Monday, June 23, 2008

ഈശ്വരനെയോർത്ത്‌ നിങ്ങൾ കരയേണ്ട!

ഈശ്വരന്‌ ഏറ്റവും ഇഷ്ടം ആരെയായിരിക്കും?
ഈശ്വരവിശ്വാസിയായ ഒരു ഉഡായിപ്പുകാരനെയോ നിരീശ്വരവാദിയായ ഒരു മര്യാദക്കാരനെയോ?

എല്ലാ ഒന്നാം തീയതിയും ഗുരുവായൂരപ്പനെ നേരിൽക്കണ്ടു തൊഴുന്ന സാക്ഷാൽ ലീഡറെയോ, പള്ളിയിലേക്ക്‌ തിരിഞ്ഞുനോക്കാത്ത അന്തോണിച്ചനെയോ?

അബ്കാരിയായ നടേശഗുരുവിനെയോ സകല ദൈവങ്ങളെയും വെല്ലുവിളിച്ചു നടക്കുന്ന അഴീക്കോടിനെയോ?

വിദേശപ്പണം പറ്റി ഭൂസ്വത്തുണ്ടാക്കുന്ന സുവിശേഷകരെയോ നീതിക്കായി സായുധസമരം പ്രചരിപ്പിക്കുന്ന നക്സലൈറ്റുകളെയോ?

നിങ്ങൾ ഏതു ജാതി/മതക്കാരനായിരുന്നാലും ശരി മുൻപറഞ്ഞ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ 'ചിരിക്കാനുള്ള' വകയുണ്ടാക്കും.

ഇടതു സർക്കാരിന്റെ ഏഴാം ക്ലാസ്‌ സാമൂഹ്യപാഠം വായിച്ചുപഠിച്ച്‌ ആരെങ്കിലും കമ്മ്യൂണിസ്റ്റായി പോകും എന്ന്‌ വിശ്വസിക്കണമെങ്കിൽ അസാമാന്യമായ വിവരദോഷം തന്നെ വേണമെന്നാണ്‌ ആ 'ചിരി'യുടെ പൊരുൾ!

ഇപ്പോൾ നിലനിൽക്കുന്ന സകല മതവിഭാഗങ്ങളുടെയും ആത്മീയ നേതൃത്വങ്ങൾ വിശ്വാസികൾക്ക്‌ നൽകുന്ന പാഠപുസ്തകങ്ങൾ ഏതെങ്കിലും ഒരു നിരീശ്വരവാദിയെ/കമ്മ്യൂണിസ്റ്റുകാരെ ഈശ്വരവിശ്വാസിയാക്കിയതായി വെളിപ്പെട്ടിട്ടില്ല.

യഥാർത്ഥത്തിൽ ഈശ്വരനില്ല എന്ന്‌ പറഞ്ഞുനടക്കുന്നവരുടെ ഉള്ളിലാണ്‌ ഈശ്വരനുണ്ട്‌ എന്ന്‌ വിശ്വസിക്കുന്നവരേക്കാൾ ഈശ്വരവിശ്വാസമിരിക്കുന്നത്‌.

ഈശ്വരനിലുള്ള വിശ്വാസം എന്നു പറയുന്നത്‌, സത്യത്തിലുള്ള വിശ്വാസമാണ്‌ എന്ന്‌ പൊതുവായി നിർവചിച്ചാൽ മതാധിഷ്ഠിതമായ സംസ്കാരമുണ്ടെന്ന്‌ കൊണ്ടാടപ്പെടുന്ന കേരളത്തിൽ വിരലിലെണ്ണാവുന്നരേ ഈശ്വരവിശവാസികളായുള്ളൂ എന്ന്‌ കണ്ടെത്താനാവും!

