കുട്ടിക്കുരങ്ങന്മാരുടെ കുരുത്തംകെട്ട രാഷ്ട്രീയം!
രാഷ്ട്രീയം എന്നാലെന്താണെന്ന് നമ്മുടെ പിള്ളേരോടു ചോദിച്ചാൽ എന്തായിരിക്കും ഉത്തരം? ഉത്തരം പലതായിരിക്കും. എസ്‌എഫ്‌ഐക്കാരൻ നൽകുന്ന ഉത്തരമാവില്ല കെഎസ്‌യുക്കാരൻ നൽകുന്ന ഉത്തരം. രണ്ടിനും നേർവിപരീതമാകും എബിവിപിക്കാർ നൽകുക. എസ്‌ഐഒ, കാമ്പസ് ഫ്രണ്ട് തുടങ്ങി കെഎസ്സി (എ ടു സെഡ്) ഗ്രൂപ്പുകാരുടെ ഉത്തരങ്ങളും പരസ്പര വിരുദ്ധം തന്നെയാകും!
ഒരു ചോദ്യത്തിനിങ്ങനെ പല ഉത്തരങ്ങൾ വരുന്നതെന്തുകൊണ്ടാവാം?
പിള്ളേരെ രാഷ്ട്രീയം പഠിപ്പിക്കുന്നത്, അല്ലെങ്കിൽ പഠിപ്പിക്കാതിരിക്കുന്നത് ശരിയായ, അല്ലെങ്കിൽ ശാസ്ത്രീയമായ രീതിയിലല്ല എന്നതുതന്നെ. ശാസ്ത്രം സത്യമാണെന്നാണ് പണ്ടൊക്കെ പഠിപ്പിച്ചിരുന്നത്. ഒരു കല്ലെടുത്ത് മുകളിലേക്കെറിഞ്ഞാൽ ആ കല്ല് എറിയുന്നവന്റെ തിരുമണ്ടയിൽ തന്നെ വന്നുവീഴുന്നത് ഗുരുത്വാകർഷണബലം എന്ന ശാസ്ത്രീയ സത്യത്തിന്റെ ബലത്തിലാണെന്ന് കല്ലെറിഞ്ഞ 'ഗുരുത്വം' കെട്ടവനു വരെ മനസിലാവും!
'ഗുരുത്വം' കെട്ട പിള്ളേരുടെ കയ്യാങ്കളികൾക്ക് കൈനീട്ടം വയ്ക്കുന്ന പരിപാടിയെയാണിപ്പോൾ വിദ്യാർഥി രാഷ്ട്രീയം എന്നു പറയുന്നത്. നാട്ടിൽ എന്തുനടക്കുന്നു, രാജ്യത്ത് എന്തുനടക്കുന്നു, ലോകത്ത് എന്തു നടക്കുന്നു എന്നൊന്നും തിരിച്ചറിയാത്ത 'ഗുരുത്വം' കെട്ട കല്ലേറുകാരെ വളർത്തിയെടുക്കലാണോ രാഷ്ട്രീയം?
എസ്‌എഫ്‌ഐ അക്രമത്തിനെതിരെ എന്നു പറഞ്ഞു നടത്തിയ സമരം മനോരമയെന്ന പത്രമാധ്യമത്തെ ആക്രമിക്കാൻ വേണ്ടിയായിരുന്നുവെന്നാണ് ഇന്നലെ കേരളത്തിനു മനസിലായത്. പൗരസ്വാതന്ത്ര്യം പോലെതന്നെ ജനാധിപത്യ സംവിധാനത്തിന്റെ സവിശേഷതയാകേണ്ട പത്രസ്വാതന്ത്ര്യത്തിൽതന്നെ കല്ലെറിഞ്ഞു കളിക്കാൻ എസ്‌എഫ്‌ഐക്കാർവരെ തുനിഞ്ഞിറങ്ങുമ്പോൾ, ഇവന്മാരൊക്കെ വളർന്ന് വലിയ നേതാക്കന്മാരാകുന്ന ഭീകരമായൊരു കാലത്ത് എന്തൊക്കെയാവും നടക്കാനിരിക്കുന്നത് എന്ന ആശങ്കയാണ് ഉയരുന്നത്.
വിദ്യാർഥി രാഷ്ട്രീയം വേണ്ട എന്ന് ലോകമെമ്പാടും ഈ കൊച്ചു കേരളത്തിലും വൻതോതിൽ പ്രചാരണങ്ങൾ നടക്കുന്നു. വിദ്യാർഥികൾ രാഷ്ട്രീയം പഠിച്ചാൽ, രാഷ്ട്രീയത്തിൽ പ്രവർത്തിച്ചാൽ നിലവിലുള്ള വ്യവസ്ഥിതികൾ അവർ സമൂലമായി അഴിച്ചുപണിയുകതന്നെ ചെയ്യും. അക്കാര്യം ലോകത്തെ സകല ഭരണകൂടങ്ങളുടെയും ഉറക്കം കെടുത്തും.
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രവും ലോകത്തെങ്ങുനിന്നും ഉയരുന്ന വിദ്യാർഥി മുന്നേറ്റങ്ങളും നൽകുന്ന പാഠമതാണ്. ഈ പാഠം മനസിലാക്കിയ അതിബുദ്ധിമാന്മാർ നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങളിൽ അവതരിച്ചതോടെയാണ് എല്ലാ അർത്ഥത്തിലും നാളെയുടെ നിയന്താക്കളാകേണ്ട വിദ്യാർത്ഥികളെ, അവരുടെ രാഷ്ട്രീയത്തെ ചുടുചോറുവാരിക്കുന്ന കുട്ടിക്കുരങ്ങാക്കി മാറ്റുന്നത്!
ഈ ആരോപണം ശരിയല്ലെന്നു സ്ഥാപിക്കാൻ അക്രമത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന കോടിയേരി മന്ത്രിയുടെ പ്രസ്താവന മാത്രം പോര!
1 comments :
plz visit www.anweshanam.com
Post a Comment