Saturday, June 21, 2008

ഹൈബിയ്ക്കും സിദ്ദിഖിനും വേണ്ടി തല്ലുകൊള്ളാൻ നാണമില്ലാത്ത ...

ഷണ്ഢത്വം ബാധിച്ച പ്രതിപക്ഷത്തിന്റെ, പ്രത്യേകിച്ച്‌ കോൺഗ്രസിന്റെ നാണക്കേട്‌ മാറ്റാനാണെന്നു തോന്നുന്നു, കെഎസ്‌യു പിള്ളേരിപ്പോൾ തെരുവിൽ കൂത്താടുന്നതും പോലീസിന്റെ തല്ലുകൊണ്ട്‌ ആശുപത്രിയിലാകുന്നതും.

ഇന്നലെവരെ കഴിവുകേടിന്റെ ഖദർപര്യായങ്ങളായിരുന്ന ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും ഇപ്പോൾ എത്ര ആവേശത്തോടെയാണ്‌ പ്രസ്താവനകളിറക്കുന്നതെന്ന്‌ ശ്രദ്ധിക്കുക. കെഎസ്‌യു പിള്ളേരെ തെരുവിൽതല്ലി ഹിറ്റ്ലർ ആകാൻ കോടിയേരി ശ്രമിക്കേണ്ട എന്ന്‌ ചെന്നിത്തല മുന്നറിയിപ്പ്‌ നൽകുമ്പോൾ, പഴയ കെഎസ്‌യുവിന്റെ പടക്കുതിരയായിരുന്ന ഉമ്മൻചാണ്ടി 'ശക്തിമത്തായ' ഭാഷയിലാണ്‌ ആഭ്യന്തരമന്ത്രിക്കും സർക്കാരിനുമെതിരെ പ്രസ്താവനകളിറക്കുന്നത്‌. എന്തിനധികം കെ.കരുണാകരൻ പോലും കെഎസ്‌യു പ്രശ്നമേറ്റെടുത്ത്‌ അച്യുതാനന്ദനെതിരെ ആഞ്ഞടിക്കുകയാണ്‌.

എന്തിനാണ്‌ യഥാർത്ഥത്തിൽ ഇപ്പോൾ കെഎസ്‌യുവിന്റെ ഈ സമരമെന്ന്‌ ചിന്തിക്കുമ്പോഴാണ്‌, വിദ്യാർഥി സമരത്തിലൂടെ നേതൃസ്ഥാനത്തെത്താനും എംഎൽഎയും എംപിയുമൊക്കെ ആകാനുമുള്ള ചില നീലക്കുറുക്കന്മാരുടെ കൗശലങ്ങൾ വ്യക്തമാകുന്നത്‌. കെഎസ്‌യു പ്രസിഡന്റ്‌ ഹൈബി ഈഡന്‌ എറണാകുളം പാർലമെന്റ്‌ സീറ്റും യൂത്ത്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ സിദ്ധിഖിന്‌ തിരുവനന്തപുരം എംഎൽഎ സീറ്റും സംവരണം ചെയ്യാനുള്ള ബോധപൂർവമായ നീക്കമാണ്‌, കെഎസ്‌യു സമരമായി തെരുവിൽ പ്രക്ഷുബ്ധമായിക്കൊണ്ടിരിക്കുന്നത്‌.

വിദ്യാർഥികളുടെ പ്രശ്നമേറ്റെടുത്ത്‌ മുൻപ്‌ കെഎസ്‌യു അടക്കമുള്ള വിദ്യാർഥി സംഘടനകളും സമാനതകളില്ലാത്ത സമരങ്ങൾ ചെയ്തിട്ടുണ്ട്‌. ഒരണ സമരവും ഫീസ്‌ ഏകീകരണവുമെല്ലാം അത്തരത്തിലുള്ളതായിരുന്നു. എന്നാൽ ഇന്ന്‌ കെഎസ്‌യു അടക്കമുള്ള വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിലിരുന്ന്‌ സമരപരിപാടികൾക്ക്‌ രൂപം നൽകുന്ന നേതാക്കന്മാരെല്ലാം സ്ഥാനമാനങ്ങൾക്കും സുഖസൗകര്യങ്ങൾക്കും പിന്നാലെ ആർത്തിയോടെ പായുന്ന വേട്ടപ്പട്ടികൾ മാത്രമാണ്‌. അധികാരവും മൂലധന സമാഹരണവും ലൈംഗിക തൃപ്തിയുമൊക്കെ മുന്നിൽകണ്ടുകൊണ്ടുള്ള സമരാഭാസങ്ങൾക്കാണ്‌ യഥാർത്ഥത്തിൽ ഈ യുവനേതാക്കന്മാർ നേതൃത്വം നൽകുന്നത്‌.

