Saturday, June 28, 2008

വിവാദ പാഠപുസ്തകം: കത്തോലിക്കാ സഭയ്ക്ക്‌ പറയാനുള്ളത്‌

"ദൈവവിശ്വാസം നമ്മുടെ ജന്മാവകാശമാണ്‌
മതവിരുദ്ധ പാഠപുസ്തകങ്ങൾ പിൻവലിക്കുക"


ഏറ്റവും ഭീകരമായ വിപത്ത്‌ വളർന്നുവരുന്ന തലമുറയെ നിരീശ്വരവാദികളാക്കാനും കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രചിന്താഗതിക്കാരാക്കാനും നടത്തുന്ന ശ്രമങ്ങളാണ്‌. ഇതിന്റെ ഭാഗമായാണ്‌ കുഞ്ഞുമനസ്സുകളിൽ നിരീശ്വരവാദവും മതനിഷേധവും പാർട്ടി പ്രത്യയശാസ്ത്രവും അടിച്ചേൽപ്പിക്കുന്ന പാഠപുസ്തകങ്ങൾ കേരള വിദ്യാഭ്യാസവകുപ്പ്‌ തയ്യാറാക്കി പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഠനക്കളരികളിൽ വികസിച്ച ആശയങ്ങൾ ഇടതുസർക്കാർ പാഠപുസ്തകങ്ങളുടെ രൂപത്തിൽ കുട്ടികളുടെ മുമ്പിൽ അവതരിപ്പിച്ചിരിക്കുകയാണ്‌. ഔദ്യോഗിക സംവിധാനത്തിലൂടെ കുരുന്നിലേ കമ്യൂണിസ്റ്റ്‌ വിപ്ലവ ആശയങ്ങൾ കുത്തിവച്ച്‌ പാർട്ടി വളർത്താനുള്ള കുറുക്കുവഴിയായിട്ടാണ്‌ വിദ്യാഭ്യാസവകുപ്പ്‌ അനുദിനം മുന്നോട്ടുപോകുന്നത്‌.


ദൈവത്തിൽ വിശ്വസിക്കുകയും വിശ്വാസമനുസരിച്ച്‌ ജീവിക്കുകയും ചെയ്യുക എന്നത്‌ നമ്മുടെ ഓരോരുത്തരുടെയും ജന്മാവകാശമാണ്‌. മതേതരരാഷ്ട്രമായ ഭാരതത്തിൽ വിശ്വാസ മനുസരിച്ച്‌ ജീവിക്കുവാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകിയിട്ടുണ്ട്‌. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിൽ നിരീശ്വരവാദം വളർത്തിയെടുക്കാനും വിശ്വാസികളിൽ ആശയക്കുഴപ്പം ഉണ്ടാക്കി ആത്മീയനേതൃത്വത്തിനെതിരെ അവരെ തിരിച്ചുവിടുവാനുള്ള ശ്രമങ്ങൾ സംഘടിതമായി നടക്കുന്നു. പ്രത്യേകിച്ച്‌, ക്രൈസ്തവ വിശ്വാസത്തെ ശിഥിലമാക്കാനും സഭയുടെ സാമൂഹിക, വിദ്യാഭ്യാസ, ആതുരശുശ്രൂഷകളെ ചെറുതാക്കി കാണിക്കാനും പുരോഹിതരുടെയും സന്ന്യസ്തരുടെയും വിശ്വസ്തത നശിപ്പിക്കാനുമുള്ള ബോധപൂർവശ്രമം.

ഏറ്റവും ഭീകരമായ വിപത്ത്‌ വളർന്നുവരുന്ന തലമുറയെ നിരീശ്വരവാദികളാക്കാനും കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രചിന്താഗ തിക്കാരാക്കാനും നടത്തുന്ന ശ്രമങ്ങളാണ്‌. ഇതിന്റെ ഭാഗമായാണ്‌ കുഞ്ഞുമനസ്സുകളിൽ നിരീശ്വരവാദവും മതനിഷേധവും പാർട്ടി പ്രത്യയശാസ്ത്രവും അടിച്ചേൽപ്പിക്കുന്ന പാഠപുസ്തകങ്ങൾ കേരള വിദ്യാഭ്യാസവകുപ്പ്‌ തയ്യാറാക്കി പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഠനക്കളരികളിൽ വികസിച്ച ആശയങ്ങൾ ഇടതുസർക്കാർ പാഠപുസ്തകങ്ങളുടെ രൂപത്തിൽ കുട്ടികളുടെ മുമ്പിൽ അവതരിപ്പിച്ചിരിക്കുകയാണ്‌. ഔദ്യോഗിക സംവിധാനത്തിലൂടെ കുരുന്നിലേ കമ്യൂണിസ്റ്റ്‌ വിപ്ലവ ആശയങ്ങൾ കുത്തിവച്ച്‌ പാർട്ടി വളർത്താനുള്ള കുറുക്കുവഴിയായിട്ടാണ്‌ വിദ്യാഭ്യാസവകുപ്പ്‌ അനുദിനം മുന്നോട്ടുപോകുന്നത്‌.

