാലെ പഠിച്ചിരുന്ന തിരുവല്ല 'മാക്ക്‌ സാസ്റ്റ്‌ (മാര്‍ അത്തനാസിയോസ്‌ കോളേജ്‌ ഫോര്‍ അഡ്വാന്‍സ്ഡ്‌ സ്റ്റഡീസ്‌)' പ്രിന്‍സിപ്പല്‍ ഫാ. എബ്രഹാം മുളമൂട്ടില്‍ അടക്കമുള്ള കോളേജ്‌ അധികൃതരുടെ മാനസിക പീഡനം സഹിക്കാനാവാതെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ചവറ കുളങ്ങരഭാഗം എസ്‌.വി. ഹൗസില്‍ സുരേന്ദ്രന്‍ വത്സല ദമ്പതികളുടെ മകള്‍ സുമി സുരേന്ദ്രന്‍ ഇരുകൈകളിലേയും ഞരമ്പുകള്‍ മുറിച്ച്‌ 2008 മാര്‍ച്ച്‌ 25ന്‌ ആത്മഹത്യചെയ്തത്‌ ഏറെ വിവാദ സൃഷ്ടിച്ചിരുന്നു.

ആറ്റുനോറ്റുവളര്‍ത്തിക്കൊണ്ടുവന്ന ഏകമകളുടെ ആത്മഹത്യയില്‍ ആകെ തകര്‍ന്നുപോയ കുടുംബത്തെ ആശ്വസിപ്പിക്കേണ്ടതിനുപകരം ചിത്രവധം ചെയ്ത്‌ രസിക്കാനാണ്‌ തിരുവനന്തപുരം മലങ്കര അതിരൂപത വികാരി ജനറല്‍ ഫാ. ചെറിയാന്‍ രാമനാല്‍ അടക്കമുള്ളവര്‍ ശ്രമിക്കുന്നത്‌. നട്ടാല്‍ കുരുക്കാത്ത പെരും കള്ളങ്ങളും സഭാ പ്രസിദ്ധീകരണമായ മലങ്കരദീപം സപ്ലിമെന്റില്‍ എഴുതിപ്പിടിപ്പിച്ചാണ്‌ ഈ പുരോഹിതശ്രേഷ്ഠനും സഹപുരോഹിതരും സന്തപ്തകുടുംബത്തെ അതിക്രൂരമായി പീഡിപ്പിക്കുന്നത്‌.

പൗരോഹിത്യ ദൗത്യത്തിന്റെ വിശുദ്ധി സ്വാശ്രയ വിദ്യാഭ്യാസ ലാഭച്ചന്തയില്‍ വിറ്റ്‌ ഷേക്സ്പീയറിന്റെ കഥാപാത്രമായ ഷൈലോക്കിനെപോലും ലജ്ജിപ്പിക്കുന്ന രീതിയില്‍ സമ്പത്തുമാത്രമല്ല വിദ്യാര്‍ഥികളുടെ ജീവന്‍വരെ കവരുന്ന വാണിക ചട്ടമ്പികളായി ചില പുരോഹിതന്മാരെങ്കിലും അധഃപതിച്ചിട്ടുണ്ട്‌ എന്നതിന്റെ തെളിവാണ്‌ സുമി സുരേന്ദ്രന്റെ ആത്മഹത്യയും തുടര്‍ന്ന്‌ ആ കുടുംബത്തെ വേട്ടയാടി സമൂഹമധ്യത്തില്‍ ചിത്രവധം ചെയ്യാന്‍, സഭാ മാധ്യമം അടക്കമുള്ള എല്ലാ സാധ്യതകളും ചൂഷണം ചെയ്യുകയാണ്‌ ഈ പരിഷകള്‍.

മലങ്കര കത്തോലിക്കാ സഭയുടെ തിരുവല്ല അതിരൂപതയുടെ കീഴിലുള്ള മാക്ക്‌ സാസ്റ്റ്‌, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലെ സഹോദര സ്ഥാപനമാണ്‌. ഇവിടെ രണ്ടാം വര്‍ഷ എംസിഎ വിദ്യാര്‍ഥിനിയായിരുന്ന സുമി സുരേന്ദ്രന്റെ ലാപ്ടോപ്‌ മാര്‍ച്ച്‌ മാസം 13നാണ്‌ സുമിയുടെ മുറിയില്‍ കിടയ്ക്കക്കടിയില്‍നിന്ന്‌ മോഷ്ടിക്കപ്പെട്ടത്‌. ലാപ്ടോപ്‌ നഷ്ടപ്പെട്ട വിവരം സുമി കോളേജ്‌ പ്രിന്‍സിപ്പല്‍ ഫാ. എബ്രഹാം മുളമൂട്ടില്‍ അടക്കമുള്ള ഉന്നതാധികാരികളെ കൃത്യസമയത്ത്‌ അറിയിച്ചെങ്കിലും ക്രിയാത്മകമായ നടപടിയെടുക്കാന്‍ അദ്ദേഹമോ മറ്റാരെങ്കിലുമോ തുനിഞ്ഞില്ല. പകരം ഇക്കാര്യം പുറത്തുപറയരുതെന്നും വീട്ടില്‍ അറിയിക്കരുതെന്നും അന്വേഷിക്കാമെന്നുമായിരുന്നു പ്രിന്‍സിപ്പലിന്റെ ഉപദേശം.

