Monday, June 9, 2008

മൂന്നാർ: ചെമ്പുതെളിഞ്ഞു

മൂന്നാർ ദൗത്യസംഘത്തിന്റെ പ്രവർത്തനങ്ങൾക്ക്‌ പാരവച്ച സിപിഐ ഓഫീസിന്റെ വിവാദ പട്ടയം റദ്ദാക്കിയതിലൂടെ വെളിയം ഭാർഗ്ഗവനും പന്ന്യൻ രവീന്ദ്രനും കെഇ ഇസ്മായിലും കെപി രാജേന്ദ്രനും അടക്കമുള്ളവരുടെ ചെമ്പു തെളിഞ്ഞു.

'കോട്ടിട്ടയാൾക്കും അതിനു മുകളിലുള്ള ആൾക്കു'മെതിരെ അന്ന്‌ പന്ന്യൻ അടക്കമുള്ളവർ നടത്തിയ ആക്രോശങ്ങൾ ഇന്ന്‌ ഓർക്കുമ്പോൾ ഊറിച്ചിരിക്കാൻ വക നൽകുന്നുണ്ട്‌. 'ഉള്ളതുപറയുമ്പോൾ ഉറിയും ചിരിക്കും' എന്ന ചൊല്ല്‌ അന്ന്‌ സിപിഐക്കാർ തിരുത്തിയത്‌ ഇങ്ങനെയായിരുന്നു: ഉള്ളത്‌ പറയുമ്പോൾ കള്ളനും തുള്ളും.

ഏതായാലും, ചില രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെങ്കിലും പട്ടയം റദ്ദാക്കാൻ സിപിഐ എടുത്ത തീരുമാനം വൈകിവന്ന വിവേകം തന്നെയാണ്‌. മുൻ മുഖ്യമന്ത്രി പികെ വാസുദേവൻനായരെ കർഷകനാക്കി ആയിരുന്നു പാർട്ടി ഓഫീസിനുവേണ്ടി അന്ന്‌ സിപിഐ കള്ളപ്പട്ടയം തരപ്പെടുത്തിയത്‌.

മൂന്നാറിൽ പട്ടയമേള നടത്താൻ കെഇ ഇസ്മായിൽ അർഹതയില്ലാത്ത അഡീഷണൽ തഹസിൽദാറായിരുന്ന എംഐ രവീന്ദ്രനെ നിയമിച്ചതിൽ ആരംഭിച്ച കള്ളക്കളിയുടെ ദാരുണമായ അന്ത്യമാണിപ്പോൾ സംഭവിച്ചത്‌.

ഭക്ഷ്യസുരക്ഷാപദ്ധതി അടക്കമുള്ള സിപിഐയുടെ ഹിഡൺ അജണ്ടകളെ വെട്ടിനിരത്തിയ സിപിഎമ്മിനെ വെട്ടിലാക്കാനാണ്‌ ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നതാണ്‌ ചിരിയുണർത്തുന്ന മറ്റൊരു വസ്തുത. സിപിഐയുടെ പാർട്ടി ഓഫീസിന്‌ സമീപത്തുതന്നെയാണ്‌ സിപിഎമ്മിന്റെ പാർട്ടിഓഫീസും അതിനുമുകളിലുള്ള പഞ്ചനക്ഷത്ര റിസോർട്ടും. ജില്ലാ സെക്രട്ടറി എംഎം മണിക്ക്‌ കാർഷികവൃത്തി നടത്താനെന്ന പേരിലാണ്‌ മൂന്നാർ കോളനിറോഡിൽ സിപിഎം 25 സെന്റ്‌ സ്ഥലത്തിന്‌ പട്ടയം വാങ്ങിയെടുത്തത്‌.

മൂന്നാർ ദൗത്യം വിവാദമായപ്പോൾ പാർട്ടിഓഫീസിന്‌ മുകളിലുള്ള പഞ്ചനക്ഷത്ര റിസോർട്ടിന്റെ പ്രവർത്തനം നിർത്തിവയ്ക്കുകയും പിന്നീട്‌ പാർട്ടിഓഫീസിന്‌ ചുറ്റുമുള്ള സ്ഥലത്ത്‌ ശീതകാല പച്ചക്കറികൃഷി നടത്തുകയും ചെയ്ത്‌ നാട്ടുകാരുടെ കണ്ണിൽ പൊടിയിട്ട സിപിഎം ഇപ്പോൾ സമ്മർദ്ദത്തിലായിരിക്കുകയാണ്‌, സ്വാഭാവികമായും സിപിഐയുടെ പാത പിന്തുടർന്ന്‌ അനധികൃതമായി സമ്പാദിച്ച പട്ടയം റദ്ദാക്കാൻ സിപിഎമ്മും തയ്യാറാകേണ്ടതുണ്ട്‌. അത്‌ സംഭവിക്കുമോയെന്ന്‌ കാത്തിരുന്ന്‌ കാണാം.

