Tuesday, April 15, 2008

പ്രിയ കെടാമംഗലം ക്ഷമിക്കുക!

ലാഭവും നഷ്ടവും കച്ചവടത്തിന്റെ ഭാഷയാണ്‌. കാഥികശ്രേഷ്ഠന്‍ കെടാമംഗലം സദാനന്ദന്റെ വേര്‍പാടിലും സാംസ്ക്കാരിക നായകന്മാര്‍ പറഞ്ഞത്‌ 'നികത്താനാവാത്ത നഷ്ടം' എന്നാണ്‌. ഒരു കലാകാരന്റെ ജീവിതത്തെ സമൂഹം അളക്കേണ്ടത്‌ ലാഭനഷ്ടക്കണക്കുകള്‍ വച്ചല്ല. ആ കലാകാരനോട്‌ നാം എന്തുചെയ്തു എന്ന അളവുകോല്‍ വച്ചാവണം.

കെടാമംഗലത്തിന്റെ ജീവിതം ഒരു കലാപ്രവര്‍ത്തനം മാത്രമായിരുന്നില്ല. ഒരു രാഷ്ട്രീയപ്രവര്‍ത്തനം കൂടിയായിരുന്നു. ഉത്സവപ്പറമ്പുകളില്‍, സമ്മേളന വേദികളില്‍ ഒക്കെയും സിനിമാറ്റിക്‌ ഡാന്‍സുകാരുടെ അശ്ലീല നൃത്തച്ചുവടുകള്‍ നിറയുന്നതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്‌.

ഭരണകൂടം പൗരന്മാരെ സര്‍ക്കസ്‌ കാണിച്ചും ഇക്കിളിയിട്ടും മണ്ടന്മാരാക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനമാണത്‌!

കെടാമംഗലം 'വാഴക്കുല'യെന്ന ചങ്ങമ്പുഴക്കവിത കഥയായ്‌ പറഞ്ഞകാലത്ത്‌; 'നട്ടുനനച്ച' പാവങ്ങളല്ല വെട്ടിത്തിന്നിരുന്നത്‌. 'ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ' എന്ന്‌ നാട്ടിന്‍പുറങ്ങളില്‍, പാടവരമ്പുകളില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ പാടിനടന്നത്‌ കെടാമംഗലത്തിന്റെ ശിക്ഷണത്തിലായിരുന്നു. ആ പാട്ടാണ്‌ കേരളത്തെ ഭൂപരിഷ്കരണത്തിലേക്ക്‌ നയിച്ചതെന്ന്‌ കുത്തിരുന്നു ചിന്തിച്ചാല്‍ പിടികിട്ടും.

കെടാമംഗലത്തിന്റെ കസേര ഒഴിഞ്ഞുതന്നെ കിടക്കണമെന്നാണ്‌ നമ്മുടെ ആശയിപ്പോള്‍. മിമിക്രികാട്ടുംപോലെ കഥപറയാന്‍ ഇറങ്ങിപ്പുറപ്പെട്ട കാഥികര്‍, എന്താണ്‌ കലയെന്നും എന്തിനാണ്‌ കലയെന്നും അറിയാത്ത ഉത്സാഹകമ്മറിക്കാര്‍ ഒക്കെയും ആഗ്രഹിക്കുന്നതും. ആ 'നഷ്ടം' നഷ്ടമായിതന്നെ കിടക്കട്ടെ എന്നാണ്‌.

ചവിട്ടുനാടകം മുതല്‍ മാര്‍ഗംകളിവരെ കാക്കത്തൊള്ളായിരം കലാരൂപങ്ങള്‍ അന്യംനിന്നുപോകുന്നതില്‍ വ്യസനിച്ചു നടക്കുന്ന സാംസ്ക്കാരിക നായകര്‍ മത/ജാതി സംഘടനകള്‍, കേരളാ കോണ്‍ഗ്രസ്‌ മുതല്‍ മുസ്ലീം ലീഗുവരെയുള്ള പാര്‍ട്ടികള്‍ ഒന്നും കഥാപ്രസംഗത്തെ അന്യന്‍തിന്നുപോകുന്നതില്‍ വ്യസനിക്കില്ല.

കാരണം, കഥാപ്രസംഗത്തിന്റെ രാഷ്ട്രീയ ഗുണം കിട്ടിയത്‌ കമ്യൂണിസ്റ്റുകാര്‍ക്കാണ്‌. കമ്യൂണിസ്റ്റുകാര്‍ക്കാവട്ടെ, അധികാരം കയ്യിലുള്ളതുകൊണ്ട്‌ കഥാപ്രസംഗം നിലനിര്‍ത്തണമെന്നൊന്നും ചിന്തിക്കാന്‍ വേണ്ട നേരമില്ല.

കമ്യൂണിസ്റ്റുകാരൊക്കെയും ഇപ്പോള്‍ കഥയില്ലാത്ത പ്രസംഗക്കാരായിരിക്കുന്നു; പിന്നെന്തിനാണൊരു കഥാപ്രസംഗം എന്നാണവരുടെ ലൈന്‍!

പ്രിയ കെടാമംഗലം, ഞങ്ങള്‍ ഈ വിധിക്ക്‌ അര്‍ഹരാണ്‌. ക്ഷമിക്കുക!

0 comments :