Thursday, June 19, 2008

പോലീസ്‌ എന്നുവച്ചാലെന്താ?

പോലീസ്‌ എന്നുവച്ചാൽ എന്താ?
നിർവചനം ദേ, താഴെ സല്യൂട്ടടിച്ചുനിൽക്കുന്നു.
P എന്നുവച്ചാൽ പൊളൈറ്റ്നസ്‌ - എന്നുവച്ചാൽ വിനയം.
O എന്നുവച്ചാൽ ഒബീഡിയൻസ്‌ - എന്നുവച്ചാൽ അനുസരണം.
L എന്നുവച്ചാൽ ലോയൽറ്റി - എന്നുവച്ചാൽ സത്യസന്ധത.
I എന്നുവച്ചാൽ ഇന്റലിജൻസ്‌ - എന്നുവച്ചാൽ ബുദ്ധി.
C എന്നുവച്ചാൽ കറേജ്‌ - എന്നുവച്ചാൽ ധൈര്യം.
E എന്നുവച്ചാൽ എഫിഷ്യൻസി - എന്നുവച്ചാൽ സാമർത്ഥ്യം.

ഇത്രയുമെത്തുമ്പോൾ താങ്കളുടെ ഉള്ളിൽ ഒരു ചിരി പൊട്ടിവിരിയുന്നുണ്ടോ?
ഉണ്ടെങ്കിൽ നല്ലത്‌. കോമൺമാന്‌ കോമണായി കാണപ്പെടുന്നതും മറ്റു പല പ്രമാണിമാർക്കും അത്ര കോമണല്ലാത്തതുമായ കോമൺസെൻസ്‌ എന്നൊരു സംഗതിയുടെ സഹയാത്രികനായ ഹ്യൂമർസെൻസ്‌ താങ്കൾക്കുണ്ട്‌ എന്നതാണ്‌ ആ ചിരിയുടെ പിന്നിലെ രഹസ്യം!

പോലീസ്‌ എന്നുവച്ചാൽ എന്താ?
എൽഡിഎഫ്‌ ഭരിക്കും കാലം യുഡിഎഫുകാരെ തല്ലാനും, യുഡിഎഫ്‌ ഭരിക്കുംകാലം എൽഡിഎഫുകാരെ തല്ലാനും ലീഡർ ഭരിക്കും കാലം ലീഡർക്കു തോന്നിയവരെയൊക്കെ തല്ലാനും, കട്ടവനെ കണ്ടില്ലെങ്കിൽ കണ്ടവനെ പിടിക്കാനും, ബെല്ലില്ലാത്ത സൈക്കിൾ യാത്രക്കാരെയും ഹെൽമെറ്റില്ലാത്ത ബൈക്ക്‌ യാത്രക്കാരെയും വഴിയിൽ തടഞ്ഞ്‌ കാശുപിടുങ്ങാനും, നാലുചട്ടി മണലിന്‌ 1000 രൂപ പിഴയീടാക്കാനും, സ്വാമിമാർ, ആസാമിമാർ, ഭൂസ്വാമിമാർ തുടങ്ങിയ സകല ഉഡായിപ്പുകൾക്കുംവേണ്ടി ഒത്താശചെയ്യാനും ഒക്കെയുള്ള സംവിധാനമാണ്‌ പോലീസ്‌ എന്ന്‌ നമ്മളെ പഠിപ്പിച്ചത്‌ നമ്മുടെ പോലീസ്‌ തന്നെയാണ്‌!

പോലീസ്‌ ആർക്കുവേണ്ടിയാണ്‌?
ജനാധിപത്യക്രമത്തിൽ, ജനങ്ങൾക്കുവേണ്ടിയാണ്‌ എന്നാണു മറുപടി. എന്നാൽ ഫലത്തിൽ ആർക്കുവേണ്ടിയാണ്‌ എന്ന ചോദ്യത്തിന്‌ പലതുണ്ടു മറുപടി.