ഏഴാം ക്ലാസിലെ സാമൂഹിക പാഠപുസ്തകത്തിലെ ഒരു പാഠത്തിന്റെ പേരിലാണ്‌ ഇപ്പോൾ ഈ പുകിലെല്ലാം നടക്കുന്നത്‌. നെഹ്‌റുവിന്റെ ഉദ്ധരണികൾ അടങ്ങിയ 'മതവിശ്വാസത്തിന്റെ ജീവൻ' എന്ന പാഠമാണ്‌ ഇവരെയെല്ലാം പ്രകോപിതരാക്കിയിരിക്കുന്നത്‌. ഇടതുപക്ഷ സർക്കാർ മതന്യൂനപക്ഷങ്ങൾക്കും അവരുടെ ഈശ്വരവിശ്വാസത്തിനും എതിരെ പാരപണിയുകയാണ്‌ ഈ പാഠത്തിലൂടെ എന്ന കത്തോലിക്ക സഭാ നേതൃത്വത്തിന്റെ, അജണ്ടകൾ നിറഞ്ഞ ആശങ്കകളാണ്‌ ഇപ്പോൾ ഹൈബിയും സിദ്ധിഖുമടക്കമുള്ളവർ എടുത്തുയർത്തി പിള്ളേരെ പോലീസിന്റെ ലാത്തിയടിക്ക്‌ വിട്ടുകൊടുത്തിരിക്കുന്നത്‌.

കത്തോലിക്ക സഭയ്ക്ക്‌ ഇത്തരമൊരു ആരോപണം ഉന്നയിക്കേണ്ടത്‌ അവരുടെ വിദ്യാഭ്യാസ കച്ചവടത്തിന്‌ അനിവാര്യമാണ്‌. ഇടതുപക്ഷ സർക്കാരുകൾ എന്നും കത്തോലിക്ക സഭയടക്കമുള്ള മതന്യൂനപക്ഷങ്ങളിലെ വിദ്യാഭ്യാസ ചൂഷകർക്ക്‌ കടിഞ്ഞാണിടാൻ ശ്രമിച്ചിട്ടുണ്ട്‌ ശ്രമിക്കുന്നുമുണ്ട്‌. അതാണ്‌ സഭാ നേതൃത്വത്തെ ഭീതിയിലാഴ്ത്തുന്നത്‌. എം.എ. ബേബിയെപോലെ ഒരു പാര മന്ത്രിസഭയിലിരുന്ന്‌ ഈ വിദ്യാഭ്യാസ വാണിക്കുകൾക്ക്‌ വേണ്ട ഒത്താശ ചെയ്തുകൊടുക്കുന്നുണ്ടെങ്കിലും തങ്ങളുടെ അജണ്ടകൾ എല്ലാം പരിക്കുകൂടാതെ നടത്തിയെടുക്കാൻ കഴിയുമെന്ന്‌ അവർക്ക്‌ വിശ്വാസമില്ല. അപ്പോൾ വീണുകിട്ടിയ കച്ചിത്തുരുമ്പാണ്‌ ഏഴാം ക്ലാസിലെ ഈ പാഠപുസ്തകം.

മതന്യൂനപക്ഷങ്ങൾക്കൊപ്പം നിൽക്കുന്നുവെന്ന്‌ ബോധ്യപ്പെടുത്തി അധികാരത്തിന്റെ ഉന്നതങ്ങളിലെത്താൻ എന്നും കോൺഗ്രസ്‌ കൗശലം പ്രകടിപ്പിച്ചിട്ടുണ്ട്‌. വിമോചനസമരമെന്ന സമരാഭാസം ഓർക്കുക. അതേ ശൈലി തന്നെയാണ്‌ ഇപ്പോൾ കോൺഗ്രസ്‌ അനുവർത്തിക്കുന്നത്‌. അതിന്‌ പരിസരമൊരുക്കാൻ കുട്ടിക്കുരങ്ങന്മാരെ കൊണ്ട്‌ ചോറുവാരിക്കുന്നതാണ്‌ ഇപ്പോൾ നടക്കുന്ന കെഎസ്‌യു സമരം. സഭയുടെ ഈ എതിർപ്പിനൊപ്പം നിന്ന്‌ ഒരു എംഎൽഎ സ്ഥാനവും എംപി സ്ഥാനവും ഒപ്പിച്ചെടുക്കാമെന്ന്‌ സിദ്ധിഖും ഹൈബിയും സ്വപ്നം കാണുന്നു.

