Wednesday, April 16, 2008

പട്ടി ചന്തയ്ക്കു പോയാല്‍ ഇതിലും പ്രയോജനം!

മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍, പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെപി രാജേന്ദ്രന്‍, സി ദിവാകരന്‍, എം വിജയകുമാര്‍, മുല്ലക്കര രത്നാകരന്‍, എന്‍കെ പ്രേമചന്ദ്രന്‍, മാത്യു ടി തോമസ്‌, മോന്‍സ്‌ ജോസഫ്‌, കേരള കോണ്‍ഗ്രസ്‌ നേതാവ്‌ കെഎം മാണി, ലീഗ്‌ നേതാവ്‌ പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍, കാലംതെറ്റി പെയ്ത മീനമഴ സൃഷ്ടിച്ച കെടുതിയെക്കുറിച്ച്‌ കേന്ദ്രസര്‍ക്കാരിനെ "ഫലപ്രദമായി ധരിപ്പിക്കാന്‍" പോയിട്ട്‌ വെറും കൈയോടെ മടങ്ങിവന്നു.

പട്ടി ചന്തയ്ക്ക്‌ പോയാല്‍ ഇതിലും പ്രയോജനം ലഭിച്ചേനേ എന്ന്‌ കുട്ടനാട്ടുകാരെക്കൊണ്ട്‌ മാത്രമല്ല സര്‍വ്വ മലയാളികളെക്കൊണ്ടും ചിന്തിപ്പിക്കാന്‍ ഈ പുംഗവന്മാര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌, കൃഷിമന്ത്രി ശരത്‌ പവാര്‍, ആഭ്യന്തരമന്ത്രി ശിവരാജ്‌ പാട്ടീല്‍ എന്നീ കേന്ദ്ര ത്രിത്വങ്ങളും കൂടിച്ചേര്‍ന്നപ്പോള്‍ രാഷ്ട്രീയ വഞ്ചനയുടെ ഒരു (ദൂഷിത)വൃത്തം പൂര്‍ത്തിയായി.

മഴക്കെടുതി സഹിക്കാം, പക്ഷെ ഈ നേതാക്കന്മാരുടെ തോന്ന്യാസങ്ങളും അവകാശവാദങ്ങളും തീര്‍ത്തും അസഹനീയമാണ്‌.

മീനമഴയില്‍ കേരളത്തിനാകെയുണ്ടായ നഷ്ടം 1440 കോടിയാണെന്നും അത്‌ ഒറ്റയടിക്ക്‌ കേന്ദ്രത്തെകൊണ്ട്‌ സമ്മതിപ്പിച്ച്‌ ചാക്കുനിറയെ പണവും ദുരിതാശ്വാസവുമായി തിരിച്ചെത്താമെന്നും വലിയവായില്‍ വിളിച്ചുകൂവിയിട്ടാണ്‌ അച്യുതാനന്ദന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി സംഘം ന്യൂഡല്‍ഹിയിലേക്ക്‌ വിമാനം കയറിയത്‌. മഴക്കെടുതി വിലയിരുത്താന്‍ വന്ന കേന്ദ്ര വിധഗ്ദസംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ കെട്ടിയെഴുന്നള്ളത്ത്‌. സര്‍വ്വകക്ഷി സംഘം ചെന്ന്‌ മന്‍മോഹന്‍ അടക്കമുള്ളവരെ മുഖംകാണിച്ചാല്‍ ആവശ്യത്തിന്‌ പണം നല്‍കുമെന്നായിരുന്നു കേന്ദ്രസംഘത്തിന്റെ നിര്‍ദ്ദേശം.

