Tuesday, June 10, 2008

മാക്ട പിളർപ്പ്‌: ജയിച്ചത്‌ സിനിമ-മുതലാളിത്ത ലോബി

സിനിമ രംഗത്തെ ട്രേഡ്‌ യുണിയൻ പ്രസ്ഥാനമായ മാക്ട ഫെഡെറേഷൻ പിളർന്നപ്പോൾ വിജയിച്ചത്‌ താര സംഘടനയും നിർമാതാക്കളും ഒരുക്കിയ തന്ത്രം.

സിനിമ മേഖലയിൽ സൂപ്പർ സ്റ്റാറുകൾക്കുള്ള അപ്രമാദിത്വം ഒരിക്കൽ കൂടി അരക്കിട്ടുറപ്പിക്കുന്നതായി ഈ പിളർപ്പ്‌.

ട്രേഡ്‌ യൂണിയൻ സ്വഭാവത്തിൽ പ്രശ്നങ്ങളെ സമീപിച്ചിരുന്ന സിനിമ-സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയെ ഒതുക്കാനുള്ള സുവർണാവസരമായി ദിലീപ്‌-തുളസിദാസ്‌ പ്രശ്നത്തെ താര സംഘടന ഉപയോഗപ്പെടുത്തുകയായിരുന്നു.

മാക്ട ജനറൽ സെക്രട്ടറിയായ സംവിധായകൻ വിനയന്റെ ഏകാധിപത്യ സമീപനവും സൂപ്പർ താരങ്ങളോടുള്ള അദ്ദേഹത്തിന്റെ അതിരുവിട്ട വിരോധവും സംഘടനയുടെ തകർച്ചയുടെ ആക്കം കൂട്ടുകയും ചെയ്തു.

2006-ലാണ്‌ മാക്ട ഫെഡറേഷൻ നിലവിൽ വന്നത്‌. സംവിധായകർ മുതൽ ലൈറ്റ്‌ ബോയ്കളെ വരെ ഉൾപ്പെടുത്തിയാണ്‌ 19 സംഘടനകളുടെ കൂട്ടായ്മ മുന്നോട്ടുപോയത്‌. 4000-ത്തോളം അംഗങ്ങളുള്ള സംഘടനയായി മാക്ട വളർന്നപ്പോൾ മുൻനിര സംവിധായകരിലടക്കം മുറുമുറുപ്പുണ്ടായി. ലൈറ്റ്‌ ബോയ്മാരുടെ അവകാശത്തിനു വേണ്ടിയടക്കം മാക്ട മുന്നോട്ട്‌ വന്നപ്പോൾ താര സംഘടനയും നിർമാതാക്കളും വിരുദ്ധ ചേരിയിലായി.

സൂപ്പർ താരങ്ങളുടെ അപ്രമാദിത്വത്തിന്‌ വഴങ്ങാതിരിക്കാൻ മുഖ്യധാരാ സംവിധായകർക്ക്‌ പോലും സാധ്യമല്ലാതെ വന്നതോടെ മാക്ടയിൽ ചേരിതിരിവ്‌ പ്രത്യക്ഷമായി.

അതിന്റെ തെളിവായിരുന്നു കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പ്‌. വിനയന്റെ പാനലിനെതിരെ മത്സരിച്ചത്‌ സംവിധായകൻ കമലിന്റെ നേതൃത്വത്തിലുള്ള പാനലായിരുന്നു. താരസംഘടനയായ 'അമ്മ'യുടെ പിൻബലത്തോടെ മത്സരിച്ച കമലിന്റെ പാനലിനെ സാധാരണപ്രവർത്തകരുടെ അംഗബലത്തോടെ വിനയൻ പരാജയപ്പെടുത്തി. സൂപ്പർതാരങ്ങളോടുള്ള വിനയന്റെ വിദ്വേഷമാണ്‌ അങ്ങനെ തിരശീലയ്ക്കിപ്പുറത്തെത്തിയത്‌. മാക്ടയിൽ തനിക്കുള്ള അപ്രമാദിത്വം സ്ഥാപിക്കാൻ വിനയൻ കരുവാക്കിയതും ഈ സൂപ്പർതാര വിരോധമായിരുന്നു.

തങ്ങളെ വിമർശിക്കുന്ന ആരേയും ഏതുവിധേനയും ഒതുക്കുന്ന സൂപ്പർ സ്റ്റാറുകളുടെ നിലപാടിനെ വിനയൻ തുറന്നെതിർത്തിരുന്നു. പ്രമുഖ നടന്മാരായ തിലകൻ, ജഗതി ശ്രീകുമാർ, പൃഥ്വി രാജ്‌ തുടങ്ങിയവർ സൂപ്പർ താരങ്ങളുടെ വിരോധത്തിന്‌ പാത്രമായപ്പോൾ വിനയൻ അവർക്ക്‌ പിന്തുണയുമായെത്തി. എന്നാൽ സൂപ്പർ താരങ്ങളെ ഒഴിവാക്കി ചിത്രം ചെയ്യാനുള്ള ആത്മവിശ്വാസം മുൻ നിര സംവിധായകരടക്കമുള്ളവർക്ക്‌ ഇല്ലാതെപോയത്‌ വിനയന്റെ നിലപാടിനെ പരുങ്ങലിലാക്കിയിരുന്നു.

എന്നാൽ പല സംവിധായകരും കൂട്ടിക്കൊടുപ്പുകാരാണെന്ന വിയയന്റെ പരസ്യ പ്രഖ്യാപനം അദ്ദേഹത്തിന്‌ വിനയായി. ആ പ്രസ്താവനയുടെ പേരിലാണ്‌ സിദ്ധിഖ്‌ അടക്കമുള്ള സംവിധായകർ രാജിവച്ച്‌ പുറത്തുപോയത്‌.

കൂട്ടിക്കൊടുപ്പും കാലുനക്കലും പാരവയ്പും സിനിമാ ഫീൽഡിലെ ആദ്യ പാഠങ്ങളാണെന്ന്‌ ആർക്കാണ്‌ അറിഞ്ഞുകൂടാത്തത്‌. ഇപ്പോൾ ഒരു സംഘടനയെ പിളർത്താൻവേണ്ടി ധാർമികതയുടെ വേഷംകെട്ടി സദാചാരം പ്രസംഗിക്കുന്ന ഇവരിൽ എത്രപേർക്ക്‌ നെഞ്ചത്ത്‌ കൈവച്ച്‌ ഇത്തരം ഇടപാടുകൾ ഈ മേഖലയിലില്ലാ എന്ന്‌ പറയാൻ കഴിയും?

മാക്ട പിളർത്താൻ മുൻകൈ എടുത്തവരിൽ അമ്മയുടെ പ്രസിഡന്റ്‌ സിദ്ധിഖും സെക്രട്ടറി മോഹൻലാലും ഉണ്ടായിരുന്നു. ഇവരുടെ പ്രേരണയും ഇവർ നൽകിയ ഉറപ്പുമാണ്‌ വിനയനെ തള്ളിപ്പറഞ്ഞ്‌ പുറത്തുവരാൻ സംവിധായകരെ പ്രേരിപ്പിച്ചതെന്ന കാര്യത്തിൽ ആർക്കും സംശയത്തിന്‌ ഇടമില്ല. കപടദുഃഖം അഭിനയിച്ച്‌ മാക്ടയുടെ പിളർപ്പിൽ വേദനിച്ച ഇന്നസെന്റും മോഹൻലാലും, മാക്ട പിളർന്നതോടെ കാശിക്കുപോയിരിക്കുകയാണ്‌ - ഷൂട്ടിംഗിന്‌.

പിളർപ്പിന്റെ മറ്റൊരു ശക്തിയായി വർത്തിച്ച ശ്രീനിവാസൻ ദുബായിലേക്ക്‌ 'കടന്നുകളഞ്ഞു'. മുൻ നിശ്ചയിച്ച പരിപാടിയനുസരിച്ചാണ്‌ ഈ പര്യടനമെന്ന്‌ അദ്ദേഹം പറയുന്നുണ്ടെങ്കിലും തന്റെ ലക്ഷ്യം സാധിച്ച സന്തോഷത്തിലാണ്‌ 'പ്രതിഭാധനനായ' ഈ സംവിധായകൻ.

നിർമാതാക്കളും സംവിധായകരും അഭിനേതാക്കളും തിരക്കഥാകൃത്തുക്കളും ക്യാമറാമാന്മാരുമാണ്‌ സിനിമയുടെ ക്രിയേറ്റീവ്‌ വശമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഇവരുടെ ക്രിയേറ്റിവിറ്റി പുറത്തുവരണമെങ്കിൽ സഹസംവിധായകരും ലൈറ്റ്ബോയ്‌ അടക്കമുള്ള സാധാരണ തൊഴിലാളികളും കൂടിയേതീരൂ. ഇവരുടെ വയറ്റത്തടിച്ച്‌, സംഘടന പിളർത്തിയാണ്‌ മഹാന്മാരായ ഈ കലാകാരന്മാർ മാന്യന്മാരായി ഭാവിക്കുന്നതെന്നാണ്‌ കഥയിലെ ദുഃഖകരമായ പരിണാമഗുപ്തി.

2 comments :

  1. ഗുപ്തന്‍ said...

    വിനനയന്റെയും ശിങ്കിടികളുടെയും ‘പ്രതിഭ’ അനുഭവിച്ചിട്ടുള്ളവര്‍ വിമതപക്ഷത്തെയേ വിശ്വസിക്കുകയുള്ളൂ.. തുളസീദാസ് പ്രശ്നത്തെക്കുറിച്ച് പ്രസക്തമായ ചോദ്യങ്ങള്‍ ഈ പോസ്റ്റിലുണ്ട്

    http://oliyambukal.blogspot.com/2008/06/blog-post.html

  2. Murali K Menon said...

    ബ്ലോഗിന്റെ പേരില്‍ മാത്രമേ “വാസ്തവം” ഉള്ളു. പോസ്റ്റില്‍ തീരെയില്ല. കണ്ണുപൊട്ടന്‍ മാവില്‍ എറിയുന്നതുപോലെയുള്ള ഒന്നായി മാത്രമേ ഈ പോസ്റ്റിനെ കാണാന്‍ കഴിയുകയുള്ളു. ശ്രീനിവാസന്റെ പ്രസ്താവനയാണ് വിനയനും സില്‍ബന്ധികള്‍ക്കും ഉള്ള ഏറ്റവും നല്ല മറുപടി.