ലക്ഷ്യം നേടാനുള്ള തന്ത്രങ്ങൾ
അധികാരവും ശക്തിയും സ്വാധീനവും ഉപയോഗിച്ച്‌ ലക്ഷ്യം നേടാൻ പല ഗൂഢപദ്ധതികളുമാണ്‌ സർക്കാർ ആവിഷ്ക്കരിച്ചിരിക്കുന്നത്‌. കേരളത്തിലെ സാംസ്ക്കാരിക നായകന്മാർ ഈ പാഠപുസ്തകങ്ങൾ വിവാദമാക്കേണ്ട എന്ന്‌ പറയുന്നതും ചില ടെലിവിഷൻ ചാനലുകളിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളും മാതാപിതാക്കളും ഈ പാഠപുസ്തകങ്ങൾ പഠിക്കുന്നതും പഠിപ്പിക്കുന്നതും തെറ്റില്ല എന്ന്‌ അഭിപ്രായപ്പെടുന്നതും ചില പത്രമാസികകളും ചാനലുകളും അഭിപ്രായ സർവേകൾ നടത്തി വിവാദ പാഠപുസ്തകങ്ങൾ പിൻവലിക്കേണ്ട എന്ന്‌ ഭൂരിപക്ഷത്തോടെ സമർത്ഥിക്കുന്നതും ഈ ലക്ഷ്യം സാധിക്കുന്നതിനുവേണ്ടി ഏതുതരത്തിലുള്ള തന്ത്രങ്ങളാണ്‌ സർക്കാർ ആവിഷ്ക്കരിച്ചിരിക്കുന്നത്‌ എന്നതിന്‌ തെളിവാണ്‌. ഇവ കൂടാതെ ഇടതുപക്ഷ അധ്യാപക സംഘടനകളുടെ സ്വാധീനത്തോടെ അധ്യാപകരിൽ ഭൂരിഭാഗത്തെ ഇടത്‌ ചിന്താധാരയിലുള്ള ബോധനരീതിയുടെ പ്രയോക്താക്കളാക്കി മാറ്റിയശേഷം വിദ്യാർഥികളെ ഇടതു ആശയഗതിക്കാരായി തങ്ങളോടൊപ്പം ചേർക്കുക എന്ന പാർട്ടിയുടെ മിനിമം പരിപാടിയാണ്‌ സംസ്ഥാനത്തെ വിദ്യാഭ്യാസവകുപ്പ്‌ ലക്ഷ്യമിടുന്നത്‌.

ഏഴാം ക്ലാസിലെ സാമൂഹികപാഠം
പുതുതായി പരിഷ്കരിച്ച പാഠപുസ്തകങ്ങൾ പൗളോ ഫെയർ എന്ന വിദ്യാഭ്യാസ സാമൂഹിക ശാസ്ത്രജ്ഞൻ വികസിപ്പിച്ച ഭവിമർശനാത്മക ബോധനശാസ്ത്രം അനുസരിച്ച്‌ തയ്യാറാക്കിയിട്ടുള്ളതാണ്‌. സമൂഹത്തിലെ വ്യവസ്ഥാപിത സ്ഥാപനങ്ങളായ മതം, കുടുംബം, പാരമ്പര്യങ്ങൾ എന്നിവയെ തകർക്കാനാണ്‌ പൗളോ ഫെയർ ഈ സിദ്ധാന്തം വികസിപ്പിച്ചത്‌. ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിൽ നിറഞ്ഞുകാണുന്ന ഇടതുപക്ഷ രാഷ്ട്രീയം ഹിഡൻ അജണ്ടയ്ക്കു തെളിവാണ്‌. ആദ്യപാഠത്തിൽ കേരളത്തിൽ നടപ്പായ ഭൂപരിഷ്ക്കരണം ഇടതുപക്ഷ ചായ്‌വോടെ അവതരിപ്പിച്ചിരിക്കുകയാണെങ്കിൽ രണ്ടാം പാഠം നിരീശ്വരത്വം പ്രോത്സാഹിപ്പിക്കുന്നവിധമാണ്‌ തയ്യാറാക്കിയിരിക്കുന്നത്‌. സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള മൂന്നാം പാഠം മിതവാദികളായ പല സ്വാതന്ത്ര്യ സമര നേതാക്കളെയും തമസ്കരിച്ച്‌ തീവ്രസ്വാതന്ത്ര്യസമര സേനാനി കൾക്ക്‌ മുൻഗണന നൽകുന്നു. ഈ പുസ്തകത്തിലെ സ്വാതന്ത്ര്യസമര ചരിത്രം വായിച്ചാൽ ഗാന്ധിജിയുടെയും ജവഹർലാൽ നെഹ്‌റുവി ന്റെയും സംഭാവനകൾ ഇടതുചിന്താഗതിക്കാരെക്കാൾ എത്രയോ നിസ്സാരമെന്നേ തോന്നൂ.

കേരളത്തിന്‌ ആവശ്യമായ അരി ഇവിടെ ഉത്പാദിപ്പിക്കാനാവാ ത്തതിന്റെ കാരണം തേടിക്കൊണ്ടാണ്‌ ഏഴാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം ഒന്നാം പാഠം തുടങ്ങുന്നത്‌. കൃഷിക്കാരനു കൃഷിഭൂമിയുടെ അവകാശം ലഭിച്ചതെപ്പോഴാണ്‌ എന്ന ചോദ്യമെറിഞ്ഞുകൊണ്ടു നൽകിയിട്ടുള്ള രണ്ടു ഖണ്ഡികകളിൽ ഒന്നജിയുടേതാണ്‌. മറ്റൊന്ന്‌ ഇടതുപക്ഷ സഹയാത്രികൻ കെ. മാധവൻനായരുടെ “'പോക്കുവെയിൽ' എന്ന ഗ്രന്ഥത്തിൽനിന്ന്‌ എടുത്തതും. പിന്നീട്‌ 'വിത്തിട്ടവൻ വിള കൊയ്യും' എന്ന തലക്കെട്ടിൽ പറഞ്ഞിരിക്കുന്നതു കരിവെള്ളൂരിലെ കർഷകസമരത്തെയും പോലീസ്‌ വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടതിനെയും കുറിച്ചാണ്‌. കൂടാതെ, ജന്മിത്വ കാലത്തെക്കുറിച്ചും കർഷക പ്രക്ഷോഭങ്ങളെപ്പറ്റിയും വിവരം ശേഖരിക്കാൻ നിർദേശിച്ചിട്ടുള്ള ഗ്രന്ഥങ്ങൾ ചെറുകാടിന്റെ 'നമ്മളൊന്ന്‌', മണ്ണിന്റെ മാറിൽ', കെ. ദാമോദരന്റെ 'പാട്ടബാക്കി', കെ.കെ.എൻ. കുറുപ്പിന്റെ 'കേരളത്തിലെ കർഷക സമരങ്ങൾ', ആണ്ടലാട്ടിന്റെ 'രേഖയില്ലാത്ത ചരിത്രം' എന്നിവയുമാണ്‌.