ഇന്ന്‌ ഈ പാഠത്തിനെതിരെയും പാഠപുസ്തകത്തിനെതിരെയും കുരച്ചു പ്രതിഷേധിക്കുന്ന ചെന്നിത്തലയോ ഹൈബിയോ സിദ്ധിഖോ ആ പാഠം മുഴുവനും വായിച്ചിട്ടുണ്ടാകില്ല എന്ന കാര്യത്തിൽ ഞങ്ങൾക്ക്‌ സംശയമില്ല. വായനയും അക്ഷരങ്ങളോടുള്ള കൂറും മുൻപേ കോൺഗ്രസുകാർക്ക്‌ പറഞ്ഞിട്ടുള്ളതല്ല. അതല്ലായിരുന്നെങ്കിൽ ലോകം മുഴുവൻ ആദരിക്കുന്ന ചിന്തകനായ നെഹ്‌റുവിന്റെ ഉദ്ധരണികൾ അടങ്ങുന്ന ഒരു പാഠഭാഗം മതന്യൂനപക്ഷങ്ങൾക്ക്‌ എതിരാണെന്ന്‌ ഇവർ വാദിക്കുമായിരുന്നില്ല. നെഹ്‌റുവും ഗാന്ധിജിയും അടങ്ങിയ ആദ്യകാല കോൺഗ്രസ്‌ നേതൃത്വം വായനയിലൂടെ വിളഞ്ഞുവന്നവരാണ്‌. എന്നാൽ ചെന്നിത്തല മുതൽ ഹൈബി വരെയുള്ള ഇപ്പോഴത്തെ നേതൃത്വം വായിക്കാതെ വളഞ്ഞവരും. അതാണ്‌ അടിസ്ഥാന പ്രശ്നം.
എന്നും വിദ്യാർഥി സമരം അക്രമാസക്തമേ ആയിട്ടുള്ളൂ. പോലീസിനുനേരെയുള്ള കല്ലേറും പോലീസിന്റെ ലാത്തിയടിയും അതിന്റെ അവിഭാജ്യ ഘടകങ്ങളുമാണ്‌. വാർത്തകൾ സൃഷ്ടിച്ച്‌ ജനമനസിൽ കയറിപ്പറ്റാനുള്ള നേതാക്കന്മാരുടെ ഹീനലക്ഷ്യങ്ങളാണ്‌ ഇങ്ങനെ തെരുവിൽ ചോരക്കളങ്ങൾ സൃഷ്ടിക്കുന്നത്‌. ഇപ്പോൾ ചാനലുകളും ചാനലുകളിൽ തൽസമയ ചർച്ചകളും വന്നതോടെ ഈ ലക്ഷ്യം എളുപ്പം നേടാമെന്ന്‌ ഇവർ തിരിച്ചറിയുന്നു. അതുകൊണ്ട്‌ അടിസ്ഥാനമില്ലെങ്കിൽ പോലും ചില പ്രശ്നങ്ങൾ ഉന്നയിച്ച്‌ പ്രക്ഷോഭങ്ങൾ ഉണ്ടാക്കുക ഇവരുടെയൊക്കെ രീതിശാസ്ത്രമാണ്‌.

കഴിഞ്ഞ യുഡിഎഫ്‌ ഭരണകാലത്ത്‌ എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും നടത്തിയ സമരങ്ങളോർക്കുക. ലാത്തിയടി മാത്രമല്ല ഗ്രനേഡ്‌ പ്രയോഗം വരെ കുട്ടിസഖാക്കൾക്കുനേരെയുണ്ടായി. അതിൽ അന്ന്‌ എസ്‌എഫ്‌ഐ പ്രസിഡന്റായിരുന്ന സിന്ധുജോയിയുടെ കാൽപ്പാദത്തിന്‌ മാരകമായ പരിക്കേൽക്കുകയും ചെയ്തു. ഓർക്കുക അന്ന്‌ അവർ ഉന്നയിച്ച പ്രശ്നങ്ങൾ ഒന്നുപോലും ഇന്ന്‌ അവരുടെ സർക്കാർ ഭരിക്കുമ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. അതേസമയം സിന്ധുജോയിക്ക്‌ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്കെതിരെ മത്സരിക്കാനുള്ള സീറ്റ്‌ തരപ്പെടുകയും ചെയ്തു.

