Wednesday, June 25, 2008

പാതിരിമാരും പ്രതിപക്ഷവും ആരെയാണ്‌ പാഠം പഠിപ്പിക്കുന്നത്‌?

ഏഴാം ക്ലാസിലെ സാമൂഹികപാഠപുസ്തകത്തിലെ ഒരു പാഠത്തിന്റെ പേരിൽ ക്രമസമാധാനനില വഷളാക്കിക്കൊണ്ടിരിക്കുകയാണ്‌ പ്രതിപക്ഷവും പാതിരിമാരുമടങ്ങുന്ന മത-രാഷ്ട്രീയ മാഫിയാസംഘം. കെഎസ്‌യു പിള്ളേരെ തെരുവിലിറക്കി ചെന്നിത്തലയും ചാണ്ടിയും ജനജീവിതം സ്തംഭിപ്പിക്കുമ്പോൾ പ്രസ്താവനകളിലൂടെ പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്‌ കത്തോലിക്കാ വൈദികരും മുസ്ലീം മൊല്ലാക്കമാരും പിന്നെ സർവ കാളികൂളി ചാത്തന്മാരും.

അധികാരമില്ലാതെ ജീവിക്കാൻ കോൺഗ്രസുകാർക്കും അധികാരദല്ലാളുമാരായി സാമ്പത്തിക ലൈംഗിക മുതലെടുപ്പ്‌ നടത്താതെ കഴിഞ്ഞുകൂടാൻ മതാധ്യക്ഷന്മാർക്കും അവരുടെ ശിങ്കിടികൾക്കും കഴിയുകയില്ല. ഈ സുഖമോഹങ്ങൾക്ക്‌ എന്നും ഇടതുപക്ഷ സർക്കാരുകൾ വിഘാതമാണെന്ന്‌ തിരിച്ചറിഞ്ഞാണ്‌ പഴയ വിമോചനസമര സ്വപ്നങ്ങൾ പൊടിത്തട്ടിയെടുത്ത്‌ ഈ മാഫിയാ സംഘം ഇപ്പോൾ കേരളത്തിലെ സാധാരണക്കാരുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നത്‌.
എം.എ. ഡിഗ്രി പാസായില്ലെങ്കിലും പേരിൽ എം.എ. ഉള്ള, രണ്ടാം മുണ്ടശേരിയെന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന ബേബിമന്ത്രി കഴിഞ്ഞ രണ്ടുവർഷമായി വിദ്യാഭ്യാസ വാണിക്കുകൾക്കും മതന്യൂനപക്ഷത്തിന്റെ പേരിൽ മുതലെടുപ്പ്‌ നടത്തുന്ന വൃത്തികെട്ടവന്മാർക്കും വിടുപണി ചെയ്യുകയായിരുന്നു. ആ ദുർവൃത്തിയുടെ തുടർച്ചയാണ്‌ ഇപ്പോൾ, ഏഴാം ക്ലാസിലെ സാമൂഹികപാഠത്തിന്റെ പേരിൽ അദ്ദേഹം നടത്തുന്ന തലക്കനം ബാധിച്ച പ്രഖ്യാപനങ്ങൾ. ബേബിയുടെ ചെയ്തികളിലും ചൊല്ലുകളിലും തൂങ്ങിയാണ്‌ കഴിഞ്ഞ രണ്ടുവർഷമായി മതന്യൂനപക്ഷ നേതാക്കന്മാരും ചാണ്ടി-ചെന്നിത്തല പ്രഭൃതികളും വിദ്യാഭ്യാസത്തെ മറയാക്കി നാട്‌ 'കൊള'മാക്കിക്കൊണ്ടിരിക്കുന്നത്‌.

'മാനത്തോടെ ഇരിക്കുന്ന മനുഷ്യന്‌ ബുദ്ധി നഷ്ടപ്പെട്ടാൽ അവൻ മൃഗത്തേക്കാൾ അധഃപതിക്കും' എന്ന ബൈബിൾ വാക്യമാണ്‌ പാതിരിമാരും സംഘവും ഇപ്പോൾ സാർത്ഥകമാക്കിക്കൊണ്ടിരിക്കുന്നത്‌. കഴിഞ്ഞ 50 വർഷത്തിനിടയിൽ പലവട്ടം കമ്യൂണിസ്റ്റ്‌ പാർട്ടികൾ കേരളത്തിൽ അധികാരത്തിൽ എത്തിയിട്ടും യുക്തിവാദികളുടെയും കമ്യൂണിസ്റ്റുകാരുടെയും എണ്ണം കുറഞ്ഞതല്ലാതെ കൂടിയിട്ടില്ല. ഈ രണ്ടുകൂട്ടരും കൊണ്ടുപിടിച്ച്‌ ശ്രമിച്ചിട്ടും കേരളീയന്റെ മനസിലെ ഈശ്വരവിശ്വാസത്തിന്‌ ഇടിവ്‌ തട്ടിക്കാനുമായിട്ടില്ല.

വസ്തുത ഇതായിരിക്കെ ഒരു പാഠപുസ്തകത്തിലെ ചില പരാമർശങ്ങളുടെ പേരിൽ വിദ്യാർഥി സമൂഹത്തെ ഒന്നാകെ നിരീശ്വരവാദികളും കമ്യൂണിസ്റ്റുകളുമാക്കിതീർക്കുമെന്നു പറയുന്നതിൽപരം തട്ടിപ്പ്‌ മേറ്റ്ന്താണുള്ളത്‌. സാമൂഹികപാഠത്തോടൊപ്പം ഭാഷയും സയൻസും കണക്കും ദശാബ്ദങ്ങളായി കുട്ടികളെ പഠിപ്പിക്കുന്നുണ്ട്‌. കഴിഞ്ഞ 50 വർഷമായി സയൻസിന്റെ അടിസ്ഥാനതത്വങ്ങൾ ഒരു മാറ്റവും കൂടാതെയാണ്‌ കേരളത്തിലെ സ്കൂളുകളിലും കോളേജുകളിലും പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. അത്‌ കത്തോലിക്കരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായാലും നായന്മാരുടെ സ്കൂളിലായാലും ഈഴവരുടെ വിദ്യാലയങ്ങളിലായാലും മുസ്ലീങ്ങളുടെ പള്ളിക്കൂടങ്ങളിലായാലും ഒരുപോലെതന്നെയാണ്‌.

ദൈവമാണ്‌ മനുഷ്യൻ അടക്കമുള്ള പ്രപഞ്ചസൃഷ്ടികളുടെ സ്രഷ്ടാവ്‌ എന്നാണ്‌ പൊതുവേയുള്ള വിശ്വാസം. എന്നാൽ എല്ലാ സ്കൂളുകളിലും പഠിപ്പിക്കുന്നത്‌ പരിണാമത്തിലൂടെയാണ്‌ അമീബ മുതൽ മനുഷ്യൻവരെയുള്ള ജീവജാലങ്ങൾ ഉണ്ടായതെന്നാണ്‌. ഇത്‌ അച്ചന്മാരും കന്യാസ്ത്രീമാരും മുസ്ലീം-ഹൈന്ദവ മതപ്രഭാഷകരായ അധ്യാപകരുമടക്കമുള്ളവർ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സയൻസിന്റെ അടിസ്ഥാന തത്വമാണ്‌. ഈരേഴുപതിനാല്‌ ലോകങ്ങളും മുപ്പത്തിമുക്കോടി ദൈവങ്ങളും ഉണ്ടെന്നാണ്‌ ഹൈന്ദവ വിശ്വാസം. എന്നാൽ പ്രപഞ്ചത്തിൽ കോടാനുകോടി നക്ഷത്രസമൂഹങ്ങളുണ്ടെന്നും അതിൽ സൂര്യൻ എന്ന നക്ഷത്രം കേന്ദ്രസ്ഥാനത്തുവരുന്ന സൗരയൂഥത്തിൽ ഒൻപത്‌ ഗ്രഹങ്ങളാണുള്ളതെന്നും അതിൽതന്നെ ഇപ്പോൾ ജീവൻ നിലനിൽക്കുന്നത്‌ ഭൂമിയിൽ മാത്രമാണെന്നും, മറ്റു ഗ്രഹങ്ങളിൽ ജീവജാലങ്ങളുണ്ടോ എന്നു കണ്ടെത്താനുള്ള ശാസ്ത്രീയ പരീക്ഷണങ്ങൾ നടക്കുകയാണെന്നും ഇവരൊക്കെതന്നെയാണ്‌ വിദ്യാർഥികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. എന്നിട്ടും ഈശ്വരവിശ്വാസത്തിനും ദൈവഭയത്തിനും ഒരു മാറ്റവും വന്നിട്ടില്ല. ദൈവത്തിൽ വിശ്വസിക്കുകയും ആ വിശ്വാസത്തിന്‌ കടകവിരുദ്ധമായ ശാസ്ത്രസത്യങ്ങൾ പഠിപ്പിക്കുകയും ചെയ്തവരാണ്‌ ഇപ്പോൾ ഒരു പാഠത്തിന്റെ പേരിൽ ഈശ്വരവിശ്വാസം നഷ്ടപ്പെടുമെന്ന ഭീതിയുമായി തെരുവിലിറങ്ങിയിരിക്കുന്നത്‌. മതത്തിന്റെയും മതവസ്ത്രങ്ങളുടെയും മറവിൽ ഇവരെല്ലാം ഇക്കാലമത്രയും നടത്തിയിരുന്ന തട്ടിപ്പിനേക്കാൾ വലിയ തട്ടിപ്പാണ്‌, ഏഴാം ക്ലാസിലെ സാമൂഹികപാഠപുസ്തകത്തിന്റെ പേരിൽ നടത്തിക്കൊണ്ടിരിക്കുന്നത്‌.

കേരളത്തിൽ മാറിമാറിവന്ന മന്ത്രിസഭകളിൽ വിദ്യാഭ്യാസവകുപ്പ്‌ കൈകാര്യം ചെയ്തവരിൽ ക്രിസ്ത്യാനികളും മുസ്ലീങ്ങളുമൊക്കെയുണ്ട്‌. അവർക്കാർക്കും അന്ന്‌ പാഠപുസ്തകങ്ങളിലെ മേൽസൂചിപ്പിച്ച ഈശ്വരനിഷേധമായ ശാസ്ത്രവിവരങ്ങൾ അസ്വസ്ഥത സൃഷ്ടിക്കുകയോ അവരുടെ ഉറക്കം നശിപ്പിക്കുകയോ ചെയ്തിട്ടില്ല. അപ്പോൾ ടി.എം. ജേക്കബും കെ.എം.മാണിയും കുഞ്ഞാലിക്കുട്ടിയും മുഹമ്മദ്‌ ബഷീറുമൊക്കെ ഇപ്പോൾ ഈശ്വരവിശ്വാസത്തിന്റെ പേരിൽ അസ്വസ്ഥത സൃഷ്ടിക്കാൻ പ്രസ്താവനകളിറക്കുന്നതിന്റെ പിന്നിലെ ചേതോവികാരം അധികാരക്കൊതിമാത്രമാണെന്ന്‌ തിരിച്ചറിയാനുള്ള വിവരവും വിദ്യാഭ്യാസവും വിവേകവും കേരളീയർക്കുണ്ട്‌. തുമ്മിയാൽ തെറിക്കുന്ന മൂക്ക്‌ ഇല്ലാതിരിക്കുന്നതാണ്‌ ഭംഗിയും അഭിമാനവും. ഒരു പാഠപുസ്തകത്തിലെ പരാമർശത്തിന്റെ പേരിൽ ഈശ്വരന്‌ അസ്തിത്വം നഷ്ടപ്പെടുമെങ്കിൽ അത്തരമൊരു ഈശ്വരൻ ഇല്ലാതിരിക്കുന്നതാണ്‌ മലയാളികൾക്ക്‌ മാത്രമല്ല, മാനവരാശിക്കാകെ ഗുണകരം. അതുകൊണ്ട്‌ ഈ ചെപ്പടാച്ചികളിൽനിന്ന്‌ പിന്മാറി കഴിഞ്ഞ ദിവസം ഈ പംക്തിയിൽ ചൂണ്ടിക്കാണിച്ച ആരോഗ്യരംഗത്തെ കെടുകാര്യസ്ഥത ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പാതിരിമാർ അടക്കമുള്ളവർ മുന്നോട്ടുവരുമ്പോൾ അവിടെ ഈശ്വരനും ഈശ്വര സാന്നിധ്യം അനുഭവിച്ചറിയാനാകും. ഇപ്പോൾ ഇവരിലെല്ലാം ഉറഞ്ഞുതുള്ളുന്നത്‌ സാത്താന്റെ താൽപര്യങ്ങൾതന്നെയാണ,്‌ സംശയമില്ല.

2 comments :

  1. പ്രിയ said...

    " ദൈവമാണ്‌ മനുഷ്യൻ അടക്കമുള്ള പ്രപഞ്ചസൃഷ്ടികളുടെ സ്രഷ്ടാവ്‌ എന്നാണ്‌ പൊതുവേയുള്ള വിശ്വാസം. എന്നാൽ എല്ലാ സ്കൂളുകളിലും പഠിപ്പിക്കുന്നത്‌ പരിണാമത്തിലൂടെയാണ്‌ അമീബ മുതൽ മനുഷ്യൻവരെയുള്ള ജീവജാലങ്ങൾ ഉണ്ടായതെന്നാണ്‌. ഇത്‌ അച്ചന്മാരും കന്യാസ്ത്രീമാരും മുസ്ലീം-ഹൈന്ദവ മതപ്രഭാഷകരായ അധ്യാപകരുമടക്കമുള്ളവർ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സയൻസിന്റെ അടിസ്ഥാന തത്വമാണ്‌. ഈരേഴുപതിനാല്‌ ലോകങ്ങളും മുപ്പത്തിമുക്കോടി ദൈവങ്ങളും ഉണ്ടെന്നാണ്‌ ഹൈന്ദവ വിശ്വാസം. എന്നാൽ പ്രപഞ്ചത്തിൽ കോടാനുകോടി നക്ഷത്രസമൂഹങ്ങളുണ്ടെന്നും അതിൽ സൂര്യൻ എന്ന നക്ഷത്രം കേന്ദ്രസ്ഥാനത്തുവരുന്ന സൗരയൂഥത്തിൽ ഒൻപത്‌ ഗ്രഹങ്ങളാണുള്ളതെന്നും അതിൽതന്നെ ഇപ്പോൾ ജീവൻ നിലനിൽക്കുന്നത്‌ ഭൂമിയിൽ മാത്രമാണെന്നും, മറ്റു ഗ്രഹങ്ങളിൽ ജീവജാലങ്ങളുണ്ടോ എന്നു കണ്ടെത്താനുള്ള ശാസ്ത്രീയ പരീക്ഷണങ്ങൾ നടക്കുകയാണെന്നും ഇവരൊക്കെതന്നെയാണ്‌ വിദ്യാർഥികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. എന്നിട്ടും ഈശ്വരവിശ്വാസത്തിനും ദൈവഭയത്തിനും ഒരു മാറ്റവും വന്നിട്ടില്ല. ദൈവത്തിൽ വിശ്വസിക്കുകയും ആ വിശ്വാസത്തിന്‌ കടകവിരുദ്ധമായ ശാസ്ത്രസത്യങ്ങൾ പഠിപ്പിക്കുകയും ചെയ്തവരാണ്‌ ഇപ്പോൾ ഒരു പാഠത്തിന്റെ പേരിൽ ഈശ്വരവിശ്വാസം നഷ്ടപ്പെടുമെന്ന ഭീതിയുമായി തെരുവിലിറങ്ങിയിരിക്കുന്നത്‌. മതത്തിന്റെയും മതവസ്ത്രങ്ങളുടെയും മറവിൽ ഇവരെല്ലാം ഇക്കാലമത്രയും നടത്തിയിരുന്ന തട്ടിപ്പിനേക്കാൾ വലിയ തട്ടിപ്പാണ്‌, ഏഴാം ക്ലാസിലെ സാമൂഹികപാഠപുസ്തകത്തിന്റെ പേരിൽ നടത്തിക്കൊണ്ടിരിക്കുന്നത്‌. "

    :) ഇങ്ങനെ ഒരു കാര്യം ആരും ഓര്ത്തുകാണുകയേ ഇല്ല. തത്തമ്മേ പൂച്ച പൂച്ച എന്ന് പഠിക്കുന്ന (പഠിച്ച :| ) കുട്ടികളുടെ തലയില്‍ ഇതൊട്ടു മിന്നിയതും ഇല്ല.

    ഇപ്പൊ ഉണ്ടാകുന്ന കോലാഹലങ്ങള്‍ കുട്ടികള്ക്ക് വേണ്ടിയല്ല വലിയവരുടെ നേട്ടങ്ങള്‍ക്ക്‌ വേണ്ടിയാണെന്ന് ഇതൊന്നും ഇല്ലാതെ തന്നെ എല്ലാവര്ക്കും അറിയാം.

    ആരോട് പറയാന്‍. പറഞ്ഞാല്‍ തന്നെ ആര് കേള്‍ക്കാന്‍ ?

  2. Kaithamullu said...

    ആദ്യം കേട്ടത്: മതനിഷേധം.
    പിന്നെ കമ്മ്യൂണിസ്റ്റ്വത്ക്കരണം.
    കുറച്ച് കഴിഞ്ഞപ്പോ ഗാന്ധിക്കും സ്വാതന്ത്ര്യസമരത്തിനുമെതിരേ.
    ഇപ്പോ പറയുന്നൂ: നിലവാരമില്ലാ‍ത്ത പൊത്തകം പഠിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന്....

    എന്റീശ്വരന്‍‌മാരേ, നിങ്ങ കേക്ക്‍ണുണ്ടാ ഇതൊക്കെ?
    (പൊതുജനം കേള്‍ക്കുന്നുണ്ടല്ലോ?)