ഇതേ പുസ്തകത്തിലെ 'മനുഷ്യത്വം വിളയുന്ന ഭൂമി എന്ന യൂണിറ്റിലെ മതമില്ലാത്ത ജീവൻ' എന്ന തലക്കെട്ടിലുള്ള ഭാഗം നിരീ ശ്വരത്വം വളർത്താൻ ലക്ഷ്യമിട്ടുള്ളതാണ്‌. പ്രധാന അധ്യാപകനും രക്ഷിതാവുമായുള്ള സംഭാഷണത്തിലൂടെയാണ്‌ ഈ ഭാഗം തുടങ്ങുന്നത്‌. സ്കൂളിൽ ചേർക്കാനായി കുട്ടിയോടൊപ്പം എത്തിയ രക്ഷിതാക്കളെ മുന്നിലുള്ള കസേരകളിൽ ഇരുത്തി ഹെഡ്മാസ്റ്റർ അപേക്ഷ പൂരിപ്പിക്കാൻ തുടങ്ങി. 'മോന്റെ പേരേന്താ? ജീവൻ കൊള്ളാം. നല്ല പേര്‌. അച്ഛന്റെ പേര്‌? അൻവർ റഷീദ്‌. അമ്മയുടെ പേര്‌? ലക്ഷ്മീദേവി. ഹെഡ്മാസ്റ്റർ മുഖമുയർത്തി രക്ഷിതാക്കളെ നോക്കി ചോദിച്ചു. 'കുട്ടിയുടെ മതം ഏതാ ചേർക്കേണ്ടത്‌? ഒന്നും ചേർക്കണ്ട. മതമില്ലെന്ന്‌ ചേർത്തോളൂ. ജാതിയോ? അതും വേണ്ട' ഹെഡ്മാസ്റ്റർ കസേരയിലേക്ക്‌ ചാരിയിരുന്ന്‌ അൽപം ഗൗരവത്തോടെ ചോദിച്ചു: 'വലുതാകുമ്പോൾ ഇവന്‌ ഏതെങ്കിലും മതം വേണമെന്നു തോന്നിയാലോ? അങ്ങനെ വേണമെന്നു തോന്നുമ്പോൾ അവൻ ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കട്ടെ'. മതത്തെ തള്ളിപ്പറയാൻ പ്രേരിപ്പിക്കുന്ന രസകരമായ ചോദ്യങ്ങൾ തുടർന്നും പുസ്തകത്തിലുണ്ട്‌. താഴെപ്പറയുന്ന വിവിധ പ്രശ്നങ്ങൾ ഏതു മതത്തിൽപ്പെട്ടവരെയാണ്‌ കൂടുതൽ ബാധിക്കുക?1. വിലക്കയറ്റം, 2. കുടിവെള്ളക്ഷാമം, 3. പകർച്ചവ്യാധികൾ, 4. ഭൂകമ്പം.'

ഈ പാഠഭാഗത്ത്‌ ക്രൈസ്തവമതത്തെ വികലമായി ചിത്രീകരിച്ചിരിക്കുന്നു. 'അവർണജാതിയിൽനിന്നും ക്രിസ്തുമതത്തി ലേക്ക്‌ മതപരിവർത്തനം ചെയ്തവർ തീണ്ടലിലും തൊടീലിലും വിധേയരാവേണ്ടിവന്നു.' ദൈനംദിന വ്യവഹാരങ്ങളിലും സംഭാഷണങ്ങ ളിലും മാത്രമല്ല, പള്ളികളിൽപ്പോലും വിവേചനം ഉണ്ടായിരുന്നു. ഭദളിത്‌ ക്രിസ്ത്യാനികൾക്ക്‌ സവർണപള്ളികളിൽ പ്രവേശനം നിഷേ ധിച്ചിരുന്നു.' ദളിത-സവർണ ക്രിസ്ത്യാനികൾ തമ്മിൽ വിവാഹം അനുവദിച്ചിരുന്നില്ല. അക്രമത്തെ മഹത്വവത്കരിക്കുകയും നീതിക്കുവേണ്ടി കൊലപാതകം ചെയ്യുന്നതിൽ തെറ്റില്ല എന്ന്‌ കുട്ടികളെ പഠിപ്പിക്കുകും ചെയ്യുന്നു: ഏഴാം ക്ലാസ്‌ വിദ്യാർഥികളായ ശാന്തിയും സുനിതയും തെരഞ്ഞെടുത്ത മാർഗം തോക്കിന്റേതായിരുന്നു. 1931 ഡിസംബർ 14ന്‌ ശാന്തിയും സുനിതയും കോമില്ലയിലെ ജില്ലാ മജിസ്ട്രേറ്റ്‌ സ്റ്റീവൻസിന്റെ വീട്ടിലെത്തി. സ്കൂൾ വിദ്യാർഥികളായി ഇവരെ ഒട്ടും സംശയിക്കാതെ കാവൽക്കാർ മജിസ്ടേറ്റിനെ കാണാൻ അനുവദിച്ചു. സ്റ്റീവൻസനെ കണ്ട ഉടൻ രണ്ടുപേരും ഉടുപ്പിനുള്ളിൽ നിന്നു തോക്കെടുത്ത്‌ നിറയെഴിച്ചു'.