കൈക്കൂലി വാങ്ങുന്നവരും, കൈക്കൂലി കൊടുക്കുന്നവരും കോപ്പിയടിച്ച്‌ പരീക്ഷ ജയിക്കുന്നവരും, രേഖതിരുത്തി ജോലി തേടുന്നവരും, ആരാനെ കബളിപ്പിച്ച്‌ കാശുതട്ടുന്നവരും, സ്വജനങ്ങൾക്കായി പക്ഷഭേദം കാട്ടുന്നവരും, ചിട്ടിക്കമ്പനി പൊളിച്ച്‌ നാടുവിടുന്നവരും, ഒരു ജോലിയും ചെയ്യാത്ത അലസന്മാരും, ജോലിസമയത്ത്‌ സംഘടനാ പ്രവർത്തനത്തിന്‌ പോകുന്നവരും, സത്യപ്രതിജ്ഞ ലംഘിച്ച്‌ സ്ഥാനമാനങ്ങൾ ദുരുപയോഗം ചെയ്യുന്നവരും, വാഗ്ദാനങ്ങൾ പാലിക്കാത്തവരും, തിന്മ ചെയ്യാൻ പ്രേരിപ്പിക്കുന്നവരും, അനീതി ചെയ്യാൻ അവസരമുണ്ടാക്കുന്നവരും..... അങ്ങനെയങ്ങനെ സകല അധർമ്മികളും പ്രഘോഷിക്കുന്നത്‌ തങ്ങൾ ഈശ്വരവിശ്വാസികളാണെന്നത്രെ!

ഈയിനങ്ങളിൽപ്പെട്ട സകലമനുഷ്യരും അവരുടെ വീടിന്റെ കട്ടിളപ്പടിയിൽ 'യേശുക്രിസ്തു ഈ ഭവനത്തിന്റെ നാഥൻ', 'ഗുരുവായൂരപ്പൻ ഈ വീടിന്റെ ഐശ്വര്യം' എന്നൊക്കെ ബോർഡ്‌ തൂക്കിയിട്ടിരിക്കും! ഇവന്മാർ ചെയ്യുന്ന സകല തെമ്മാടിത്തരത്തിനും ഈശ്വരനാണ്‌ ഉത്തരവാദിത്വം എന്ന്‌ ചുരുക്കും.

പത്തിരുപത്‌ കൊല്ലക്കാലം സന്യാസിനീ വേഷം ധരിച്ച്‌ പരപുരുഷനുമായി അവിഹിതബന്ധത്തിൽ ഏർപ്പെട്ട്‌, അതിന്റെ വീഡിയോ ചിത്രം ലോകത്തിനായി പ്രദാനം ചെയ്ത ആലുവായിലെ ഒരു 'കന്യാസ്ത്രീ'യുടെയും തൊള്ളായിരം കോടിയുടെ സ്വത്തുണ്ടെന്ന്‌ കണ്ടുപിടിക്കപ്പെട്ട ബിലീവേഴ്സ്‌ ചർച്ചിലെ ബിഷോപ്പ്‌ തിരുമേനിയേയും ഉഡായിപ്പുകളുടെ രാജാവായിരുന്ന സന്തോഷ്‌ മാധവൻ മുതൽ തരികിട തങ്ങൾമാരെ വരെയും ഈശ്വര വിശ്വാസികളായി തന്നെ പരിഗണിക്കുകയും, പരസ്യമായി ഇതുവരെ ഇവരെ തള്ളിപ്പറയാതിരിക്കുകയും ചെയ്യുന്ന മതനേതൃത്വങ്ങൾ എം.എ. ബേബിയുടെ ഏഴാം പാഠപുസ്തകത്തിനെ ഇത്രമാത്രം ഭയക്കുന്നതെന്തിന്‌

2 comments :

  1. ഫസല്‍ ബിനാലി.. said...

