Saturday, June 28, 2008

ഇരുട്ടിന്റെ വെട്ടത്തിൽ

പവർ കട്‌!
മൂന്നുനാലു വർഷത്തെ ഇടവേളയ്ക്കു ശേഷം ലവൻ വീണ്ടുമെത്തി.
ലോഡ്ഷെഡിംഗ്‌ എന്ന പുന്നാരപ്പേരിൽ മന്ത്രി എ കെ ബാലനാണ്‌ വീണ്ടും ഇരുട്ടിന്റെ ആത്മാവിനെ കുടത്തിൽ നിന്നും പുറത്തുവിട്ടത്‌.
"അരമണിക്കൂർ വൈദ്യുതി നിലച്ചാൽ കുട്ടികളുടെ പഠന നിലവാരം തകരും. അടുക്കളപ്പണികൾ മുടങ്ങും. സർവ്വോപരി ടീവീ സീരിയൽ അവതാളത്തിലാവും. പോരാത്തതിന്‌ കള്ളന്മാർ അഴിഞ്ഞാടും...." മന്ത്രി ബാലനെതിരെ ഇന്നലെ ടീവീ ചാനലുകളിൽ മെയ്ക്കപ്പിടാത്ത ചേട്ടത്തിമാർ ആഞ്ഞടിച്ചത്‌ നമ്മൾ കണ്ടതാണ്‌.

പറയുമ്പോൾ എല്ലാം പറയണമല്ലോ. മന്ത്രി എ കെ ബാലന്റെ കുറ്റം കൊണ്ടല്ല കാലവർഷം കാലുവാരിയത്‌. എന്നിരുന്നാലും നല്ലതോതിൽ വിളവുണ്ടായ കാലത്ത്‌ വൈദ്യുതി വിറ്റ്‌ കാശുണ്ടാക്കാൻ നോക്കാതെ എവിടെയെങ്കിലുമിത്‌ സൂക്ഷിച്ചു വച്ചിരുന്നെങ്കിൽ ഇപ്പോഴെടുത്ത്‌ 'കത്തി'ക്കാമായിരുന്നുവെന്നാണ്‌ ഉമ്മൻ ചാണ്ടിയദ്ദേഹം ഇരുട്ടിൽ തപ്പിയത്‌!

സംഭവിക്കുന്നതെല്ലാം നല്ലതിന്‌ എന്ന സൂത്രവാക്യം വച്ച്‌ പവർകട്ടിനെ വരവേറ്റാൽ നമ്മൾ എ കെ ബാലനെ പൂവിട്ടു പൂജിച്ചുപോകും. അതെന്തുകൊണ്ടാണെന്നു പറയാം.

നമ്മുടെ കൊച്ചു കേരളത്തിൽ വ്യക്തിബന്ധങ്ങളും കുടുംബ ബന്ധങ്ങളും വലിയതോതിൽ തകർന്നുകൊണ്ടിരിക്കുന്നുവെന്നാണ്‌ പഠനങ്ങൾ തെളിയിക്കുന്നത്‌.

മനോരോഗികൾ, അക്രമവാസനക്കാർ, മയക്കുമരുന്ന്‌, മദ്യം, മദിരാക്ഷി എന്നിവയുടെ അടിമകൾ, പെരുകുന്നു. അച്ചനെയും അമ്മയെയും കൊല്ലുന്ന മക്കൾ, മക്കളെ കിണറ്റിലിട്ടോ വിഷം കൊടുത്തോ കൊല്ലുന്ന അച്ചനമ്മമാർ, പരസ്പരം കുത്തിച്ചാകുന്ന സഹോദരങ്ങൾ, നിത്യവാർത്തകളാകുന്നു. 'മനുഷ്യൻ എത്ര സുന്ദരമായ പദം' എന്ന സങ്കൽപ്പത്തിന്റെ പതിനാറടിയന്തിരമാണ്‌ ചുറ്റിലും നടമാടുന്നത്‌!

അതിനിടയിലേക്കാണ്‌ ഇരുട്ടിന്റെ ആത്മാവ്‌ ദിവസവും അരമണിക്കൂർ നേരത്തേക്ക്‌ വിരുന്നുവരുന്നത്‌. അന്നേരം ചില നല്ല കാര്യങ്ങൾ സംഭവിക്കാം.

തിരക്കിനിടയിൽ മിണ്ടാൻ മറന്നു പോയ അച്ചനും അമ്മയ്ക്കും, മക്കൾക്കും മാതാപിതാക്കൾക്കും, ചേട്ടനും ചേച്ചിക്കും, അനിയനും അനിയത്തിക്കും തമ്മിൽ മനസ്സു തുറന്ന്‌ എന്തെങ്കിലുമൊക്കെ വർത്തമാനങ്ങൾ പറയാം എന്നതാണ്‌ ആ നല്ല കാര്യങ്ങളിൽ സുപ്രധാനം.

ഏറെക്കാലമായി ടെലിവിഷം സീരിയലുകളും റിയാലിറ്റി ഷോകളും കൂടി തകർത്തു കളഞ്ഞ സന്ധ്യാ പ്രാർത്ഥനകൾ വീണ്ടും തുടങ്ങാമെന്നതാണ്‌ രണ്ടാമത്തെ നല്ല കാര്യം.

മൂന്നാമത്തെ നല്ല കാര്യം അത്രയും നേരം അന്തരീക്ഷം മലിനമാകില്ല എന്നതാണ്‌. അന്തരീക്ഷത്തിലേക്കു അരമണിക്കൂർ കാര്യമായി പുക ഉയരില്ല, ഘോര ശബ്ദങ്ങളും ഉയരില്ല.

പതിയെ മനസു തുറക്കൂ, തമാശ പറഞ്ഞു ചിരിക്കൂ, അമ്മയോട്‌ സങ്കടം പറഞ്ഞ്‌ ഒന്ന്‌ വിതുമ്പി കരയൂ. പവർക്കട്ട്‌ ആത്മസംഘർഷങ്ങൾക്ക്‌ ഒരു മരുന്നായി മാറ്റാം!

ഇപ്പോൾ വ്യത്യസ്തനാമൊരു മന്ത്രിയാം ബാലനെ സത്യത്തിൽ നിങ്ങൾ തൊഴുതു പോകില്ലേ?

0 comments :