മഴ കോരിച്ചൊരിഞ്ഞുകൊണ്ടിരിക്കെ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലും കെ മുരളീധരന്റെ നായകത്വത്തിലും മന്ത്രി പ്രേമചന്ദ്രന്റെ ലീഡര്‍ഷിപ്പിലും മൂന്ന്‌ സംഘങ്ങളാണ്‌ കേന്ദ്ര സര്‍ക്കാരിനെ വിവരം ധരിപ്പിക്കാന്‍ പോയത്‌. അതിന്റെ അടിസ്ഥാനത്തിലാണെന്ന്‌ ഈ നേതാക്കള്‍ അവകാശപ്പെടുന്നു, കേന്ദ്രസംഘം നിരീക്ഷണത്തിന്‌ എത്തിയത്‌. അഞ്ചു ജില്ലകളില്‍ ഓട്ടപ്രദക്ഷിണം നടത്തി അവര്‍ തിരിച്ചുപോകുകയും ചെയ്തു.

അച്യുതാനന്ദന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിസംഘം മന്‍മോഹന്റെ സവിധത്തിലെത്തിയപ്പോഴാണ്‌ അറിയുന്നത്‌ കേന്ദ്രസംഘം ഇതുവരെ അവരുടെ വിലയിരുത്തല്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിട്ടില്ല എന്ന്‌. ആ റിപ്പോര്‍ട്ട്‌ കിട്ടാതെ നയാപൈസ നല്‍കുന്ന പ്രശ്നമില്ലെന്ന്‌ മന്‍മോഹന്‍ അറുത്തുമുറിച്ച്‌ പറഞ്ഞപ്പോള്‍ പഞ്ചപുച്ഛമടക്കി ആസനത്തിലെ പൊടിതട്ടി എഴുന്നേറ്റ്‌ പോകാന്‍ മാത്രമേ അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ക്ക്‌ കഴിഞ്ഞുള്ളൂ.

കൃഷിമന്ത്രി പവാറാകട്ടെ ഈ ഷണ്ഡന്മാരുടെ നെറുകയില്‍ തന്നെ പ്രഹരമേല്‍പ്പിച്ചു. മഴക്കെടുതിയുടെ പേരില്‍ അഞ്ചുപൈസ നല്‍കുന്ന പ്രശ്നമില്ലെന്ന്‌ തീര്‍ത്തുപറഞ്ഞ അദ്ദേഹത്തോട്‌ വെട്ടിക്കുറച്ച റേഷനെങ്കിലും പുനസ്ഥാപിക്കണമെന്ന്‌ കെഞ്ചിയപ്പോള്‍ വേണമെങ്കില്‍ പൊതുവിപണിയില്‍നിന്ന്‌ അരിയും ഗോതമ്പും വാങ്ങി കേരളത്തിലെ തെണ്ടികള്‍ക്ക്‌ 'കൊടുത്തോളാ'നായിരുന്നു നിര്‍ദ്ദേശം.

ഈ നിര്‍ദ്ദേശങ്ങളെല്ലാം കേട്ട്‌ അച്യുതാനന്ദനും കൂട്ടരും തിരിച്ചു പോരുകയും ചെയ്തു.

വഞ്ചനയുടെ, ചതിയുടെ, സാമദ്രോഹത്തിന്റെയൊക്കെ പര്യായങ്ങളായി അച്യുതാനന്ദനും കൂട്ടരും കേരളീയരോട്‌ പറയുന്നത്‌ "കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തെ ഫലപ്രദമായി ധരിപ്പിക്കാന്‍ കഴിഞ്ഞുവെന്നും തങ്ങള്‍ക്ക്‌ പ്രതീക്ഷയുണ്ട്‌" എന്നുമാണ്‌. എന്നാല്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ക്കുള്ളില്‍നിന്ന്‌ മാത്രമെ എന്തെങ്കിലും ചെയ്യുകയുള്ളൂ എന്നും അതിന്‌ നിരവധി സാങ്കേതിക ബുദ്ധിമുട്ടുകളുണ്ടെന്നും അടിയന്തര സഹായമായി തുക അു‍വദിക്കാന്‍ പഴുതില്ലെന്നുമാണ്‌ കേന്ദ്രസര്‍ക്കാരിന്റെ നയം. ഇന്ന്‌ പവാര്‍ പറയുന്നു, നഷ്ടത്തിന്റെ 75 ശതാമനം നല്‍കാന്‍ കേന്ദ്രം തയ്യാറാണ്‌ പക്ഷെ അതിനായി പുതിയ അപേക്ഷ സമര്‍പ്പിക്കണം.

