Tuesday, June 17, 2008

ക്ലൈമാക്സിലേക്ക്‌ നീങ്ങുമ്പോൾ...

രാഷ്ട്രീയക്കാരെ വെല്ലുന്ന കാലുവാരലുകളും കുതികാൽവെട്ടുകളും വിഴുപ്പലക്കലുകളും തെറിവിളികളുമായി സിനിമാക്കാർ.
സിനിമാക്കാരെ വെല്ലുന്ന ഡയലോഗുകൾ, അഭിനയമുഹൂർത്തങ്ങൾ, കഥാസന്ദർഭങ്ങൾ ഒക്കെയൊരുക്കി രാഷ്ട്രീയക്കാർ.
കേരളമഹാരാജ്യത്തിൽ സിനിമയും രാഷ്ട്രീയവും കൂടിക്കുഴഞ്ഞുകിടക്കുന്നു എന്നു പറയുമ്പോൾ 'സിനിമയുടെ രാഷ്ട്രീയം' എന്ന അതിഭീകര വിഷയത്തിലാണു ചർച്ച എന്നു കരുതിയേക്കരുത്‌!
'അമ്മ' എന്നു പേരുകേട്ട സിനിമാതാരസംഘടനയുടെ പ്രസിഡന്റ്‌ ശ്രീമാൻ ഇന്നസെന്റ്‌ ഒരിക്കൽ അവകാശപ്പെട്ടത്‌ അദ്ദേഹം 'അമ്മ'യുടെ നായരാണെന്നായിരുന്നു. ആ നിലയ്ക്ക്‌ മാക്ടയുടെ നായരായി വിലസിയ ആളത്രെ ശ്രീമാൻ വിനയൻ.
വിനയം പേരിൽ മാത്രമായിപ്പോയി എന്നൊരു ദോഷമേ വിനയനുള്ളൂവെന്നതവിടെയിരിക്കട്ടെ. ഒരു ജനാധിപത്യ സംഘടനാക്രമത്തിൽ അവശ്യം പാലിക്കേണ്ട വിട്ടുവീഴ്ചകളും സമവായ ശ്രമങ്ങളും വിനയന്റെ ഭാഗത്ത്‌ 'തരിപോലുമില്ല കണ്ടുപിടിക്കാൻ' എന്ന ആക്ഷേപം പണ്ടേ ശക്തം.
സംഭവമിങ്ങനെ നീറി നീറി വരവെ സംവിധായകൻ സിദ്ദിഖ്‌ വികാരഭരിതനായി പടിയിറങ്ങിയതാണ്‌ പുതിയൊരു ക്ലൈമാക്സിലേക്ക്‌ മാക്ടയെ കൊണ്ടെത്തിച്ചിരിക്കുന്നത്‌.
സംവിധായകരൊന്നൊന്നായി കൂട്ടത്തോടെ മാക്ട വിട്ടതും വേറൊരു സംഘടന കൂടിപ്രഖ്യാപിച്ചതും 'അമ്മ' അതിനു കുട പിടിച്ചതും ഇന്നലെവരെയുള്ള തുടർ സംഭവവികാസങ്ങളത്രെ!
ഇത്രയൊക്കെത്തന്നെയേ കേരളത്തിലെ ഭരണമുന്നണിയിൽ സിപിഎമ്മും സിപിഐയും തമ്മിൽ നടക്കുന്നുള്ളൂ!
കമ്യൂണിസ്റ്റുകാർ നമ്മൾ കരുതുംപോലെ അത്ര ജനാധിപത്യവാദികളല്ല. അതിനാൽ തന്നെ ചർച്ചയും മധ്യസ്ഥതയുമൊക്കെ കമ്യൂണിസ്റ്റുകാർ വലിയ വിലകൽപ്പിക്കുന്ന സംഗതികളല്ല. ഇരുമ്പുലക്കപോലുള്ള തീരുമാനങ്ങളാണ്‌ അവരെ നയിച്ചുകൊണ്ടിരിക്കുന്നത്‌.
സിപിഎം-സിപിഐ പോരാട്ട ഭൂമികയിൽ ഏതു സംവിധായകനാണ്‌ വികാരഭരിതനായി മുന്നണി വിട്ടു പോകേണ്ടത്‌?
വെളിയം ഭാർഗവനാണോ ആ സംവിധായകൻ?
പിണറായി ഒത്തുതീർത്തുകളയുമോ ഈ അടുക്കളയുദ്ധം?
ചോദ്യങ്ങൾ ഒരു ഹൊറർ സിനിമയിലെന്നപോലെ കാണികളെ ത്രസിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

1 comments :

  1. പ്രിയ said...

    കേവലം ഒരു വാര്ത്തക്കപ്പുറം എന്തിനീ സിനിമ ക്ലൈമാക്സിനെ ഉറ്റുനോക്കുന്നു? അവര് തമ്മില്തല്ലി തലപൊളിച്ചാല്, നല്ല സിനിമ (???) എടുക്കാന്‍ കഴിയാതിരുന്നാല്‍ അവര്ക്കു നഷ്ടം. പന്ന പടം പോയി കാണണം എന്ന് ആരും നിര്‍ബന്ധം പിടിക്കില്ലല്ലോ.

    രാഷ്ട്രീയത്തില്‍ ഉള്ള കുത്തിത്തിരിപ്പ് പ്രശനം ആണ്. കാരണം അവര് നമ്മളെ ഭരിക്കുന്നു. ഭരിക്കേണ്ട സമയത്തു തമ്മിലതല്ലാന് പോകും. അത് കൊണ്ടു ആ രണ്ടാം ഭാഗം ഒന്നു നോക്കിയേക്കാം