Wednesday, April 16, 2008

ഡിവൈഎഫ്‌ഐ ഭാരവാഹിയെ വിവാഹം ചെയ്ത യുവാവിനെ സഭ പുറത്താക്കി

പ്രത്യേക ലേഖകന്‍
കൊല്ലം: ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ്‌ പ്രസിഡന്റും കേന്ദ്രകമ്മറ്റി അംഗവുമായ കെ.ലതയെ വിവാഹം ചെയ്ത യുവാവിനെ രണ്ടാം വാര്‍ഷികത്തിന്‌ തൊട്ടുമുന്‍പ്‌ ഓര്‍ത്തഡോക്സ്‌ സഭ പുറത്താക്കി. ലതയുടെ ഭര്‍ത്താവ്‌ ശൂരനാട്‌ സ്വദേശി ബിമല്‍ വാവച്ചനെ സഭയില്‍നിന്ന്‌ പുറത്താക്കിക്കൊണ്ടുള്ള അറിയിപ്പ്‌ കഴിഞ്ഞ ദിവസം പോരുവഴി മാര്‍ ബസേലിയോസ്‌ ഓര്‍ത്തഡോക്സ്‌ പള്ളി വികാരി പ്രാര്‍ത്ഥനക്കിടെ വിശ്വാസികളെ വായിച്ചുകേള്‍പ്പിച്ചു.

2006 മെയ്‌ എട്ടിനായിരുന്നു ലതയും ബിമലും വിവാഹിതരായത്‌. മന്ത്രി പി.കെ. ഗുരുദാസന്‍, സിപിഎം ജില്ലാ സെക്രട്ടറി കെ.രാജഗോപാല്‍, പി. രാജേന്ദ്രന്‍ എംപി തുടങ്ങിയ നിരവധി നേതാക്കളുടെ കാര്‍മികത്വത്തില്‍ കമ്യൂണിസ്റ്റ്‌ ശൈലിയിലായിരുന്നു വിവാഹം. നിരവധി സഭാ വിശ്വാസികള്‍ കൊട്ടാരക്കരയില്‍ നടന്ന വിവാഹത്തിന്‌ എത്തിയിരുന്നു. വിവാഹം കഴിഞ്ഞ്‌ രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ സഭ പെട്ടെന്ന്‌ തീരുമാനം കൈക്കൊള്ളുകയായിരുന്നു. സഭയുടെ നിയമാവലി പ്രകാരമുള്ള വിവാഹത്തിന്‌ സന്നദ്ധനാകാതെ അന്യമതസ്ഥയായ യുവതിയെ വിവാഹം ചെയ്ത ബിമലിനെ സഭയില്‍നിന്നും പുറത്താക്കുന്നു എന്ന അറിയിപ്പാണ്‌ വികാരി ഫാ. മാത്യൂസ്‌ പി. ജോണ്‍ പള്ളിയില്‍ വായിച്ചത്‌.

സഭയുടെ ഉന്നതതലത്തില്‍ നിന്നുണ്ടായ തീരുമാനമാണ്‌ ഇതെന്നും പള്ളിക്ക്‌ ഇതില്‍ പ്രത്യേകിച്ച്‌ ഒരു കാര്യവുമില്ലെന്നും പോരുവഴി ഓര്‍ത്തഡോക്സ്‌ പള്ളി അധികൃതര്‍ വെളിപ്പെടുത്തി. സഭാംഗമായി തുടരണമെങ്കില്‍ സഭയുടെ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്‌.

അതേസമയം ബിമല്‍ വാവച്ചനെ സഭയില്‍നിന്ന്‌ പുറത്താക്കിയ നടപടി ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന്‌ കെ. ലത അഭിപ്രായപ്പെട്ടു. തങ്ങള്‍ക്ക്‌ ജീവിക്കാന്‍ ഏതെങ്കിലും സഭയുടെയോ സമുദായ മേലാളന്റെയോ തീട്ടൂരത്തിന്റെ ആവശ്യമില്ല. എങ്കില്‍പോലും ഒരാളോടും സംഘടിതമത നടത്തിപ്പുകാര്‍ ഇത്തരം സമീപനം സ്വീകരിക്കാന്‍ പാടില്ല. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്‌ അംഗവും ജില്ലാ ജാഗ്രതാ സമിതി അംഗവുമായ ലത ചൂണ്ടിക്കാട്ടി. തങ്ങളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വികാരിയെ ക്ഷണിച്ചിരുന്നതാണ്‌. നൂറുകണക്കിന്‌ സഭാംഗങ്ങള്‍ പങ്കെടുത്ത വിവാഹം പരസ്യമായാണ്‌ നടത്തിയത്‌ എന്നിരിക്കെ വീണ്ടും വിവാഹം കഴിക്കണമെന്ന്‌ വാദഗതി അല്‍പത്തവും ധാര്‍ഷ്ട്യം നിറഞ്ഞതുമാണെന്ന്‌ ബിമല്‍ വാവച്ചന്‍ പറഞ്ഞു

1 comments :

  1. വിനയന്‍ said...

    മുസ്ലിം അസഹിഷ്ണുതയുടെ തുടര്‍ച്ച ..ക്യസ്ത്യാനികളും ഒട്ടും പിന്നിലല്ലെന്ന് വിളിഛ്കോതുന്നു.