Wednesday, June 4, 2008

സംരക്ഷണത്തിനായി 'ഈശ്വരന്മാർ' കേഴുന്നു

വീണ്ടും നായനാരും നായനാരുടെ വിവാദമായ ആ പ്രസ്താവനയും ഓർമ്മയിലെത്തുന്നു: "ഈശ്വരനെന്തിന്‌ പാറാവ്‌!"

അന്ന്‌ ആ നർമ്മപ്രസ്താവനയുണ്ടാക്കിയ കോലാഹലം മനസിൽ വച്ചുകൊണ്ട്‌ തന്നെ പറയട്ടെ, കേരളത്തിലെ ക്ഷേത്രങ്ങളിലെ ദേവന്മാർക്കും ദേവിമാർക്കും ക്രൈസ്തവ ദേവാലയങ്ങളിലെ സക്രാരികൾക്കും കാണിക്കപ്പെട്ടികൾക്കും പാറാവ്‌ ആവശ്യമായി വന്നിരിക്കുന്നു.

ക്ഷേത്രക്കള്ളന്മാരും അമ്പലം വിഴുങ്ങികളായ ദേവസ്വംബോർഡ്‌ അംഗങ്ങളും നടത്തിക്കൊണ്ടിരുന്ന കവർച്ച ചെറിയ-ഇടത്തരം ക്ഷേത്രങ്ങൾ വിട്ട്‌ തൃപ്രയാർ പോലുള്ള വൻക്ഷേത്രങ്ങളിലേക്ക്‌ വ്യാപിച്ച സാഹചര്യത്തിലാണ്‌ ദേവീദേവന്മാരും പുണ്യവാന്മാരുമെല്ലാം ഇപ്പോൾ പാറാവിനായി കേഴുന്നത്‌.

നായനാർ ഇന്ന്‌ ഉണ്ടായിരുന്നെങ്കിൽ എന്തായിരിക്കും പ്രതികരണമെന്ന്‌ ഊഹിക്കാനേ തരമുള്ളൂ. എന്നാൽ നായനാരുടെ പാർട്ടിക്കാരനും ഏതുസംഭവത്തോടും വാമൊഴി വഴക്കത്തോടെ പ്രതികരിക്കുന്ന ദേവസ്വം മന്ത്രി ജി സുധാകരന്റെ സ്വതസിദ്ധമായ പ്രതികരണം പുറത്തുവന്നിട്ടുണ്ട്‌. അമ്പലങ്ങളിലെ സ്വർണ്ണം അടക്കമുള്ള ഉരുപ്പടികൾ ബാങ്ക്‌ ലോക്കറിൽ വച്ചാൽ കള്ളന്മാരെ തോൽപ്പിക്കാമെന്നാണ്‌ സുധാകരന്റെ വെളിപാട്‌. വിവരക്കേടിന്‌ ആൾരൂപം സിദ്ധിച്ചാൽ അത്‌ ജി സുധാകരനാകുമെന്ന്‌ നേരത്തേ കേരളീയർക്കും ഈശ്വരവിശ്വാസികൾക്കും ബോധ്യമായിട്ടുള്ളതാണ്‌. ആ ബോധ്യങ്ങളിലേക്കാണ്‌, ബോധരഹിതമായ ഒരു പ്രസ്താവന ഇപ്പോൾ സുധാകരൻ എടുത്തെറിയുന്നത്‌.

