Thursday, December 6, 2007

ഡിസംബര്‍ ആറ്‌: മുസ്ലീം ഫോബിയ പ്രചരിപ്പിക്കുന്നത്‌ ആര്‍ക്കുവേണ്ടി...?

ആഗോളഭീകരവാദമെന്ന ഉമ്മാക്കിയും ഇസ്ലാമിക ടെററിസമെന്ന പ്രയോഗവും ജോര്‍ജ്‌ ഡബ്ല്യൂ ബുഷ്‌ ജൂനിയറിന്‌, തന്റെ ലോകപോലീസെന്ന അധിനിവേശതാല്‍പ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ അനിവാര്യമായിരിക്കാം.

എന്നാല്‍ കഴിഞ്ഞ ഒന്നരദശാബ്ദമായി ഡിസംബര്‍ ആറാം തീയതി, ബാബറി മസ്ജിദിന്റെ പേരില്‍, രാഷ്ട്രമാകെ മുസ്ലീം ഭീതി വളര്‍ത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്‌ എന്തിനുവേണ്ടിയാണ്‌, ആര്‍ക്കുവേണ്ടിയാണ്‌?

ഈ ദിവസം രാജ്യത്തിന്റെ മുക്കിലും മൂലയിലും പോലീസി നെയും പട്ടാളത്തെയും അര്‍ദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ച്‌ സുരക്ഷ ശക്തമാക്കി ജനമനസില്‍ ഭീതിവളര്‍ത്തു ന്നത്‌, ബാബറിമസ്ജിദ്‌ തകര്‍ത്ത സംഘപരിവാര്‍ ഭീകരവാദ ത്തിന്റെ പര്യായമായിട്ടുമാത്രമേ ഞങ്ങള്‍ക്ക്‌ കാണാന്‍ കഴിയൂ. ഡിസംബറിന്റെ തുടക്കം മുതല്‍ തന്നെ ഈ ദിവസത്തെ ക്കുറിച്ചുള്ള ഭീതിയും ഭീഷണിയും ജനങ്ങളില്‍ അടിച്ചേല്‍ പ്പിക്കാന്‍ കണിശതയോടെ രൂപം നല്‍കിയ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുകളും പുറത്തുവിടാറുണ്ട്‌. ഇതെല്ലാം കാണുമ്പോഴും കേള്‍ക്കുമ്പോഴും തോന്നുക, 15 വര്‍ഷം മുമ്പ്‌ ഇന്ത്യയുടെ മതേതര മനസിലേയ്ക്ക്‌ ഭീതിയുടെ ബോംബെറിഞ്ഞത്‌ മുസ്ലീങ്ങളാണോ എന്നാണ്‌.

മുസ്ലീങ്ങളെ പ്രാന്തവല്‍ക്കരിച്ച്‌ അവരെ പ്രകോപിപ്പിച്ച്‌ അവരില്‍ പ്രതിഷേധത്തിന്റെ കനലുകളാളിക്കത്തിക്കാനുള്ള ഹീനശ്രമം ആരംഭിച്ചത്‌ ഇംഗ്ലീഷുകാരായിരുന്നു. ഭിന്നിപ്പിച്ചുഭ രിക്കുന്ന അധികാര രാഷ്ട്രീയത്തിന്റെ കാപട്യവും കൗശലവു മായിരുന്നു അത്‌. അതേ ഹീനത തന്നെയാണ്‌ ജനാധിപത്യ ഭാരതത്തിലെ ഭരണവര്‍ഗ്ഗവും അനുവര്‍ത്തിച്ചു പോരുന്നത്‌. ഭൂരിപക്ഷ വര്‍ഗ്ഗീയ ഭീകരതയ്ക്ക്‌ അരുനിന്ന്‌ ന്യൂനപക്ഷ വിഭാഗങ്ങളെ ഭീകരവാദത്തിന്റെ നരകപ്പാതയിലേക്ക്‌ ക്ഷണി ക്കുന്ന കൊലച്ചതിയാണിത്‌.