എന്നാല്‍ മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണം നടത്തുന്നതിനുപകരം സഹപാഠികളിലാരെങ്കിലുമായിരിക്കും ലാപ്ടോപ്‌ മോഷ്ടിച്ചതെന്ന്‌ വരുത്തിത്തീര്‍ക്കാനായിരുന്നു പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ പിന്നീട്‌ ശ്രമിച്ചത്‌. സുമിയോടൊപ്പം ഹോസ്റ്റല്‍ മുറിയിലുണ്ടായിരുന്ന മറ്റ്‌ 17 പേര്‍ക്കും ലാപ്ടോപ്‌ ഉണ്ടായിരുന്നു. അപ്പോള്‍ അവരിലൊരാള്‍ സുമിയൂടെ ലാപ്ടോപ്‌ മോഷ്ടിക്കേണ്ട കാര്യമൊന്നുമില്ലെന്ന്‌ ഏതു ബുദ്ധിഹീനനും ബോധ്യമാകും, പ്രിന്‍സിപ്പല്‍ എബ്രഹാം മുളമൂട്ടില്‍ ഒഴിച്ച്‌!

ലാപ്ടോപ്‌ നഷ്ടപ്പെട്ടതിലെ നൈരാശ്യവും കോളേജ്‌ അധികൃതരുടെ മാനസികപീഡനവും സഹിക്കാനാവാതെയാണ്‌ സുമി ആത്മഹത്യചെയ്തത്‌. ആത്മഹത്യയ്ക്കുമുന്‍പ്‌ അഞ്ചുപേജുള്ള ഒരു കുറിപ്പ്‌ സുമി എഴുതിയിരുന്നു. അതില്‍ വിദ്യാര്‍ഥികളുടെ ഉയര്‍ച്ചയോ അവരുടെ പ്രശ്നങ്ങളോ ഒന്നുമല്ല മാക്ക്‌ സാസ്റ്റ്‌ അധികൃതരുടെ ലക്ഷ്യമെന്നും പണം കവരുകമാത്രമാണ്‌ ഏക ഉദ്ദേശ്യമെന്നും ആ കത്തില്‍ ആരോപിച്ചിരുന്നു. "വെളുത്ത ളോഹക്കുള്ളിലെ കറുത്ത മനുഷ്യന്‍" എന്നാണ്‌ പ്രിന്‍സിപ്പല്‍ ഫാ. എബ്രഹാം മുളമൂട്ടിലിനെ ആ കത്തില്‍ സുമി വിശേഷിപ്പിച്ചത്‌.

സുമിയുടെ മരണത്തില്‍ ക്ഷുഭിതരായ എസ്‌എഫ്‌ഐ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന്റെ ഓഫീസ്‌ തല്ലിത്തകര്‍ക്കുകയും കോളേജ്‌ ബസിന്‌ തീയിടുകയും ചെയ്തു.

സുമിയുടെ ആത്മഹത്യ വാര്‍ത്തയും ആത്മഹത്യാകുറിപ്പിലെ പരാമര്‍ശങ്ങളും പുറത്തുവന്നതോടെ സമ്മര്‍ദ്ദത്തിലും നാണക്കേടിലുമായ കോളേജ്‌ അധികൃതരും സഭാ മേലധ്യക്ഷന്മാരും രക്ഷപെടാന്‍ പുതിയ പഴുതുകള്‍ തിരയുകയായിരുന്നു. എസ്‌എഫ്‌ഐ വിദ്യാര്‍ഥികളുടെ ആക്രമണം അതിലൊന്നായി അവര്‍ വ്യഖ്യാനിച്ചു. എസ്‌എഫ്‌ഐ ഭീകരവാദികളുടെ കൂട്ടമാണെന്നുവരെ ഒരു ബഹുമാന്യ പുരോഹിതന്‍ പറഞ്ഞുവച്ചു.

ഇതിനുപിന്നാലെയായിരുന്നു മലങ്കര അതിരൂപത വികാരി ജനറല്‍ ഫാ. ചെറിയാന്‍ രാമനാലിന്റേതായി മലങ്കരദീപം സപ്ലിമെന്റില്‍ വന്ന വിവാദ വിശദീകരണം. ആത്മഹത്യാ കുറിപ്പ്‌ സുമി എഴുതിയതല്ല എന്നാണ്‌ ഈ വിശദീകരണത്തിലെ പ്രധാന വിഷയം.