അമ്പലങ്ങളിലെ വിഗ്രഹങ്ങളിൽ ചാർത്താനുള്ള ആഭരണങ്ങൾ ബാങ്ക്ലോക്കറിൽ വച്ചാൽ നിത്യേനയുള്ള പൂജയ്ക്ക്‌ ദേവീദേവന്മാർ അർദ്ധനഗ്നരായി ശ്രീകോവിലിനുള്ളിൽ കുടികൊള്ളേണ്ടിവരും അതല്ലെങ്കിൽ നിത്യവും, നിർമാല്യ പൂജയ്ക്കുമുമ്പ്‌ വൻ അകമ്പടിയോടെ ബാങ്കുകളിൽ ചെന്ന്‌ ലോക്കർ തുറന്ന്‌ ആഭരണങ്ങൾ കൊണ്ടുവരേണ്ടിവരും. രണ്ടും അൽപ്പംപോലും പ്രായോഗികമല്ല എന്ന്‌ തിരിച്ചറിയാനുള്ള ബോധം സുധാകരനില്ലാതെ പോയതിൽ ഞങ്ങൾ ലജ്ജിക്കുന്നു. ആഭരണം മാത്രമല്ല, പഞ്ചലോഹത്തിൽ നിർമ്മിച്ച വിഗ്രഹങ്ങളും ഈ അമ്പലം വിഴുങ്ങി - കവർച്ചാസംഘ ബന്ധത്തിലൂടെ അടിച്ചുമാറ്റപ്പെടുന്നുണ്ട്‌. അതിനെ പ്രതിരോധിക്കാൻ വിഗ്രഹങ്ങളെയും ബാങ്ക്ലോക്കറിൽ വയ്ക്കണമെന്നാണോ സുധാകരൻ ഭംഗ്യന്തരേണ സൂചിപ്പിക്കുന്നത്‌. ഇത്തരത്തിൽ വിവരംകെട്ട ഒരു ദേവസ്വംമന്ത്രി ഭരിക്കുന്ന നാട്ടിൽ അമ്പലംവിഴുങ്ങികൾക്കും ക്ഷേത്രക്കവർച്ചക്കാർക്കും ആരെയും കൂസാതെ വിലസാൻ കഴിയും.

കഴിഞ്ഞവർഷം 364 ക്ഷേത്രക്കവർച്ചകളാണ്‌ റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്‌. ഇതിൽ 88 കേസുകൾക്ക്‌ തുമ്പുണ്ടാക്കാനേ കോടിയേരിയുടെ പോലീസിന്‌ കഴിഞ്ഞിട്ടുള്ളൂ. ക്ഷേത്രം കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര പൊതിഞ്ഞ കടലാസിന്റെ ഒരു കഷ്ണത്തിൽ നിന്ന്‌ ഏറെ കോളിളക്കമുണ്ടാക്കിയ ഏറ്റുമാനൂർ ക്ഷേത്രക്കവർച്ച തെളിയിച്ച പോലീസുകാരാണ്‌ കേരളത്തിലുള്ളത്‌. എന്നിട്ടും എന്തുകൊണ്ട്‌ ഇത്രയധികം ക്ഷേത്രക്കവർച്ചകൾക്ക്‌ തുമ്പുണ്ടാകാതെ പോകുന്നു എന്ന്‌ അന്വേഷിക്കുമ്പോൾ, സുധാകരൻ പറഞ്ഞതിലും കാര്യമുണ്ടെന്ന്‌ കരുതേണ്ടിവരും. അമ്പലം നടത്തിപ്പുകാരറിയാതെ തൃപ്രയാർ ക്ഷേത്രത്തിലെ കവർച്ച നടക്കുകയില്ല എന്നായിരുന്നു സുധാകരന്റെ നിരീക്ഷണം. തെളിയിക്കപ്പെടാതെ കിടക്കുന്ന ക്ഷേത്രക്കവർച്ചകളുടെ ലിസ്റ്റ്‌ കാണുമ്പോൾ, ഇക്കാര്യത്തിൽ സുധാകരന്റെ കണ്ടെത്തലാണ്‌ ശരിയെന്ന്‌ സമ്മതിക്കേണ്ടിവരും.

ക്രൈം റിക്കോർഡ്സ്‌ ബ്യൂറോയുടെ കണക്കനുസരിച്ച്‌ ഏറ്റവും അധികം ക്ഷേത്രക്കവർച്ച നടന്നിട്ടുള്ളത്‌ തലസ്ഥാന നഗരിയിലാണ്‌. അതായത്‌ ആഭ്യന്തരവകുപ്പിന്റെ മൂക്കിനു കീഴെ. ഇക്കാര്യത്തിൽ രണ്ടാം സ്ഥാനം തൊട്ടടുത്ത ജില്ലയായ കൊല്ലത്തിനാണ്‌.

