ജനാബ് കുഞ്ഞാലിക്കുട്ടി സാഹിബ് ഏതു കുണ്ടിലാണ് ഒളിച്ചിരിക്കുന്നത്?
ഏഴാം ക്ലാസിലെ സാമുഹികപാഠപുസ്തകമെന്ന കച്ചിത്തുരുമ്പിൽ തൂങ്ങി പാതിരി-ചെന്നിത്തല-ചാണ്ടി-കാളി-കൂളി കൂട്ടങ്ങൾ ആരംഭിച്ച അരാജകത്വ സൃഷ്ടിപ്രവർത്തനത്തിന് ക്രിയാത്മകമായ പിന്തുണയാണ് കുഞ്ഞാലിക്കുട്ടിയിൽനിന്നും മുസ്ലീം ലീഗിൽനിന്നും അവരുടെ വിദ്യാർഥി വിഭാഗമായ എംഎസ്‌എഫിൽനിന്നും നിർലോപം ലഭിച്ചിട്ടുള്ളത്. എംഎസ്‌എഫ് എന്നൊരു വിദ്യാർഥി സംഘടന ജീവിച്ചിരിപ്പുണ്ടെന്ന് പൊന്നാനിക്ക് തെക്കുള്ളവർക്ക് ബോധ്യപ്പെടാനും ഈ അവസരം അവർ ബുദ്ധിപൂർവം വിനിയോഗിച്ചു. ഹൈബിയുടെ നേതൃത്വത്തിൽ കെഎസ്‌യു പിള്ളേർ വാർത്താപ്രധാന്യം നേടുന്നതിൽ അസൂയപൂണ്ടിട്ടൊന്നുമല്ല, എന്നാൽ തങ്ങൾ ആരെക്കാളും ചെറുതല്ലെന്ന് തെളിയിക്കാനാണ് അവർ ശ്രമിച്ചത്.
കമ്യൂണിസവും ഈശ്വരനിന്ദയും ഈശ്വരനിഷേധവും പ്രചരിപ്പിക്കാൻ ആരു ശ്രമിച്ചാലും അതിനെ എതിർക്കേണ്ടത് ജനാധിപത്യത്തിലും ഈശ്വരാസ്തിത്വത്തിലും അടിയുറച്ച് വിശ്വസിക്കുന്ന കോൺഗ്രസുകാരും അവരുടെ കുട്ടിപ്പടയായ കെഎസ്‌യുവും മുസ്ലീം ലീഗും അവരുടെ വിദ്യാർഥി വിഭാഗമായ എംഎസ്‌എഫുമൊക്കെയാണ്. അതൊക്കെതന്നെയാണ് തങ്ങൾ ചെയ്യുന്നതെന്ന് ഇവർ അവകാശപ്പെടുമ്പോഴും പുറത്തുനിൽക്കുന്നവർക്ക് കാണാൻ കഴിയുന്നത് തികഞ്ഞ അരാജകത്വ സൃഷ്ടിയും ജനാധിപത്യവിരുദ്ധമായ നടപടികളുമാണ്. അതാണ് എംഎസ്‌എഫ് പിള്ളേർ കാട്ടിക്കൂട്ടിയത്.
ഒരു പാഠപുസ്തകത്തിൽ തങ്ങൾ വിശ്വസിക്കുന്ന ചില മൂല്യങ്ങൾക്കെതിരായ പരാമർശമുണ്ടെന്ന് ആരൊക്കെയോ പറഞ്ഞുകേട്ടതിന്റെ പിന്നാലെ പന്തവുമായി തെരുവിലിറങ്ങിയ എംഎസ്‌എഫ് പിള്ളേരുടെ മുന്നിലേക്കെത്തിയത് മലബാറിലെ സ്കൂളുകളിലേക്ക് വിതരണത്തിന് കൊണ്ടുപോയ പാഠപുസ്തകങ്ങളാണ്. പിന്നെ മറ്റൊന്നും ചിന്തിച്ചില്ല, വണ്ടി തടഞ്ഞുനിർത്തി പുസ്തകക്കെട്ടെല്ലാം റോഡിൽ വിതറി, അതിന് തീകൊടുത്ത്, പണ്ട് ഇരയെ വീഴ്ത്തി ചുട്ടുതിന്നുകൊണ്ടിരിക്കുമ്പോൾ കാട്ടാളവിഭാഗം നടത്തിയതുപോലെ അട്ടഹാസത്തോടെയുള്ള ആഹ്ലാദപ്രകടനമാണ് നാട്ടുകാർ കണ്ടത്.
അക്ഷരം ദൈവമാണെന്നും ഈശ്വരവിശ്വാസം അറിവിന്റെ ആരംഭമാണെന്നും എല്ലാ മതങ്ങളും പഠിപ്പിക്കുന്നു. മുസ്ലീങ്ങൾ ഇക്കാര്യം പഠിപ്പിക്കാൻ പ്രത്യേക പാഠശാലകൾതന്നെ നൂറ്റാണ്ടുകളായി ആരംഭിച്ചിട്ടുണ്ട്. മുസ്ലീം വിദ്യാർഥികൾ ഈ പാഠശാലകളിൽ നിർബന്ധമായി പങ്കെടുത്ത് ഖുറാൻ അടക്കമുള്ള കിത്താബുകൾ ഓതണമെന്നത് കർശന നിയമമാണ്. ആ നിയമം അനുസരിച്ച് വളർത്തപ്പെട്ട വിദ്യാർഥികളാണ് തെരുവിൽ പാഠപുസ്തകങ്ങൾ കത്തിച്ച് ആഹ്ലാദിച്ചത്.
അറിവിനോടും ശാസ്ത്രീയബോധത്തോടും മുസ്ലീം മതവിഭാഗം അലസമായ സമീപനമാണ് സ്വീകരിച്ചതെന്ന് പറയുമ്പോൾ ആരും കോപാകുലരായിട്ട് കാര്യമില്ല. ഇത് ഈ സമൂഹത്തിലെ സാധാരണക്കാർ ആഗ്രഹിച്ച് നടപ്പിലാക്കിയ രീതിയൊന്നുമല്ല. മറിച്ച് കുഞ്ഞാലിക്കുട്ടിയേയും ഇ. അഹമ്മദിനെയും പാണക്കാട് തങ്ങളേയും പോലെയുള്ള മുതലെടുപ്പിന്റെ ശക്തികൾ അവരിൽ അടിച്ചേൽപ്പിച്ച അനാശാസ്യതയായിരുന്നു അത്. മദ്രസാ പഠനവും കിത്താബ് ഓതലും മതി ഖയാമത്ത് നാളിൽ പടച്ചതമ്പുരാന്റെ മുമ്പിൽ നേരോടെ നിൽക്കാൻ എന്നൊക്കെയാണ് ഈ നേതാക്കളും അവരുടെ ആജ്ഞപ്രകാരം പ്രവർത്തിക്കുന്ന മൊല്ലാക്കമാരും ഖത്തീബുമാരുമെല്ലാം മുസ്ലീം സമുദായത്തിലെ സാധുക്കളായ മനുഷ്യരോട് പറഞ്ഞുവച്ചിട്ടുള്ളത്. അവരത് അക്ഷരംപ്രതി വിശ്വസിക്കുകയും ചെയ്തു. കേരളത്തിലെ മുസ്ലീങ്ങളുടെ, വിശേഷിച്ച് മലബാറിലെ മുസ്ലീങ്ങളുടെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥയുടെ ഏക കാരണവും ഇതുതന്നെയാണ്.