പുസ്തകത്തിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ
1. സമൂഹത്തിലെ സംഭവങ്ങൾ വിലയിരുത്തി അനാരോഗ്യ വിമർശനങ്ങൾ നടത്തുക. 2. നന്മയ്ക്കുവേണ്ടി തിന്മ പ്രവർത്തിക്കുന്നത്‌ ശരിയാണ്‌ (മാർഗമേതായാലും ലക്ഷ്യം നന്നായാൽ മതി എന്ന കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രം). 3. നിരീശ്വരവാദം വളർത്തുക, മതത്തെ തള്ളിപ്പറയുക. 4 മിശ്രവിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുക. 5. കമ്യൂണിസ്റ്റ്‌ നേതാക്കളെ മാതൃകകളായി ചിത്രീകരിച്ചിരിക്കുന്നു. 6. നിരീശ്വരവാദഗ്രന്ഥങ്ങൾ വായിക്കാൻ കുട്ടികളോട്‌ ആവശ്യപ്പെട്ടി രിക്കുന്നു. 7. സ്വാതന്ത്ര്യ സമരചരിത്രത്തെ വളച്ചൊടിച്ചിരിക്കുന്നു. 8. കമ്യൂണിസ്റ്റ്‌ സർക്കാരിന്റെ ഭരണപരിഷ്കാരങ്ങളെ മഹത്വവത്കരിച്ചി രിക്കുന്നു. 9. മതേതരത്വമെന്നാൽ മതമില്ലാത്ത അവസ്ഥ എന്ന്‌ സമർത്ഥിച്ചിരിക്കുന്നു. 10. വിപ്ലവം കുത്തിനിറച്ചിരിക്കുന്നു. 11. ചൈനീസ്‌ സംസ്ക്കാരത്തെ എടുത്തുപറഞ്ഞിരിക്കുന്നു. 12. ക്രൈസ്തവ വിശ്വാസത്തെ വികലമായി ചിത്രീകരിച്ചിരിക്കുന്നു. 13. മതത്തെ വിമർശിക്കാൻ കുട്ടികളെ പഠിപ്പിക്കുന്നു.

ഇനി നാം ചെയ്യേണ്ടത്‌
മതവിരുദ്ധവും നിരീശ്വരമനോഭാവങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും വർഗസമരത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ദേശീയ പ്രാദേശിക ചരിത്രസംഭവങ്ങളെ വ്യാഖ്യാനിക്കുന്നതും അനാരോഗ്യ ചരിത്രസംഭവങ്ങളെ വ്യാഖ്യാനിക്കുന്നതും അനാരോഗ്യകരമായ വിമർശന സംസ്ക്കാരം വളർത്തുന്നതുമായ പാഠപുസ്തകങ്ങൾ വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നത്‌ വരുംതലമുറയെ ഗുരുതരമായ വീഴ്ചകളിലേക്ക്‌ നയിക്കുന്നതിനിടയാക്കും. ഈ സാഹചര്യത്തിൽ സമൂഹത്തിന്റെ പൊതുനന്മയ്ക്കായി മതമൂല്യങ്ങളിലുറച്ച്‌ നമ്മുടെ സംസ്ക്കാരത്തിനുവേണ്ടി ശക്തമായ നിലപാടുകളും പ്രതികര ണങ്ങളുമായി നമ്മൾ രംഗത്തിറങ്ങിയേപറ്റൂ. നമ്മുടെ പൂർവപിതാ ക്കന്മാർ രക്തം ചിന്തിപ്പോലും സംരക്ഷിച്ച ദൈവവിശ്വാസം തകർക്കാൻ ശ്രമം നടക്കുമ്പോൾ അതിനെതിരെ ധീരമായി നിലകൊള്ളാൻ നമുക്ക്‌ സാധിക്കണം. ക്രിസ്തു നിങ്ങളിൽ രൂപപ്പെടുന്നതുവരെ ഞാൻ ഈറ്റുനോവ്‌ അനുഭവിക്കുന്നു എന്ന പൗലോസ്‌ അപ്പസ്തോലന്റെ ചിന്തയനുസരിച്ച്‌ നമ്മുടെ മക്കളിൽ ദൈവത്തെ രൂപപ്പെടുത്തുവാൻ നമുക്ക്‌ കടമയും ഉത്തരവാദിത്തവുമുണ്ട്‌. അതിനാൽ ഏഴാം ക്ലാസിലെ പാഠപുസ്തകങ്ങൾ പിൻവലിക്കേണ്ടത്‌ നമ്മുടെ അവകാശമാണ്‌. നമ്മുടെ കുട്ടികൾ ഈ പാഠപുസ്തകങ്ങൾ പഠിക്കാൻപാടുള്ളതല്ല. അതിനുവേണ്ടി നാം ധീരമായി മുന്നോട്ടുവരണം.

വിദ്യാഭ്യാസ ശുശ്രൂഷ സമിതി, കോട്ടപ്പുറം രൂപത

3 comments :

  1. Unknown said...

    Friday, June 27, 2008
    മതമില്ലാത്ത 'ജീവനും' ജീവനില്ലാത്ത മതവും
    ജനിക്കുമ്പോള്‍ തന്നെ വവ്വാലിനെപ്പോലെ ഭ്രാന്തിന്റെ അണുക്കളുമായി ജനിച്ച്‌ തലകീഴായി വളരണമോ അതോ വളര്‍ന്നു വലുതായി ഭ്രാന്തു കയറി തലകീഴായി ജീവിക്കണോ എന്നതാണ്‌ ചോദ്യം.

    അന്യോന്യം കഴുത്തിനു പിടിക്കുന്ന ലക്ഷണമൊത്ത താടിക്കാരും താടി വിത്തൗട്ട്‌ മീശക്കാരും എല്ലാം ഒത്തൊരുമിച്ച്‌ ഇപ്പോള്‍ തെരുവില്‍ സസുഖം കഴിയുന്നു. കോരിച്ചൊരിയുന്ന മഴയത്ത്‌ ഏഴാം ക്ലാസിലെ പാഠപുസ്‌്‌തകം കത്തിച്ചുകിട്ടുന്ന ചൂടാണ്‌ ഏകരക്ഷ.