യഥാർത്ഥത്തിൽ, മൂന്നാറിലെ കയ്യേറ്റക്കാരായ റിസോർട്ട്‌ മാഫിയയെ കുടിയിറക്കാൻ അച്യുതാനന്ദൻ എടുത്ത തീരുമാനത്തെ ഭരണമുന്നണിയിലെ മുഖ്യകക്ഷിയായ സിപിഐയും സിപിഎമ്മിലെ ഔദ്യോഗികപക്ഷവും ചേർന്ന്‌ അട്ടിമറിക്കുകയായിരുന്നു എന്ന ആരോപണമാണ്‌ ഇപ്പോൾ ശരിയായിട്ടുള്ളത്‌. പട്ടയം റദ്ദാക്കാൻ കാണിച്ച മിടുക്കുപോലെ മൂന്നാർ ദൗത്യം അട്ടിമറിച്ചതിലുള്ള പങ്ക്‌ ഏറ്റുപറയാൻ സിപിഐ തയ്യാറാകുമ്പോൾ മാത്രമെ പ്രായശ്ചിത്തം പൂർണ്ണമാകൂ. തെറ്റുകൾ സംഭവിക്കുമ്പോൾ അത്‌ തിരുത്തി മുന്നോട്ടുപോകുമെന്നാണ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾ ആവർത്തിച്ച്‌ അവകാശപ്പെടാറുള്ളത്‌. അങ്ങനെയെങ്കിൽ മൂന്നാറിൽ നടത്തിയ അട്ടിമറി ഏറ്റെടുത്ത്‌ കേരളത്തിലെ പൊതുജനങ്ങളോട്‌ ക്ഷമയാചിക്കാൻ വെളിയവും കൂട്ടരും- പ്രത്യേകിച്ച്‌ പന്ന്യൻ രവീന്ദ്രനും കെഇ ഇസ്മായിലും തയ്യാറാകണം.

1964 ലെ ഭൂമിപതിവ്‌ ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണ്‌ മൂന്നാറിലെ പാർട്ടിഓഫീസുകൾക്കും റിസോർട്ടുകൾക്കും ഭൂമി പതിച്ചുനൽകിയത്‌. സാധാരണ ജില്ലാ കളക്ടറാണ്‌ പട്ടയം നൽകേണ്ടത്‌. എന്നാൽ അഡീഷണൽ തഹസിൽദാറായിരുന്ന എംഐ രവീന്ദ്രനെ പട്ടയവിതരണത്തിന്‌ ചുമതലപ്പെടുത്തിയത്‌, നിയമം അനുശാസിക്കുന്ന രീതിയിൽ ലാൻഡ്‌ റവന്യൂ കമ്മീഷണർ വഴി പ്രത്യേക ഗസറ്റ്‌ വിജ്ഞാപനം നടത്താതെയായിരുന്നു. പട്ടയം നൽകാൻ ഗസറ്റ്‌ വിജ്ഞാപനത്തിലൂടെയല്ല എംഐ രവീന്ദ്രന്‌ അനുമതി നൽകിയതെന്ന്‌ റവന്യൂവകുപ്പ്‌ ഇപ്പോൾ സമ്മതിക്കുന്നുണ്ട്‌.

