Saturday, December 1, 2007

ആരാണ്‌ ഈ കരുണാകരന്‍?

കെ. കരുണാകരന്റെ കോണ്‍ഗ്രസിലേക്കുള്ള മടങ്ങിവരവിന്റെ പേരില്‍ നടക്കുന്ന വാദപ്രതിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും കൊണ്ട്‌ മുഖരിതമാണ്‌ രാഷ്ട്രീയ അന്തരീക്ഷം. ജനകീയ വിഷയങ്ങളും പ്രശ്നങ്ങളും വിസ്മരിച്ച്‌ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്സും അതിന്റെ നേതാക്കളും കരുണാകരവിഷയത്തില്‍ കാണിക്കുന്ന താല്‍പ്പര്യം കാണുമ്പോള്‍ ഇവരെയെല്ലാം നേതാക്കളായി തെരഞ്ഞെടുത്തവര്‍ ആത്മാര്‍ത്ഥമായി ദുഖിക്കുകയാണ്‌. കാരണം ഇടതുപക്ഷ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെയും നടപടികളെയും തുറന്നുകാട്ടി ജനങ്ങളെ സംഘടിപ്പിച്ച്‌ ഭരണ വൈരുദ്ധ്യങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തേണ്ടവരാം്‌ ഒരു വൃദ്ധ നേതാവിന്റെ അന്ത്യാഭിലാഷത്തിന്റെ പിന്നാലെ പോകുന്നത്‌.

ശരിയാണ്‌. ഇന്ന്‌ ജീവിച്ചിരിക്കുന്ന തലമുതിര്‍ന്ന കോണ്‍ഗ്രസ്സുകാരനാണ്‌ കെ. കരുണാകരന്‍. നെഹ്‌റുകുടുംബവുമായി അദ്ദേഹത്തിന്‌ അഭേദ്യമായ ബന്ധമുണ്ട്‌. ഒരു ഘട്ടത്തില്‍ ഒമ്പതംഗളുമായി പ്രതിപക്ഷത്തിരിക്കപ്പെട്ട കോണ്‍ഗ്രസിന്‌ പുതുജീവന്‍ നല്‍കി അധികാരത്തിലേറ്റിയത്‌ അദ്ദേഹമാണ്‌. ആശ്രിതവത്സലനാണ്‌ കരുണാകരന്‍. രാഷ്ട്രീയ കൗടില്യനാണ്‌. പക്ഷെ ഇതൊന്നും വൃദ്ധനായ കരുണാകരന്റെ കോണ്‍ഗ്രസിലേക്കുള്ള മടിവരവിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളെ സാധൂകരിക്കുവയല്ല.

ചിറയ്ക്കലില്‍നിന്ന്‌ ചിത്രംവര പഠിക്കാന്‍ തൃശൂരിലെത്തിയ കണ്ണോത്ത്‌ തറവാട്ടിലെ കൗശലശാലിയായ കരുണാകരന്‍ രാഷ്ട്രീയ രംഗം കീഴടക്കിയതും നിരവധി കുതന്ത്രങ്ങളിലൂടെയും ഒരിക്കലും ക്ഷമിക്കാനാവാത്ത പാതകങ്ങളിലൂടെയുമാണ്‌. തട്ടില്‍ എസ്റ്റേറ്റ്‌ പ്രശ്നവും നവാബ്‌ രാജേന്ദ്രന്റെ അനുഭവങ്ങളും അടിയന്തിരാവസ്ഥയും രാജന്‍ കേസും പാമോയില്‍ ഇടപാടും തുടങ്ങി നിരവധി വൃത്തികേടുകള്‍ കരുണാകരന്റെ രാഷ്ട്രീയ പ്രവര്‍ത്തന ഏടുകളെ മലീമസമാക്കുന്നു. നിലനില്‍പ്പിനുവേണ്ടി എന്തുതന്ത്രവും പയറ്റാന്‍ മടിയില്ലാത്ത വ്യക്തിയാണ്‌ ബാല്യത്തില്‍ തറവാട്ടുമുറ്റത്തെ മാവില്‍നിന്നും വീഴുന്ന മാങ്ങ പറുക്കാനെത്തുന്ന അയല്‍വാസികളായ കുട്ടിയകളെ ചതിക്കെണിഒരുക്കി വീഴ്ത്തി രസിച്ചിരുന്ന അതേതന്ത്രങ്ങളാണ്‌ രാഷ്ട്രീയ എതിരാളികളെ മാത്രമല്ല, പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുയര്‍ത്തുന്നവരെയും നേരിടാന്‍ കരുണാകരന്‍ അവലംബിച്ചിരുന്നത്‌.