    ലോകത്തെവിടെയും തെരുവുപിള്ളേര്‍ കൂടി ഒരു പുസ്‌തകം റോഡില്‍ കണ്ടാല്‍ അതെടുത്തൊന്നു വായിച്ചുനോക്കുകയാണ്‌ പതിവ്‌. റോഡിലെ പുസ്‌തകവണ്ടി പിടിച്ചുവച്ച്‌ അതെല്ലാം വാരിവലിച്ച്‌ ചവുട്ടിക്കൊരട്ടി തീവെക്കാന്‍ കഴിയുന്ന യോഗ്യര്‍ താലിബാനികള്‍മാത്രമാണെന്നാണ്‌ നിത്യന്‍ കരുതിയത്‌. അതേ ജനുസ്സില്‍ പെട്ട സുമനസ്സുകളുടെ ഉടമകള്‍ മലബാറിലും ഉണ്ടെന്ന്‌ കടലാസുകാര്‍ കാട്ടിത്തന്നു.

    എന്തെങ്കിലും ഒരു ആവശ്യത്തിനുവേണ്ടി തെരുവിലിറങ്ങുന്നവന്റെ തലതല്ലിപ്പൊളിക്കാന്‍ ഉയരുന്ന ഏമാന്‍മാരുടെ ലാത്തികളൊന്നും അന്നവറ്റകളുടെ കാലുതല്ലിയൊടിക്കാന്‍ ഉയരാത്തത്‌ മതനിരാസ (സെക്യുലാറിസം) ത്തിനുള്ള ശരിയായ ഭീഷണിയാണ്‌.

    സകല മതഭ്രാന്തന്‍മാരും ഇപ്പോള്‍ 'മതമില്ലാത്ത ജീവനെ' തല്ലിക്കൊല്ലാന്‍ തെരുവിലിറങ്ങിയിരിക്കുകയാണ്‌. കയ്യുംകെട്ടി ഇരിക്കാന്‍ പറ്റുമോ? എഴാംക്ലാസിലെ ഈ പാഠത്തെ അടിസ്ഥാനമാക്കിയായിരിക്കും ഇനിയങ്ങോട്ട്‌ കൃസ്‌തുവിന്റെയും നബിയുടെയും കൃഷ്‌ണന്റെയുമെല്ലാം ഭാവി.

    ഇന്നലെ വരെയെന്തായിരുന്നു പാഠപുസ്‌തം കൊണ്ടുണ്ടായ നേട്ടം എന്നാലോചിക്കണമാദ്യം. ഏഴാം ക്ലാസിലെ സാമൂഹ്യപാഠം വായിക്കുന്നതോടുകൂടി കുട്ടികള്‍ ഒന്നടങ്കം പലായനം ചെയ്‌ത്‌ പൊന്നാനിയിലോ ചങ്ങനാശ്ശേരിയിലോ എത്തും. തെക്കോട്ടുപോയവര്‍ പിന്നീട്‌ ഒരു കവിളും പൊത്തിപ്പിടിച്ച്‌ മറ്റേക്കവിളത്തടിക്കാന്‍ പറ്റിയ ആളെയും നോക്കി തിരിച്ചുനടക്കും. വടക്കോട്ടുപോയവര്‍ നല്ലൊരു തലേക്കെട്ടും കെട്ടി തിരിച്ചുവന്ന്‌ എല്ലാം വിറ്റുപെറുക്കി ദരിദ്രര്‍ക്ക്‌ സക്കാത്തും കൊടുത്ത്‌ ഹജ്ജിന്‌ പോകാന്‍ പറ്റിയ പത്തേമാരിയും കാത്ത്‌ മാനം നോക്കി കിടക്കും.

    നാളെയോ? ഏഴാം ക്ലാസിലെ പാഠം പഠിക്കുന്നതോടുകൂടി പിള്ളേരുടെ തലയില്‍നിന്നും മതം അപ്രത്യക്ഷമാവും. ദൈവവിചാരം നേര്‍ത്തുനേര്‍ത്തുവന്ന്‌ തീരെ ഇല്ലാതാകുന്ന ശുഭമുഹൂര്‍ത്തമാവും വര്‍ഷാന്തപരീക്ഷ. ദൈവവിചാരം ഡീലീറ്റായ സ്ഥലത്താണെങ്കില്‍ ശെയ്‌ത്താനായ വൈരുദ്ധ്യാത്മക ഭൗതീകവാദം ഇരമ്പിക്കയറും. അതോടെ പള്ളിക്കൂടം വിടുന്ന പിള്ളാര്‍ പള്ളിക്കെതിരെ തിരിയും. തെക്കോട്ടു പോകുന്നവര്‍ കോട്ടയം അതിരൂപതലക്ഷ്യം വച്ചും വടക്കോട്ട്‌ തിരിഞ്ഞവര്‍ പൊന്നാനിയിലേക്കും കുതിക്കും. പൊന്നാനിയിലെ വിശ്വാസത്തിന്റെ മാറ്റക്കച്ചടവും ചങ്ങനാശ്ശേരിയിലെ മാമോദീസയും അതോടെ അകാലചരമമടയും.

    ഭൂമി ഉരുണ്ടതാണെന്ന സത്യം വിളിച്ചുപറഞ്ഞപ്പോള്‍ കത്തോലിക്കാസഭ ജേര്‍ഡനോ ബ്രൂണോയെ ചുട്ടുകൊന്നു. ബൈബിളിലെ പരന്ന ഭൂമി ഉരുണ്ടാല്‍ അരമനകള്‍ നിലം പൊത്തി അച്ചന്‍മാര്‍ പെരുവഴിയാധാരമാവും എന്നായിരുന്നു വിചാരം. ശാസ്‌ത്രത്തിന്റെ തേര്‌ അതിനുശേഷവും പ്രകാശവേഗത്തില്‍ ഉരുണ്ടപ്പോള്‍, കളവുകള്‍ ഒന്നൊന്നായി നിലം പൊത്തിയപ്പോഴും അരമനകള്‍ വിലങ്ങനെ വളര്‍ന്നുവെന്നതാണ്‌ സത്യം.