ക്ഷേത്രങ്ങളിൽ വേണ്ടത്ര സുരക്ഷാക്രമീകരണങ്ങൾ ഇല്ലാത്തതാണ്‌ കവർച്ചകൾക്ക്‌ കാരണം എന്ന്‌ ചൂണ്ടിക്കാട്ടി കൈകഴുകാനാണ്‌ കോടിയേരിയുടെ പോലിസിന്‌ താൽപ്പര്യം. സ്വയം സുരക്ഷ ഏർപ്പെടുത്താൻ കഴിവില്ലാത്ത പൗരന്മാരുടെയും സ്ഥാപനങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകാനാണ്‌ നികുതിപ്പണം ശമ്പളമായി നൽകി പോലിസ്‌ സേനയെ സംസ്ഥാനസർക്കാർ തീറ്റിപ്പോറ്റുന്നത്‌. അല്ലാതെ സന്തോഷ്‌ മാധവനെപ്പോലെയുള്ള കള്ളസ്വാമിമാരുടെ ഗൺമാനാന്മാരായി മാറാനോ അത്തരക്കാരുമായി ചേർന്ന്‌ അനധികൃത പണമിടപാട്‌ നടത്താനോ അല്ല.

ക്ഷേത്രക്കവർച്ചകൾ ഇത്തരത്തിൽ, വിശ്വാസികൾക്കും ദേവസ്വം അധികൃതർക്കും ആശങ്ക സൃഷ്ടിച്ച്‌ വ്യാപകമാകുമ്പോഴും സുധാകരനുള്ള ആശങ്കയുടെ നൂറിലൊന്ന്‌ പോലും ആഭ്യന്തരമന്ത്രിക്ക്‌ ഇല്ല എന്നത്‌ അധിക്ഷേപാർഹമായ സംഗതിയാണ്‌. പൂമൂടൽ കൊണ്ട്‌ ശത്രുസംഹാരം സാധിക്കുന്നത്‌ വിശ്വാസികൾക്കാണ്‌ അല്ലാതെ വിഗ്രഹരൂപത്തിൽ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള ദേവീദേവന്മാർക്കല്ല. ഇക്കാര്യം മറ്റാരേക്കാളും നന്നായി അറിഞ്ഞിരിക്കേണ്ട വ്യക്തിയാണ്‌ ആഭ്യന്തരമന്ത്രി. പക്ഷെ അദ്ദേഹം പുലർത്തുന്ന നിസംഗത പല സംശയങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും ഇടനൽകുന്നുണ്ട്‌ എന്നതാണ്‌ വസ്തുത.

ദേവസ്വം മന്ത്രി വായിൽ തോന്നുന്നതെല്ലാം വിളമ്പി നാടാകെ നടക്കുമ്പോൾ ആഭ്യന്തരമന്ത്രി നിർഗുണപരബ്രഹ്മമായി കഴിയുമ്പോൾ പാറാവിനായി കേഴുകയാണ്‌ ദേവീദേവന്മാരും പുണ്യവാന്മാരും.

3 comments :

  1. ushateacher said...

    സംരക്ഷണത്തിനായി കേഴുന്ന ദേവിദേവന്മാരുടെ മുന്നിലാണല്ലോ ലക്ഷക്കണക്കിന് ഭക്തന്മാര്‍ അഭയം തേടിയെത്തുന്നത് എന്നലോചിക്കുമ്പോള്‍ തമാശ തോന്നുന്നു.ഈ അമ്മ്പലക്കള്ള്ന്മാരൊക്കെ ബഷീര്‍ സാഹിത്യം പഠിച്ചവരാവും.(കര്‍ത്താവിനെന്തിനാണ് സ്വര്‍ണ്ണക്കുരിശ്)

  2. നന്ദു said...

    ആലോചനയില്ലാതെ അദ്ദെഹം (ബഹു:മന്ത്രി) ഇങ്ങനെ പലതും പറയും . ദൈവം അദ്ദേഹത്തെ രക്ഷിക്കട്ടെ!!

  3. Shabeeribm said...

    ഈശ്വരനെന്തിന്‌ പാറാവ്‌..... സ്വന്തം മുതല് പോലും സ്വയം രക്ഷിക്കാന്‍ കഴിയാത്ത ആ ദൈവങ്ങള്‍ നമ്മെ രക്ഷികുമോ ??