Friday, December 7, 2007

ഒലയ്ക്കക്കടിച്ചു വളര്‍ത്തുക

പെറ്റതള്ളക്കും പോറ്റിയ തന്തക്കും ചെലവിനു കൊടുക്കണമെങ്കില്‍ പോലും നിയമനടപടി വേണമെന്നായിരിക്കുന്നു!

കലികാലം എന്ന കാലത്ത്‌ ഇതിനപ്പുറവും നടക്കും. ഇന്നലെ പാര്‍ലമെന്റില്‍ പാസാക്കിയ നിയമം 'മെയ്ന്റനന്‍സ്‌ ആന്റ്‌ വെല്‍ഫെയര്‍ ഓഫ്‌ പാരന്റ്സ്‌ ആന്റ്‌ സീനിയര്‍ സിറ്റിസണ്‍സ്‌ 2007' അനുസരിച്ച്‌ നിയമലംഘര്‍ക്ക്‌ മൂന്നുമാസം തുറുങ്കില്‍ കിടക്കേണ്ടിവരും!

മെയ്ന്റനന്‍സ്‌ ആന്റ്‌ വെല്‍ഫെയര്‍ ഓഫ്‌ പാരന്റ്സ്‌ എന്ന്വച്ചാല്‍ തള്ളതന്തമാരുടെ 'അറ്റകുറ്റപ്പണിയും' ക്ഷേമവും!

തള്ളയ്ക്കും തന്തയ്ക്കും 'പാര'വയ്ക്കുന്ന മക്കള്‍ക്ക്‌ പാരന്റ്സിന്റെ വക പാര!

ബില്ലുപ്രകാരം കരുണാകരന്‍ എന്ന വയോവൃദ്ധന്‍ പരാതി നല്‍കിയാല്‍ മുരളിയുടെ എന്‍സിപി മൂന്നു മാസത്തേക്ക്‌ പൂട്ടും!

കരുണാകരന്റെ ക്ഷേമം നോക്കാതെ രാജ്യക്ഷേമം നോക്കുന്ന മുരളിയെ വെറുതെ വിടാമോ? കുറുമ്പ്‌ ഇനിയുമെടുത്താല്‍ ബാലകൃഷ്ണപിള്ളക്ക്‌ ഗണേശനിട്ടും ഈ ബില്ലുവച്ച്‌ വില്ലുകുലക്കാം. ഗണേശന്റെ കോണ്‍ഗ്രസ്‌ സൊപ്പനം കട്ടപ്പൊക!

പാരന്റ്സിന്റെ പരാതി പരിഗണിക്കാന്‍ ജില്ലകള്‍ തോറും ട്രൈബ്യൂണലുകള്‍ വരും. ഇത്രയൊക്കെ ചെയ്തിട്ടും ക്ഷേമം നടപ്പായില്ലെങ്കിലോ എന്ന ആശങ്കയുള്ളതിനാല്‍ വൃദ്ധസദനങ്ങള്‍ തുറക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്‌. മാമ്പൂകണ്ടും മക്കളെ കണ്ടും സ്വപ്നമൊന്നും കാണരുതെന്ന്‌ പഴമക്കാര്‍ പറഞ്ഞുവച്ചിട്ടുണ്ട്‌. മക്കളെ മുന്തിയ ഇനം പഠിത്തത്തിനുവിട്ട്‌ വല്യ ഉദ്യോഗസ്ഥ പ്രമാണികളാക്കാന്‍ ഉറക്കം നില്‍ക്കുന്ന തള്ളതന്തമാരാണ്‌ രണ്ടാമതൊന്ന്‌ ചിന്തിക്കേണ്ടത്‌. വയസാം കാലത്ത്‌ ട്രൈബ്യൂണല്‍ വരാന്ത നിരങ്ങി 'അറ്റകുറ്റപ്പണിക്കും' അരിമേടിക്കാനും മക്കള്‍ക്കെതിരെ കേസുകൊടുക്കേണ്ട ഗതികേട്‌ നിങ്ങള്‍ക്കും വന്നേക്കാം!