എന്തായിരുന്നു 15 വര്‍ഷം മുമ്പ്‌ ഒരു ഡിസംബര്‍ ആറിന്‌ സംഭവിച്ചത്‌? നൂറ്റാണ്ടുകളായി ഭാരതത്തിന്റെ മതനിരപേക്ഷത യുടെ കുംഭഗോപുരങ്ങളാണ്‌ അന്ന്‌ തകര്‍ന്നുവീണത്‌, അല്ല സംഘപരിവാര്‍ ഭീകരവാദികള്‍ തകര്‍ത്തത്‌. ഇതൊരു ഗുഢപദ്ധതിയുടെ ഭാഗമായി, അതീവ രഹസ്യമായി നടത്തിയ ആക്രമണമായിരുന്നില്ല. ഭാരതത്തിലെ ഏഴുലക്ഷം ഗ്രാമങ്ങളില്‍ നിന്ന്‌ വന്‍ പ്രചാരണ കോലാഹലത്തോടെയാണ്‌ ഇഷ്ടികകള്‍ ശേഖരിച്ച്‌ അയോദ്ധ്യയില്‍ ശിലാന്യാസം നടത്താന്‍ സംഘപരി വാര്‍ തയ്യാറായത്‌. ഓരോ വര്‍ഷവും, ബാബറി മസ്ജിദ്‌ തകര്‍ത്ത ദിവസം സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഇന്റലിജന്‍സ്‌ വിഭാഗത്തിന്‌ 1992 ഡിസംബര്‍ ആറിന്‌ ബാബറി മസ്ജിദ്‌ തകര്‍ക്കപ്പെടുമെന്ന്‌ വിവരം ലഭിച്ചില്ല എന്ന്‌ പറയുമ്പോള്‍ അത്‌ വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളല്ല ഇന്ത്യയിലെ മുസ്ലീംങ്ങള്‍.

അന്ന്‌ കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെയും അന്ന്‌ നിര്‍ണ്ണായക വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥരുടെയും സഹായത്തോടെയും സഹകരണത്തോടെ യുമായിരുന്നു സംഘപരിവാര്‍ ഭീകരവാദികള്‍ ബാബറി മസ്ജി ദിനെ കല്ലിന്മേല്‍ കല്ല്‌ ശേഷിക്കാതെ തകര്‍ത്തത്‌. ആന്തരിക സ്ഫോടനം എന്ന ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്‌ ഇന്ത്യയുടെ മതേതരത്വത്തിന്റെ ഏറ്റവും അഭിമാനാര്‍ഹമായ പ്രതീകത്തെ മണ്ണോടു മണ്ണാക്കി മാറ്റിയത്‌.

അന്നും തുടര്‍ന്നും നടന്ന വര്‍ഗ്ഗവെറിയുടെ സംഹാരതാ ണ്ഡവത്തില്‍ പിച്ചിച്ചീന്തപ്പെട്ടത്‌ നിരപരാധികളായ ആയിരക്കണ ക്കിന്‌ മുസ്ലീങ്ങളായിരുന്നു. ഭൂരിപക്ഷ വര്‍ഗ്ഗീതയുടെ ഈ ഭീകരത്വം പില്‍കാലത്ത്‌ പല സംസ്ഥാനങ്ങളിലും തലപൊക്കു കയുണ്ടായി. ഗുജറാത്തില്‍ അതിന്റെ ഏറ്റവും സംഹാരരുദ്രമായ ഭാവം പ്രകടമാവുകയും ചെയ്തു. ഗര്‍ഭസ്ഥശിശുക്കളെപ്പോലും ത്രിശൂലത്തില്‍ കോര്‍ത്തട്ടഹസിച്ചായിരുന്നു ഈ കാപാലികര്‍ ഗോധ്രയിലും പരിസരങ്ങളിലും അഴിഞ്ഞാടിയത്‌.