    ഭൂമി ഉരുണ്ടതാണെന്നതിലും വലിയ കണ്ടുപിടുത്തമൊന്നുമല്ലല്ലോ 'മതമില്ലാത്ത ജീവന്‍'. അതുകൊണ്ട്‌ മതമില്ലാത്ത ജീവന്‍ വായിക്കുന്നതോടുകൂടി കണ്‍ട്രോളുവിടുന്ന പിള്ളേര്‍ വിശ്വാസത്തിന്റ അന്ത്യകൂദാശയും ജനാസനമസ്‌കാരവും കഴിഞ്ഞേ എട്ടാം ക്ലാസില്‍ കയറൂ എന്നുപദേശിച്ചു കൊടുത്ത വിഡ്ഡിയാണ്‌ എക്കാലത്തെയും മുന്തിയ പ്രവാചകന്‍.

    മനനം കൊണ്ടല്ലാതെ പഠനം കൊണ്ട്‌ മനുഷ്യന്‍ നല്ലവനാവുമെന്നൊരു തെറ്റിദ്ധാരണ ഏതായാലും നിത്യനില്ല. അങ്ങിനെയാണെങ്കില്‍ സമൂഹത്തിന്‌ ഏറ്റവും ഭീഷണിയായ ക്രിമിനലുകളായി ഐ.പി.എസുകാരും ഐ.എ.എസ്സുകാരും എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരും മാറുകയില്ലല്ലോ.

    ഒരു യഥാര്‍ത്ഥ ഭക്തനും ഒന്നാം തരം അവിശ്വാസിയും ഋഷിതുല്യരായിരിക്കും എന്നാണ്‌ നിത്യന്റെ ധാരണ. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌ എന്ന്‌ ശ്രീനാരായണഗുരു ബോധവല്‌ക്കരിച്ചപ്പോള്‍ ശിഷ്യന്‍ സഹോദരന്‍ അയ്യപ്പന്‍ ബോധവല്‌ക്കരിച്ചത്‌ ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്‌ എന്നായിരുന്നു. ബോധവല്‌ക്കരണത്തിന്റെ ഗുണമെത്താന്‍ വൈകിയില്ല. അയ്യപ്പന്റെ തല വെളിച്ചം കണ്ടാല്‍ അടി പുറത്തുവീഴുന്ന അവസ്ഥ.

    അവിശ്വാസിയായ അയ്യപ്പനെ ചുമലിലേറ്റി നടക്കുന്ന കാര്യത്തെപ്പറ്റി ഗുരു മറ്റുശിഷ്യന്‍മാരോട്‌ പറഞ്ഞത്‌ ഇങ്ങിനെയായിരുന്നു - നിങ്ങള്‍ക്ക്‌ തെറ്റുചെയ്‌താല്‍ മാപ്പിരക്കാന്‍ ഒരു ദൈവമുണ്ട്‌. ദൈവം സഹായിച്ച്‌ അയ്യപ്പനതില്ലാത്തതുകൊണ്ട്‌ മൂപ്പര്‍ അറിഞ്ഞുകൊണ്ട്‌ ഒരു തെറ്റും ചെയ്യുകയില്ല.

    പണ്ട്‌ മുകുന്ദനെഴുതിയത്‌ വായിച്ച്‌ ഒരു തലമുറ വഴിതെറ്റിപ്പോയിയെന്ന്‌ ഏതോ വിഡ്‌ഢി പറഞ്ഞതായി കേട്ടിട്ടുണ്ട്‌. മുകുന്ദന്റെ വരികള്‍ക്ക്‌ ഒരു തലമുറയെ വഴിതെറ്റിക്കാനാവുമെങ്കില്‍ ബൂദ്ധന്റെ പേരുകേട്ടാല്‍ തന്നെ ലോകത്തിന്റെ തന്നെ വഴി നേര്‍ക്കായിപ്പോവണമല്ലോ.

    കുരങ്ങില്‍ നിന്നും മനുഷ്യനുണ്ടായി എന്നു ഡാര്‍വിന്‍ പറഞ്ഞയുടനെ ജീസസും മുഹമ്മദ്‌ നബിയും അന്ത്യശ്വാസം വലിച്ചിട്ടില്ല. ശാസ്‌ത്രം പുരോഗമിക്കുമ്പോള്‍ വിശ്വാസത്തിന്റെ കൊട്ടകൊത്തളങ്ങള്‍ നിലം പൊത്തുമെന്നത്‌ മന്ദബുദ്ധികളുടെ ഒരന്ധവിശ്വാസമാണ്‌. അതിന്റെ ചരിത്രത്തിലെ ആദ്യത്തെ രക്തസാക്ഷിയാണ്‌ ബ്രൂണോ.

    പോത്തുപെറ്റെന്നു കേട്ടപ്പോള്‍ പണിക്കര്‍ കയറെടുത്തതിന്റെ കാരണമാണ്‌ ഒരു സമസ്യയായി അവശേഷിക്കുന്നത്‌. അദ്ധ്യാത്മികതയുടെ നാലയലത്ത്‌ പണ്ട്‌ അടുപ്പിച്ചുകൂടാത്ത സംഗതിയായിരുന്നു സെക്‌സ്‌. അക്കാലത്ത്‌ കാമശാസ്ര്‌തം വിരചിച്ച വാത്സ്യായന്‌ മഹര്‍ഷിപദം നല്‌കിയ സംസ്‌കാരമാണ്‌ ഹൈന്ദവസംസ്‌കാരം.

