Tuesday, June 10, 2008

വലിയ ആസനങ്ങളിലിരുന്ന്‌ ആരെയാണ്‌ പരിഹസിക്കുന്നത്‌?

വലിയ വലിയ ചില സ്ഥാനങ്ങളും ചില ആസനങ്ങളും ഉണ്ട്‌. ആവക സ്ഥാനങ്ങളിലും ആസനങ്ങളിലും ഇരിക്കുന്നവർ വലിയ വലിയ ആൾക്കാരത്രെ!

അവർ വല്ലപ്പോഴുമേ വാ തുറക്കൂ. വാ തുറന്നാൽ ചെറിയ ചെറിയ ആളുകൾക്ക്‌ യാതൊരു എത്തും പിടിയും കിട്ടാത്ത കാര്യങ്ങളാവും പറയുക.

പൂവരണിയിലൊരു കൊച്ചു പെൺകിടാവിനെ പണക്കൊതി മൂത്ത ഒരു ബന്ധക്കാരി പെണ്ണുംപിള്ള വില പറഞ്ഞു വിറ്റുകൊണ്ടിരുന്നതും, ആ പാവം കുട്ടിയെ എയ്ഡ്സ്‌ ബാധിപ്പിച്ച്‌ കൊന്നതും കേരളത്തിലെ ചെറിയ ചെറിയ ആൾക്കാരെ മുഴുവൻ ഞെട്ടിച്ച ഒരാഴ്ചയാണ്‌ കടന്നുപോയത്‌. അന്നേരം വലിയൊരു ആസനത്തിൽനിന്ന്‌ ഒരു വെളിപാടുണ്ടായി.

പതിനെട്ടുവയസു കഴിയാത്ത പെൺപിള്ളേരെ കന്യാസ്ത്രീയാക്കാൻ വിടുന്നതിനെതിരെയായിരുന്നു ആ വെളിപാട്‌. വനിതാ കമ്മീഷൻ, പൂവരണിയിലെ പാവത്തിന്റെ കാര്യത്തിൽ കാണിച്ച 'ധീര' മൗനം ചെറിയ ചെറിയ മനുഷ്യർക്കു മനസിലാവാഞ്ഞതുപോലെതന്നെ 'കന്യാസ്ത്രീ' പ്രായ പ്രശ്നത്തിന്റെയും സന്ദർഭം വിവരിച്ച്‌ ആശയം വ്യക്തമാക്കാനുള്ള ചോദ്യത്തിന്‌ ഉത്തരമൊന്നും കിട്ടിയില്ല, ആ മണ്ടന്മാർക്ക്‌!
തെരുവുകുട്ടികൾക്കൊപ്പം പ്രമുഖർ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടരുതെന്ന്‌ ഇന്നലെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവായിരിക്കുന്നു. ഇത്രയും വലിയൊരു ആസനത്തിൽ നിന്നും ഇത്രയും വലിയൊരു ഉത്തരവു വന്നതിന്റെ സാംഗത്യമെന്ത്‌? വി.ആർ. കൃഷ്ണയ്യരെന്ന കേരളത്തിന്റെ മഹാനായ ന്യായാധിപനും, അഭിനയത്തിൽ മാത്രമല്ല സംസ്ക്കാരത്തിലും മികവുള്ള മമ്മൂട്ടിയും ഉൾപ്പെടെയുള്ളവർ ഇത്രയും കാലം 'ജനസേവ' ശിശുഭവൻ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട്‌ 'ബാലഭിക്ഷാടനത്തെ' മഹത്വവൽക്കരിച്ചുവെന്നു പറഞ്ഞാൽ ചെറിയ മനുഷ്യർക്കതു മനസിലാവില്ല!

ബാലവേല നിരോധിക്കണമെന്ന പ്ലക്കാർഡുമായി തെരുവുകുട്ടികൾക്കൊപ്പം പ്രമുഖർ പ്രത്യക്ഷപ്പെട്ടാൽ എങ്ങനെയാണ്‌ 'ബാലഭിക്ഷാടനം' മഹത്വവൽക്കരിക്കപ്പെടുന്നതെന്ന്‌ ചെറിയ മനുഷ്യർ ആരോടുപോയി സംശയം തീർക്കും!

ബാലഭിക്ഷാടനം തടയാൻ എന്തൊക്കെ ചെയ്യണം?
ജനിക്കുന്ന കുട്ടികളുടെ റെക്കോർഡ്‌ സർക്കാർ സൂക്ഷിക്കണം.

പിന്നെന്തു ചെയ്യണം?
കുട്ടിയുടെ വളർച്ചയിലെ ഓരോ പടവും അതിൽ രേഖപ്പെടുത്തണം.

അത്‌ കഴിഞ്ഞിട്ടെന്തു ചെയ്യണം?
പതിനാലുവയസുവരെ കുട്ടിയുടെ വളർച്ച സസൂക്ഷ്മം നിരീക്ഷിക്കണം.

ഇതൊക്കെ ആരെക്കൊണ്ടു ചെയ്യിക്കും?
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഏൽപ്പിക്കണം.

ബാലഭിക്ഷാടനത്തിനു കാരണമെന്ത്‌? തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സൂക്ഷ്മതക്കുറവാണ്‌ ബാലഭിക്ഷാടനത്തിനു കാരണം. ഇപ്പോൾതന്നെ ബാലഭിക്ഷാടനം തടയാൻ ഏട്ടിലൊരുപാടു പശുക്കാർ പുല്ലുതിന്നാതിരിക്കുന്നു. അന്നേരമാണ്‌ മനുഷ്യാവകാശ കമ്മീഷനു പുതിയ വെളിപാടുകൾ!

വലിയ വലിയ ആസനങ്ങളിൽ ഇരുന്നരുളുന്നവർ വല്ല കാലത്തും മണ്ണിലിറങ്ങി നടക്കുക. ചുറ്റുമൊന്നു കണ്ണോടിക്കുക. ചില്ലുമേടകളിലിരുന്നു കാണുന്ന കാഴ്ചകൾ ജീവിതത്തിന്റെ നേർക്കാഴ്ചകൾ അല്ലയെന്റെ സാറന്മാരെ!

ഈ നാട്ടിലെ വ്യവസ്ഥാപിത സംവിധാനങ്ങളിലെ തകരാറുകളാണ്‌ ബാലഭിക്ഷാടനം തുടങ്ങി നൂറുനൂറു സാമൂഹ്യതിന്മകൾക്ക്‌ കാരണമെന്നിരിക്കെ, 'തൊലിപ്പുറത്തു' തേക്കുന്ന 'ഓയിന്റ്മെന്റ്‌' നിലപാടുകൾ കൊണ്ട്‌ സാറന്മാർ ആരെയാണ്‌ പരിഹസിക്കുന്നത്‌?

1 comments :

  1. Shabeeribm said...

    ശക്തമായ ഭാഷ ...അഭിനന്ദങ്ങള്‍