ഉദ്യോഗസ്ഥരെ ബലിയാടാക്കി തലയൂരുന്ന ആഭാസത്തരം
വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തിലേറിയതോടെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് കിടക്കപ്പൊറുതിയില്ലാത്ത അവസ്ഥയാണ്. "എത് അതിഥി വന്നാലും കോഴിക്കാണ് തട്ടുകേട്" എന്നു പറഞ്ഞ ദാരുണാവസ്ഥയിലാണ് ഇന്ന് കേരളത്തിലെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ. നെറികേടിന്റെ രാഷ്ട്രീയം കളിച്ച് നാട്ടുകാർക്കിടയിൽ നാണംകെട്ട് നിൽക്കേണ്ടിവരുമ്പോൾ അച്യുതാനന്ദൻ അടക്കമുള്ളവർ തങ്ങളുടെ മുഖം രക്ഷിക്കാൻ ബലിയാടാക്കുന്നത് ഈ ഉദ്യോഗസ്ഥരെയാണ്. മന്ത്രിമാരുടെ ഉത്തരവ് അനുസരിക്കാൻ ബാധ്യസ്ഥരായി എന്നതുമാത്രമാണ്, ഇങ്ങനെ അമാന്യമായി ശിക്ഷിക്കപ്പെടാൻ, ഇവർ ചെയ്തിട്ടുള്ള കുറ്റം.
സുതാര്യവും അഴിമതിരഹിതവുമായ ഭരണം കാഴ്ചവയ്ക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ നിമിഷം മുതൽ ഈ മന്ത്രിസഭ കാട്ടിക്കൂട്ടിയ കൊള്ളരുതായ്മകളാണ് ശിക്ഷണ നടപടികളായി ഇവരുടെമേൽ പതിച്ചുകൊണ്ടിരിക്കുന്നത്. മന്ത്രിമാർക്കും രാഷ്ട്രീയക്കാർക്കും എന്ത് തോന്ന്യാസവും കാണിക്കാം. പക്ഷെ അവർ ഔദ്യോഗികമായി ആവശ്യപ്പെടുന്നതനുസരിച്ച് നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെ നിഷ്കരുണം ശിക്ഷിക്കാം എന്ന അലമ്പ് പരിപാടിയാണ് ഇടതുപക്ഷ മന്ത്രിമാർ, മുഖ്യമന്ത്രി മുതൽ ബിനോയ് വിശ്വം വരെയുള്ളവർ ആഘോഷമായി കൊണ്ടാടുന്നത്.
അച്യുതാനന്ദൻ അധികാരമേറ്റതിനുശേഷം ഏകദേശം 24 ഐഎഎസ്, ഐപിഎസ് ഓഫീസർമാർക്കാണ് സ്ഥാനചലനം സംഭവിച്ചിട്ടുള്ളത്. ഇതാകട്ടെ ഇവർ നടത്തിയിട്ടുള്ള അഴിമതിയുടെയോ ക്രമക്കേടുകളുടെയോ സ്വജനപക്ഷപാതത്തിന്റെയോ അടിസ്ഥാനത്തിലായിരുന്നില്ല. മറിച്ച് മന്ത്രിസഭയും ബന്ധപ്പെട്ട മന്ത്രിമാരും ആവശ്യപ്പെട്ട ഭരണപരമായ നടപടികൾക്ക് നേതൃത്വം കൊടുത്തതുകൊണ്ട് മാത്രമാണ്. സത്യസന്ധതയും ആത്മാർത്ഥതയും സമർപ്പണവും ആർജവവും കമ്യൂണിസ്റ്റ് ഭരണകാലത്തും ഉദ്യോഗസ്ഥർക്ക് അധികഭാരമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങൾ.
സംസ്ഥാനത്തെ ആദ്യ മുസ്ലീം ചീഫ് സെക്രട്ടറിയായിരുന്ന മുഹമ്മദ് റിയാസുദീനിൽ ആരംഭിക്കുന്നു ഭരണപരമായ പീഡനപർവം. സർവീസിൽ നിന്ന് പിരിയാൻ രണ്ടരമാസം മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു നിരാശനായി അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടിവന്നത്.
അടുത്ത ഊഴം ഇ.കെ. ഭരത് ഭൂഷന്റേതായിരുന്നു. വാമൊഴി വഴക്കത്തിന്റെയും അഹന്തയുടെയും പര്യായമായി വിലസുന്ന ദേവസ്വം മന്ത്രി ജി. സുധാകരനുമായുള്ള ഏറ്റുമുട്ടലിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം തെറിച്ചത്. ഐഎഎസുകാരെ പട്ടികളെന്ന് വിളിച്ച സുധാകരൻ ഇന്നും നാടുനീളെ നടന്ന് കുരയ്ക്കുമ്പോൾ ഇത്തരം ആഭാസത്തെ ആത്മാഭിമാനത്തോടെ ചെറുക്കുന്ന ഉദ്യോഗസ്ഥർക്കാണ് ശിക്ഷയേൽക്കുന്നത്.
