Monday, April 7, 2008

ധ്യാനത്തിനെത്തിയ യുവതി ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷയായി

MURINGUR DIVINE RETREAT CENTER
സ്വന്തം ലേഖകന്‍

ചാലക്കുടി: മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം വീണ്ടും വിവാദമാകുന്നു. ഇത്തവണ ധ്യാനത്തിനെത്തിയ യുവതി ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷമായതാണ്‌ വിവാദം. ഇതുസംബന്ധിച്ച്‌ യുവതിയുടെ ബന്ധുക്കളും ധ്യാനകേന്ദ്രം നടത്തിപ്പുകാരും നല്‍കുന്ന വിശദീകരണങ്ങള്‍ പരസ്പരവിരുദ്ധ മാണ്‌. മാര്‍ച്ച്‌ 16-മുതല്‍ ധ്യാനത്തില്‍ പങ്കെടുത്തിരുന്ന സ്ത്രീയെയാണ്‌ ദുരൂഹസാഹചര്യത്തില്‍ കാണാതായത്‌.

നിലമ്പൂര്‍ എരുമമുണ്ട നാരായണന്‍ മകള്‍ തങ്കമണി (44) യെയാണ്‌ വെള്ളിയാഴ്ച മുതല്‍ കാണാതായത്‌. രാവിലെ പത്തര വരെ ധ്യാനകേന്ദ്രത്തില്‍ തങ്കമണിയെ കണ്ടവരുണ്ട്‌. സഹോദരന്‍ സന്തോഷ്‌, ഭാര്യ ലതിക എന്നിവര്‍ക്കൊപ്പമാണ്‌ ഇവര്‍ ധ്യാനത്തിനെത്തിയത്‌. സഹോദരന്റെ ഭാര്യയുടെ അസുഖം മാറാനാണ്‌ ഇവര്‍ ധ്യാനത്തിന്‌ വന്നിരുന്നത്‌. ഇവര്‍ മുമ്പ്‌ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ പ്രേഷിതയായിരുന്നു. സഹോദരന്‍ സന്തോഷ്‌ കഴിഞ്ഞ ആഴ്ച ധ്യാനം കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോയിരുന്നു. അസുഖം കുറയാത്ത കാരണം ഡയറക്ടര്‍ ഫാ.ജോര്‍ജ്‌ പനയ്ക്കലിന്റെ നിര്‍ദ്ദേശാനുസരണം ഒരാഴ്ച കൂടി ധ്യാനത്തിന്‌ കൂടുവാന്‍ പറഞ്ഞതിനെ തുടര്‍ന്നാണ്‌ ഇവര്‍ വീണ്ടും ധ്യാനത്തില്‍ പങ്കെടുത്തത്‌.

അതിനിടയില്‍ ലതികയെ അവരുടെ വീട്ടുകാര്‍ വന്ന്‌ വീട്ടിലേക്ക്‌ കൊണ്ടുപോയി. തങ്കമണിയെ കൊണ്ടുപോകാന്‍ സഹോദരന്‍ സന്തോഷ്‌ വെള്ളിയാഴ്ച എത്താമെന്ന്‌ അറിയിച്ചിരുന്നു. അതുപ്രകാരം 3 മണിയോടെ ധ്യാനകേന്ദ്രത്തിലെത്തിയ സന്തോഷ്‌ സഹോദരിയെ കാണണമെന്ന്‌ പറഞ്ഞപ്പോള്‍ അവര്‍ ഇവിടെയില്ല എന്ന മറുപടിയാണ്‌ ധ്യാനകേന്ദ്രം അധികൃതര്‍ നല്‍കിയത്‌.

ധ്യാനത്തിനുവന്നാല്‍ ധ്യാനം കഴിയുന്നതുവരെ ആരേയും പുറത്തുപോകാന്‍ അനുവദിക്കാറില്ല. കൊല്ലം പള്ളിമുക്ക്‌ സ്വദേശി ഷീബ എന്ന സ്ത്രീയോടൊപ്പം ഇവര്‍ ഇവിടെനിന്നും പോയി എന്നാണ്‌ ധ്യാനകേന്ദ്രം അധികൃതര്‍ ഇപ്പോള്‍ പറയുന്നത്‌. ധ്യാനകേന്ദ്രം അധികാരികള്‍ പറയുന്നതില്‍ അവ്യക്തത ഉള്ളതായി സന്തോഷ്‌ വാസ്തവത്തോട്‌ പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തില്‍ കൊരട്ടി പോലീസ്‌ കേസെടുത്തു. തുടര്‍ന്ന്‌ നടന്ന അന്വേഷണത്തില്‍ തങ്കമണിയുടെ ബാഗ്‌ ധ്യാനകേന്ദ്രത്തില്‍ നിന്നും പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌. അതില്‍ 923 രൂപയും ഉണ്ടായിരുന്നു. തങ്കമണി ധ്യാനകേന്ദ്രത്തില്‍ തന്നെയുണ്ടെന്ന്‌ സന്തോഷ്‌ പറയുന്നു.

0 comments :