92 ഡിസംബര്‍ മുതല്‍ ഇങ്ങനെ ഭൂരിപക്ഷ വര്‍ഗ്ഗീയത അതിന്റെ സര്‍വ്വ പൈശാചികഭാവത്തോടും പ്രത്യക്ഷപ്പെട്ടിട്ടും പഴി ഇപ്പോഴും മുസ്ലീങ്ങള്‍ക്കാണ്‌. ഇന്ത്യന്‍ ഭരണഘടന അനുസരിക്കുന്ന, നികുതി നല്‍കുന്ന, ഇന്ത്യയുടെ സ്വാതന്ത്ര്യ ത്തിനുവേണ്ടിയുള്ള രണാങ്കണത്തില്‍ സര്‍വ്വതും ബലിയര്‍പ്പിച്ച ദേശസ്നേഹത്തിന്റെ കോരിത്തരിപ്പുണ്ടാക്കുന്ന ഭൂതകാലമാണ്‌ ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കുള്ളത്‌. എന്നാല്‍ അവരുടെ പിന്‍മുറക്കാരെ രണ്ടാംതരം പൗരന്മാരായി വേര്‍തിരിച്ച്‌ ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക്‌ വിഭാവനം ചെയ്തിട്ടുള്ള അവകാശ ങ്ങളും അധികാരങ്ങളും കവര്‍ന്നെടുത്ത്‌ പ്രാന്തവല്‍ക്കരിച്ച്‌ അവരുടെ മനസില്‍ പ്രതികാരത്തിന്റെ കനല്‍ കോരിയിട്ടത്‌ കഴിഞ്ഞ 50 വര്‍ഷമായി ഇവിടം ഭരിച്ചിരുന്ന സര്‍ക്കാരുകളാണ്‌. ഈ സര്‍ക്കാരുകളെല്ലാം ഭൂരിപക്ഷ വര്‍ഗ്ഗീയ-ഭീകരവാദത്തിന്റെ സംരക്ഷകകരുമായിരുന്നു. മുസ്ലീങ്ങള്‍ക്ക്‌ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ലഭിച്ചിട്ടില്ലെന്ന്‌ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും അടിവരയിട്ട്‌ പറയുന്നു. എന്നിട്ടും ആ സാധുക്കളെ ഭീകരവാ ദികളായി ചിത്രീകരിച്ച്‌ ഭൂരിപക്ഷ വര്‍ഗ്ഗീയ വാദത്തെ സംരക്ഷി ക്കാനാണ്‌ ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കുപോലും ഇപ്പോള്‍ താല്‍പ്പര്യം. 15 വര്‍ഷം മുമ്പുനടന്ന ഏറ്റവും ദാരുണമായ സംഭവ ത്തിന്‌ മുസ്ലീങ്ങളോട്‌ ക്ഷമപറയേണ്ടവരാണ്‌ എല്ലാ ഡിസംബര്‍ ആറിനും സുരക്ഷ ശക്തമാക്കി അവരെ ഭീകരന്മാരായി ചിത്രീകരിച്ച്‌ അനാശാസ്യമായ മാനസികാവസ്ഥ സൃഷ്ടിക്കുന്നത്‌.

തകര്‍ക്കണം ഇത്തരം സമീപനങ്ങളെയും നിലപാടുകളെയും അവയുടെ സംരക്ഷകരെയും. അത്‌ ഓരോ മതേതര ജനാധിപത്യ വിശ്വാസിയുടെ ധര്‍മ്മവും ഉത്തരവാദിത്വവുമാണ്‌.

1 comments :

  1. chithrakaran ചിത്രകാരന്‍ said...

    വളരെ യുക്തമായ പൊസ്റ്റ്.
    അനാവാശ്യമായ സുരക്ഷ ഏര്‍പ്പാടുകളിലൂടെ ഇസ്ലാം മത വിശ്വാസികളെക്കുറിപ്പ് ഹിന്ദു മതവിശ്വാസികളില്‍ ഭീതി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഉത്തരേന്ത്യന്‍ ബ്രാഹ്മണ-സവര്‍ണ്ണ ഉദ്ദ്യോഗസ്തരും,രാഷ്ട്രീയക്കാരും ഗൂഡാലോചന നടത്തുന്നു എന്നുതന്നെയാണ് മനസ്സിലാക്കേണ്ടിയിരിക്കുന്നത്.

    മുസ്ലീം ഭീകര സംഘടനകള്‍ അക്രമമഴിച്ചുവിടുകയാണെങ്കില്‍ അഴിച്ചുവിടട്ടെ.
    അതില്ലാതെ ... മൊത്തം മുസ്ലീങ്ങളെ തീവ്രവാദികളെന്നു മുദ്രകുത്തുന്ന ഗൂഡശ്രമം ചെറുക്കപ്പെടുകതന്നെ വേണം.
    ഹിന്ദു മനസ്സുകളില്‍ വര്‍ഗ്ഗീയ വിഷവിത്ത് മുളപ്പിച്ചെടുക്കുക എന്ന ബ്രാഹ്മണ ജനതാ പാര്‍ട്ടിയുടെ അജണ്ട കോണ്‍ഗ്രസ്സ് ഭരണത്തിനു കീഴിലെ ബ്രാഹ്മണ സവര്‍ണ്ണ കൂട്ടുകെട്ട് സാധിച്ചുകൊടുക്കുന്നു എന്നു തന്നെ മനസ്സിലാക്കേണ്ടിയിരിക്കുന്നു.