വ്യാജ സിഗരറ്റ് വ്യാപകം
കെ.പി.അജികുമാര്‍
കൊച്ചി: അനധികൃത സിഗരറ്റുകള്‍ വിപണിയില്‍ വ്യാപകം. നികുതി ഇനത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു കോടികളുടെ നഷ്ടം. ഇത്തരം സിഗരറ്റുകള്‍ ഉപയോഗിക്കുന്നവരുടെ ആരോഗ്യത്തിനു ഗുരുതരമായ ഭീഷണിയെന്നു പരാതി.
സിഗരറ്റ് വിപണിയിലെ മുന്‍നിരക്കാരായ ഇന്ത്യന്‍ ടുബാക്കോ കമ്പനി ഫില്‍റ്റര്‍ ഇല്ലാത്ത ഇനം സിഗരറ്റുകളുടെ വിപണനം നിര്‍ത്തിവച്ചതാണ് അനധികൃത സിഗരറ്റുകള്‍ വ്യാപകമാകാന്‍ ഇടയാക്കിയത്.
ഫില്‍റ്റര്‍ ഇല്ലാത്ത സിഗരറ്റുകളുടെ എക്സൈസ് തീരുവ 100 പായ്ക്കറ്റിന് 562.38 രൂപയില്‍നിന്ന് 1362.69ഉം മിനി സിസറിന് 173.04 രൂപയില്‍നിന്ന് 843.57 ആയും കേന്ദ്ര സര്‍ക്കാര്‍ ഇക്കൊല്ലത്തെ ബജറ്റില്‍ ഉയര്‍ത്തി. ഇതോടെയാണ് ഐടിസി ഉല്‍പാദനം നിയന്ത്രിച്ചതെന്നു പറയുന്നു.
എക്സൈസ് ഡ്യൂട്ടികൂടി ചേര്‍ത്താല്‍ ഫില്‍റ്ററില്ലാത്ത സിഗരറ്റിന് ഫില്‍റ്ററുള്ളതിനേക്കാള്‍ കൂടിയ വില വരും. വിപണിയില്‍ കിട്ടാതായതോടെയാണ് മറ്റു ബ്രാന്‍ഡുകളുടെ രംഗപ്രവേശം. പല ബ്രാന്‍ഡുകളും പായ്ക്കറ്റിനു 3.5 രൂപയ്ക്കു വരെ കച്ചവടക്കാര്‍ക്കു ലഭിക്കും. ഇവയില്‍ രേഖപ്പെടുത്തിയ പരമാവധി വില 15 മുതല്‍ 20 രൂപ വരെയാണ്. ആറു മുതല്‍ 15 രൂപ വരെ ചില്ലറ കച്ചവടക്കാര്‍ ഈടാക്കുന്നുണ്ട്.
സിഗരറ്റ് വില്‍പന വഴി 12.5 % വാറ്റും ഒരു ശതമാനം സെസും കേരളത്തിനു കിട്ടുന്നു. എന്നാല്‍ വ്യാജ ബ്രാന്‍ഡുകള്‍ നികുതി വെട്ടിച്ചു കടത്തിക്കൊണ്ടു വരുന്നതിനാല്‍ ഇതു സംസ്ഥാനത്തിനു നഷ്ടമാണ്. ഇവയ്ക്ക് അംഗീകൃത മൊത്ത വില്‍പനക്കാര്‍ ഇല്ല. ചില്ലറ കച്ചവടക്കാര്‍ക്കു ബില്ലും നല്‍കുന്നില്ല.
വിദേശത്തു നിര്‍മിക്കുന്നതെന്നു രേഖപ്പെടുത്തിയ സിഗരറ്റുകളും കൂട്ടത്തിലുണ്ട്. എന്നാല്‍, ഇവയില്‍ എംആര്‍പിയും നിര്‍മാണ തീയതിയും രേഖപ്പെടുത്തിയിട്ടില്ല. ഐടിസി ഉള്‍പ്പെടെ പ്രമുഖ ബ്രാന്‍ഡുകള്‍ നിര്‍മാണ തീയതിക്കു മൂന്നു മാസത്തിനകം വിറ്റുപോയില്ലെങ്കില്‍ തിരിച്ചെടുക്കുന്നു. അതേസമയം ഇപ്പോള്‍ വിപണിയില്‍ ഇറങ്ങിയ മിക്ക ഇനങ്ങളും നിര്‍മിച്ച് എട്ട് -10 മാസം കഴിഞ്ഞവയാണ്. ഇത് ആരോഗ്യത്തിനു കടുത്ത ഭീഷണിയാകുന്നു.
ഫില്‍റ്റര്‍ ഇല്ലാത്ത സിഗരറ്റുകളുടെ ഉപയോഗം പരമാവധി കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരം ഇനങ്ങള്‍ക്കു തീരുവ കൂട്ടിയത്.
ശരീരത്തില്‍ നിക്കോട്ടിന്‍ ഉള്‍പ്പെടെ വിഷാംശങ്ങളുടെ ആഗിരണശേഷി ഫില്‍റ്റര്‍ പരിധിവരെ തടയുന്നുണ്ട്. സര്‍ക്കാരിന്റെ ഉദ്ദേശ്യത്തെ തകിടംമറിക്കുന്നതാണു പുതിയ ഇനങ്ങളുടെ അനിയന്ത്രിതമായ വില്‍പനയെന്ന് ആരോഗ്യപ്രവര്‍ ത്തകര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ചു പരാതിയൊന്നും കിട്ടിയിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. പരാതി കിട്ടിയാല്‍ നടപടിയെടുക്കുമെന്നും അവര്‍ അറിയിച്ചു.
നികുതി വെട്ടിച്ചു കടത്തുന്ന സിഗരറ്റുകള്‍ പിടികൂടാന്‍ വാണിജ്യ നികുതി വകുപ്പ് പരിശോധനകള്‍ നടത്തുന്നുണ്ടെങ്കിലും ഫലപ്രദമായിട്ടില്ല.
0 comments :
Post a Comment