Tuesday, December 11, 2007

ഭരണക്കെടുതി: സുധാകരനും തോമസ്‌ ഐസക്കിനുമെതിരെ സിപിഐ

ഹിമജ
 
കൊച്ചി: ഇടതുമുന്നണിയിലെ സംഘര്‍ഷം രൂക്ഷം. ഘടകകക്ഷികള്‍ പല്ലും നഖവും ഉപയോഗിച്ച്‌ അന്യോന്യം എതിര്‍ക്കുന്നിടംവരെ കാര്യങ്ങള്‍ വഷളായിരിക്കുന്നു. ചില മന്ത്രിമാരുടെ നിലപാടുകളും തുടര്‍ച്ചയായുള്ള അഹന്തനിറഞ്ഞ പ്രസ്താവനകളുമാണ്‌ ഇപ്പോള്‍ മുന്നണിക്കുള്ളില്‍ പൊട്ടിത്തെറിയുടെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നത്‌.

ദേവസ്വം മന്ത്രി ജി. സുധാകരന്റെ പ്രസ്താവനകളാണ്‌ സിപിഐയെ രോക്ഷാകുലരാക്കിയിട്ടുള്ളത്‌. ശബരിമല അരവണപ്രശ്നത്തില്‍ ദേവസ്വംബോര്‍ഡ്‌ അംഗങ്ങളായ പി. നാരായണനെയും സുമതിക്കുട്ടിയമ്മയേയും വെടക്കുകളെന്നും ഇസ്ക്കാന്‍മാത്രമാണ്‌ ദേവസ്വംബോര്‍ഡ്‌ അംഗങ്ങളായതെന്നും സുധാകരന്‍ വിശേഷിപ്പിച്ചതാണ്‌ പുതിയ തര്‍ക്കത്തിന്‌ കാരണം. അരവണ നിര്‍മാണത്തിലുണ്ടായ പാകപ്പിഴ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും തന്നെ ആകെ നാണക്കേടുണ്ടാക്കിയ സാഹചര്യത്തില്‍ അതിന്റെ ഉത്തരവാദിത്തമുള്ള മന്ത്രി ബോര്‍ഡംഗങ്ങളെ മാത്രം തെരഞ്ഞുപിടിച്ച്‌ കുറ്റപ്പെടുത്തിയത്‌ സിപിഐക്ക്‌ സഹിക്കാന്‍ കഴിയുന്നില്ല. ഇഎംഎസിന്റെ മരുമകനായ ദേവസ്വംബോര്‍ഡ്‌ പ്രസിഡന്റ്‌ സി.കെ. ഗുപ്തനെ സംരക്ഷിക്കാന്‍ സുധാകരന്‍ കാണിക്കുന്ന വ്യഗ്രതയും സിപിഐയെ ചൊടിപ്പിച്ചിട്ടുണ്ട്‌. അരവണ പ്രശ്നത്തില്‍ അംഗങ്ങള്‍ക്കെതിരെ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടതോടെ കടുത്ത രോക്ഷത്തിലാണ്‌ സിപിഐ. അസിസ്റ്റന്റ്‌ സെക്രട്ടറി സി.എം. ചന്ദ്രന്‍, മന്ത്രി സുധാകരനെ തകരപാത്രത്തില്‍ തലകുടുങ്ങിയ ജീവിയെന്ന്‌ വിശേഷിപ്പിച്ചത്‌ ഈ സാഹചര്യത്തിലാണ്‌.

ധനമന്ത്രി ടി.എം. തോമസ്‌ ഐസക്കിന്റെ നിലപാട്‌ സിപിഐയെ ചൊടിപ്പിച്ചിട്ടുണ്ട്‌. കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കും കിസാന്‍ശ്രീ ഇന്‍ഷുറന്‍സ്‌ പദ്ധതിക്കും ധനവകുപ്പ്‌ അംഗീകാരം നല്‍കാത്തതാണ്‌ പ്രധാന പ്രശ്നം. മാത്രമല്ല കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ കൃഷിമന്ത്രിയുടെ ഉള്‍വിളിയാണെന്ന ആക്ഷേപവും സിപിഐ ഗൗരവത്തില്‍ എടുത്തിട്ടുണ്ട്‌. ധനമന്ത്രിയുടെ അധിക്ഷേപാര്‍ഹമായ നിലപാട്‌ അവര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചുകഴിഞ്ഞു. അടുത്ത ഇടതുമുന്നണി യോഗത്തില്‍ പ്രശ്നം അവതരിപ്പിക്കുമെന്ന ഉറച്ച നിലപാടിലാണ്‌ സിപിഐ. വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ ധനമന്ത്രി പണം അനുവദിക്കുന്നില്ലെന്ന പരാതി മറ്റു വകുപ്പുകള്‍ക്കുമുണ്ട്‌. പൊതുമരാമത്ത്‌ മന്ത്രി മോണ്‍സ്‌ ജോസഫ്‌ ഇക്കാര്യം തുറന്നടിച്ചത്‌ അടുത്ത ദിവസമാണ്‌. നേരത്തെ ടി.യു. കുരുവിളയും ഈ പരാതി പലവട്ടം ഉയര്‍ത്തിയിരുന്നു. ധനമന്ത്രിയുടെ നിലപാടിനെ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡനും കടുത്ത പദങ്ങളുപയോഗിച്ചാണ്‌ വിമര്‍ശിച്ചത്‌.

വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ ഈ സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടു എന്ന അഭിപ്രായം ഘടകകക്ഷികള്‍ക്കെല്ലാമുണ്ട്‌. വിലക്കയറ്റം നിയന്ത്രിക്കുന്നതിനുപകരം മലയാളിയുടെ ഭക്ഷണശൈലി മാറ്റാനാണ്‌ ഭക്ഷ്യമന്ത്രി സി. ദിവാകരന്‍ ആവശ്യപ്പെട്ടത്‌. ഒരു ഗ്ലാസ്‌ പാലും രണ്ടു മുട്ടയും കോഴിയിറച്ചിയുമെന്ന ദിവാകര മെനു സംസ്ഥാനത്താകെ പ്രതിഷേധത്തിന്‌ കാരണമായി. വെളിയം ഭാര്‍ഗവനുതന്നെ ദിവാകരനെതിരെ പ്രസ്താവനയുമായി രംഗത്തിറങ്ങേണ്ട ഗതികേടുണ്ടായി. ഘടകകക്ഷികളില്‍ നിന്നു മാത്രമല്ല, പ്രതിപക്ഷ കക്ഷികളില്‍നിന്നും ഈ വിഷയത്തില്‍ കടുത്ത എതിര്‍പ്പാണ്‌ ഭക്ഷ്യമന്ത്രി ഇപ്പോഴും നേരിടുന്നത്‌.

ഇതിനിടയിലാണ്‌ മുന്നണിക്കെതിരെ കടുത്ത വിമര്‍ശനവുമായി ജനതാദള്‍ എസ്‌ സംസ്ഥാന പ്രസിഡന്റ്‌ എം.പി. വീരേന്ദ്രകുമാര്‍ രംഗത്തെത്തിയത്‌. ജനതാദള്‍ തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യവേ കടുത്ത വിമര്‍ശനമാണ്‌ സര്‍ക്കാരിനെതിരെ അദ്ദേഹം അഴിച്ചുവിട്ടത്‌. സര്‍ക്കാരിന്‌ ദിശാബോധം നഷ്ടമായെന്നും ഓരോ മന്ത്രിയും ഓരോ മന്ത്രിസഭപോലെയാണ്‌ പെരുമാറുന്നതെന്നും ആയിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഇതിനിടയിലാണ്‌ എം.പി. വീരേന്ദ്രകുമാറും ടി.ജെ. ചന്ദ്രചൂഡനും തമ്മില്‍ കഴിഞ്ഞ ദിവസം രഹസ്യചര്‍ച്ച നടത്തിയത്‌. മുക്കാല്‍മണിക്കൂറോളം നീണ്ടുനിന്ന ഈ ചര്‍ച്ചയില്‍ മുന്നണി തര്‍ക്കങ്ങളാണ്‌ വിഷയമായത്‌. പ്രത്യേക ദൂതന്‍വഴി വിവരമറിയിച്ചശേഷമാണ്‌ വീരേന്ദ്രകുമാര്‍ ആര്‍എസ്പി ഓഫീസിലെത്തി രഹസ്യചര്‍ച്ച നടത്തിയത്‌. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഏകപക്ഷീയമായ ഭരണശൈലിയാണ്‌ കൂടുതലും ചര്‍ച്ച ചെയ്യപ്പെട്ടത്‌. ഇതില്‍ ധനമന്ത്രി തോമസ്‌ ഐസക്കിന്റെയും ദേവസ്വം മന്ത്രി ജി. സുധാകരന്റെയും നിലപാടുകളും പ്രസ്താവനകളുമാണ്‌ വിശദമായ പരിശോധനയ്ക്ക്‌ വിധേയമായത്‌. മുന്നണിയുമായി സഹകരിച്ചുപോകാന്‍ കഴിയാത്തവര്‍ക്ക്‌ വിട്ടുപോകാമെന്ന സുധാകരന്റെ പ്രസ്താവനയും ഇവര്‍ മാത്രമല്ല സിപിഐയും രോഷാകുലരാണ്‌.

18 മാസം ഭരണം പിന്നിട്ടപ്പോള്‍ ഘടകകക്ഷികളുടെയും കേരളത്തിലെ വോട്ടര്‍മാരുടെയും വികാരം മാനിക്കാതെ ഏകാധിപത്യശൈലിയിലാണ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ഭരണം നടത്തുന്നതെന്ന ആരോപണമാണ്‌ ഘടകകക്ഷികള്‍ക്കുള്ളത്‌. എല്ലാ പെരുമാറ്റചട്ടങ്ങളും മാന്യതകളും ലംഘിച്ചാണ്‌ സുധാകരനും തോമസ്‌ ഐസക്കും നിലപാടെടുക്കുന്നതെന്നും പ്രസ്താവനകളിറക്കുന്നതെന്നും ഇവര്‍ ഒരേ സ്വരത്തില്‍ പറയുന്നു. എന്നാല്‍ ഈ മന്ത്രിമാരെ നിയന്ത്രിക്കാനോ ശാസിക്കാനോ മുഖ്യമന്ത്രി തയ്യാറാകാത്തത്‌ മുന്നണിക്കുള്ളിലെ സംഘര്‍ഷം രൂക്ഷമാക്കിയിട്ടുണ്ട്‌.

0 comments :