ഇതൊക്കെതന്നെയാണ്‌ ഹൈബി ഈഡന്റെയും സിദ്ധിഖിന്റേയും മനസിലുള്ളത്‌. അതിനുവേണ്ടിയാണ്‌ കെഎസ്‌യു പിള്ളേരെ എരിവുകേറ്റി ഇപ്പോൾ തെരുവിലിറക്കിയിരിക്കുന്നത്‌.

ഇവിടെ മറ്റൊരു കാര്യം കൂടി ചൂണ്ടിക്കാട്ടേണ്ടതുണ്ട്‌. വിദ്യാർഥി സമരങ്ങളിലൂടെയാണ്‌ കമ്യൂണിസ്റ്റ്‌ പാർട്ടികളിലെ നേതാക്കന്മാരെല്ലാം വളർന്നു വന്നിട്ടുള്ളത്‌. കോടിയേരി ബാലകൃഷ്ണനും അത്തരത്തിലൊരു നേതാവാണ്‌. സ്വാഭാവികമായും വിദ്യാർഥികളോടും അവരുടെ സമരത്തോടും അനുഭാവപൂർവകമായ ഒരു നിലപാട്‌ അദ്ദേഹത്തിൽനിന്നുണ്ടാകേണ്ടതാണ്‌. അത്‌ ഉണ്ടായിട്ടില്ല എന്നു മാത്രമല്ല, കെഎസ്‌യു പിള്ളേർ ഇന്നു നടത്തുന്ന സമരം നക്സൽ മോഡലിലുള്ള ആക്രമണമാണെന്ന മഹാവിഡ്ഢിത്തം ആഭ്യന്തരമന്ത്രി എഴുന്നള്ളിക്കുകയും ചെയ്തു. ചക്കിക്കൊത്ത ഈ ചങ്കരന്മാരുടെ അജണ്ടകൾ തിരിച്ചറിയാനുള്ള വിവേകമാണ്‌ വിദ്യാർഥികൾക്കുണ്ടാകേണ്ടത്‌. അതിനുതകുന്ന രാഷ്ട്രീയ പ്രവർത്തനമാണ്‌ കലാലയങ്ങളിൽ സജീവമാകേണ്ടത്‌. അല്ലാതെ ഹൈബിയേയും സിദ്ധിഖിനേയും പോലെയുള്ള അവസരവാദികൾക്ക്‌ എംപിയും എംഎൽഎയുമാകാനുള്ള കുറുക്കുവഴി ഉണ്ടാക്കാൻ പോലീസിന്റെ തല്ലുമേടിക്കുന്ന വിവരക്കേടിന്റെ രാഷ്ട്രീയമല്ല കെഎസ്‌യു പിള്ളേർ പ്രദർശിപ്പിക്കേണ്ടത്‌.

3 comments :

 1. പ്രിയ said...

  വര്‍ഷങ്ങള്‍ക്കു മുന്പ് മാത്തമാറ്റിക്സ് ഡിപാര്റ്റ്മെന്ടില് അദ്ധ്യാപകരെ ഇട്ടു പൂട്ടി വാതിലിനു കുറുകെ കിടന്നതിനു കോളേജില്‍ നിന്നു പുറത്താക്കപ്പെട്ട എസ് ഐ എഫ് നേതാവിനെ തിരിച്ചെടുപ്പിക്കാനായ് നടത്തിയ കോലാഹലത്തില്‍ വെറും അനുയായി ആയി ആണെങ്കിലും പങ്കെടുത്തതിനു ഇന്നു അല്പം ജാള്യതയോടെ ചിന്തിക്കാറുണ്ട് അത് വേണ്ടായിരുന്നു എന്ന്. പുതിയ കുട്ടികള്‍ കൂടുതല്‍ വിവേചനബുദ്ധി ഉള്ളെതെന്നു മനസ്സില്‍ കരുതിയിരുന്നു. പക്ഷെ ഇപ്പോള്‍ മനസിലാകുന്നു വിവേചനം അല്ല സ്വാര്ഥബുദ്ധി ആണവരെ നയിക്കുന്നതെന്ന്.

  ഏഴാം ക്ലാസ്സിലെ പുസ്തകത്തിന്റെ പേരില്‍ തല്ലി തലപൊട്ടിക്കുന്നവര് ആ ഏഴാം ക്ലാസ്സുകാരെ എന്ത് മാന്യതയാണു പഠിപ്പിക്കുന്നത്? എന്ത് പ്രതികരണശീലം ആണ് അവര്‍ക്കായി കരുതിവക്കുന്നത്?