ജനനായകൻ അച്യുതാനന്ദന്‌ പിന്നാലെ സുരക്ഷാകവചമൊരുക്കി നടക്കുന്നത്‌ ഒന്നും രണ്ടുമല്ല എൺപത്തിയഞ്ചു പോലീസുകാർ! ആഭ്യന്തരമന്ത്രി കോടിയേരിക്കു പിന്നാലെ മുപ്പത്തിയഞ്ചു പോലീസുകാർ, സുധാകരനൊഴികെയുള്ള മന്ത്രിസത്തമന്മാർക്കൊക്കെ കൂടി പത്തഞ്ഞൂറു പോലീസുകാർ!

കമ്യൂണിസ്റ്റുകാർ മന്ത്രിമാരാകുമ്പോൾ അവർക്കെന്താണ്‌ സംഭവിക്കുന്നത്‌. അവന്മാർ പേടിത്തൊണ്ടരായി മാറുന്നുവെന്നാണോ ഈ പോലീസ്‌ വിന്യാസത്തിന്റെ അർത്ഥം!

ജനങ്ങളെ പേടിക്കുന്ന ഭരണാധികാരികൾ ജനവിരുദ്ധരായ ഭരണാധികാരികളാണെന്നാണ്‌ ചരിത്രം പഠിപ്പിക്കുന്നത്‌.

അതൊക്കെ അവിടെയിരിക്കട്ടെ, പോലീസ്‌ എന്നുവച്ചാൽ എന്താണ്‌? ഈ ചോദ്യം കമ്യൂണിസ്റ്റുകാർക്കുള്ളതാണ്‌. പോലീസ്‌ ഭരണകൂടത്തിന്‌ പ്രജകളെ അടിച്ചമർത്താനുള്ള ആയുധമാണ്‌ എന്നാവും മറുപടി.

അപ്പോൾപിന്നെ ജനകീയ പോലീസ്‌ എന്നുവച്ചാൽ എന്താണ്‌?
ഇങ്ങനെ അധികം ചോദ്യങ്ങൾ ചോദിക്കരുത്‌. ചോദ്യം ചെയ്യാൻ മടിക്കാതിരിക്കുവിൻ എന്നു പാടിനടന്ന ചേട്ടന്മാർ പോലും ചോദ്യം ചോദിക്കലൊക്കെ നിർത്തി വെറുതേയിരിപ്പ്‌ പണിക്കുപോയിരിക്കുന്ന കാലത്ത്‌ വെറുതെ ചോദ്യങ്ങൾ ചോദിക്കരുത്‌!

1 comments :

  1. Unknown said...

    പോലീസിനെ പഴി പറഞ്ഞിട്ട് കാര്യമില്ല, പ്രശ്നം നമ്മുടെ വ്യവസ്ഥിതിക്കാണ്. അതൊട്ടു മാറാന്‍ പോകുന്നുമില്ല. എങ്ങനെ മാറാന്‍?മുഖം നോക്കാതെ നടപടിയെടുക്കാന്‍ പറ്റുമോ? പാര്‍ട്ടികളുടെ ലോക്കല്‍ നേതാക്കള്‍ വിചാരിച്ചാല്‍ പോലും ഇന്നൊരു എസ് ഐ ക്കോ മറ്റുള്ളവര്‍ക്കോ ഒരു സ്ഥലം മാറ്റം വാങ്ങിക്കൊടുക്കാം. പിന്നെ ആ പാവങ്ങളെന്തു ചെയ്യും?
    ഭരിക്കുന്നവരുടെ ചട്ടുകമാവാനേ അവര്‍ക്കു കഴിയൂ, അല്ലേലും പ്രതിപക്ഷത്തിരിന്നു തല്ലു കൊള്ളുമ്പോള്‍ അവര്‍ വിളിച്ച് പറയണതെന്താ?

    ഭരണം മാറട്ടേ കാണിച്ചു തരാം എന്ന്....

    -----------------------------------------
    വായിക്കൂ ‘അതെ ഇതു നീയും ഞാനും!
    Subscribe My Blog with Google Reader