ഈ സത്യം പാണക്കാട് ശിഹാബ് തങ്ങളിനറിയാം. ജനാബുമാരായ കുഞ്ഞാലിക്കുട്ടി സാഹിബിനറിയാം. അഹമ്മദ് സാഹിബിനറിയാം. മുനീർ സാഹിബിനറിയാം. ഇ.ടി. മുഹമ്മദ് ബഷീർ സാഹിബിനറിയാം. അങ്ങനെ പല പല സാഹിബുമാർക്കുമറിയാം. എന്നിട്ടും തങ്ങളുൾപ്പെടുന്ന സമുദായത്തിന്റെ വിദ്യാഭ്യാസപരമായ ഉന്നമനത്തിനുവേണ്ടി, തങ്ങൾ കൈയാളുന്ന രാഷ്ട്രീയ വിലപേശൽ ശക്തി ഇതുവരെ അവർ ഉപയോഗിച്ചിട്ടില്ല. അതുകൊണ്ടാണ് വിദ്യാർഥിസമരങ്ങളിലെ ഏറ്റവും നികൃഷ്ടമെന്ന് വിശേഷിപ്പിക്കപ്പെടേണ്ട, എംഎസ്‌എഫ് പിള്ളേരുടെ പാഠപുസ്തകം കത്തിക്കലിനെ ഈ സാഹിബുമാരൊന്നും അപലപിക്കാതിരുന്നത്. അതായത് അറിവും വിവേകവും ശാസ്ത്രീയബോധവും നൽകുന്ന ഒരു സ്രോതസും നിലനിൽക്കരുത് എന്നാണ് ഇവരുടെയോക്കെ മനസിലിരിപ്പ്. ബോധം തെളിഞ്ഞാൽ, ശാസ്ത്രീയാവബോധം ശക്തമായാൽ വെള്ളം ഓതിയും ചരട് ഓതിയും തങ്ങൾമാർ നടത്തുന്ന മുതലെടുപ്പിന് മുസ്ലീം സമുദായം കൂട്ടുനിൽക്കുകയില്ലെന്നും കുഞ്ഞാലിക്കുട്ടിയടക്കമുള്ളവരുടെ സ്വകാര്യസുഖ-ധന സമ്പാദന ത്വരകളെ അംഗീകരിക്കുകയില്ലെന്നും ഇവർക്കറിയാം. നാനോ ടെക്നോളജിയുടെ ഈ കാലഘട്ടത്തിലും മുസ്ലീം സമുദായത്തിലെ സാധാരണക്കാരെ അറിവിന്റെ മേഖലകളിൽനിന്ന് ആട്ടിപ്പായിക്കുന്ന വർത്തമാനകാല മനുമാരാണ് ഇവരെല്ലാം.
എന്നാൽ എല്ലാ മുസ്ലീം സഹോദരങ്ങളും ഇത്തരത്തിൽപെട്ടവരല്ല എന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി സാഹിബിനും കൂട്ടർക്കും മനസിലായതാണ്. അതിന്റെ പേരിൽ ആര്യാടൻ അടക്കമുള്ളവരോട് ഇപ്പോഴും കൊമ്പുകോർത്തുകൊണ്ടിരിക്കുകയാണ് ഈ ജനാബുമാരെല്ലാം. പുസ്തകം കത്തിക്കാൻ പിള്ളേർക്ക് മൗനാനുവാദം നൽകിയതിന്റെ തിരിച്ചടി വരാൻപോകുന്നതേയുള്ളൂ. പ്രത്യേകിച്ച് ബനാത്ത്‌വാല അടക്കമുള്ള വിവേകത്തിന്റെ സാന്നിധ്യം ഇല്ലാതായ സാഹചര്യത്തിൽ.
ഇവിടെ മറ്റൊരു കാര്യം കൂടി ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. അത് വിവാദപരമായ പാഠപുസ്തകത്തിന്റെ പേരിൽ വിദ്യാഭ്യാസമന്ത്രി എം.എ. ബേബിയും മറ്റു ചില മാർക്ക്സിസ്റ്റ് സഖാക്കളും സർവോപരി സർക്കാർ പുലർത്തുന്ന ജനവിരുദ്ധ നിലപാടാണത്. ഇന്നലെ ഈ പംക്തിയിൽ ചൂണ്ടിക്കാണിച്ചതുപോലെ ഭരണത്തിലിരിക്കുന്ന രാഷ്ട്രീയപാർട്ടിക്ക് അവരുടെ മൂല്യബോധം അനുസരിച്ച് വിദ്യാഭ്യാസമേഖല അടക്കമുള്ള ജനവ്യാപാരമേഖലകളിൽ ഇടപെടാൻ അവകാശമുണ്ട്. എന്നാൽ അത്, ഭരണീയരെ ബോധ്യപ്പെടുത്തിയതിനുശേഷം നടത്തിയെടുക്കേണ്ട ഒന്നാണ്. അല്ലാതെ അധികാരത്തിന്റെ ഹുങ്കോടെ അടിച്ചേൽപ്പിക്കാനുള്ളതല്ല.
ഏഴാം ക്ലാസിലെ സാമുഹികപാഠപുസ്തകത്തിന്റെ പേരിൽ ഉയർന്നിട്ടുള്ള വിവാദങ്ങളോട് അച്യുതാനന്ദൻ സർക്കാരിന്റെ സമീപനം ജനഹിതമനുസരിച്ചായിരുന്നില്ല എന്ന കാര്യത്തിൽ ഞങ്ങൾക്ക് തർക്കമില്ല. വിവാദമുയർന്നപ്പോൾതന്നെ എതിർക്കുന്നവർ അടക്കമുള്ളവരെ ഒരു മേശയ്ക്കുചുറ്റും വിളിച്ചിരുത്തി പ്രശ്നം രമ്യമായി പരിഹരിക്കാൻ കഴിയുമായിരുന്നു. വിവാദമുണ്ടാക്കിയ പാഠപുസ്തകങ്ങൾ പിൻവലിച്ച നിരവധി അനുഭവങ്ങൾ എല്ലാവർക്കും ഓർമയുണ്ട്. ചില പരാമർശങ്ങളുടെ പേരിൽ സാഹിത്യ സമ്രാട്ടായ ഷെയ്ക്സ്പിയറുടെ ആന്റണി ആൻഡ് ക്ലിയോപാട്ര എന്ന നാടകം ഡിഗ്രി വിദ്യാർഥികളുടെ സിലബസിൽനിന്ന് മാറ്റിയ ചരിത്രം കേരള യൂണിവേഴ്സിറ്റിക്കുണ്ട്. ഒരു പാഠപുസ്തകം പിൻവലിച്ചു എന്നതുകൊണ്ട് ആകാശമൊന്നും ഇടിഞ്ഞുവീഴാൻ പോകുന്നില്ല. ആ അർഥത്തിൽ അച്യുതാനന്ദൻ സർക്കാർ എടുത്ത നിലപാട് തികച്ചും പ്രതിലോമകരം തന്നെയാണ്. ബേബിയടക്കമുള്ളവരുടെ കടുംപിടുത്തം മൂലം എത്രയെത്ര അനിഷ്ടസംഭവങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കേരളത്തിലുണ്ടായത്. എത്രയെത്ര ഹർത്താലുകളാണ് നടന്നത്. ഹർത്താലുകൾക്കെതിരെ ഹൈക്കോടതിയുടെ ഉത്തരവ് നിലനിൽക്കെ അത് ലംഘിക്കുന്നവർക്ക് കൂട്ടുനിന്നുകൊണ്ട് കോടതിയലക്ഷ്യ പ്രവർത്തനമാണ് ഈ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്.
കുഞ്ഞാലിക്കുട്ടിമാർക്കും ബേബിമാർക്കും ഇതു ഭൂഷണവും അവരുടെ രാഷ്ട്രീയ നിലനിൽപ്പിന് അനിവാര്യവുമായിരിക്കാം. എന്നാൽ അവരേക്കാൾ വിദ്യാസമ്പന്നരും രാഷ്ട്രീയ പ്രബുദ്ധരുമായ കേരളീയർക്ക് ഇതെല്ലാം അസഹ്യവും അംഗീകരിക്കാൻ സാധിക്കാത്ത അരാജകത്വവും അരാഷ്ട്രീയവുമാണ്.
0 comments :
Post a Comment