 2. ‍ശരീഫ് സാഗര്‍ said...

  വിവരമില്ലായ്‌മ കുറ്റമല്ലാത്തതു പോലെ അരാഷ്ട്രീയവാദമെന്ന രണ്ടും കെട്ടവന്റെ ചുമ്മാ കുത്തിയരിപ്പ്‌ ന്യായം ഇന്നൊരു കുറ്റമേ അല്ല. തിന്നും ഭോഗിച്ചും വിസര്‍ജ്ജിച്ചും ജീവിക്കുന്നവന്‍ മാന്യനും വ്യക്തമായ രാഷ്ട്രീയവുമായി രാപ്പകല്‍ അദ്ധ്വാനിക്കുന്നവന്‍ കള്ളനുമാകുന്നത്‌ സാമ്രാജ്യത്വം സ്‌പോണ്‍സര്‍ ചെയ്യുന്ന കെണിയാണ്‌. അതിനു കൂട്ടു നില്‍ക്കാന്‍ ഇയാളെപ്പോലെ കുറെ മണ്ണുണ്ണികളും. ഉളുപ്പില്ലാതെ ഉടപ്പിറപ്പ്‌ ചെയ്യുന്നതെല്ലാം കരിങ്കണ്ണിലൂടെ കാണുന്നവനെ നാടു കടത്തേണ്ട കാലം അതിക്രമിച്ചു. രാഷ്ട്രീയക്കാര്‍ എത്രയും പെട്ടെന്ന്‌ യൂണിയനുണ്ടാക്കി രാഷ്ട്രം നല്‍കുന്ന സുഖങ്ങളും സൗകര്യങ്ങളും അനുഭവിച്ച്‌ കുന്തിച്ചിരുന്ന്‌ തീകായുന്ന ഷണ്ഡന്മാരുടെ വാതിലുകള്‍ ചവുട്ടിപ്പൊളിക്കണമെന്നാണ്‌ ഈയുള്ളവന്റെ എളിയ അഭിപ്രായം...

 3. ഫസല്‍ said...

  കഴിഞ്ഞ യുഡിഎഫ്‌ ഭരണകാലത്ത്‌ എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും നടത്തിയ സമരങ്ങളോർക്കുക. ലാത്തിയടി മാത്രമല്ല ഗ്രനേഡ്‌ പ്രയോഗം വരെ കുട്ടിസഖാക്കൾക്കുനേരെയുണ്ടായി. അതിൽ അന്ന്‌ എസ്‌എഫ്‌ഐ പ്രസിഡന്റായിരുന്ന സിന്ധുജോയിയുടെ കാൽപ്പാദത്തിന്‌ മാരകമായ പരിക്കേൽക്കുകയും ചെയ്തു. ഓർക്കുക അന്ന്‌ അവർ ഉന്നയിച്ച പ്രശ്നങ്ങൾ ഒന്നുപോലും ഇന്ന്‌ അവരുടെ സർക്കാർ ഭരിക്കുമ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. അതേസമയം സിന്ധുജോയിക്ക്‌ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്കെതിരെ മത്സരിക്കാനുള്ള സീറ്റ്‌ തരപ്പെടുകയും ചെയ്തു.  ഇവിടെ മറ്റൊരു കാര്യം കൂടി ചൂണ്ടിക്കാട്ടേണ്ടതുണ്ട്‌. വിദ്യാർഥി സമരങ്ങളിലൂടെയാണ്‌ കമ്യൂണിസ്റ്റ്‌ പാർട്ടികളിലെ നേതാക്കന്മാരെല്ലാം വളർന്നു വന്നിട്ടുള്ളത്‌. കോടിയേരി ബാലകൃഷ്ണനും അത്തരത്തിലൊരു നേതാവാണ്‌. സ്വാഭാവികമായും വിദ്യാർഥികളോടും അവരുടെ സമരത്തോടും അനുഭാവപൂർവകമായ ഒരു നിലപാട്‌ അദ്ദേഹത്തിൽനിന്നുണ്ടാകേണ്ടതാണ്‌. അത്‌ ഉണ്ടായിട്ടില്ല എന്നു മാത്രമല്ല, കെഎസ്‌യു പിള്ളേർ ഇന്നു നടത്തുന്ന സമരം നക്സൽ മോഡലിലുള്ള ആക്രമണമാണെന്ന മഹാവിഡ്ഢിത്തം ആഭ്യന്തരമന്ത്രി എഴുന്നള്ളിക്കുകയും ചെയ്തു