Friday, June 27, 2008

പാഠപുസ്തകം തിരുത്താൻ കമ്യൂണിസ്റ്റ്‌ സർക്കാരിന്‌ അവകാശമുണ്ട്‌

ഏഴാം ക്ലാസിലെ സാമുഹിക പാഠപുസ്തകത്തിലെ ഒരു പാഠത്തിന്റെ പേരിൽ മതന്യൂനപക്ഷങ്ങളും പ്രതിപക്ഷവും ഇളക്കിവിട്ട പ്രക്ഷോഭത്തിൽ, അക്ഷരാർത്ഥത്തിൽ ഉരുകുകയാണിപ്പോൾ കേരളം. കെ.എസ്‌.യു. പിള്ളേരെ തെരുവിലിറക്കി ആരംഭിച്ച സമരം കഴിഞ്ഞ നാലുദിവസമായി സംസ്ഥാനത്തൊട്ടാകെ പൊതുജീവിതത്തിന്‌ ഭീഷണിയായി കഴിഞ്ഞു. ഇപ്പോൾ ഏറ്റുമുട്ടൽ ഡിവൈഎഫ്‌ഐയും യുവമോർച്ചയും തമ്മിലായി. ഇന്നലെ തലസ്ഥാന നഗരിതന്നെ ചോരക്കളമായി മാറി. പോലീസ്‌ പക്ഷപാതിത്വം കാണിച്ചപ്പോൾ യുവമോർച്ച പ്രവർത്തകർക്ക്‌ ചുട്ട അടികിട്ടി. അതിന്റെ പേരിൽ ഇന്ന്‌ തിരുവനന്തപുരം ജില്ലയിൽ അവർ ഹർത്താൽ ആചരിക്കുകയാണ്‌. എന്തൊക്കെ അത്യാഹിതങ്ങളുണ്ടായെന്ന്‌ ഇത്‌ എഴുതുമ്പോൾ ഊഹിക്കാനാവാത്തവിധം സർക്കാരിന്റെയും പോലീസിന്റെയും രാഷ്ട്രീയപാർട്ടികളുടെയും നിയന്ത്രണത്തിൽനിന്ന്‌ പ്രശ്നം വഴുതിപ്പോയി വല്ലാതെ വഷളായിക്കഴിഞ്ഞു.

ഒരു പാഠപുസ്തകത്തിലെ പരാമർശമല്ല, മറിച്ച്‌ മറ്റുചില അജണ്ടകളാണ്‌ പ്രസ്താവനകൾ ഇറക്കുന്നവർക്കും പ്രക്ഷോഭങ്ങൾ നടത്തുന്നവർക്കും എന്ന്‌ ഇപ്പോൾ ബോധ്യമായി. പൊതുതെരഞ്ഞെടുപ്പ്‌ മുന്നിൽക്കണ്ട്‌ തങ്ങളുടെ അടിത്തറ ശക്തമാക്കാനുള്ള അതിജീവന രാഷ്ട്രീയക്കാരുടെ അതിഗർഹണീയമായ നീക്കങ്ങളാണ്‌ പ്രശ്നം ഇത്ര വഷളാക്കിയതെന്നാണ്‌ ഞങ്ങളുടെ അഭിപ്രായം.

"മതമില്ലാത്ത ജീവൻ" എന്ന ശീർഷകത്തിലുള്ള പാഠമാണ്‌ പ്രശ്നങ്ങൾക്കെല്ലാം കാരണം. മിശ്രവിവാഹിതരായ ദമ്പതികളുടെ കുട്ടിയെ സ്കൂളിൽ ചേർക്കാൻ കൊണ്ടുവന്നപ്പോൾ ഉണ്ടായ, സാധാരണയുണ്ടാകുന്ന ചില സ്ഥിരം നടപടിക്രമങ്ങളാണ്‌ പാഠത്തിലെ പരാമർശം. മതവിശ്വാസത്തോടെ ഇന്ത്യയിൽ ജീവിക്കാമെന്നതുപോലെ മതവിശ്വാസമില്ലാതെയും ഇന്ത്യൻ പൗരനായി കഴിയാം എന്നത്‌ ആരെല്ലാം നിഷേധിച്ചാലും യാഥാർത്ഥ്യമായ വസ്തുതയാണ്‌. മിശ്രവിവാഹത്തെ ആരൊക്കെ എതിർത്താലും അത്‌ മറ്റൊരു യാഥാർത്ഥ്യമായി നമുക്കു ചുറ്റുമുണ്ട്‌. ഈ യാഥാർത്ഥ്യം സൃഷ്ടിക്കുന്ന അല്ലെങ്കിൽ ഈ യാഥാർത്ഥ്യം വിസ്മരിക്കുന്നതുമൂലം സൃഷ്ടിക്കപ്പെടുന്ന, മതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്‌ പാഠപുസ്തകത്തിൽ വിവരിക്കുന്നത്‌.