സുമി ആത്മഹത്യചെയ്യുമ്പോള്‍ വീട്ടില്‍ അമ്മമാത്രമേ ഉണ്ടായിരുന്നുള്ളു. സുമിയുടെ പിതാവും സഹോദരനും ജോലിസംബന്ധമായി വിദേശത്തായിരുന്നു. സുമിയുടെ മൃതദേഹം കണ്ട്‌ ബോധം നശിച്ച മാതാവ്‌ കൃത്രിമമായി ആത്മഹത്യാ കുറിപ്പ്‌ ചമച്ചുവെന്ന്‌ സ്ഥാപിക്കാനാണ്‌ ഫാ. ചെറിയാന്‍ രാമനാല്‍ അടക്കമുള്ളവര്‍ ശ്രമിച്ചത്‌.

ഈ അച്ചന്മാര്‍ക്ക്‌ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. എന്നാല്‍ സുരേന്ദ്രന്‍ എന്ന അച്ഛന്‌ നഷ്ടപ്പെട്ടത്‌ തന്റെ സ്വന്തം മകളെയാണ്‌. സുമിയുടെ ആത്മഹത്യയില്‍ ക്ഷുഭിതരായ എസ്‌എഫ്‌ഐക്കാര്‍ തല്ലിത്തകര്‍ത്ത പ്രിന്‍സിപ്പലിന്റെ ഓഫീസും കോളേജ്‌ ബസും അറ്റകുറ്റപ്പണി തീര്‍ത്തെടുക്കാം. എന്നാല്‍ സുമിയുടെ തിരിച്ചുനല്‍കാന്‍ ഇതില്‍ ഏത്‌ പുരോഹിത ശ്രേഷ്ഠന്‌ കഴിയും? വിശ്വാസത്തോടെ പ്രാര്‍ഥിച്ചാല്‍ മരിച്ചവരെ ഉയര്‍പ്പിക്കാന്‍വരെ ശക്തിയുള്ളവനാണ്‌ യേശുക്രിസ്തു എന്നാണ്‌ ബൈബിള്‍ സ്ഥാപിക്കുന്നത്‌. ആ യേശുവിന്റെ പ്രേഷിതരെന്ന്‌ അവകാശപ്പെടുന്ന ഇവരെ ഞങ്ങള്‍ വെല്ലുവിളിക്കുകയാണ്‌ - പ്രാര്‍ഥിച്ച്‌ സുമിയുടെ ജീവന്‍ തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെങ്കില്‍ ഫാ. ചെറിയാന്‍ രാമനാല്‍ അടക്കമുള്ളവര്‍ പറയുന്നത്‌ അംഗീകരിക്കാനും അതനുസരിച്ച്‌ എന്തു പ്രായശ്ചിത്തം ചെയ്യാനും സുമിയുടെ മാതാപിതാക്കളോടും ബന്ധുക്കളോടുമൊപ്പം ഞങ്ങളും തയ്യാറാണ്‌.

അതിന്‌ ഈ പുരോഹിതശ്രേഷ്ഠന്മാര്‍ക്ക്‌ ധൈര്യമുണ്ടോ? ഇല്ലെങ്കില്‍ ഇവരുടെ എല്ലാം പണക്കൊതിക്ക്‌ ഇരയായി മരിച്ച സുമിയുടെ വീട്ടുകാരെ അധിക്ഷേപിക്കാന്‍ മലങ്കരദീപം സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ച പെരുങ്കള്ളം പിന്‍വലിച്ച്‌ പൊതുജനങ്ങളോട്‌ മാപ്പുപറയാനുള്ള മാന്യത കാട്ടുമോ?

ഇല്ല. ഒന്നും നടക്കില്ല ഞങ്ങള്‍ക്കറിയാം. എങ്കിലും പുരോഹിതവര്‍ഗം ഇത്രയ്ക്ക്‌ അധഃപതിക്കരുതായിരുന്നു.

സുമിയുടെ മരണത്തിന്റെ യഥാര്‍ത്ഥ വസ്തു കണ്ടെത്തി കുറ്റവാളികളുണ്ടെങ്കില്‍ അവരെ ശിക്ഷിക്കാനും അതല്ലെങ്കില്‍ അതിനനുസരിച്ച നിയമപരമായ നടപടികളെടുക്കാന്‍ ആഭ്യന്തരമന്ത്രി പോലീസ്‌ വകുപ്പിന്‌ പ്രത്യേക നിര്‍ദേശം നല്‍കണമെന്നാണ്‌ ഞങ്ങള്‍ക്കുന്നയിക്കാനുള്ള മറ്റൊരാവശ്യം.

ഇനിയൊരു വിദ്യാര്‍ഥിനിക്കും ഈ ദുരന്തം ഉണ്ടാകരുത്‌. ഇനിയൊരു മാതാപിതാക്കളും ഇതുപോലെ പുരോഹിതശ്രേഷ്ഠന്മാരാല്‍ അപമാനിക്കപ്പെടരുത്‌.

0 comments :