ഉന്നതന്മാരുടെ ഉല്ലാസകേന്ദ്രങ്ങൾക്ക് നിയന്ത്രണം പാടില്ലെന്നോ?
"ഒന്നുകിൽ വ്യവസ്ഥകൾ ലംഘിച്ച സ്ഥാപനങ്ങൾ ഏറ്റെടുക്കുന്നത് നിർത്തണം. അല്ലെങ്കിൽ എല്ലാം പിടിച്ചെടുക്കണം". റവന്യു പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി. ഹരൻ ഇന്നലെ ഇങ്ങനെ പറയുമ്പോൾ വികാരാധീനയായിരുന്നു. കവടിയാറിലെ ഗോൾഫ് ക്ലബ് സർക്കാർ ഏറ്റെടുത്ത ഉടൻ വിട്ടുകൊടുക്കാനുള്ള ഹൈക്കോടതി വിധി വന്നപ്പോഴായിരുന്നു ഈ പ്രതികരണം.
നിലവിലിരിക്കുന്ന നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച്, നികുതി കുടിശിക വരുത്തിയതുകൊണ്ടാണ് ഗോൾഫ് ക്ലബ് ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് ക്ലബ് ഭാരവാഹികൾക്ക് ഔദ്യോഗികമായ അറിയിപ്പുനൽകുകയും അതിന്റെ സമയം അവസാനിച്ചപ്പോൾ, ശനിയാഴ്ചത്തെ മന്ത്രിസഭാ തീരുമാനപ്രകാരം ക്ലബ് ഏറ്റെടുക്കുകയുമായിരുന്നു.
എന്നാൽ മൂന്നാർ ഒഴിപ്പിക്കൽ ദൗത്യത്തിലെന്നപോലെ ഇക്കാര്യത്തിലും റവന്യുവകുപ്പും ഉദ്യോഗസ്ഥ ലോബിയും മേശയ്ക്കടിയിൽ കൈകോർത്തപ്പോൾ മറ്റൊരു സദുദ്ദേശ്യപരമായ സർക്കാർ നടപടിയാണ് അട്ടിമറിക്കപ്പെട്ടത്. ഈ അട്ടിമറിക്ക് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും വൻ വ്യവസായികളും റിട്ടയേർഡ് ഉദ്യോഗസ്ഥരും അഡ്വക്കേറ്റ് ജനറലും അഡീഷണൽ അഡ്വക്കേറ്റ് ജനറലുമെല്ലാം കൂട്ടുനിന്നുവെന്ന് പൊതുജനങ്ങൾക്ക് സംശയിക്കത്തക്കരീതിയിലായിരുന്നു സംഭവങ്ങളുടെ വികാസം.
ശനിയാഴ്ചത്തെ മന്ത്രിസഭായോഗമാണ് കവടിയാർ ഗോൾഫ് ക്ലബ് ഏറ്റെടുക്കാൻ തീരുമാനിച്ചത്. എന്നാൽ അന്നുതന്നെ ക്ലബ് ഏറ്റെടുക്കുന്നതിൽനിന്ന് സർക്കാരിനെ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി എത്തിയപ്പോൾ അണിയറയിലെ കളികളെല്ലാം പകൽവെളിച്ചത്തെത്തുകയായിരുന്നു. എന്നിട്ടും നിവേദിത പി. ഹരനെപോലെയുള്ള ഉദ്യോഗസ്ഥരെ, കീഴ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മധ്യത്തിൽ അധിക്ഷേപിക്കാനായിരുന്നു ഏറ്റെടുക്കൽ നടപടിപൂർത്തിയാക്കിയതെന്ന് വിശ്വസിക്കാനാണ് ഞങ്ങൾക്കിഷ്ടം. അല്ലായിരുന്നെങ്കിൽ ഏറ്റെടുക്കൽ നടപടിയുമായി ക്ലബിലെത്തിയ റവന്യു ഉദ്യോഗസ്ഥ സംഘത്തോട് ക്ലബ് അംഗങ്ങളായ ഉന്നത ഉദ്യോഗസ്ഥർ തട്ടിക്കയറുമായിരുന്നില്ലല്ലോ.