    ബലികൊടുക്കപ്പെട്ട മൃഗം സ്വര്‍ഗത്തില്‍ പോവുമെങ്കില്‍ നിന്റെ മാതാപിതാക്കളെ വെട്ടി ബലി കൊടുക്ക്‌. അവര്‍ വഴിതെറ്റി നരകത്തിലെത്തിപ്പോകേണ്ട്‌ സ്വര്‍ഗത്തില്‍ തന്നെയാവട്ടെ എന്നു കളിയാക്കിയ ലോകത്തിലെ ആദ്യത്തെ യുക്തിവാദിയായ ചര്‍വ്വാകനും അവിടെ മഹര്‍ഷിപദവിയുണ്ട്‌. അങ്ങിനെ എത്രയോ പേര്‍. യവനനായ അലക്‌സാണ്ടര്‍ തൊട്ടിങ്ങോട്ട്‌ ശീമസായ്‌പ്‌ വരെ ഉഴുതുമറിച്ചിട്ടും ആ ചിന്താധാരയുടെ ഉറവവറ്റാതിരുന്നത്‌ ഇതെല്ലാം കൊണ്ടാണ്‌.

    സ്വച്ഛന്ദമൃത്യുവാണ്‌ അത്തരം ആശയങ്ങള്‍. അവയുടെ സംരക്ഷണത്തിന്‌ തത്‌ക്കാലം പണിക്കരുടെയോ കാവികെട്ടിയ കുന്തത്തിന്റെയോ യാതൊരാവശ്യവുമില്ല. അവരുള്ളതാണാപത്ത്‌. ലോകം ഇവറ്റകളെനോക്കി ഹിന്ദുമതത്തെ വിലയിരുത്തിക്കളയും.

    ബുദ്ധമതത്തില്‍ ചേരാന്‍പോയ ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട്‌ ബുദ്ധസന്ന്യാസി താന്‍ ബുദ്ധനുവേണ്ടി എന്തുചെയ്യും എന്നുചോദിച്ചിരുന്നുപോലും. അപ്പോ ഘനഗംഭീര ശബ്ദത്തില്‍ നീണ്ടു നിവര്‍ന്നു നിന്ന്‌ സീരിയല്‍ നായകനെപ്പോലെ ചുള്ളിക്കാട്‌ പറഞ്ഞു "ഞാന്‍ പ്രതിരോധിക്കും. ബുദ്ധനെതിരെ വരുന്ന ആക്രമണങ്ങളെ പ്രതിരോധിക്കും". സന്ന്യാസി പ്രതിവചിച്ചത്‌ നിന്റെ സഹായമില്ലാതെ തന്നെ രണ്ടായിരം കൊല്ലമായി ബുദ്ധന്‍ ജീവിക്കുന്നുണ്ട്‌ എന്നായിരുന്നു.

    രണ്ടായിരം വര്‍ഷം പഴക്കമുള്ള ബുദ്ധപ്രതിമ നശിപ്പിക്കാനേ താലിബാനികള്‍ക്കാവുകയുള്ളൂ. ബുദ്ധനെ തകര്‍ക്കാന്‍ പ്രതിമതകര്‍ത്തവന്‍ ഒരായിരം ജന്‍മം ജനിച്ചാലും നടക്കുമെന്ന്‌ തോന്നുന്നില്ല.

    സാക്ഷാല്‍ ഇ.എം.എസ്സിനും നായനാര്‍ക്കും മരണം വരെ നിഴലുപോലെ കൂടെ നടന്ന ആര്യാ അന്തര്‍ജനത്തിന്റെയും ശാരദടീച്ചറുടെയും വിശ്വാസം മാറ്റിയെടുക്കാന്‍ പറ്റിയിട്ടില്ല. അപ്പോള്‍ പിന്നെ ബാക്കി മാനവരുടെ കാര്യത്തെ പറ്റി ആരും ബേജാറാവേണ്ടതേയില്ല. കിത്താബിന്റെ അണിയറ പ്രവര്‍ത്തകനായ ബേബിസഖാവിന്റെ ഭാര്യ ബെറ്റിക്ക്‌ സഖാവിലുള്ളതിലും വിശ്വാസം കര്‍ത്താവിലുള്ളതുകൊണ്ടാണല്ലോ പരിശുദ്ധപിതാവിന്റെ കൈ മുത്തിയത്‌.

  2. അനിയന്‍കുട്ടി | aniyankutti said...