അതിജീവന രാഷ്ട്രീയത്തിന്‌ ഇത്തരം ചില നികൃഷ്ടതകള്‍ അനിവാര്യമായിരിക്കാം. അവ കൃത്യതയോടെ നടപ്പിലാക്കുന്നതില്‍ അസാമാന്യ വൈഭവം കരുണാകരന്‍ പ്രകടിപ്പിച്ചിട്ടുണ്ട്‌. ഈ മികവ്‌ പക്ഷെ കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ സംശുദ്ധമായ പാരമ്പര്യത്തെ ശക്തിപ്പെടുത്താനല്ല മറിച്ച്‌ മലീമസമാക്കാനേ ഉതകിയിട്ടുള്ളൂ.
എന്നുമാത്രമല്ല മകന്‍ മുരളിയേയും മകള്‍ പത്മജയേയും രാഷ്ട്രീയത്തില്‍ കൊണ്ടുവന്ന്‌ കുടുംബ പാരമ്പര്യം സ്ഥാപിച്ചെടുക്കാന്‍ കരുണാകരന്‍ നടത്തിയ കളികളാണ്‌ ഇന്ന്‌ ശാപമായി കോണ്‍ഗ്രസ്സിനേയും നേതാക്കളെയും പിന്തുടരുന്നത്‌.

ഇത്തരത്തില്‍ തികച്ചും സ്വാര്‍ത്ഥനായ ഒരു നേതാവ്‌ തന്റെ നിലനില്‍പ്പിനുവേണ്ടി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളുടെ പേരില്‍ ജനങ്ങളോട്‌ ഏറെ ഉത്തരവാദിത്തമുള്ള കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും മറ്റ്‌ കേണ്‍ഗ്രസ്‌ പ്രമുഖരും ആരോപണപ്രത്യാരോപണങ്ങളില്‍ മുഴുകുമ്പോള്‍ സംഭവിക്കുന്നത്‌ ജനകീയ പ്രശ്നങ്ങള്‍ പരിഹൃതമാകാതെ രൂക്ഷമാകുന്ന അവസ്ഥയാണ്‌. ഒരു വൃദ്ധനേതാവിന്റെ അന്ത്യാഭിലാഷങ്ങള്‍ക്ക്‌ ഇത്രയും പ്രാധാന്യം നല്‍കേണ്ടതുണ്ടോ?

2 comments :

 1. ചിത്രകാരന്‍chithrakaran said...

  ഒരു വൃദ്ധനേതാവിന്റെ അന്ത്യാഭിലാക്ഷങ്ങള്‍ എന്ന പ്രയോഗം വളരെ ബോധിച്ചു. സത്യം!!
  ആരും ഗൌനിക്കാത്ത ഒരു കുഴിയാന പാര്‍ട്ടിയുടെ നേതാവായി മരിക്കാനിടയാകുക എന്നത് നഷ്ടക്കച്ചവടമായതിനാല്‍ കുടുംബ മാഹാത്മ്യംവും,മക്കള്‍ക്ക് കുറച്ചുകൂടി നിലയും വിലയും ഉണ്ടാക്കാന്‍ ത്രിവര്‍ണ്ണപതാകപുതച്ചു കിടക്കുന്ന തന്റെ ശവത്തിനെങ്കിലും സാധിക്കണേ എന്നാണ് മക്കള്‍ വാത്സല്യത്താലും,ടിവി ചാനലുകളുടെ തുറന്നുകാട്ടലിലൂടേയും വട്ടപ്പൂജ്യമായ ഈ വൃദ്ധന്റെ മനസ്സിലിരുപ്പ്.

 2. മുക്കുവന്‍ said...

  “ഇന്ന്‌ ജീവിച്ചിരിക്കുന്ന തലമുതിര്‍ന്ന കോണ്‍ഗ്രസ്സുകാരനാണ്‌ കെ. കരുണാകരന്‍. നെഹ്‌റുകുടുംബവുമായി അദ്ദേഹത്തിന്‌ അഭേദ്യമായ ബന്ധമുണ്ട്‌“


  അയാളിപ്പോള്‍ ഈ പാടുപെടുന്നത് ത്രിവര്‍ണ്ണപതാക പുതച്ച് കിടക്കാന്‍ മാത്രമല്ല. മുരളിയുമായി നിന്നാല്‍ അവിടേയും,ഇവിടേയും കൂട്ടില്‍. പിരിഞ്ഞാല്‍ ചിലപ്പോള്‍ മകനു ഇടതുപക്ഷത്തും, അച്ഛനു വലതിലോട്ടും കേറാം.. അതു കഴിഞ്ഞ് പിന്നെ കലഹങ്ങലുണ്ടാക്കി രണ്ടുപേര്‍ക്കും കൂടി ഒരിടത്ത് കൂടാം.

  DIC - Disturb in Congress!!