തലസ്ഥാനനഗരിയിൽ, 1100 കോടിയോളം രൂപ വിലവരുന്ന 25.38 ഏക്കർ സ്ഥലം ഏറ്റെടുക്കാനാണ് ശനിയാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എന്നാൽ സ്ഥലത്തിനുപുറമെ ക്ലബും ഓഫീസുമടങ്ങുന്ന കെട്ടിടവും അതോടനുബന്ധിച്ച് ബാർ സൗകര്യമുള്ള കെട്ടിടവും കൂടി റവന്യു ഉദ്യോഗസ്ഥർ ഏറ്റെടുത്തതായിരുന്നു നടപടികളിലെ 'ക്രമക്കേട്'.
അറിഞ്ഞുകൊണ്ട് ഇത്തരമൊരു നടപടിക്ക് റവന്യു ഉദ്യോഗസ്ഥരെ നിർബന്ധിച്ചവർക്കും ഈ അട്ടിമറിയിൽ പങ്കുണ്ടെന്നുതന്നെ ഞങ്ങൾ വിശ്വസിക്കുന്നു. ഉദ്യോഗസ്ഥതലത്തിൽ നടന്ന വൻ ചതിയായിരുന്നു ഇത്.
ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് സ്ഥാപിക്കപ്പെട്ടതും 160 വർഷം പഴക്കമുള്ളതുമാണ് ട്രിവാൻഡ്രം ഗോൾഫ് ക്ലബ്. ലോകത്തെതന്നെ പ്രശസ്തമായതും }ഒൻപത് കുഴികളുള്ളതുമായ ഗോൾഫ് കോഴ്സുകളിലൊന്നാണിത്. ബ്രിട്ടന് പുറത്ത് സ്ഥാപിക്കപ്പെട്ട ആദ്യത്തെ ഗോൾഫ് മൈതാനവും ഇതുതന്നെ. 370 ആജീവനാന്ത അംഗങ്ങളും 124 സാധാരണ അംഗങ്ങളും 35 കുടുംബബന്ധ അംഗങ്ങളുമടങ്ങിയ ഗോൾഫ് ക്ലബാണിത്. ബിസിനസുകാർ, അഡീഷണൽ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ, റിട്ടയർ ചെയ്ത ഐഎഎസ്, ഐപിഎസ് ഓഫീസർമാർ തുടങ്ങിയ വിവിഐപികളാണ് ക്ലബിലെ അംഗങ്ങൾ.
ടൂറിസം വികസനത്തിന് ഇത്തരമൊരു ക്ലബ് ആവശ്യമാണെന്ന് കാണിച്ച് സർക്കാരിൽനിന്ന് ധനസഹായം നേടിയാണ് ഉന്നതന്മാർ ഇവിടെ കുടിച്ച് കൂത്താടുന്നത്. തലസ്ഥാന നഗരിയിൽ എത്തുന്ന ഒരു വിദേശ ടൂറിസ്റ്റും ഇവിടം സന്ദർശിക്കാറില്ല.
നഗരമധ്യത്തിൽ ഉന്നതന്മാർക്ക് അഴിഞ്ഞാടാൻ ഇത്രയും വിസ്തൃതമായ സ്ഥലം സൗജന്യനിരക്കിൽ, സർക്കാർ ധനസഹായത്തോടെ ഒഴിച്ചിടേണ്ടതുണ്ടോ എന്ന ചോദ്യം ഏറെ പ്രസക്തമാണ്. തലസ്ഥാനത്തെ പല ഓഫീസുകളും വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുമ്പോഴാണ് സർക്കാരിന്റെ സ്ഥലം ഈ വിധത്തിൽ ഒരുപറ്റം വിവിഐപിമാരുടെ ഉല്ലാസങ്ങൾക്കുവേണ്ടി ഒഴിച്ചിട്ടിരിക്കുന്നത്.
പാട്ടകുടിശികയിനത്തിൽ ലക്ഷങ്ങളാണ് ക്ലബ് അധികൃതർ സർക്കാരിന് നൽകാനുള്ളത്. എന്നിട്ടും മാറിമാറി വന്ന ഒരു മന്ത്രിസഭയും ഈ അഴിഞ്ഞാട്ടത്തിന് കടിഞ്ഞാണിടാൻ ശ്രമിച്ചില്ല. അച്യുതാനന്ദൻ അതിനൊരുങ്ങിയപ്പോൾ നിയമ-റവന്യു വകുപ്പിലെ ഉന്നതന്മാരടക്കുള്ളവർ ചേർന്ന് നടപടി അട്ടിമറിക്കുകയും ഒരിക്കൽക്കൂടി കോടതിയുടെ നിശിത വിമർശനത്തിന് ഇരയാകുകയും പൊതുജനമധ്യത്തിൽ പരിഹാസര പാത്രമാകുകയും ചെയ്തു.
കവടിയാർ ഗോൾഫ് ക്ലബ് പോലെ ലക്ഷക്കണക്കിന് രൂപയുടെ പാട്ടകുടിശിക വരുത്തിയിട്ടുള്ള 20 ഉന്നത ഉല്ലാസകേന്ദ്രങ്ങളാണ് സംസ്ഥാനത്തൊട്ടാകെയുള്ളത്. പ്രമാണിമാരുടെ ഈ ക്ലബുകളിൽനിന്ന് പിരിഞ്ഞുകിട്ടാനുള്ളത് 215 കോടി രൂപയാണ്. ഇത്രയും വലിയൊരു തുക കുടിശിക വരുത്തിയിട്ടും നടപടിയെടുക്കാൻ ഒരു സർക്കാരും തയ്യാറാകാതിരുന്നതാണ് പൊതുജനങ്ങളെ അമ്പരപ്പിക്കുന്ന വസ്തുത. ലോട്ടറി-വ്യാപാര മാഫിയകൾക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ തന്നെയാണ് ഈ ഉന്നത ഉല്ലാസകേന്ദ്രങ്ങൾക്കും, പൊതുഖജനാവ് കൊള്ളയടിച്ച്, സർക്കാർ അനുവദിച്ചുകൊണ്ടിരുന്നത്.
തിരുവനന്തപുരം ശ്രീമൂലം ക്ലബ്, ടെന്നീസ് ക്ലബ്, തിരുവനന്തപുരം വിമൻസ് ക്ലബ്, യൂണിവേഴ്സിറ്റി വിമൻസ് ക്ലബ്, ഓഫീസേഴ്സ് ക്ലബ്, മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്, പേട്ട വനിതാ ക്ലബ് തുടങ്ങിയുള്ള തലസ്ഥാനത്തെ ഉന്നതവിഹാര കേന്ദ്രങ്ങളും കോടികളാണ് പാട്ടകുടിശിക വരുത്തിയിട്ടുള്ളത്. കൊല്ലം ജില്ലയിലെ ഉന്നതന്മാരുടെ ഉല്ലാസകേന്ദ്രങ്ങളിൽനിന്ന് 74.23 ലക്ഷം രൂപയും കൊച്ചിയിലെ കേന്ദ്രങ്ങളിൽനിന്ന് 354 ലക്ഷം രൂപയും ഈ ഇനത്തിൽ പിരിഞ്ഞുകിട്ടാനുണ്ട്.
ഇനി ഈ തോന്ന്യാസം അനുവദിക്കില്ലെന്ന് അച്യുതാനന്ദൻ തീരുമാനിച്ചപ്പോൾ, മൂന്നാറിലെന്നപോലെ, അതങ്ങ് മനസിൽപറഞ്ഞാൽ മതി എന്ന നിലപാടിലാണ് ഉന്നതന്മാർ ഏറ്റെടുക്കൽ നടപടിയെ അട്ടിമറിച്ചത്. ഇവിടെയാണ് നിവേദിത പി. ഹരന്റെ വാക്കുകൾ ഒരിക്കൽകൂടി പ്രസക്തമാകുന്നത്.
"ഇക്കാര്യങ്ങളെല്ലാം ജനങ്ങൾക്കറിയാം. അവർ തീരുമാനിക്കട്ടെ എന്തു വേണമെന്ന്". ഞങ്ങളുടെ ചോദ്യം ഇതാണ് - എന്തുവേണമെന്ന് തീരുമാനിക്കാനുള്ള ആർജ്ജവവും അത് നടപ്പിലാക്കാനുള്ള ആത്മാർത്ഥതയും നട്ടെല്ലുറപ്പും പൊതുജനങ്ങൾക്കുണ്ടോ?
ഇല്ലെങ്കിൽ.....!
0 comments :
Post a Comment