    1. സമൂഹത്തിലെ സംഭവങ്ങൾ വിലയിരുത്തി അനാരോഗ്യ വിമർശനങ്ങൾ നടത്തുക. - എനിക്കിതു പാഠപുസ്തകത്തില്‍ കാണാന്‍ കഴിഞ്ഞില്ല.
    2. നന്മയ്ക്കുവേണ്ടി തിന്മ പ്രവർത്തിക്കുന്നത്‌ ശരിയാണ്‌ (മാർഗമേതായാലും ലക്ഷ്യം നന്നായാൽ മതി എന്ന കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രം). - അതിനും മുന്‍പേ ഭഗവത്ഗീതയില്‍ ഇതു പറഞ്ഞിട്ടുണ്ട്
    3. നിരീശ്വരവാദം വളർത്തുക, മതത്തെ തള്ളിപ്പറയുക. - ഈശ്വരവാദം വളര്‍ത്തുന്നു എന്നു പറഞ്ഞ് നിരീശ്വരവാദികള്‍ കോലാഹലം സൃഷ്ടിക്കുന്നില്ലല്ലോ, പിന്നെന്താ പ്രശ്നം?
    4 മിശ്രവിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുക. - അങ്ങനെയൊരു ലക്‌ഷ്യം പാഠത്തിനുണ്ടെന്നു തോന്നുന്നില്ല. ഉണ്ടെങ്കിലും വല്യ കുഴപ്പമൊന്നുമില്ല. മിശ്രവിവാഹം നടത്തി സുഖമായി ജീവിക്കുന്ന പത്തിരുപതിനായിരം കുടുംബങ്ങള്‍ ഇന്നാട്ടിലുണ്ടെന്നു മറക്കല്ലേ.
    5. കമ്യൂണിസ്റ്റ്‌ നേതാക്കളെ മാതൃകകളായി ചിത്രീകരിച്ചിരിക്കുന്നു. - ജനങ്ങള്‍ക്കു വേണ്ടി നിസ്വാര്‍ഥസേവനം കാഴ്ചവെച്ചവരെപറ്റി രാഷ്ട്രീയം നോക്കാതെ അംഗീകരിക്കണമെന്നാണ്‌ ഞാന്‍ പഠിച്ചിട്ടുള്ളത്. അതു കൊണ്ട് തന്നെ എനിക്ക് ഗാന്ധിജിയും പണ്ഡിറ്റ്ജിയും വക്കം അബ്ദുല്‍ഖാദറുമെല്ലാം മഹാത്മാക്കളാണ്‌, കോണ്‍ഗ്രസ്സുകാരല്ല.
    6. നിരീശ്വരവാദഗ്രന്ഥങ്ങൾ വായിക്കാൻ കുട്ടികളോട്‌ ആവശ്യപ്പെട്ടി രിക്കുന്നു. - അതിലൊരു തെറ്റുമില്ല. ചെറുപ്പം മുതലേ ഈശ്വരവിശ്വാസത്തിലധിഷ്ഠിതമായ പുസ്തകങ്ങളല്ലേ പള്ളിയിലും മറ്റും പഠിപ്പിക്കുന്നത്? ഒരു സമാന്തരചിന്താഗതിയെക്കുറിച്ച് അവരെ ബോധവാന്മാരാക്കുന്നതിലെന്താണു തെറ്റ്? നിരീശ്വരമാഅണ്‌ ശരി എന്നു പറയുന്നില്ലല്ലൊ, ഉവ്വോ?
    7. സ്വാതന്ത്ര്യ സമരചരിത്രത്തെ വളച്ചൊടിച്ചിരിക്കുന്നു. - മറുപടി അര്‍ഹിക്കുന്നെന്നു തോന്നുന്നില്ല, (പുസ്തകം ഞാന്‍ വായിച്ചതാണേ...)8. കമ്യൂണിസ്റ്റ്‌ സർക്കാരിന്റെ ഭരണപരിഷ്കാരങ്ങളെ മഹത്വവത്കരിച്ചി രിക്കുന്നു. മഹത്തായതിനെ മഹത്വവല്‍ക്കരിക്കട്ടേന്നേ. അതില്‍ ആ നേട്ടങ്ങളില്‍ എതിരഭിപ്രായമുണ്ടെങ്കില്‍ അതു പറയൂ.
    9. മതേതരത്വമെന്നാൽ മതമില്ലാത്ത അവസ്ഥ എന്ന്‌ സമർത്ഥിച്ചിരിക്കുന്നു. - അപ്പറഞ്ഞതു ശരി. അതായത് മതേതരത്വമെന്നാല്‍ അതു തന്നെയാണ്‌. മറ്റേത് മതനിരപേക്ഷതയാണ്‌.
    10. വിപ്ലവം കുത്തിനിറച്ചിരിക്കുന്നു. കഷ്ടം
    11. ചൈനീസ്‌ സംസ്ക്കാരത്തെ എടുത്തുപറഞ്ഞിരിക്കുന്നു. കഷ്ടം. എടുത്തുപറയാതിരിക്കാന്‍ അതത്ര മോശം സംസ്കാരമൊന്നുമല്ലെന്നേ. ഞാനും ചെറുപ്പത്തില്‍ പഠിച്ചതാണതൊക്കെ.
    12. ക്രൈസ്തവ വിശ്വാസത്തെ വികലമായി ചിത്രീകരിച്ചിരിക്കുന്നു. കഷ്ടം. എന്നെനിക്ക് തോന്നിയില്ല. ചുമ്മാ അതുമിതും പറയരുത്.
    13. മതത്തെ വിമർശിക്കാൻ കുട്ടികളെ പഠിപ്പിക്കുന്നു - കറക്റ്റ്. അതു വേണം. വിശ്വസിക്കുന്നവ ശരി തന്നെയോ എന്ന് അറിയാനും അതിനെ വിമര്‍ശിക്കാനും ഉള്ള ഒരു മനുഷ്യന്‍റെ അവകാശത്തെ വേണ്ടെന്നു പറയുകയാണോ ഈ പോയിന്‍റു വഴി ഉദ്ദേശമാക്കുന്നത്?

    അജ്ഞത കൊണ്ടാണ്‌ അങ്ങ് ഇപ്പറഞ്ഞതൊക്കെ എഴുതിക്കൂട്ടിയതെങ്കില്‍, സ്വതന്ത്രമനസ്ഥിതിയോടെ ആ പുസ്തകം ഒന്നു മനസ്സിരുത്തി വായിച്ചു നോക്കാം, എന്നിട്ട് അഭിപ്രായം പറയാം. അല്ലെങ്കില്‍...പിന്നൊന്നും ചെയ്യാനില്ല.

  3. Alex John said...

    നമ്മള്‍ ഈ പറഞ്ഞ കാര്യങ്ങളൊന്നും അവിടെ തലപ്പത്തിരിക്കുന്ന കാരണവന്മാര്ക്ക് മനസ്സിലാവില്ല സുഹൃത്തുക്കളേ..
    ഈ തലമുറയിലുള്ള, പാര്‍ട്ടികളൊന്നുമില്ലാത്ത കുറേ മന്ത്രിമാര്‍ വേണം നമുക്ക്.
    പ്രതിപക്ഷം എന്തു പറഞ്ഞാലും ചെയ്താലും ഉടക്കാന്‍ നില്‍ക്കാത്ത ദേശ സ്നേഹമുള്ള മന്ത്രിമാര്‍.
    മതവും ദൈവങ്ങളും വിശ്വാസങ്ങളും എല്ലാം പേര്‍സണല്‍ ആയിട്ടുള്ള കാര്യങ്ങളണന്നല്ലേ ആ പുസ്തകം പഠിപ്പിക്കുന്നറത് ? അതിലെന്താ തെറ്റ് ? ഇത്രയധികം മനുഷ്യര്‍ ഇങ്ങനെ മന്ദബുദ്ധികളായിപ്പോയതെന്ത് ??