Tuesday, June 3, 2008

ഭേദം മൃഗാധിപത്യമോ!

അമേരിക്കയെന്ന ഭീകരരാജ്യം. അവിടത്തെ ഐടി മാലിന്യങ്ങൾ തള്ളാൻ വേണ്ടി കണ്ടുവച്ച രാജ്യങ്ങളിലൊന്നാണ്‌ ഇന്ത്യാ മഹാരാജ്യം! ആ ചെയ്ത്ത്‌ ശരിയോ എന്നു ചോദിച്ചാൽ സാമ്രാജ്യത്വ വിരുദ്ധരായ കമ്യൂണിസ്റ്റുകാർ മുതൽ മുതലാളിത്ത അനുകൂലികളായ കോൺഗ്രസ്സുകാർ വരെ ശരിയല്ലാ ശരിയല്ലായെന്ന്‌ ഒരേസ്വരത്തിൽ മുദ്രാവാക്യം വിളിക്കും!

കൊച്ചി നഗരത്തിലെ ചീഞ്ഞളിഞ്ഞ മാലിന്യം കൊണ്ടുപോയി തള്ളുന്നതിനുവേണ്ടി കൊച്ചി കോർപ്പറേഷൻ ഭരിക്കുന്ന കമ്യൂണിസ്റ്റുകാർ കണ്ടുവച്ച സ്ഥലങ്ങളിലൊന്നാണ്‌ കളമശ്ശേരി. അത്‌ ശരിയോ എന്നു ചോദിച്ചാൽ കൊച്ചിയിലെ കമ്യൂണിസ്റ്റുകാർ മാത്രമല്ല കോൺഗ്രസുകാരും മിണ്ടാതിരിക്കും!

അതേസമയം കളമശേരിയിലെ കമ്യൂണിസ്റ്റുകാർ മാത്രമല്ല; കോൺഗ്രസുകാർ വരെ ശരിയല്ല ശരിയല്ലായെന്ന്‌ ഒരേ സ്വരത്തിൽ മുദ്രാവാക്യം വിളിക്കും!

ഇതെന്തു നീതി ഇതെന്തു ഞായം
പറയൂ പറയൂ കാൺഗ്രസേ....

ഇതെന്തു നീതി ഇതെന്തു ഞായം
പറയൂ പറയൂ മാർക്കിസ്റ്റേ....

കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നുതന്നെയാണ്‌ തക്കവും തരവും പോലെ, പ്രബുദ്ധരും ജനാധിപത്യ പൗരാവകാശ മനുഷ്യാവകാശ വാദികളുമായ നമ്മൾ കേരളീയരും പ്രഘോഷിക്കുന്നതെന്ന്‌ ചെറിയൊരു മാലിന്യ പ്രശ്നം കൊണ്ടുതന്നെ പിടികിട്ടിയില്ലേ? പിന്നെന്തിന്‌ ഗർവിഷ്ഠരും സ്വാർത്ഥരും പൗരാവകാശ മനുഷ്യാവകാശ നിഷേധികളും ആയ അമേരിക്കൻ സാമ്രാജ്യത്വത്തെ കുറ്റപ്പെടുത്തണം?

വലിയ മൃഗങ്ങൾ ചെറിയ മൃഗങ്ങളെ വിശന്നാൽ മാത്രം കൊന്നുതിന്നും. വലിയ മനുഷ്യർ ചെറിയ മനുഷ്യരെ തക്കം കിട്ടുമ്പോഴൊക്കെ കൊന്നൊടുക്കും.

വലിയ മൃഗങ്ങൾ ചെറിയ മൃഗങ്ങളുടെ ആവാസകേന്ദ്രത്തിൽ മാലിന്യം കൊണ്ടുപോയി തള്ളുകയില്ല.
വലിയ മനുഷ്യർ ചെറിയ മനുഷ്യരുടെ ആവാസകേന്ദ്രങ്ങളിൽ മാലിന്യങ്ങൾ കൊണ്ടുചെന്നു തള്ളും!

'സർവൈവൽ ഓഫ്‌ ദി ഫിറ്റസ്റ്റ്‌' എന്നാണ്‌ പുതുലോക ക്രമത്തിന്റെ മുദ്രാവാക്യം! ഇപ്പോൾ യോഗ്യന്മാരല്ല അതിജീവിക്കുന്നത്‌; കരുത്തന്മാരാണ്‌. കളമശ്ശേരിയേക്കാൾ കരുത്തുണ്ട്‌ കൊച്ചിക്ക്‌. അതുകൊണ്ടാണീ ചെയ്ത്ത്‌!

ബാലരമയുടെ അവസാനപ്പുറത്ത്‌ കൊച്ചുപിള്ളേർ സങ്കൽപ്പിക്കും പോലെ ഈ ജനാധിപത്യത്തിലും നൂറെ ഭേദം മൃഗാധിപത്യം തന്നെയാണെന്ന്‌ തോന്നിപ്പോകുന്നു!

0 comments :