അങ്ങനെ വരുമ്പോൾ അന്നുലഭിച്ച പട്ടയങ്ങളെല്ലാം അനധികൃതമാണെന്നും അതിൽ കുടിയേറിയിട്ടുള്ളവരെ ഇറക്കിവിടേണ്ടതാണെന്നും പറയാൻ പ്രത്യേക ഗസറ്റ്‌ വിജ്ഞാപനത്തിന്റെയൊന്നും ആവശ്യമില്ല. എന്നിട്ടും സിപിഐയുടെയും സിപിഎമ്മിന്റെയും പാർട്ടിഓഫീസുകളും ധന്യശ്രീ പോലുള്ള റിസോർട്ടുകളും ഇപ്പോഴും മൂന്നാറിൽ പ്രവർത്തിക്കുന്നു എന്നുപറയുമ്പോൾ അത്‌ നിയമത്തോടും സർക്കാരിനോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണ്‌. അതേസമയം പട്ടയം റദ്ദാക്കാൻ സിപിഐ ഇപ്പോൾ കൈക്കൊണ്ടിട്ടുള്ള തീരുമാനം ഒട്ടനവധി നിയമപ്രശ്നങ്ങളും ഉയർത്തുന്നുണ്ട്‌. 'ഏതോ വിവരദോഷി നൽകിയ അപേക്ഷയിൽ ലഭിച്ച പട്ടയം തങ്ങൾക്കുവേണ്ട' എന്നാണ്‌ സിപിഐ അസിസ്റ്റന്റ്‌ സെക്രട്ടറി കെഇ ഇസ്മായിൽ പ്രതികരിച്ചത്‌. പികെ വാസുദേവൻ നായരാണ്‌ പട്ടയത്തിന്‌ അപേക്ഷനൽകിയ 'വിവരദോഷി'!

പികെവിയുടെ വ്യാജഒപ്പിട്ട്‌ സിപിഐ നേതാക്കളാണ്‌ അപേക്ഷ നൽകിയതെന്ന്‌ വ്യക്തമായിട്ടുണ്ട്‌. 11.5 സെന്റിന്‌ പട്ടയ അപേക്ഷ നൽകിയപ്പോൾ അന്നത്തെ ലാന്റ്‌ അസസ്മെന്റ്‌ കമ്മറ്റിയിൽ മൂന്ന്‌ സിപിഐ നേതാക്കളുണ്ടായിരുന്നു. അന്നത്തെ എഐടിയുസി ജില്ലാ പ്രസിഡന്റും ജില്ലാപഞ്ചായത്തംഗവുമായ മുത്തുപാണ്ടി, അന്നത്തെ മൂന്നാർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ചോലൈസ്വാമി, സിപിഐ നേതാവ്‌ നടരാജൻ എന്നിവരാണവർ. സിപിഐയുടെ പട്ടയമുള്ള ഭൂമിക്കാണ്‌ അപേക്ഷ വച്ചതെങ്കിൽ എന്തുകൊണ്ടിവർ എതിർത്തില്ലെന്നും എന്തിന്‌ വീണ്ടും പട്ടയം നൽകാൻ തീരുമാനിച്ചു എന്നുമുള്ള ചോദ്യങ്ങൾക്ക്‌ സിപിഐ നേതാക്കൾ മറുപടി പറഞ്ഞേതീരൂ.

ലാന്റ്‌ കൺസർവേഷൻ ആക്ടനുസരിച്ച്‌ തെറ്റായ വിവരങ്ങൾ നൽകി ഭൂമി സ്വന്തമാക്കിയാൽ അത്‌ ക്രിമിനൽ കുറ്റമാണ്‌. അങ്ങനെയെങ്കിൽ മൂന്നാറിലെ വ്യാജപട്ടയത്തിന്റെപേരിൽ ശിക്ഷയനുഭവിക്കാൻ വെളിയവും കൂട്ടരും തയ്യാറാകുമോ? എങ്കിൽമാത്രമെ ഇവരീപറയുന്ന കാര്യങ്ങളിലെ ആത്മാർത്ഥത ജനങ്ങൾക്കു ബോധ്യമാകൂ.

2 comments :

  1. Lavin said...

    അടുത്തവന്മാരുടെ ടെനില്‍ കാണാം ...

  2. നന്ദു said...

    മൂന്നാർ നീക്കം തകർക്കാൻ വേണ്ടിയുള്ള ശക്തമായ ഇടപെടലായിരുന്നല്ലോ അന്ന് സി. പി. ഐ നടത്തിയത്. അവരുടെ കൈവശം ഉള്ളതിൽ ഒരു ഭാഗത്തിന്റെ രേഖ വ്യാജപട്ടയം തന്നെയാണെന്ന് അറീഞ്ഞൂ കൊണ്ടു തന്നെയാണവർ അന്ന് പ്രതിഷേധിച്ചത്. ഇപ്പോൾ അതൊക്കെ ഒതുക്കിയല്ലോ അപ്പോ പിന്നെ സത്യം പുറത്തു പറയാമെന്നു കരുതിക്കാണും.!