കൈക്കൂലി കൊടുത്തു വാങ്ങുന്ന സീറ്റില്‍ പഠിച്ചുവളരുന്ന മക്കള്‍ കൈക്കൂലിക്കാരുതന്നെയാവും. അവര്‍ നിങ്ങളോടു കണക്കുപറയും! ആരാന്റെ മക്കളെ തോപ്പിക്കാന്‍ ജൂറിയംഗങ്ങള്‍ക്കു കൈക്കൂലി കൊടുത്തു കലാതിലകമാക്കുന്ന മക്കള്‍ ഭാവിയില്‍ പതിനെട്ടടവും പയറ്റി നിങ്ങളെ തോല്‍പ്പിക്കും!

സ്വാതന്ത്ര്യം കിട്ടി ഇക്കാലമത്രയുംകൊണ്ട്‌ കാക്കത്തൊള്ളായിരം നിയമങ്ങളുണ്ടാക്കിവച്ച സര്‍ക്കാര്‍ ഈ നിയമവും തമാശയ്ക്കുണ്ടാക്കിയെന്നേയുള്ളൂ. അത്‌ കാര്യത്തിലെടുക്കേണ്ട.

ആകയാല്‍ മക്കളുടെ അറ്റകുറ്റപ്പണികള്‍ മുറക്ക്‌ ചെയ്തുവളര്‍ത്തുക. ഒന്നുള്ളതിനെ ഒലയ്ക്കക്കുതന്നെ അടിച്ചുവളര്‍ത്തുക!

സൂക്ഷിച്ചാല്‍ കേസിനു പോകേണ്ട!

4 comments :

 1. ഒരു “ദേശാഭിമാനി” said...

  kana“അപ്പൂപ്പനു കുത്തിയ പാള, അപ്പനു”.. ഈ ചൊല്ലു കേട്ടിട്ടുണ്ടോ?

  കുട്ടികളെ മനുഷ്യനെ സ്നേഹിക്കാന്‍ പഠിപ്പിച്ചില്ല! അതുകൊണ്ട്, അവര്‍തു ചെയ്യുന്നില്ല!

  പണത്തിനെ സ്നേഹിക്കാനും, പൊങ്ങച്ചത്തെ കെട്ടിപിടിക്കാനും മാത്രം പഠിപ്പിച്ചാല്‍, മക്കള്‍ അതേ ചെയ്യൂ! എന്നിട്ടു വയസ്സായി, ഒന്നും ചെയ്യാന്‍ പറ്റാതാകുമ്പോള്‍ ആരും നോക്കനുണ്ടാവില്ല. അത്യാഗ്രഹം എന്ന വിത്തിന്റെ വിളവാണു, ഈ ധര്‍മച്യുതി!

 2. ശ്രീവല്ലഭന്‍ said...

  കൈക്കൂലി കൊടുത്തു വാങ്ങുന്ന സീറ്റില്‍ പഠിച്ചുവളരുന്ന മക്കള്‍ കൈക്കൂലിക്കാരുതന്നെയാവും. അവര്‍ നിങ്ങളോടു കണക്കുപറയും!

  വളരെ വാസ്തവം!
  ഈ പോസ്റ്റ് വളരെ ഇഷ്ടപ്പെട്ടു.

 3. മന്‍സുര്‍ said...

  വാസ്തവം...

  വാസ്തവമുള്ളാ പോസ്റ്റ്‌

  ഒലക്കടിച്ചു തന്നെ വളര്‍ത്തണം  നന്‍മകള്‍ നേരുന്നു

 4. ഫസല്‍ said...

  ഒന്നുള്ളതിനെ ഒലയ്ക്കക്കുതന്നെ അടിച്ചുവളര്‍ത്തുക!