എന്നാൽ പാഠത്തിന്‌ നൽകിയ ശീർഷകമാണ്‌ മതന്യൂനപക്ഷ പുരോഹിതന്മാരെ ആദ്യം എതിർപ്പുമായി രംഗത്തെത്തിച്ചത്‌. സെമിനാരിയിലും മറ്റ്‌ മതപാഠശാലകളിലും പഠിക്കുന്ന സമയത്തല്ലാതെ മതഗ്രന്ഥങ്ങൾ വായിക്കാത്ത മതാധ്യക്ഷന്മാരാണ്‌ ഭൂരിപക്ഷവും. ആ പ്രതിലോമത്വം ഈ പുസ്തക പാഠത്തോടും അവർ കാണിച്ചു. കാരണം അവരാരും ഈ പുസ്തകം വായിച്ചിരുന്നില്ല. ജീവൻ എന്നത്‌ സ്കൂളിൽ അഡ്മിഷൻ തേടിവന്ന വിദ്യാർഥിയുടെ പേരാണ്‌. എന്നാൽ അതിനെ പരമാത്മാവിന്റെ ഭാഗമെന്നു പറയുന്ന ജീവാത്മാവായി തെറ്റിദ്ധരിച്ചും തെറ്റിദ്ധരിപ്പിച്ചുമാണ്‌ ബഹുമാന്യരായ നമ്മുടെ മതപുരോഹിതന്മാർ പ്രശ്നം ഇത്ര വഷളാക്കിയത്‌. ഇവരുടെ ഈ വൃത്തികെട്ട സ്വഭാവം കൊണ്ടാണ്‌ മതവും മതനേതാക്കളും സമാധാനപൂർണമായ ജനജീവിതത്തിന്‌ പാരയാണെന്ന്‌ പറയേണ്ടിവരുന്നതും ഈ ഹീനതാൽപര്യങ്ങളേയും അത്‌ സംരക്ഷിക്കുന്നവരേയും ഉന്മൂലനം ചെയ്യണമെന്ന്‌ ആഹ്വാനം ചെയ്യേണ്ടിവരുന്നതും.

പാതിരിമാരും മൊല്ലാക്കമാരും പിന്നെ സർവ മതതാന്തോന്നികളും 'ജീവനെ' പൊക്കിപ്പിടിച്ചപ്പോൾ അത്‌ വോട്ടുനേടാനുള്ള ഏറ്റവും ആയാസരഹിതമായ കുറുക്കുവഴിയാണെന്ന്‌ ചാണ്ടിയും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും മാണിയുമടക്കമുള്ള അധികാരക്കൊതിയന്മാർ മനസിലാക്കി. ഹൈബി ഈഡനെ തല്ലുകൊള്ളിച്ചുകൊണ്ട്‌ അവർ തങ്ങളുടെ അജണ്ട നടപ്പിലാക്കി. അപ്പോൾ ജനശ്രദ്ധ അവരിലേക്ക്‌ തിരിയുന്നു എന്നു മനസിലാക്കി ഡിവൈഎഫ്‌ഐ സഖാക്കൾ തനതുഗുണ്ടായിസവുമായി രംഗത്തെത്തി. മേഷയുദ്ധത്തിലെ സൃഗാലനെപോലെ അവിടേക്ക്‌ സംഘപരിവാറിന്റെ കുട്ടിശിങ്കങ്ങളും ചാടിവീണപ്പോൾ സാധാരണക്കാർക്ക്‌ സമാധാനപൂർണമായി ജോലിക്കുപോകാൻപോലും കഴിയാത്ത അവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്തു.

അതേസമയം ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ, അവരുടെ പ്രത്യയശാസ്ത്രപരമായി എടുത്ത ഒരു നിലപാടിനെ ചോദ്യം ചെയ്യാൻ പ്രതിപക്ഷത്തിനും മറ്റുള്ളവർക്കും അവകാശമുണ്ട്‌ എന്നതുനേര്‌. എന്നാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്‌ അവരുടെ പ്രത്യയശാസ്ത്രപരമായ നയങ്ങളും പരിപാടികളും നടപ്പിലാക്കാൻ അവകാശമില്ലായെന്നു പറയുന്നത്‌ പമ്പരവിഡ്ഢിത്തവും ശുദ്ധ വിവേകമില്ലായ്മയുമാണ്‌. കമ്യൂണിസ്റ്റ്‌ മൂല്യങ്ങളിലാണ്‌ തങ്ങൾ വിശ്വസിക്കുന്നതെന്നും ആ മൂല്യങ്ങളെ മുൻനിർത്തിയായിരിക്കും സർക്കാരിന്റെ എല്ലാ നയങ്ങളും രൂപീകരിക്കുകയെന്നും ജനങ്ങളോട്‌ പറഞ്ഞിട്ടാണ്‌ ഇടതുപക്ഷം വോട്ട്‌ തേടിയത്‌. ജനങ്ങൾ അത്‌ അംഗീകരിച്ചതുകൊണ്ടാണ്‌ ഇടതുപക്ഷം അധികാരത്തിലെത്തിയത്‌. സാമ്പത്തിക-സാമുഹിക-സാംസ്ക്കാരിക മേഖലകളിൽ, ഉദ്യോഗസ്ഥരംഗത്ത്‌ കമ്യൂണിസ്റ്റുകൾക്ക്‌ അവരുടെ മൂല്യബോധമനുസരിച്ചുള്ള ഇടപെടൽ ആകാമെങ്കിൽ വിദ്യാഭ്യാസമേഖലയിലും ആകാം. അത്‌ നിഷേധിക്കാൻ ജനാധിപത്യഭരണക്രമത്തിൽ ഒരു പാതിരിക്കും മൊല്ലാക്കയ്ക്കും ചെന്നിത്തലയ്ക്കും ചാണ്ടിക്കും അവകാശമില്ല.

മതത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളിൽ നടക്കുന്ന കൊള്ളരുതായ്മകൾ എല്ലാവരുടെയും മനസിലുണ്ട്‌. അതുകൊണ്ടുതന്നെ ആ കൊള്ളരുതായ്മകൾക്കെതിരായുള്ള സമരം കൂടിയാണ്‌ കമ്യൂണിസ്റ്റുകളുടെ ജീവിതമെന്ന്‌ മാർക്ക്സ്‌ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്‌. അതുകൊണ്ടാണ്‌ കമ്യൂണിസ്റ്റുകൾ നിരീശ്വരവാദികളായി തുടരുന്നത്‌. ചാർവാകനും ബുദ്ധനും പ്രചരിപ്പിച്ചതും നിരീശ്വരത്വം തന്നെയായിരുന്നു. അവർക്കും അണികളെകിട്ടി, ശിഷ്യഗണങ്ങളെ കിട്ടി. അതുകൊണ്ട്‌ മാത്രം ആർഷഭാരതത്തിന്റെ സംസ്ക്കാരത്തിനോ പൈതൃകത്തിനോ ഒരു കോട്ടവും സംഭവിച്ചിരുന്നില്ല.

ഗാന്ധിജി ചർക്കയും നൂൽനൂൽക്കലും സസ്യാഹാരരീതിയും സഹനസമരവും വിദ്യാർഥികളിൽ അടിച്ചേൽപ്പിച്ചപ്പോൾ എന്തുകൊണ്ട്‌ ആരും അന്ന്‌ ചോദ്യം ചെയ്തില്ല? സംഘപരിവാർ അധികാരത്തിലെത്തിയ സംസ്ഥാനങ്ങളിൽ അവരും പാഠപുസ്തക നിർമാണത്തിൽ ഇടപെട്ടിട്ടുണ്ട്‌. ഇതെല്ലാം രാജ്യത്തെ അല്ലെങ്കിൽ പ്രദേശത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയ നേതൃത്വം കാലാകാലങ്ങളിൽ അനുവർത്തിക്കുന്ന നയങ്ങൾ തന്നെയാണ്‌.

ഈ സത്യമാണ്‌ പാതിരിമാരും മൊല്ലാക്കമാരും ചാണ്ടി - ചെന്നിത്തല പ്രഭൃതികളും തമസ്ക്കരിച്ച്‌ ഇന്ന്‌ കേരളത്തിന്റെ തെരുവുകളെ യുദ്ധക്കളമാക്കിയത്‌. തിരിച്ചറിയേണ്ടത്‌ കമ്യൂണിസ്റ്റുകളുടെ അജണ്ട നടപ്പാക്കുന്ന രീതികളല്ല, മറിച്ച്‌ ജനാധിപത്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കള്ളനാണയങ്ങളെയാണ്‌.

ഇതു പറയുമ്പോൾ മറ്റൊരു വസ്തുത കാണാതിരുന്നുകൂടാ. നാലുദിവസമായി കേരളത്തിൽ അക്രമങ്ങൾ മുടിയഴിച്ചാടുന്നത്‌ കണ്ടിട്ടും കൃത്യമായി ഇടപെടാനോ നടപടികളെടുത്ത്‌ ആ വിപത്തിനെ ഇല്ലായ്മ ചെയ്യാനോ അച്യുതാനന്ദൻ സർക്കാരിന്‌ കഴിഞ്ഞിട്ടില്ല. കഴിവുകെട്ട ഒരു സർക്കാർ. ഷണ്ഡീകരിക്കപ്പെട്ട പോലീസ്‌ സേന. പാദസേവകർ മാത്രമായ ഉദ്യോഗസ്ഥവൃന്ദം. എന്തു തോന്ന്യാസത്തിനും ആഹ്വാനം ചെയ്യുന്ന മതനേതൃത്വം. അകിടിൽനിന്ന്‌ ചോരമാത്രം കുടിക്കുന്ന പ്രതിപക്ഷ പാർട്ടികൾ ഇവരുടെയെല്ലാം അവിഹിതമായ രാഷ്ട്രീയ ഇടപെടലാണ്‌ പ്രശ്നം ഇത്ര രൂക്ഷമാക്കിയത്‌. ഇവരെ എന്തുചെയ്യണമെന്ന്‌ കേരളം തീരുമാനിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

4 comments :

 1. Jaison said...

  It was pretty shame that the article is concentarting only 'Mathamillathe Jeevan'. Other than cathlic leaders nobody opposed it. Congress mainly opposing the areas about Daliths, the words used, the refernce books and white washing all communist riots . In future we can study about Rajani Anad's death and the SFI riot also, even though the actual reason for suicide was a failed love affair.

 2. കാഴ്‌ചക്കാരന്‍ said...

  "......... അതുകൊണ്ടാണ്‌ കമ്യൂണിസ്റ്റുകൾ നിരീശ്വരവാദികളായി തുടരുന്നത്‌. ചാർവാകനും ബുദ്ധനും പ്രചരിപ്പിച്ചതും നിരീശ്വരത്വം തന്നെയായിരുന്നു. അവർക്കും അണികളെകിട്ടി, ശിഷ്യഗണങ്ങളെ കിട്ടി...."

  ഇതൊര്‌ അധിരസികത്വം തന്നെ. നമ്മള്‍ ഈ കേരളത്തിലാണേ ജീവിക്കുന്നത്‌. കമ്മ്യൂണിസ്‌റ്റുകാരില്‍ എത്ര നിരീശ്വരവാദികളുണ്ട്‌ ? ജാതി-മതമില്ലായ്‌മയെക്കുറിച്ച്‌ വീമ്പിളിക്കുന്ന ഇവര്‍ -പോട്ടെ പുസ്‌തകം തയ്യാറാക്കി പരിഷത്തുമാഷന്‍മാര്‍ പോലും ജാതി നോക്കി മതം നോക്കി മാത്രം മക്കളുടെ വിവാഹം കെങ്കേമമാക്കുന്നു... എന്നിട്ടാരോടാണീ വീരവാദം ?
  മറ്റൊരു കാര്യം കൂടി, അണികളെ കിട്ടിയ കാര്യം പറഞ്ഞല്ലോ, നിരീശ്വരവാദവും യുക്തിവാദവും പറഞ്ഞിട്ടാണോ ഇന്നു കമ്മ്യൂണിസ്‌റ്റുകാരന്‍ അണികളെ സൃഷ്ടിക്കുന്നത്‌ ? എന്തിന്‌ ആള്‍ദൈവങ്ങള്‍ക്കെതിരെയുള്ള യുദ്ധപ്രഖ്യാനപനങ്ങള്‍ക്കു ശേഷം നമ്മുടെ ഡി.വൈ.എഫ്‌.ഐ. നേതാക്കള്‍ അതൊന്നു ബാലന്‍സു ചെയ്യാന്‍ 'നല്ല' ഹിന്ദു സന്യാസികളെ തേടി അലയുകയാണ്‌. വേദിയിലിരുത്താന്‍... വീണ്ടും വീമ്പിളക്കാന്‍..
  എന്തിന്‌, നിങ്ങളീ പറയുന്ന കമ്മ്യൂണിസത്തെ ഏറ്റവും ഭയപ്പെടുന്നത്‌ ഈ കമ്മ്യൂണിസ്റ്റുകാര്‍ തന്നെയാണ്‌. പരിശോധിച്ചു നോക്കൂ സമീപകാല വികസന സമ്പ്രദായങ്ങളും നയസമീപനങ്ങളും.

  (കമ്മ്യൂണിസ്റ്റുകാര്‍ എന്നു പറഞ്ഞത്‌ അധികാരം ലഭിച്ച, ഐഡിയോളജി നടപ്പാക്കാന്‍ അവസരം കിട്ടിയവരെക്കുറിച്ചാണ്‌, അല്ലാതെ പോരാടുന്നവരെക്കുറിച്ചല്ല)

  ആര്‍ക്കാണറിഞ്ഞുകൂടാത്തത്‌ പാഠപുസ്‌തക വിവാദങ്ങള്‍ ഒരു കണ്ണുകെട്ടി കളിയാണെന്ന്‌. വര്‍ഗ്ഗീയ കക്ഷികളുടെ അമ്പേറ്റ്‌ കാരുണ്യം കിട്ടാന്‍, മുണ്ടശ്ശേരിയുടെ അവതാരമെന്ന്‌ അവകാശപ്പെടാന്‍... പിന്നെ, ഇനി ഇത്തരം ജാതിയില്ലായ്‌മയും മതമില്ലായ്‌മയും പറയാന്‍ ആരും മുന്നോട്ടുവരാതിരിക്കാനുള്ള പഴുതടക്കാന്‍... അതല്ലെ കാര്യം.

 3. sajan jcb said...

  സാമ്പത്തിക-സാമുഹിക-സാംസ്ക്കാരിക മേഖലകളിൽ, ഉദ്യോഗസ്ഥരംഗത്ത്‌ കമ്യൂണിസ്റ്റുകൾക്ക്‌ അവരുടെ മൂല്യബോധമനുസരിച്ചുള്ള ഇടപെടൽ ആകാമെങ്കിൽ വിദ്യാഭ്യാസമേഖലയിലും ആകാം.

  I would like to defer!

  കേരളത്തിന്റെ ഉന്നതിക്കു വേണ്ടിയുള്ള നടപടികള്‍ക്കു വേണ്ടി അവരവരുടെ നയങ്ങളില്‍ മുറുകെ പിടിക്കുന്നതില്‍ ഒരപാകതയുമില്ല. മറ്റൊരു തരത്തില്‍ അതു തന്നെയാണ്ട് വേണ്ടതും. പക്ഷേ നയങ്ങളില്‍ സ്വന്തം പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുക എന്ന ഗൂഢലക്ഷ്യമുണ്ടെങ്കില്‍ അത് എതിര്‍ക്കപ്പെടേണ്ടതാണ്.

  അല്ലെങ്കില്‍ പ്രതിപക്ഷത്തിന്റെ ആവശ്യമേയില്ലല്ലോ? സര്‍ക്കാരിനു തോന്നിയപാടെ കാര്യങ്ങള്‍ നടത്താമെങ്കില്‍ ഇവിടെ എത്രയോ മുമ്പേ സ്മാര്‍ട്ട് സിറ്റി വന്നേനെ ! എക്സ്പ്രെസ്സ് ഹൈവേ വന്നേനേ?!

  ടോപ്പിക്കില്‍ നിന്നു വ്യതിചലിച്ചു... പോട്ടേ... ഇതേ ആളുകള്‍ തന്നെ BJP സര്‍ക്കാര്‍ അവരുടെ വക പാഠ്യപരിഷ്കരണം കേന്ദ്രത്തില്‍ കൊണ്ടു വന്നപ്പോള്‍ എതിര്‍ത്തതെന്തേ?

 4. പരാജിതന്‍ said...

  ബെസ്റ്റ്! മാഷന്മാരെ, ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയത്തില്‍ ഇമ്മാതിരി മുട്ടാപ്പോക്കുന്യായം പറഞ്ഞ് കണ്ടവന്റെ കാലിലേക്ക് പന്തു തട്ടിയിട്ടുകൊടുക്കുന്നതിനു പകരം മിണ്ടാതിരുന്നുകൂടെ, കുറഞ്ഞ പക്ഷം? യാതൊരു ഗ്രാഹ്യവുമില്ല, അല്ലേ? കഷ്ടം!