സംസ്ഥാനത്തെ ഏറ്റവും മുതിർന്ന സിവിൽ സർവന്റായ ഉപേന്ദ്രവർമയ്ക്കായിരുന്നു പിന്നീട് തട്ടുകേട് കിട്ടിയത്. തുടർന്ന് ജയിൽ ഐജിയായിരുന്ന രാമനും കിട്ടി സഖാക്കളുടെ മർദനം. കണ്ണൂർ ജയിലിൽ മാർക്ക്സിസ്റ്റ് സാമ്രാജ്യം സൃഷ്ടിച്ച് സിപിഎം തടവുകാർ വിലസുമ്പോഴാണ് തന്നിൽ അർപ്പിതമായ ഭരണപരമായ നടപടികൾ സ്വീകരിച്ച രാമന്റെ തൊപ്പിതെറിപ്പിച്ചത്.
മൂന്നാറിൽ, മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം റിസോർട്ട് മാഫിയയെ കുടിയൊഴിപ്പിക്കാൻ പോയ കെ. സുരേഷ്കുമാർ, രാജുനാരായണസ്വാമി, ഋഷിരാജ് സിംഗ് എന്നിവർക്ക് സംഭവിച്ച എക്കാലത്തേയും നാണക്കേട് കേരളീയരുടെ മനസിൽ അതിന്റെ എല്ലാ രൂക്ഷതകളോടും സജീവമാണ്. രാഷ്ട്രീയഭേദമന്യേ സംസ്ഥാനം ഒന്നിച്ചുപിന്തുണച്ച ആ ശുദ്ധീകരണപ്രക്രിയയ്ക്ക് സിപിഐയും സിപിഎമ്മിലെ ഔദ്യോഗിക വിഭാഗവും ഒത്തുചേർന്ന് പാരപണിതപ്പോൾ തെറിപ്പിക്കപ്പെട്ടത് സത്യസന്ധരായ ഈ ഉദ്യോഗസ്ഥരുടെ ആത്മാഭിമാനമായിരുന്നു. കെ. സുരേഷ് കുമാറിന് ഒരു ലാവണവുമില്ലാതെ കുറെനാൾ വീട്ടിലിരിക്കേണ്ടിവന്നു. പിന്നെ കോടതികൾ കയറിയിറങ്ങേണ്ടിവന്നു. ഇന്ന് കാർഷിക ബാങ്കിന്റെ എംഡിയായി വെറുതെയിരിക്കാനാണ് 'പൂച്ചകളുടെ ഉടമ'കൂടിയായ മുഖ്യമന്ത്രിയും ഉത്തരവിട്ടത്. രാജുനാരായണ സ്വാമിയെ പത്തനംതിട്ടയിലേക്ക് ഒതുക്കി, മനസുമടുത്ത് ഋഷിരാജ് സിംഗ് തിരിച്ചുപോകുകയും ചെയ്തു.
മെർക്കിസ്റ്റൺ എസ്റ്റേറ്റ് ഇടപാടിൽ സിപിഐയും ബിനോയ് വിശ്വവും കോടിയേരിയുടെ പുത്രനുമെല്ലാം അണിയറയിലിരുന്ന് ചരട്‌വലിച്ചപ്പോൾ അഭിമാനിയും അഴിമതിവിരുദ്ധനുമായ അച്യുതാനന്ദന് 'കുഞ്ഞിരാമ'നായി തുള്ളിക്കളിക്കേണ്ടിവന്നു. ആ ഹീനമായ രാഷ്ട്രീയ നീക്കത്തിനൊടുവിൽ ചീഫ് സെക്രട്ടറി ലിസി ജേക്കബിന് വേദനയോടെ രാജിവച്ച് പിരിയേണ്ടിവന്നു. ഇന്ന് മാജിക് പഠിച്ച് അവർ തന്റെ രോഷം അടക്കുകയാണ്.
ഈ വിധിയാണ് ഇപ്പോൾ ബംഗാളുകാരിയാണെങ്കിലും മലയാളികൾക്ക് പ്രിയങ്കരിയായ ഐഎഎസ് ഓഫീസർ നിവേദിത പി. ഹരനേയും പിന്തുടരുന്നത്. തലസ്ഥാനത്തെ ഉന്നതന്മാർക്ക് കുടിച്ച് കൂത്താടാനുള്ള സ്വാതന്ത്ര്യം അനുവദിക്കാതിരുന്നതാണ് അവരുടെ പേരിലുള്ള കുറ്റം. തിരുവനന്തപുരം കളക്ടർ ആയിരുന്നപ്പോൾതന്നെ ഈ ഉല്ലാസകേന്ദ്രം തകർക്കാൻ, ഔദ്യോഗിക ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ അവർ തയ്യാറായതാണ്. അന്നും ഭരണസിരാകേന്ദ്രത്തിലും മന്ത്രിസഭയിലും പിടിപാടുള്ള കേമന്മാർ കുടിച്ചുകൂത്താടി നിവേദിതയെ അധിക്ഷേപിക്കുകയാണുണ്ടായത്. ഇപ്പോൾ മന്ത്രിസഭ എടുത്ത ഒരു തീരുമാനം ബന്ധപ്പെട്ട വകുപ്പ് മന്ത്രിയുടെ ആശീർവാദത്തോടെ നടപ്പിലാക്കിയതിന്റെ പേരിലാണ് കൗരവസഭയിൽ പാഞ്ചാലി എന്നപോലെ അല്ലെങ്കിൽ രാവണന്റെ തടവിൽനിന്ന് വീണ്ടെടുക്കപ്പെട്ട സീതയെന്നപോലെ പൊതുജനമധ്യത്തിൽ അധിക്ഷേപിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. പരാക്രമങ്ങൾ സ്ത്രീകളോടല്ല കാണിക്കേണ്ടതെന്ന് കംസനോട് മാത്രമല്ല, അച്യുതാനന്ദനോടും എം. വിജയകുമാറിനോടും അഡ്വക്കേറ്റ് ജനറൽ സുധാകര പ്രസാദിനോടും പറയേണ്ട ഗതികെട്ട കാലത്തിലാണ് കേരളം.
കംസന്റെ അനുഭവം ഇവരെല്ലാം ഓർത്തിരിക്കുന്നത് നന്ന്.
1 comments :
വിഷമിറക്കുന്ന വിധം
സി। പി. ഐ ഓഫീസ് അടിയന്തിരമായി ഏറ്റെടുക്കണമെന്ന നിലപാട് സ്വീകരിച്ച ഇടുക്കി ജില്ലാ കളക്റ്റര്‍ അശോക് കുമാര്‍ സിംഗിനോട് നാളെ മുതല്‍ അവധിയില്‍ പോകാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. മസുറിയില്‍ പരിശീലനത്തിനു അയക്കുന്നതിന്‍റെ ഭാഗമായാണ്‍ അവധി എന്ന് റവന്യൂ വകുപ്പ് വിശദീകരിക്കുന്നത്....
ഇങ്ങനെ പല അവധികളും ചികിത്സകളും വിശ്രമവും കേരളീയര്‍ കണ്ടതാണ്। പാര്‍ട്ടി താത്പര്യങ്ങളെ തൊട്ടു കളിച്ചാല്‍ ഇങ്ങനെയൊക്കെയാണ്. അച്ചുദാനന്ദനേക്കൊണ്ടായ വിധം അച്ചുദാനന്ദനും മറ്റു മന്ത്രിമാരെക്കൊണ്ടായതു പോലെ അവരും. ഓരേ രഥത്തില്‍ കെട്ടിയിട്ടിട്ടുള്ള കുതിരകള്‍ വിവിധ ദിശകളിലേക്ക് പായും പോലെയാണ്‍ ഇപ്പോഴത്തെ കേരള ഭരണം.
മൂന്നറിലെ ഒരവധി ചികിത്സ നമുക്ക് സാന്ദര്‍ഭികമായി ഓര്‍ക്കാം। മൂന്നറിപ്പോള്‍ ചരിത്രമാണ്, എഴുതപ്പെട്ടത്, എഴുതപ്പെടാതെ ചില ഗാഥകളും... അവയിലൊന്ന് നിങ്ങള്‍ക്കായ്...
മൂന്നാറിലെ ഒരു മഴയൊഴിഞ്ഞ പ്രഭാതം
സര്‍വ്വേ കല്ലിന്‍റെ വേരിന്
ഔഷധ ഗുണമുണ്ടെന്ന് പറഞ്ഞത്
മല കയറിയിറങ്ങി വന്ന
മൂക്കിന്‍മേല്‍ കണ്ണട വെച്ചയാളാണ്.
-കേട്ട പാതി കേള്‍ക്കത്ത പാതി-
കര്‍ക്കിടകക്കഞ്ഞി മൂടിവെച്ച്,
മഴ തോരുന്നതും കാത്ത്
കോരന്‍മാരെല്ലാവരും പുറത്തേക്കു കണ്ണെറിഞ്ഞു.
കണ്ണടക്കിരിക്കാന്‍ നല്ല മേശ കിട്ടിയ നേരം
വേരു പറിക്കാന്‍ മൂന്നു മൂഷികരിറങ്ങി,
മുമ്പേ എത്തിയ (വ്യാജ)രേഖയുള്ള എലികള്‍
വിഷം തീണ്ടി മൂഷികരെ കൊന്നൂ.
നേരം പുലര്‍ന്ന നേരം, കോരന്‍ കണ്ടതിങ്ങനെ-
വിളക്കിന്‍ തിളക്കം കണ്ടണഞ്ഞ പാറ്റകള്‍
കൂടുതല്‍ തിളക്കം കൊതിച്ച് തിരിയില്‍ എരിഞ്ഞടങ്ങി
കോരന്‍റെ കഞ്ഞി പഴങ്കഞ്ഞിയായ്
വലിച്ചെറിഞ്ഞ കുമ്പിള്‍ തേടി കോരന്‍ പുറത്തിറങ്ങി...
Post a Comment