ആളെക്കിട്ടാനില്ലാ.... ആളെക്കിട്ടാനില്ലാ!
രാഷ്ട്രീയപാർട്ടികൾ, ജാതിമത സംഘടനകൾ, റോഡ്, കെട്ടിടനിർമാണ കോൺട്രാക്ടർമാർ തുടങ്ങിയവർ നേരിടുന്ന പൊതുവായ ഒരു പ്രതിസന്ധി എന്തെന്നറിയാമോ? പണ്ടത്തെപ്പോലെ ആളെക്കിട്ടാനില്ലായെന്നതാണ് ആ പ്രതിസന്ധി!
ഡിഫി നേതാവ് രാഗേഷ് ആളെക്കിട്ടാനില്ലാത്തതിന്റെ സാമൂഹ്യമായ കാരണങ്ങൾ വെളിപ്പെടുത്തിയത് കഴിഞ്ഞയാഴ്ചയാണ്. ഇടതുസർക്കാർ ഭരണത്തിലേറിയ അന്നുമുതൽ യുഡിഎഫും മതജാതിസംഘടനകളും യൂത്തുകോൺഗ്രസും യുവമോർച്ചയുംവരെ പോരിനിറങ്ങിയിട്ടു സമരങ്ങളൊന്നും വേണ്ടത്ര ക്ലച്ചുപിടിക്കാത്തതിനു കാരണവും ആളെക്കിട്ടാനില്ല എന്നതുതന്നെ!
പണ്ടായിരുന്നെങ്കിൽ 'പാലായിലെ പാതിരിമാരും സമസ്തകേരള നായന്മാരും' ഒരുമ്പെട്ടിറങ്ങിയാൽ കമ്യൂണിസ്റ്റുകാരുടെ ഭരണം പറഞ്ഞമാത്രയിൽ 'ഭണ്ഡാര' മടങ്ങിയേനെ!
റോഡ്, തോട്, കെട്ടിടനിർമാണ രംഗങ്ങളിൽ ആളെക്കിട്ടാനില്ലായെന്ന സ്ഥിതിവന്നതോടെയാണ് ആന്ധ്രാ, കർണാടക, ബീഹാർ, ഉത്തർപ്രദേശ്, നേപ്പാൾ തുടങ്ങിയ നാടുകളിൽനിന്നും കോൺട്രാക്ടർമാർ ആളെപ്പിടിക്കാനിറങ്ങിയത്!
സത്യം പറഞ്ഞാൽ മറുനാടൻ തൊഴിലാളികൾക്കാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്നു വന്നിരിക്കുന്നത്. നമ്മുടെ കേരള മഹാരാജ്യത്തിൽ, മിനിമം പത്താം ക്ലാസുകടന്നുകൂടിയവർവരെ ഫീൽഡ് ആപ്പീസർമാരായി ടൈയുംകെട്ടി ബാഗുംതൂക്കി കൊച്ചുവെളുപ്പാൻകാലത്തേ പണിക്കിറങ്ങിയതോടെയാണ് വേറൊരു പണിക്കും ആളെക്കിട്ടാനില്ലായെന്ന സ്ഥിതി വന്നുചേർന്നതെന്നാണ് ഒരു കാരണം. എന്നാൽ എട്ടുമണിക്കൂർ വേലചെയ്ത് പത്തോ മുന്നൂറോ രൂപ കൂലികിട്ടുന്നതിലും ഭേദം വല്ല പറമ്പുകച്ചവടത്തിനും പോകുന്നതാണെന്ന് മലയാളികൾ തിരിച്ചറിഞ്ഞതാണ് ഒരു പണിക്കും ആളെക്കിട്ടാനില്ലാതായതെന്നാണ് വേറൊരു കാരണം.
വേറെ കാര്യമായൊന്നും ഉൽപ്പാദിപ്പിക്കപ്പെടാത്ത കേരളത്തിൽ സുലഭമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന മാൻപവർ എന്ന മനുഷ്യവിഭവം വൻതോതിൽ മറുനാടുകളിലേക്ക് കയറ്റി അയക്കപ്പെടുന്നതാണ് ആളെക്കിട്ടാനില്ലാതായതിന്റെ മറ്റൊരു കാരണം.
ഒരു പണിക്കും കൊള്ളാത്തവർ എണ്ണത്തിൽ കുറവാണ് എന്നതാണിപ്പോൾ രാഷ്ട്രീയപാർട്ടികൾ, മതജാതി സംഘടനകൾ നേരിടുന്ന പ്രശ്നത്തിനു കാരണമെന്നാണ് ചുരുക്കത്തിൽ മനസിലാക്കേണ്ടത്.
ഇങ്ങനെ കാര്യങ്ങൾ പുരോഗമിക്കുന്ന കാലത്ത് മറുനാടുകളിൽനിന്നും ജാഥാതൊഴിലാളികളെ ഇറക്കുമതി ചെയ്യേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്.
ജാഥകൾ, കുത്തിയിരിപ്പു ധർണകൾ, വഴിതടയലുകൾ ഒക്കെയും അന്യംനിന്നുപോകുന്നൊരു വരും കാലത്ത്, എസ്‌എംഎസ് സമരായുധമാകുന്നതിന്റെ സാധ്യതകളാണ് തെളിയുന്നത്!
രണ്ടുമൂന്നുകോടി വരുന്ന കേരളീയർ കുത്തിരുന്ന് എസ്സെമ്മസ് അയച്ചാൽ കേരള ഭരണം മാത്രമല്ല, കേരളം തന്നെ തകർത്തുകളയാൻ പറ്റില്ലേ...
0 comments :
Post a Comment