    വിശ്വാസികള്‍ എന്നത് സന്തോഷ് മാധവന്‍, ഏതെങ്കിലും പ്രദേഴ്സ്,പിന്നെ കുറച്ചു തങ്ങള്‍സ് എന്നിവരിലേക്ക് മാത്രമായി കുറച്ചു കാണുന്നത്, കാണുന്നവന്‍റെ മനസ്സിന്‍റെ വലിപ്പക്കുറവാണ്‍ കാണിക്കുന്നത്. ഇങ്ങനെയുള്ള ഫ്രോഡുകള്‍ സമൂഹത്തിന്‍റെ മൊത്തം വലിപ്പത്തിന്‍റെ ഒന്നോ രണ്ടോ ശതമാനമായിരിക്കും ഉണ്ടാവുക. ഒരോ മതത്തിലും അതാതു മതത്തിന്‍റെ ശരിയായ അകക്കാമ്പ് ഉള്‍ക്കൊള്ളുന്നവരായും അല്ലാത്തവരുമായ വലിയൊരു വിഭാഗം ശരിയായ വിശ്വാസികളുണ്ട്.
    രാഹുല്‍ ഈശ്വര്‍ എന്നൊരു പയ്യന്‍ കുറച്ച് ബ്രാഹ്മണരെയും കൊണ്ട് സുധാകരന്‍റെ മനസ്സു മാറ്റാന്‍ തിരുവനന്തപുരത്ത് ഒരു പൂജ നടത്താനൊരുങ്ങി. അന്നു അതു പോലീസിനെ ഉപയോഗിച്ച് തടഞ്ഞ സുധാകരന്‍ അതിനു ശേഷം മാധ്യമങ്ങളുടെ മുന്‍പില്‍ കാട്ടിക്കൂട്ടിയ പ്രകടനങ്ങളുടെ വീഡിയോ ഒന്നൂ പരിശോധിച്ചാല്‍ മനസ്സിലാകും കേരളത്തിലെ ഏറ്റവും വലിയ ഈശ്വര വിശ്വാസി ആരാണ് എന്ന്. പുറമേക്ക് ഈശ്വരവിശ്വാസം തീരെകാണിക്കാത്ത സുധാകരന്‍ തന്‍റെ മനസ്സു മാറ്റാന്‍ ഒരുത്തന്‍ പൂജ ചെയ്യാന്‍ പോകുന്നു എന്ന് കേട്ടപ്പോള്‍, മനസ്സ് മാറിപ്പോകുമോ എന്ന് ഭയന്ന് ആ പൂജ പോലീസിനെ ഉപയോഗിച്ച് തടസ്സപ്പെടുത്തുകയായിരുന്നില്ലെ? പൂജയില്‍ വിശ്വാസമില്ലാത്തയാളായിരുന്നെങ്കില്‍ അതൊരു വെല്ലുവിളിയായി എടുക്കാമായിരുന്നു അദ്ദേഹത്തിന്..

    പുറമേക്ക് ഈശ്വരവിശ്വാസം തീരെകാണിക്കാത്ത സുധാകരന്‍ തന്‍റെ മനസ്സു മാറ്റാന്‍ ഒരുത്തന്‍ പൂജ ചെയ്യാന്‍ പോകുന്നു എന്ന് കേട്ടപ്പോള്‍, മനസ്സ് മാറിപ്പോകുമോ എന്ന് ഭയന്ന് ആ പൂജ പോലീസിനെ ഉപയോഗിച്ച് തടസ്സപ്പെടുത്തുകയായിരുന്നില്ലെ? പൂജയില്‍ വിശ്വാസമില്ലാത്തയാളായിരുന്നെങ്കില്‍ അതൊരു വെല്ലുവിളിയായി എടുക്കാമായിരുന്നു അദ്ദേഹത്തിന്..
    അപ്പോള്‍ താങ്കള്‍ യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ച ഈശ്വര വിശ്വാസിയായ നല്ല നടപ്പുകാരനാരാണ്? തിരിച്ചും അവിശ്വാസിയായ ദുര്‍നടപ്പുകാരനാരാണ്? അപ്പോള്‍ ലീഡറെന്നോ മറ്റോ പറഞ്ഞ് ഒരാളെ ഉദ്ദേശിക്കുന്നതില്‍ അര്‍ത്ഥമില്ല, അത് ചിലപ്പോള്‍ തിരിഞ്ഞ് കൊത്തിയേക്കും. വിശ്വാസിയായാലും അവിശ്വാസിയായാലും നല്ലതു ചെയ്താല്‍ അംഗീകരിക്കാം അദ്ദേഹത്തിനു പിന്തുണ നല്‍കാം. വിശ്വാസി എന്ന് കാരണം കൊണ്ട് ഒരാളെ താഴ്ത്തിക്കെട്ടാതിരിക്കാം, അവിശ്വാസി എന്ന കാരണം കൊണ്ടും..
    പൂമൂടല്‍, ശുക്ലം തുപ്പല്‍, കെട്ടിപ്പിടുത്തം തുടങ്ങിയ വിപ്ലവ വിശ്വാസങ്ങള്‍ നമുക്ക് മനപ്പൂര്‍വ്വം ഒഴിവാക്കാം

  2. Unknown said...

    പുസ്തകത്തില്‍ ഏതു പാഠമായാലൂം ആര്‍ക്കുമൊരു ചുക്കുമില്ല സഖാവേ!

    ഇതിപ്പോ ഇടതന്മാരൊരു കാരണം കൊടുത്തപ്പോ വലതന്മാരൊന്നു മൂപ്പിച്ചു, തിരിച്ചാണെങ്കിലോ ഇതിലും വലുതു നടന്നേനെ!

    നമുക്കിതിലെന്തു കാര്യം?

    ലോകസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം.