Monday, June 2, 2008

Hats off to you Shane Warne

പ്രഥമ ഐപിഎൽ ട്വന്റി20 ടൂർണമെന്റിൽ, ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന രാജസ്ഥാൻ റോയൽസിനെ വിജയശ്രീലാളിതരാക്കിയതിന്റെ മുഴുവൻ ക്രെഡിറ്റും ഓസ്ട്രേലിയയുടെ ലോകപ്രശസ്ത സ്പിന്നറായിരുന്ന ഷേയ്ൻ വോണിനാണ്‌. ഇതുവരെ ഇന്ത്യൻ ക്രിക്കറ്റിൽ മരുഭൂമിയായിരുന്ന രാജസ്ഥാനിൽ, ക്രിക്കറ്റിന്റെ പുതിയ വേർഷന്റെ വസന്തം വിരിയിക്കുകയായിരുന്നു ഷേയ്ൻ വോൺ എന്ന മാന്ത്രികൻ.

അംബാനിയും മല്ല്യയും ഷാരൂഖ്‌ ഖാനും പ്രീതി സിന്റയും ലക്ഷങ്ങൾ വാരിയെറിഞ്ഞ്‌ ക്രിക്കറ്റിലെ രാജാക്കന്മാരെയെല്ലാം സ്വന്തമാക്കി ഇറങ്ങിയപ്പോൾ ആരും ശ്രദ്ധിക്കാത്ത ചില കളിക്കാരുമായിട്ടായിരുന്നു ഷേയ്ൻ വോണും എമർജിംഗ്‌ മീഡിയയും മത്സരിക്കാനെത്തിയത്‌. ടൂർണമെന്റിലെ അധഃസ്ഥിതരായിട്ടാണ്‌ ഈ ടീമിനെ മാധ്യമങ്ങളും ക്രിക്കറ്റ്‌ പണ്ഡിറ്റുകളും കരുതിയിരുന്നത്‌. ആദ്യമത്സരത്തിലെ തോൽവികൂടിയായപ്പോൾ ആ ധാരണയ്ക്ക്‌ കനംവയ്ക്കുകയും ചെയ്തു.

എന്നാൽ താരകുമാരന്മാരുടെ ജാഡയല്ല, ഒത്തൊരുമയും കഠിനാധ്വാനവും സമർപ്പണവുമാണ്‌ ഒരു ടീമിന്റെ വിജയോർജമെന്നും കളിക്കാരെ ഒത്തിണക്കത്തോടെ കൊണ്ടുപോകാനും പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാമെന്നും തെളിയിക്കുകയായിരുന്നു ഷേയ്ൻ വോണും കുട്ടികളും.

രഞ്ജിട്രോഫിയിൽപോലും കളിച്ചിട്ടില്ലാത്ത ഒരുപറ്റം പുതുമുഖങ്ങളെകൊണ്ടാണ്‌ അസാധ്യമെന്നു തോന്നിയിരുന്ന ഈ വിജയം ഷേയ്ൻ വോൺ കൈപ്പിടിയിലൊതുക്കിയത്‌. സച്ചിൻ ടെണ്ടുൽക്കറും സൗരവ്‌ ഗാംഗുലിയും രാഹുൽ ദ്രാവിഡും യുവരാജ്‌ സിംഗും മഹേന്ദ്രസിംഗ്‌ ധോണിയും വി.വി.എസ്‌. ലക്ഷ്മണനുമെല്ലാം ഈ ടീം സ്പിരിറ്റിനുമുമ്പിൽ വിറച്ചുനിൽക്കുന്നതും ലക്ഷങ്ങൾ മുടക്കി നേടിയ താരങ്ങൾ രാജസ്ഥാൻ റോയൽസിന്റെ കുട്ടികൾക്കുമുമ്പിലൂടെ തലകുമ്പിട്ട്‌ ഡ്രസിംഗ്‌ റൂമിലേക്ക്‌ പോകുന്നതുമാണ്‌ ഈ 44 ദിവസങ്ങൾക്കിടയിൽ ലോകം കണ്ടത്‌.

സ്വപ്നിൽ അസ്നോക്കർ, യൂസഫ്‌ പഠാൻ, നീരജ്‌ പട്ടേൽ, മുനാഫ്‌ പട്ടേൽ, ദിനേഷ്‌ സാലൂങ്കേ, മഹേഷ്‌ റാവത്ത്‌, സിദ്ധാർത്ഥ്‌ ത്രിവേദി, പങ്കജ്‌ സിംഗ്‌, തരുവർ കോലി, രവീന്ദ്ര ജഡേജ തുടങ്ങി അധികമൊന്നും പ്രശസ്തിയോ പേരോ ഇല്ലാതിരുന്ന താരങ്ങളെ പരിശീലിപ്പിച്ചാണ്‌ വമ്പന്മാരെ ഷേയ്ൻവോൺ കടപുഴക്കിയത്‌. പരിശീലകനും ക്യാപ്റ്റനുമായി ഓരോ കളിക്കാരനെയും തിരിച്ചറിഞ്ഞ്‌ പ്രോത്സാഹിപ്പിച്ചായിരുന്നു അസൂയാർഹമായ നേട്ടം അദ്ദേഹം രാജസ്ഥാൻ റോയൽസിന്‌ നേടിക്കൊടുത്തത്‌.

സ്പോൺസർമാരും ഗോഡ്ഫാദർമാരും സോണൽ സെലക്ടർമാരും അടങ്ങുന്ന നിർണായകശക്തികളെ സ്വാധീനിച്ച്‌ ടീമിലെത്തി, ടൂർണമെന്റുകളിൽ ഇന്ത്യയെ നാണംകെടുത്തിയ താരങ്ങൾക്കെല്ലാം മാതൃകയാണ്‌ നാട്ടിൻപുറത്തുകാരായ ഈ കളിക്കാരെല്ലാം. ക്യാപ്റ്റന്റേയും സീനിയർ കളിക്കാരുടെയും അഹന്തയ്ക്കുമുന്നിൽ, അനിയന്ത്രിതമായ പെരുമാറ്റങ്ങൾക്ക്‌ മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കേണ്ടിവന്നിട്ടുള്ള കോച്ചുമാർക്കുള്ള മുന്നറിയിപ്പാണ്‌ ഷേയ്ൻ വോൺ.

ഷേയ്ൻ വാട്ട്സൺ, കമ്രാൻ അഖ്മൽ, സൊഹൈൽ തൻവീർ, ഗ്രെയിം സ്മിത്ത്‌ തുടങ്ങിയ അന്യദേശ കളിക്കാർക്കൊപ്പം ഇന്ത്യയുടെ നാട്ടിൻപുറത്തെ കുട്ടികളെ ഒപ്പംകൂട്ടി ഐക്യമത്യത്തിന്റെയും പോരാട്ടവീര്യത്തിന്റെയും പുതിയൊരു ഗാഥ രചിക്കുകയായിരുന്നു ഇന്നലെ മുംബൈയിൽ ഷേയ്ൻ വോൺ.

ട്വന്റി20യിൽ ലോകകപ്പ്‌ നേടി ഏകദിനത്തിൽ ഓസ്ട്രേലിയയെ തകർത്ത ടീമിനെ നയിച്ച ധോണി ഇന്നലെ ഷേയ്ൻ വോണിന്റെ ക്യാപ്റ്റൻസിക്കുമുന്നിൽ നിഴലായി മാറുന്നതും ഇന്ത്യ കണ്ടു. താരങ്ങളെ അവരുടെ ഗരിമയിൽ അല്ല കാണേണ്ടതെന്നും ടീമിൽ എല്ലാവരും തുല്യരാണെന്നും ആ മാനസികാവസ്ഥ കൈവരിച്ചാൽ കളി ജയിപ്പിക്കാൻ ആർക്കും കഴിയുമെന്നുമുള്ള പുതിയ വിജയതന്ത്രമാണ്‌ രാജസ്ഥാൻ റോയൽസിലൂടെ ഷേയ്ൻ വോൺ പഠിപ്പിച്ചത്‌.

നന്ദി ഷേയ്ൻ വോൺ. ഞങ്ങൾ, ഇന്ത്യയിലെ ക്രിക്കറ്റ്‌ പ്രേമികൾ അങ്ങയോട്‌ കടപ്പെട്ടിരിക്കുന്നു.

നന്ദി എമർജിംഗ്‌ മീഡിയ. നിങ്ങളോടും ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾക്കുള്ള കൃതജ്ഞത നിസീമമാണ്‌.

ഇന്ത്യൻ ക്രിക്കറ്റിലെ താരാധിപത്യത്തിന്റെ പൊള്ളത്തരം തെളിയിക്കുകയും പുതിയൊരു വിജയവീഥി വെട്ടിയൊരുക്കുകയും ചെയ്ത ഷേയ്ൻ വോണിനും എമർജിംഗ്‌ മീഡിയയ്ക്കും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ.

ഷേയ്ൻ വോണിന്റെ ക്യാപ്റ്റൻസിക്ക്‌ വഴങ്ങി തങ്ങളുടെ കഴിവുകൾ പുറത്തെടുത്ത്‌ അനുപമമായ നേട്ടം കൈവരിച്ച രാജസ്ഥാൻ റോയൽസിന്റെ എല്ലാ കളിക്കാർക്കും ഒഫീഷ്യൽസിനും ഞങ്ങളുടെ അഭിനന്ദനങ്ങൾ!

0 comments :