കേരളത്തിന്റെ പ്രശ്നങ്ങളോട്‌ എന്നും ഇത്തരത്തിലുള്ള പ്രതിലോമ നിലപാടാണ്‌ കേന്ദ്രം സ്വീകരിച്ചിട്ടുള്ളത്‌. ഒരു ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട്‌ പുലര്‍ത്തേണ്ട നീതിയും മാന്യതയും ഒരിക്കലും കേന്ദ്രത്തില്‍ നിന്ന്‌ ഉണ്ടായിട്ടില്ല. ഇടതുപക്ഷ നേതാക്കള്‍ നാഴികയ്ക്ക്‌ നാല്‍പ്പതുവട്ടം പുരപ്പുറത്തുനിന്ന്‌ വിളിച്ചുകൂവുന്ന കേന്ദ്ര അവഗണനയായി ഇതിനെ വിശേഷിപ്പിക്കാം. പ്രതിഷേധാര്‍ഹവും ക്രൂരവുമാണ്‌ കേന്ദ്രത്തിന്റെ ഈ നിലപാടെന്ന കാര്യത്തില്‍ സംശയവുമില്ല.

എന്നാല്‍ കേന്ദ്രത്തെ മാത്രം കുറ്റംപറയുമ്പോള്‍ അത്‌ വിലയിരുത്തലിന്റെ ഏകപക്ഷീയത മാത്രമായിതീരും. ഇവിടെ ആവശ്യം നട്ടെല്ലു നിവര്‍ത്തി അവകാശങ്ങള്‍ വാങ്ങിയെടുക്കാനുള്ള നേതൃത്വമാണ്‌. മുമ്പൊരിക്കല്‍ പ്രധാനമന്ത്രിയുടെ വസതിക്കു മുമ്പില്‍ നിരാഹാരം കിടക്കുമെന്ന്‌ പറഞ്ഞ വ്യക്തിയാണ്‌ മുഖ്യമന്ത്രി. സര്‍വ്വകക്ഷി സംഘം ചെന്നിട്ടും കേരളത്തിന്റെ പ്രശ്നങ്ങളോട്‌ അല്‍പ്പം പോലും പരിഗണന കാണിക്കാതിരുന്ന കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ എന്തുകൊണ്ട്‌ അച്യുതാനന്ദന്‌ നട്ടെല്ലില്ലാതെ പോകുന്നു. ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ നദീജലം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക്‌ വേണ്ടി സ്വീകരിക്കുന്ന തന്റേടം നിറഞ്ഞ നിലപാട്‌ അച്യുതാനന്ദനും ഉമ്മന്‍ചാണ്ടിയുമൊന്നും കാണുന്നില്ല എന്ന്‌ പറയുമ്പോള്‍ അതിന്റെ അര്‍ത്ഥം കേന്ദ്രത്തിന്റെ ചതിപ്രയോഗങ്ങള്‍ക്ക്‌ പരിസരമൊരുക്കുന്ന കൂട്ടിക്കൊടുപ്പുകാര്‍ മാത്രമാണ്‌ ഇവരെന്നാണ്‌. ഇവരൊക്കെ നേതാക്കന്മാരായി തുടരുന്ന കാലത്തോളം ആത്മഹത്യ മാത്രമാണ്‌ കേരളീയന്‌ മോചനപ്രതീക്ഷയായി അവശേഷിക്കുന്നത്‌.

1 comments :

  1. Unknown said...

    കാലവര്‍ഷം വന്നാലും പേമാരി നാശം വിതച്ചാലും ഇവര്‍ക്കെന്താ ചേതം പോകുന്നവര്‍ ഈ നാട്ടിലെ പാവപ്പെട്ടവനാണു.ഓട്ടടുക്കുമ്പോള്‍ മാത്രം മതി അവര്‍ക്കിവരെ