Friday, April 11, 2008

ഐ സീ, യൂ സീ, നോ സീ!!!

ആര്‌ ആരെയാണ്‌ മണ്ടന്മാരാക്കുന്നത്‌?

ആദിയില്‍ ബ്ലേഡ്‌ ഉണ്ടായി എന്ന്‌ നമ്മള്‍ മനസ്സിലാക്കിയത്‌ അപ്പച്ചന്റെ 'ബൈബില്‍ കി കഹാനിയാം' ക്രൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത കാലത്താണ്‌. ആബേലും കായേനും ക്ലീന്‍ ഷേവ്‌ ചെയ്ത്‌ സ്ക്രീനിലെത്തിയപ്പോഴായിരുന്നു അത്‌.

എന്നാല്‍ ആദിയില്‍ ബ്ലേഡ്‌ കമ്പനി ഉണ്ടായിരുന്നു എന്നതിനെക്കുറിച്ച്‌ കാര്യമായ വിവരമൊന്നും ലഭ്യമല്ല! എങ്കിലും കൊള്ളപ്പലിശയ്ക്ക്‌ പണം കടം കൊടുക്കുന്നവനെ കഴുത്തില്‍ തിരികല്ലുകെട്ടി കടലില്‌ എറിയണമെന്ന്‌ വേദപുസ്തകത്തിലുണ്ട്‌.

നമ്മുടെ നാട്ടില്‍ ബ്ലേഡ്‌ കമ്പനികള്‍ മുട്ടിയിട്ട്‌ നടക്കാനാവാത്തത്ര പുരോഗതിയാണ്‌ ഇപ്പോഴുള്ളത്‌. ലാഭകരമായി നടക്കുന്ന ഏക വ്യവസായം ബ്ലേഡ്‌ കമ്പനിയാണെന്നും വന്നിരിക്കുന്നു.

നമ്മുടെ പോളച്ചന്‍ മണിയന്‍കോടന്റെ കാറ്‌ തട്ടിക്കൊണ്ടുപോയതും ഒരു ബ്ലേഡ്‌ കമ്പനിക്കാരനായിരുന്നു. പോളച്ചന്‍ വാങ്ങിയ വണ്ടിയുടെ ബുക്കും പേപ്പറും തന്റെ പേരിലാകാതിരുന്നതാണ്‌ അദ്ദേഹത്തെ കുടുക്കിയത്‌. ആ വാഹനത്തിന്റെ ആദ്യത്തെ ഉടമയുടെ പേരിലുള്ള കടം ഈടാക്കാനായാണ്‌ ഹരിപ്പാട്‌ വച്ച്‌ ക്വട്ടേഷന്‍ ഗുണ്ടാ സംഘം വണ്ടി റാഞ്ചിയത്‌. ഇന്നത്തെ പത്രത്തില്‍ ഇക്കഥയുടെ ബാക്കിയുണ്ട്‌. അക്കഥയില്‍ വണ്ടി റാഞ്ചിയ ബ്ലേഡ്‌ കമ്പനിയെക്കുറിച്ച്‌ യാതൊരു വിവരവുമില്ല. ആ ബ്ലേഡ്‌ കമ്പനിയുടെ ഗുണ്ടകളുടെ പേരില്‍ കേസ്‌ കെട്ടിവച്ച്‌ കമ്പനി തടിതപ്പി!

ഇരുപത്തിനാലും ഇരുപത്തിയെട്ടും വയസ്സുള്ള രണ്ടു ചുള്ളന്മാരാണ്‌ പിടിയിലായ ഗുണ്ടകള്‍. എണീറ്റു നടക്കാന്‍ ജീവനില്ലാത്ത ഇവന്മാരെ ഗുണ്ടകള്‍ എന്നു വിളിച്ചാല്‍പോലും പാവം കിട്ടും!

കേസില്‍ എട്ടുപേര്‍കൂടി പിടിയിലാകാനുണ്ടെന്നും വാര്‍ത്തയിലുണ്ട്‌.

എങ്ങനെയുണ്ട്‌ ബ്ലേഡ്‌ കമ്പനിക്കാരുടെ ബുദ്ധി? ഇപ്പറഞ്ഞ ബ്ലേഡ്‌ കമ്പനിയെന്നു പറയുന്നത്‌ ആഗോളതലത്തില്‍ ശൃംഖലകളുള്ള ഒരു ന്യൂ ജനറേഷന്‍ ബാങ്കാണെന്നറിയുമ്പോള്‍ സംഗതിയുടെ പൊരുള്‍ പിടികിട്ടും!

ഐസീ ഐസീ......... യെന്നു തലകുലുക്കേണ്ട, നമ്മളെക്കൊണ്ടൊരുചുക്കും നടക്കില്ല!
സായിപ്പുന്മാര്‍ അടിക്കല്ലുവരെ മാന്തിക്കൊണ്ടുപോകും.

0 comments :